കഥ: ഒയ്ക്കോണമിയ | സുബേദാർ സണ്ണി കെ ജോൺ, രാജസ്ഥാൻ
സൂര്യൻ മങ്ങിത്തുടങ്ങിയ വൈകുന്നേരത്തിൻ്റെ ആലസ്യത്തിൽ ജനലിന് പുറത്ത് വന്നിരുന്ന രണ്ട് തുത്തുകുണുക്കി പക്ഷികളെ അലസതയോടെ മെറിൻ ഗോമസ് നോക്കി നിന്നു

പെട്ടെന്നാണ് കാർ വന്ന് നിന്ന ശബ്ദം അവൾ കേട്ടത്. നോക്കുമ്പോൾ അവളുടെ പ്രിയപ്പെട്ട അങ്കിൾ ആണ്!
“നീ പിന്നെയും അങ്ങ് സുന്ദരി ആയല്ലോടി ! നിൻറെ അമ്മ പറഞ്ഞല്ലോ, നിനക്കെന്തോ പറ്റിപ്പോയെന്ന്? എന്തുപറ്റി എൻറെ രാജകുമാരിക്ക് ? “
അവളുടെ മൂകതയുടെ വല്ലായ്മ പോലെ ആകാശത്ത് അസ്തമിക്കാൻ പോകുന്ന സൂര്യനെ നോക്കി അവൾ പറഞ്ഞു,
“അങ്കിൾ ആ സൂര്യനെ നോക്കൂ… കാണാൻ എന്ത് ഭംഗിയാണ് അല്ലേ? പക്ഷേ അതിനുള്ളിൽ നടക്കുന്നത് എന്താണ്? കോടിക്കണക്കിന് ഹൈഡ്രജൻ ആറ്റങ്ങൾ പരസ്പരം ഇടിച്ച് ഹീലിയം ആയി മാറുന്ന ‘ന്യൂക്ലിയർ ഫ്യൂഷൻ’ എന്ന മഹാവിസ്ഫോടനമാണ് നടക്കുന്നത്. അവിടെ ഉണ്ടാകുന്ന ഒരു പ്രകാശ കണികപുറത്തുവരാൻഎത്രയായിരം സംവത്സരങ്ങൾ എടുക്കുമെന്ന് അറിയാമോ?”
ബംഗളൂരുവിലെ ഐ.ഐ.എസ്.സി യിൽ യുവ ശാസ്ത്രജ്ഞയായ അവളുടെ ഗവേഷണ തിളക്കമുള്ള കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അയാൾ പറഞ്ഞു,
“ ഇപ്പോൾ നമ്മൾ രണ്ടുപേരും അല്ലാതെ ആരുമില്ല.മോള് ധൈര്യമായിട്ട് പറ. ആ ന്യൂക്ലിയർ ഫിഷൻ സൂര്യൻ്റെ ഉള്ളിലൊന്നുമല്ല; നിൻറെ ഹൃദയത്തിലാണ് നടക്കുന്നത് . ശരിയല്ലേ?”.
“ ഞാനെൻറെ ഹൃദയം താഴിട്ട് പൂട്ടിക്കെട്ടി വെച്ചിരിക്കുകയായിരുന്നു. അതിൻറെ താക്കോൽ എവിടെയാണ് അങ്കിളിന് നല്ലതുപോലെ അറിയാം അല്ലേ?ബാംഗ്ലൂരിൽ,” മറയില്ലാതെ അവൾ പറഞ്ഞു,
“ എക്സ്ട്രാ ഗാലക്റ്റിക് ആസ്ട്രോണമറായ സുഹൃത്തിൻറെ സ്വഭാവത്തിന് പ്രകടമായ മാറ്റങ്ങൾ കണ്ടാണ് ഒരിക്കൽ അവൻ താമസിക്കുന്ന വീട്ടിലേക്ക്ഞാൻ ചെന്നത് . ഞാൻ ചെല്ലുമ്പോൾ വെറും തറയിൽ എൻറെ കൂട്ടുകാരൻ പൂർണ്ണ നഗ്നനായി കിടക്കുകയാണ്, ബോധാവബോധത്തിന്റെ പടവുകളിൽ കാലുകൾ വഴിതിവീണ്”
ഇപ്പോൾ അയാളുടെ നെറ്റി ചുളിഞ്ഞു.സ്വതവേ ചെറുതായ കണ്ണുകൾപിന്നെയും ചെറുതായി.
