ലേഖനം: സന്തോഷിക്കുന്നവർ ഭാഗ്യവാന്മാർ! | റോയി ഇ. ജോയി
ഒരു വലിയ കണ്ടുപിടിത്തം നടത്തിയ സന്തോഷത്തോടെയാണ് ഞാൻ മുറിയിൽനിന്ന് പുറത്തിറങ്ങിയത്. ഞാൻ വരച്ച ഒരു കാർട്ടൂൺ സുഹൃത്തുക്കളെയൊക്കെ കാണിച്ചു. “തലമുടിയല്ല, തലയാണ് അത്യാവശ്യം” എന്നായിരുന്നു ആ കണ്ടുപിടിത്തം! സന്തോഷിക്കുവാനുള്ള ഒരു കാരണം ഞാൻ സ്വയം കണ്ടെത്തുകയായിരുന്നു. മുപ്പതു വയസ്സ് തികയും മുൻപുതന്നെ തല ഏകദേശം മൊട്ടയായതിൽ എനിക്കു ചെറിയൊരു സ്വകാര്യദുഃഖം ഉണ്ടായിരുന്നു. ഇല്ലാത്തതിനെ അല്ലെങ്കിൽ നഷ്ടമായതിനെ ഓർത്തു ദുഃഖിക്കാതെ, അല്പമേയുള്ളൂവെങ്കിലും അതിനായി ദൈവത്തെ സ്തുതിക്കുക എന്ന ഒരു തത്വം ഞാൻ മനസ്സിലാക്കിയിരുന്നു.
സന്തോഷത്തോടെ ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്ക് വളരെ കാരണങ്ങളുണ്ട്. പക്ഷേ, അതിന്റെ മധ്യത്തിലും പല വിഷയങ്ങളിലും ദുഃഖിച്ചു കരയുന്നവരും സമയം ചെലവഴിക്കുന്നവരും വിശ്വാസികളിൽ ഒട്ടും കുറവല്ല. ലഭിച്ച അനുഗ്രഹങ്ങളിൽ പൂർണസംതൃപ്തിയും നന്ദിയും ദൈവത്തോട് പ്രകടിപ്പിക്കാതിരുന്നാൽ സന്തോഷം നഷ്ടപ്പെടും. നമ്മെക്കാൾ മെച്ചമായി ജീവിക്കുന്നവരുമായി ജീവിതം താരതമ്യപ്പെടുത്തി നോക്കുന്നതും സന്തോഷം നഷ്ടപ്പെടുത്താം. താല്കാലികമായ പ്രശ്നങ്ങളും പ്രയാസങ്ങളും നിമിത്തം നിരാശാബോധത്തോടെ കഴിയുന്നതും ഒരുവന്റെ സന്തോഷം കെടുത്തിക്കളയാം. ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും കുറയുമ്പോൾ, ദൈവവചനത്തിലെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാൻ കഴിയാതെ വരുമ്പോൾ സന്തോഷം നഷ്ടപ്പെടും. ആശ്വസിപ്പിക്കാൻ ആരുമില്ലാതെ വരുന്നതും സന്തോഷം നല്കാതിരിക്കും. തങ്ങളുടെ മക്കൾ എല്ലായ്‌പ്പോഴും സന്തോഷത്തോടെയിരിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. സന്തോഷമായിരിക്കുക എന്നത് ഭൂമിയിലുള്ള സർവമാന മനുഷ്യരുടെയും ആവശ്യമാണ്, ആഗ്രഹമാണ്.
ഒരു വിശ്വാസിയുടെ സന്തോഷം ദൈവത്തിലും ദൈവവചനത്തിലും അധിഷ്ഠിതമാണ്.
സങ്കീർത്തനം 4.7: ചോറും കറികളും തോരനും ഒക്കെ എപ്പോഴും അധികമായി ഉണ്ടെങ്കിലും അതിലുപരിയായി ദൈവം എനിക്ക് സന്തോഷം തരുന്നു. അത് എത്ര സന്തോഷം!
