ലേഖനം: ആദം നീ എവിടെ ആകുന്നു? | എബി മാത്യു, യു എ ഇ
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശ്രീ വി.ഡി. സതീശൻ അടുത്തയിടെ എഴുതി പ്രകാശനം ചെയ്ത പുസ്തകമാണ് “ആദം നീ എവിടെ ആകുന്നു?”. പരന്ന വായന ശീലമുള്ള നമ്മുടെ പുതിയ മുഖ്യമന്ത്രിയുടെ ബൈബിൾ പ്രഭാഷണങ്ങൾ ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചിതമാണ്. ക്രിസ്തു ദർശനങ്ങളെപ്പറ്റി താൻ പഠിച്ച വസ്തുതകൾ ഈ പുസ്തകത്തിലും താൻ കോറി ഇട്ടിട്ടുണ്ട്.
വേദപുസ്തകത്തിലെ അതിപ്രധാനമായ ഒരു ചോദ്യമാണ് പുസ്തകത്തിന്റെ തലക്കെട്ടായി താൻ തിരഞ്ഞെടുത്തത് എന്നത് സന്തോഷമുള്ള കാര്യമാണ്.കാരണം മാനവജാതിയോടുള്ള ഉടയവനായ ദൈവത്തിന്റെ ആദ്യ ചോദ്യമാണിത്. വളരെ അർത്ഥസമ്പുഷ്ടമായ ചോദ്യം. സൃഷ്ടിതാവിൻറെ സ്നേഹവലയത്തിൽ നിന്നും പുറത്തുപോയ മനുഷ്യനോട് ദൈവം ചോദിക്കുന്ന ചോദ്യം.
അവൻ എവിടെയെന്ന് അറിയാഞ്ഞിട്ടല്ല, പ്രത്യുത മനുഷ്യനോടുള്ള ദൈവത്തിൻറെ സ്നേഹവും വാത്സല്യവും ഉത്തരവാദിത്വവും ഈ ചോദ്യത്തിൽ നിറഞ്ഞു നിൽക്കുന്നു. മറുപടിയിൽ ആദാം തന്റെ നഗ്നതയെയും, നഗ്നതയുടെ യഥാർത്ഥ കാരണത്തെയും മറച്ചു കൊണ്ട് സ്വയം ന്യായീകരിക്കുവാൻ ശ്രമിക്കുമ്പോൾ, ദൈവം യഥാർത്ഥ കാരണം വീണ്ടും ആരായുന്നു, മനുഷ്യൻ ദൈവസന്നിധിയിൽ നിന്നും പുറത്തുപോകേണ്ടി വരുന്നു.
ദൈവസന്നിധിയിൽ നിന്നും പുറത്തുപോയ മനുഷ്യകുലത്തിൻറെ ഈ ഭൂമിയിലെ നിലനിൽപ്പ് തന്നെ ഇന്ന് ഭീഷണിയുടെ നിഴലിലാണ്. ജീവിതം ഓരോ ദിവസവും സങ്കീർണമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ല, ക്രിസ്തുവിൽ നമുക്ക് ദൈവത്തോട് നിരപ്പും, പാപപങ്കിലമായ മനുഷ്യൻറെയും ഭൂമിയുടെയും വീണ്ടെടുപ്പും, ദൈവീക കൂട്ടായ്മയിലേക്കുള്ള മടങ്ങി വരവും സാധ്യമാണ്.
എന്നാൽ ഈ ചോദ്യത്തിൻറെ പ്രസക്തി ഇന്നും ചോർന്നു പോയിട്ടില്ല. ഈ കാലഘട്ടത്തിലും തൻറെ സാന്നിധ്യത്തിൽ നിന്നും അകന്നുമാറുന്നവരോട് ദൈവം ഇതേ ചോദ്യം ആവർത്തിക്കുന്നു.
സൃഷ്ടിതാവിനെ തള്ളിക്കളയുന്ന ഓരോ വ്യക്തിയോടും ദൈവം ഇന്നും ചോദിക്കുന്നു പിതാവേ, മാതാവേ, സഹോദരാ, സഹോദരി, യുവാവേ, യുവതീ, കുഞ്ഞേ, നീ എവിടെ ആകുന്നു? സൃഷ്ടിതാവിനെ ചൂണ്ടികാണിച്ചു കൊടുക്കാൻ മടിക്കുന്ന നമ്മളോടും ചോദിക്കുന്നു, നശിച്ചു പോകുന്ന ആത്മാക്കളെ കുറിച്ച് വിചാരം ഇല്ലാത്ത നീ എവിടെ ?