അവൾ തുടർന്നു,
അവൻ തിരഞ്ഞിരുന്നത് പ്രപഞ്ചത്തിന്റെ മഹാ വിസ്‌തൃതിയിലാണ്. പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഗാലക്സികളും ക്വാസാറുകളും പ്രപഞ്ചത്തെ വിഴുങ്ങുന്ന ബ്ലാക്ക് ഹോളുകളും അവന്റെ ഡയറിയിലെ സമവാക്യങ്ങളായി മാറി. എന്നാൽ, കണക്കുകൾക്കപ്പുറം അവൻ ആ അനന്തതയെ ഉള്ളിലേക്ക് ആവാഹിക്കാൻ തുടങ്ങിയപ്പോഴാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. പകലും രാത്രിയും അവന് കണ്ണ് ചിമ്മാനാകാതെയായി. കണ്ണടയ്ക്കുമ്പോൾ പ്രപഞ്ചം വികസിക്കുന്ന വിസ്ഫോടന ശബ്ദം. സംസാരം നിന്നു. ശബ്ദം നഷ്ടപ്പെട്ടു. വെളിച്ചത്തെ ഭയന്നു.
‘നാം വെറും പൊടിയാണ്… ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് ഒന്നുമില്ലായ്മയിലേക്ക് പോകുന്ന ശൂന്യത’ എന്ന് അവൻ ചുവരുകളിൽ എഴുതിവെച്ചിരുന്നു.
കോസ്മിക് നിഹിലിസം എന്നുപറഞ്ഞാൽ അങ്കിളിന് മനസ്സിലാവുമോ എന്തോ ? പ്രപഞ്ചം വളരെ വലുതാണെന്നും അതിൽ മനുഷ്യന് യാതൊരു സ്ഥാനവുമില്ലെന്നുമുള്ള തിരിച്ചറിവിൻ്റെ മരവിപ്പിക്കുന്ന ഒരു വല്ലായ്മ. ആ കൂടെ സമയത്തിന്റെ വിഭ്രമം കൂടി പിടിപെട്ടാലോ ? ഭൂമിയിലെ സമയമല്ല പ്രപഞ്ചത്തിലുള്ളത്. ഒരിക്കലും ഒരിക്കലും ഈ നക്ഷത്ര സമുച്ചയങ്ങളിൽ എത്തിപ്പെടാൻ കഴിയില്ലല്ലോ എന്ന നിസ്സാരനായ മനുഷ്യൻ്റെ പരിമിതിയുടെ വിഷാദം അവനെ വിഴുങ്ങി കളഞ്ഞു! സാധാരണ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാതെ, അവൻ അനന്തവിഹായസ്സിൽ പാറി നടന്നു…..”
കരഞ്ഞുകൊണ്ട് അവൾ തുടർന്നു,
അങ്കിളേ എൻറെ കൂട്ടുകാരന് ഭ്രാന്തണെന്ന് പറയാൻ എനിക്ക് വയ്യ. പ്രശ്നം അതല്ല; സങ്കടകരമായ സത്യമുണ്ട്. ഞാൻ അവൻറെ കൂടെ അവനെ ശുശ്രൂഷിച്ചു കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്.
അവൻ്റെ ഗവേഷണങ്ങളും അവൻ ഭയക്കുന്നതും ന്യായമാണെന്ന് എനിക്കും ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നു !! ഉദാഹരണത്തിന് നമ്മൾ സൂര്യൻറെ കാര്യം പറഞ്ഞില്ലേ ? സൂര്യൻ പക്ഷേ, എന്നും ഇങ്ങനെ ഉണ്ടാവില്ല. ഇനി ഈ ഭൂമിയും സൂര്യനും വെറും 500 കോടി വർഷങ്ങൾ കൂടി മാത്രമേ ഇവിടെ കാണൂ! അതിനുശേഷം സൂര്യൻ ഒരു റെഡ് ജയൻ്റായി വല്ലാതെ വീർക്കും.പല ഗ്രഹങ്ങളെയും അത് വിഴുങ്ങി കളയും! നമ്മുടെ ഭൂമിയെ അത് കരിച്ചുകളയും. വെളിച്ചമില്ലാത്ത ഒരു കരിഞ്ഞ നക്ഷത്രമായി പിന്നെ സൂര്യൻ മാറും.സയൻസ് ക്ലാസിലെ കൊച്ചു കുട്ടികൾക്ക് പോലുംഈ കാര്യം അറിയാല്ലോ എന്ന് അങ്കിൾ പറയുമായിരിക്കും.