അപ്പൊ. പ്രവൃത്തികൾ 2.46: ഉല്ലാസത്തോടെ ഭക്ഷണം കഴിക്കുവാനാകുന്നത് എന്തു സന്തോഷമാണ്.
അപ്പൊ. പ്രവൃത്തികൾ 11.23: ദൈവകൃപയിൽ സന്തോഷിക്കുവാനാകുന്നത് എത്ര മഹത്തരമാണ്.
അപ്പൊ. പ്രവൃത്തികൾ 14.17: ആഹാരവും സന്തോഷവും നല്കി നമ്മെ തൃപ്തരാക്കുകയും ചെയ്യുന്നത് എത്രയും ഉത്തമമായതാണ്.
മുകളിൽ സൂചിപ്പിച്ച വാക്യങ്ങൾ എന്തു സന്തോഷത്തിന്റെതാണ്. അതെല്ലാം ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ദൈവവചനം സ്ഥിരമായി വായിക്കുകയും ധ്യാനിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതിലൂടെ ലഭ്യമാകുന്നതാണ്.
സന്തോഷിക്കുവാനുള്ള കാരണങ്ങൾ
* ഞാൻ രക്ഷിക്കപ്പെട്ടതിൽ സന്തോഷിക്കുന്നു. എൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
* ദൈവമകനായതിൽ സന്തോഷിക്കുന്നു (യോഹ. 1.12).
* ആത്മീകാനുഗ്രഹങ്ങൾ ലഭിച്ചതിൽ സന്തോഷിക്കുന്നു (എഫെ. 1.3).
* ക്രിസ്തുവിനോടൊപ്പം ഇരുത്തിയതിൽ സന്തോഷിക്കുന്നു.
* പരിശുദ്ധാത്മാവെന്ന അച്ചാരംകൊണ്ട് മുദ്രയിട്ടിരിക്കുന്നതിനാൽ സന്തോഷിക്കുന്നു.
* ക്രിസ്തുവിന്റെ സ്ഥാനാപതിയാക്കിയതിൽ സന്തോഷിക്കുന്നു.
* പ്രാർത്ഥിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിനാൽ സന്തോഷിക്കുന്നു.
* ലഭിച്ച രോഗസൗഖ്യത്തിൽ സന്തോഷിക്കുന്നു.
* നല്ല ജീവിതസാഹചര്യമുള്ളതിനാൽ സന്തോഷിക്കുന്നു.
* കർത്താവ് രണ്ടാമതും വരുന്നതിനാൽ സന്തോഷിക്കുന്നു.
* ഒരു വിശ്വാസിയുടെ സന്തോഷം ക്രിസ്തീയ കൂട്ടായ്മകളിൽ അധിഷ്ഠിതമാണ്.
* ഒരു വിശ്വാസിയുടെ സന്തോഷം നല്ല ആത്മീയ ആരാധനയിൽ അടിസ്ഥാനമുള്ളതാണ്.
* ഒരു വിശ്വാസിയുടെ സന്തോഷം ദൈവികമായ ആശ്വാസത്തിലൂന്നിയതാണ്.
* ഒരു വിശ്വാസിയുടെ സന്തോഷം ക്രിസ്തീയ ജീവിതത്തിൽ ഉറച്ചതാണ്.
* ഒരു ദൈവപൈതലിൻ്റെ സന്തോഷം തിരുവചനം വായിക്കുകയും ധ്യാനിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്നതാണ്.
* ഒരു വിശ്വാസിയുടെ സന്തോഷം തിരുവചനത്തിൽനിന്നുള്ള ബലത്തിൽ ലഭിക്കുന്നതാണ് (സങ്കീ. 84.5).
* നമ്മുടെ സന്തോഷം തിരുവചനം അനുസരിക്കുന്നതിലൂടെ ലഭിക്കുന്നതാണ് (സദൃ. 29.18).
* മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലൂടെ നമുക്കു സന്തോഷം ഉണ്ടാകാം (സഭാ. 3.12).
* നമ്മുടെ വിശ്വാസത്തിലൂടെ നമുക്ക് സന്തോഷം പ്രാപിക്കാം (ലൂക്കൊസ് 1.45).