സമൂഹത്തിന് മാതൃകകൾ ആകേണ്ട സഭാ നേതൃത്വങ്ങൾ രാഷ്ട്രീയ കിട മത്സരങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പണത്തിനും പ്രശസ്തിക്കും സ്ഥാനത്തിനും വേണ്ടി മല്ലുപിടിക്കുമ്പോൾ, സഭ സഭയുടെ ദൗത്യം മറക്കുമ്പോൾ, വിശ്വാസസമൂഹം ഇടയനില്ലാത്ത ആടുകളെ പോലെ ചിതറി മാറുമ്പോൾ, സഭ ലോകത്തിനുമുൻപിൽ കൂത്തുകാഴ്ചയായി തീരുമ്പോൾ ദൈവം ഈ ചോദ്യം ആവർത്തിക്കുന്നു, “സഭാ നേതൃത്വമേ നീ എവിടെ?”.
സഭ പഥ്യവചനത്തിനു വിലകൽപ്പിക്കാതെ, വിശ്വാസികൾ സ്വർഗീയമായതിനെ കാംക്ഷിക്കാതെ ഭൗതീക അനുഗ്രഹങ്ങൾക്ക് പിന്നാലെ പായുമ്പോൾ കുടുബ ബന്ധങ്ങൾ ശിഥിലമാകുമ്പോൾ ദൈവം മൗനമായിരിക്കുമോ? തീർച്ചയായും ദൈവം വീണ്ടും ചോദിക്കുന്നു “സഭയേ നിങ്ങൾ ഇന്ന് എവിടെ ?”
ചോദ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്തവരാണ് ഇന്നത്തെ തലമുറ,ചോദ്യങ്ങൾ അവരെ അസ്വസ്ഥരാക്കുന്നു.തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കു അതിവേഗം സഞ്ചരിക്കുന്ന സമകാലിക തലമുറയും ദൈവത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്നു.തെറ്റിനെ തെറ്റെന്ന് പറയുവാൻ മടിക്കുന്ന വളരെ വ്യത്യസ്തമായ ഒരു കാലത്തിലാണ് ഇന്നത്തെ തലമുറ ജീവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റിലേക്കു വളരെ എളുപ്പത്തിൽ വഴുതി വീണുകൊണ്ടിരിക്കുന്ന ഇന്നിൻറെ തലമുറ,സാമൂഹിക മാധ്യമങ്ങളുടെ പ്രഭാവലയത്തിൽ അകപ്പെട്ടു സൃഷ്ടിതാവിൻറെ സ്നേഹവലയത്തിൽ നിന്നും അകന്നു മാറുമ്പോൾ ദൈവം ചോദിക്കുന്നു, “കുഞ്ഞുങ്ങളെ നിങ്ങൾ എവിടെ?”
വിവരസാങ്കേതിക വിദ്യയുടെയും (Information Technology) നിർമിതബുദ്ധിയുടെയും (AI) മുൻപിൽ ദൈവ വചന ധ്യാനവും ദൈവ വചന പഠനവും അടിയറവച്ചു കുറുക്കു വഴികളിലേക്ക് മനുഷ്യൻ തിരിയുമ്പോൾ ദൈവശബ്ദം കേൾക്കുവാൻ നമുക്ക് കഴിയാതെ വരുന്നു, അപ്പോഴും ദൈവം അന്വഷിക്കുന്നു “നിങ്ങൾ എവിടെയാണ്”.
തിരക്കുകൾ അല്പസമയം മാറ്റി വയ്ച്ചു ദൈവ ശബ്ദത്തിനായി കാതോർക്കാം,ഈ ചോദ്യം ഇന്ന് നിങ്ങളുടെ കാതുകളിൽ മുഴങ്ങി കേൾക്കുന്നുവോ? എങ്കിൽ ഓർക്കുക നിങ്ങൾ ക്രിസ്തുവിന്റെ സ്നേഹവലയത്തിൽ സുരക്ഷിതത്വത്തിൽ നിന്നും പുറത്തുപോയിരിക്കുന്നു. വിഷമിക്കേണ്ട മടങ്ങിവരുവാൻ ഇനിയും സമയമുണ്ട്, പക്ഷെ ഒരു കാര്യം, ആദാമിനെ പോലെ സ്വയം ന്യായീകരിക്കുവാൻ ശ്രമിക്കരുത് എന്നു മാത്രം. ക്രിസ്തു നിങ്ങൾക്കായി കാത്തിരിക്കുന്നു !!!
എബി മാത്യു, യു എ ഇ

- Advertisement -


Comments are closed, but trackbacks and pingbacks are open.