ഒരു പുഞ്ചിരിയോടെ അവളുടെ അങ്കിൾ ചോദിച്ചത്,“ നിനക്ക് ദൈവവിശ്വാസം കുറച്ചെങ്കിലും ഉണ്ടോ” എന്നാണ്.
“ഉണ്ടോന്ന് ചോദിച്ചാൽ, ഉണ്ട് എന്ന് പറയാം”
“മോളേ മെറിൻ, നീ ശാസ്ത്രത്തിലൂടെ ഇന്ന് കണ്ടെത്തിയ ഈ ചോദ്യത്തിന്, നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ദൈവവചനത്തിൽ കൃത്യമായി ഉത്തരം കൊടുത്തിട്ടുണ്ട്,”
“ബൈബിളിലോ?” അവൾ അത്ഭുതത്തോടെ അയാളെ നോക്കി.
“എന്നാൽ കർത്താവിന്റെ ദിവസം ഒരു കള്ളനെപ്പോലെ വരും; അന്ന് ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോവുകയും മൂലകങ്ങൾ കത്തിയുരുകിപ്പോവുകയും ഭൂമിയും അതിലുള്ള പണികളും വെന്തുപോവുകയും ചെയ്യുമെന്ന് പത്രോസിന്റെ ലേഖനത്തിൽ എപ്പോഴെങ്കിലും മോൾ വായിച്ചിട്ടുണ്ടോ
ഇവിടെ ‘മൂലകങ്ങൾ കത്തിയുരുകിപ്പോകും’ എന്ന് പറയുന്നത്, നീയും നിൻ്റെ ശാസ്ത്രവും പറയുന്ന അതിശക്തമായ താപനിലയിൽ പ്രപഞ്ചത്തിലെ പദാർത്ഥങ്ങൾക്ക് സംഭവിക്കുന്ന മാറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
ഇനി നീ പറഞ്ഞ സൂര്യന്റെ പ്രകാശം നഷ്ടപ്പെടുന്നതിനെക്കുറിച്ചും നക്ഷത്രങ്ങൾ ഉതിർന്നുപോകുന്നതിനെക്കുറിച്ചും നമ്മുടെ കർത്താവ് തന്നെ പറയുന്ന ഒരു ഭാഗം മത്തായിയുടെ സുവിശേഷത്തിലുണ്ട്: “ആ നാളുകളിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ വെളിച്ചം കൊടുക്കാതിരിക്കും, നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും, ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. പിന്നെയും യേശു ഉറപ്പിച്ചു പറയുകയാണ് ‘ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോവുകയില്ല.’
ആദിയിൽദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.എന്തിൻറെ ആദിയിൽ ദൈവത്തിൻറെ ആദിയിലാണോ? അല്ല. പിന്നെ സൃഷ്ടിയുടെയാണോ ? വെള്ളത്തിൽ മുങ്ങി, ഇരുളാർന്ന് ശൂന്യവും പാഴായും കിടന്ന ഭൂമിയിൽ ദൈവം വെളിച്ചമുണ്ടാകട്ടെ എന്ന് കൽപ്പിക്കുന്നതിന് മുമ്പ് ഇവിടെ ഒരു ലോകമുണ്ടായിരുന്നു . ആ ആദമ്യ പൂർവ്വ ലോകം നില നിന്നത് സൂര്യൻറെ എനർജി കൊണ്ടായിരുന്നില്ല; ദൈവത്തിന്റെ മുഖപ്രകാശത്തിൽ ആയിരുന്നു.
ഇന്നത്തെ ഈ ഭൂമി പുനസ്ഥാപിക്കുന്ന ഒന്നാം ദിവസത്തിൽ വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കൽപ്പിച്ചു. വെളിച്ചം ഉണ്ടായി. ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർതിരിച്ചു. ദൈവം വെളിച്ചത്തിന് പകലെന്നും ഇരുളിന് രാത്രി എന്നും പേരിട്ടു. പക്ഷേ നാലാം ദിവസം മാത്രമാണ് ദൈവം സൂര്യനെ കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായി ഫങ്ഷനിലേക്ക് കൊണ്ടുവന്നത് എന്നോർക്കണം.
അതായത് നമ്മുടെ സോളാർ സിസ്റ്റത്തിന് ഒരു ആരംഭവും ഒരു നിയമിത കാലഘട്ടം കഴിഞ്ഞ് അന്ത്യവും ഉണ്ട് എന്ന് ആദിയിൽ എന്ന വാക്കിൽ തന്നെ ദൈവം വ്യക്തമാക്കുന്നുണ്ടെന്ന് മൂല ഭാഷയിൽ വായിച്ചാൽ ഒരാൾക്ക് മനസ്സിലാവും.