* യേശുവിനെ കണ്ടെത്തിയവർ സന്തോഷം കണ്ടെത്തിയിരിക്കുന്നു.
* അതിഭീകരമായ പകർച്ചവ്യാധികൾ (കൊറോണ-19) വരുമ്പോൾ എങ്ങനെ സന്തോഷമായിരിക്കും?
* ക്രിസ്തുവിൽ താൻ സുരക്ഷിതനാണ് എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ സന്തോഷമായിരിക്കാം.
* എപ്പിക്കൂര്യൻ സന്തോഷം തിന്നുക, കുടിക്കുക, നാളെ ചാകുമല്ലോ എന്നതിലായിരുന്നു (1 കൊരി. 15.32; ഫിലി. 3.19). എന്നാൽ ക്രിസ്തീയ സന്തോഷം ധാന്യവും വീഞ്ഞും വർധിക്കുമ്പോൾ ഉണ്ടാകുന്നതല്ല.
* ഡെനിസ് വെയ്റ്റ്ലീ എന്നൊരു വ്യക്തി പറഞ്ഞിരിക്കുന്നത് നോക്കുക, “സ്നേഹത്തോടും കൃപയോടും കൃതജ്ഞതയോടുംകൂടെ ഓരോ മിനിറ്റിലും ജീവിക്കുന്ന ആത്മീയ അനുഭവമാണ് സന്തോഷം.”
* ഒരുവന് പണം ധാരാളമായി ഉണ്ടായാൽ സന്തോഷമുണ്ടാകുമോ?
* വേദനകൾ ഇല്ലാത്ത ഒരവസ്ഥ ഉണ്ടായാൽ സന്തോഷം കൂടുമോ?
* എന്റെ ജ്ഞാനം വർധിച്ചുവന്നാൽ എനിക്കു സന്തോഷം വർധിക്കുമോ?
* ബുദ്ധിസം പറയുമ്പോലെ സംതൃപ്തിയോടെ ഇരുന്നാൽ സന്തോഷം വരുമോ? ജീവിതത്തിൽ ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കാമോ?
* ലൈംഗികസുഖം എത്രത്തോളം സന്തോഷം തരും?
* അപകടത്തിൽ പെട്ട് ഒരു കാൽ മുറിഞ്ഞുപോയാൽ എത്രത്തോളം സന്തോഷിക്കുവാനാകും? (ജോണി ഇറക്സൺ ടാഡായുടെ കഥ വായിക്കുക. അപ്പോഴറിയാം കഷ്ടതയുടെ മധ്യത്തിൽ എങ്ങനെ സന്തോഷിക്കുവാനാകും എന്ന്.)
നെഹെമ്യാവ് 8.10-യഹോവയിങ്കലെ സന്തോഷം നമ്മുടെ ബലം.
റോമർ 14:17-ഭക്ഷണവും പാനീയവുമല്ലാത്ത ദൈവരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
ഫിലിപ്പിയർ 4.4-എപ്പോഴും സന്തോഷിക്കുക.
സദൃശവാക്യങ്ങൾ 15.13-15-സന്തോഷമുള്ള ഹൃദയത്തോടകൂടെ മുഖപ്രസാദമുള്ളവരായി നടക്കുക.
യാക്കൊബ് 1.2,3-വിശ്വാസത്തിൻ്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുക.
1 പത്രൊസ് 4.12,13-ക്രിസ്തുവിൻ്റെ കഷ്ടങ്ങൾക്കു പങ്കാളികളാകുമ്പോൾ സന്തോഷിക്കുക.
ആശയങ്ങൾക്ക് ഞാൻ എപ്പോഴും കടമ്പെട്ടിരിക്കുന്നു. ഞാനെന്റെ ഭാര്യയോട് അവളുടെ സന്തോഷത്തിനുള്ള കാരണങ്ങൾ തേടി. ഭാര്യ പറഞ്ഞ കാരണങ്ങൾ എന്നെ ചിരിപ്പിച്ചു. എങ്കിലും ഞാനത് എഴുതട്ടെ.