“അങ്ങനെയെങ്കിൽ,ബൈബിൾ പ്രകാരം അതിനുശേഷം ഈ ഭൂമിക്ക് എന്ത് സംഭവിക്കും അങ്കിൾ? ഇതിലെ മനുഷ്യരൊക്കെ എങ്ങോട്ട് പോകും?” അവൾ ആകാംക്ഷയോടെ ചോദിച്ചു.
“അവിടെയാണ് ബൈബിൾ നൽകുന്ന പ്രത്യാശ, ശാസ്ത്രത്തിന് ഈ ഭൗതിക ലോകത്തിൻ്റെ മരണം വരെയേ കാണാൻ കഴിയൂ. എന്നാൽ ദൈവവചനം അതിനപ്പുറമുള്ള നിത്യതയെ കാണിച്ചുതരുന്നു. ‘ഒരു പുതിയ ആകാശവും പുതിയ ഭൂമിയും’ സൃഷ്ടിക്കപ്പെടും. ഈ പഴയ പ്രപഞ്ചം മാറിപ്പോകും.”
“അപ്പോൾ അവിടെ സൂര്യൻ ഉണ്ടാവില്ലേ?”
അയാൾ വെളിപാട് പുസ്തകത്തിൽ നിന്ന് ഒരു വാക്യം അവൾക്ക് വായിച്ചു കേൾപ്പിച്ചു:
“നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവമഹത്വത്താൽ അത് പ്രകാശിച്ചു; കുഞ്ഞാട് അതിന്റെ വിളക്കാകുന്നു.”
“ഈ ലോകത്തിൻ്റെ, ഈ സോളാർ സിസ്റ്റത്തിൻ്റെ കാലാവധി കഴിയുമ്പോൾ വീണ്ടും ആദാമ്യ പൂർവ്വ ലോകമെന്ന പോലെ എനർജി സ്രോതസ്സ് മാറുന്നു ! ഇന്ന് ക്രിസ്തുവിൽ വിശ്വസിക്കുന്ന ക്രിസ്തുവിൽ ആയിരിക്കുന്ന രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാവരും ദൈവത്തിൻ്റെ മുഖപ്രകാശത്തിലേക്ക് ആ ശാശ്വതമായ തേജസ്സിലേക്ക്, നിത്യതയിലേക്ക് പ്രവേശിക്കും. അവിടെ മരണമില്ല, സങ്കടമില്ല. ദൈവത്തിൻ്റെ സാന്നിധ്യത്തിലുള്ള ആ നിത്യജീവിതമായിരിക്കണം നിൻ്റേയും യഥാർത്ഥ ലക്ഷ്യം, മോളൂ.”
അവൾ മെല്ലെ പറഞ്ഞു, “അത്ഭുതമായിരിക്കുന്നു അങ്കിൾ! ശാസ്ത്രം എവിടെയാണോ ചോദ്യങ്ങൾ അവസാനിപ്പിക്കുന്നത്, അവിടെ നിന്നാണ് ബൈബിൾ ഉത്തരങ്ങൾ നൽകിത്തുടങ്ങുന്നത് അല്ലേ? സൂര്യൻ്റെ മരണം പ്രപഞ്ചത്തിൻ്റെ അവസാനമല്ല, മറിച്ച് ദൈവത്തിൻ്റെ മഹത്വത്തിലേക്കുള്ള ഒരു പുതിയ തുടക്കമാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.”
‘നാം വെറും പൊടിയാണ്… ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് ഒന്നുമില്ലായ്മയിലേക്ക് പോകുന്ന ശൂന്യത’ എന്ന് നിൻറെ കൂട്ടുകാരൻ മനോനില തെറ്റി ചുവരുകളിൽ എഴുതിവെച്ചില്ലേ?. പിന്നെ നീ ഏതോ രോഗത്തിൻ്റെ പേരു പറഞ്ഞല്ലോ, എന്തായിരുന്നു അത് ? ങ്ങാ ! കോസ്മിക് നിഹിലിസം ! എന്നാൽ ദൈവത്തിൻറെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ വെറും പൊടി അല്ലെന്നും ഈ വലിയ പ്രപഞ്ചത്തിൽ അവന് വലിയ റോളാണ് കർത്താവ് വെച്ചിരിക്കുന്നതും എന്ന് മെറിൻ ഗോമസേ, നീ മനസ്സിലാക്കണം.”