. ആറ്റിലേക്ക് അലസമായി നോക്കിയിരിക്കുവാനും, മരത്തിൽ ചാരിയിരുന്നുകൊണ്ട് വായിക്കുവാനും എഴുതുവാനും അവസരം ഉണ്ടെങ്കിൽ സന്തോഷം ഉണ്ടാകാം. (ഭാര്യയുടെ വീടിന്റെ വസ്തുവിലെ ഒരുവശം മുഴുവനും ഒരു ആറാണ്—കക്കാട്ടാറ്.)
. കാലുവേദനയുള്ള ഭാര്യക്ക് കാലു തിരുമ്മിക്കൊടുക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ സന്തോഷം കൊടുക്കും.
. അടുക്കളയിൽ മണിക്കൂർ കണക്കിന് ജോലിചെയ്യുന്ന ഭാര്യക്ക് സഹായം വേണോ എന്ന് ചോദിച്ചു ചെന്നാൽ അത് സന്തോഷം ഉളവാക്കാം.
. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ആരും ശല്യം ചെയ്യാതിരുന്നാൽ സന്തോഷത്തിനു കാരണമാകാം.
. വയറുനിറച്ച് എത്രയും ഇഷ്ടമുള്ള ശാപ്പാട് അടിക്കുമ്പോൾ സന്തോഷമുണ്ടാകും.
. ജോലികളെല്ലാം തീർന്നു വിശ്രമിക്കുമ്പോൾ സന്തോഷം ഉണ്ടാകാം.
. ഇഷ്ടപ്പെട്ട ജോലി ലഭിക്കുമ്പോൾ സന്തോഷമുണ്ടാകാം.
. രോഗങ്ങളൊന്നും ഇല്ലാതെ ആരോഗ്യത്തോടെ ഇരുന്നാൽ സന്തോഷമുണ്ടാകാം.
ഈ കാരണങ്ങൾ എല്ലാം ഒരു വീട്ടമ്മയുടെ വീക്ഷണത്തിൽ ഉള്ളതാണ്.
സന്തോഷം കളികളിലോ, വിനോദോപാദികളിലോ മാത്രം നില്ക്കുന്നില്ല. സന്തോഷത്തിന്റെ ഗ്രീക്ക് വാക്കാണ് ‘മക്കാറിയോസ്’. അതിന്റെ അർഥം പരമോന്നതമായ സന്തോഷം അഥവാ ദിവ്യമായ സന്തോഷം അല്ലെങ്കിൽ ഭൂമിയിലെ ചിന്താഭാരങ്ങളിൽനിന്നും പരിമിതകളിൽനിന്നും സ്വതന്ത്രമായ ഒരു ജീവിതം. ഗ്രീക്ക്-ഓർത്തഡോക്സ് സഭകളിലുള്ള പല പുരുഷന്മാരുടെയും പേരാണിത്. കർത്താവിന്റെ ഗിരിപ്രഭാഷണത്തിൽ തിരുവായ്മൊഴികളായി ആരംഭത്തിൽ കൊടുത്തിരിക്കുന്ന വാക്യങ്ങൾ ‘മക്കാറിയോസ്’ എന്നതിന് ‘ഭാഗ്യവാൻ’ എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. സന്തോഷമായിരിക്കുന്നത് ഭാഗ്യാവസ്ഥയല്ലേ? തിരുവായ്മൊഴികളിൽ കർത്താവ് പറഞ്ഞിരിക്കുന്ന അവസ്ഥകളിലൂടെ നാം കടന്നുപോയാൽ നമുക്ക് ലോകം തരാത്ത സന്തോഷം ലഭിക്കും. ദൈവം നമ്മെ സന്തോഷത്തിനായാണ് സൃഷ്ടിച്ചത്. ദൈവത്തെ കണ്ടെത്തുക (ക്രിസ്തുവിനെ സ്വീകരിക്കുക) മാത്രമാണ് സന്തോഷത്തിനുള്ള ഏകവഴി. ആമേൻ!
റോയി ഇ. ജോയി

- Advertisement -


Comments are closed, but trackbacks and pingbacks are open.