ക്രിസ്തുവിനെ മുൻപ് കണ്ടു പരിചയം ഇല്ലെങ്കിലും ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ പോലെയാണ് അങ്കിൾ സംസാരിക്കുന്നതെന്ന് അവൾക്ക് തോന്നിപ്പോയി. അയാൾ തുടർന്നു,
“ദൈവം ആദിയിൽ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ അതിലൊരു മഹാ-ഗൃഹഭരണ പദ്ധതി തയ്യാറാക്കി വെച്ചിരുന്നു. എഫസ്യർ 1:10 ഞാൻ വായിക്കാം. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതെല്ലാം പിന്നേയും ക്രിസ്തുവിൽ ഒന്നായി ചേർക്കണം എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കായി കൊണ്ട് തന്നെ.
ഇതിനെയാണ് ഒയ്ക്കോണമിയഎന്നു പറയുന്നത് എക്കണോമി എന്ന വാക്കുണ്ടായത് ഇതിൽ നിന്നാണ്. മനുഷ്യൻ, ക്രിസ്തുവിനോടൊപ്പം പ്രപഞ്ചം മുഴുവൻ ഭരിക്കാൻ സൃഷ്ടിക്കപ്പെട്ടവനാണ്. നിലവിലെ മനുഷ്യശരീരത്തിനും ശാസ്ത്ര സാങ്കേതികവിദ്യകൾക്കും പ്രപഞ്ചത്തിന്റെ അറ്റത്തോളം എത്താൻ കഴിയില്ല. എന്നാൽ പുനരുത്ഥാനം പ്രാപിച്ച മഹിമയുള്ള ശരീരത്തിൽ , സമയത്തിനും സ്ഥലത്തിനും അപ്പുറത്തേക്ക് സഞ്ചരിച്ച് നക്ഷത്ര സമൂഹങ്ങളടേയും ഗ്യാലക്സികളുടേയും അവകാശവും അധികാരവും അവൻ പ്രാപിക്കാൻ പോകുകയാണ്!
ദൈവം തൻ്റെ അനന്തമായ സാമ്രാജ്യം ഓരോരുത്തർക്കുമായി വിഭജിച്ചു നൽകുന്നു. ശൂന്യതയിൽ ജ്വലിച്ചുനിൽക്കുന്ന നക്ഷത്രസമൂഹങ്ങളും, നമുക്കറിയാത്ത ഗാലക്സികളും, പ്രപഞ്ചത്തിൻ്റെ കോടാനുകോടി വിസ്തൃതികളും വിശ്വസ്തരായ വിശുദ്ധന്മാരുടെ ഭരണത്തിൻ കീഴിലാകും. ഓരോ നക്ഷത്രത്തെയും അതിൻ്റെ ഭ്രമണപഥങ്ങളെയും നിയന്ത്രിക്കാനും പരിപാലിക്കാനുമുള്ള ദൈവിക അധികാരം മനുഷ്യന് കൈവരുന്നു. അങ്ങനെ, ദൈവത്തിൻ്റെ ആ മഹാ-ഒയ്ക്കോണമിയ പൂർണ്ണമാകുമ്പോൾ, മനുഷ്യൻ വെറുമൊരു മൺപുഴുവായല്ല, പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങൾ അറിയാൻ അറിവ് പ്രാപിച്ച, നക്ഷത്രമണ്ഡലങ്ങളെ ഭരിക്കുന്ന രാജാക്കൻമാരായി ക്രിസ്തുവിനോടൊപ്പം നിത്യതയിൽ വാഴും…..
മെറിൻ പറഞ്ഞു,
“അങ്കിളേ, ഈ സത്യം എനിക്ക് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ. ഈ ദൈവവചനം മുൻപ് ഞാൻ വായിച്ചിരുന്നെങ്കിൽ! ഇതിന്റെ രഹസ്യങ്ങൾ പൊരുൾ തിരിച്ച് കിട്ടിയിരുന്നെങ്കിൽ ….! എനിക്ക്ദൈവത്തെയും ദൈവവചനത്തെയും സ്നേഹിക്കാനും അനുസരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ, എൻ്റെ സുഹൃത്തിനെ രക്ഷിക്കാമായിരുന്നു. “
ഒന്ന് നെടുവീർപ്പെട്ട് പിന്നെ അതിൽ നിന്നുണ്ടായ അടിയുറച്ച ഒരു നിർണയത്തോടെ അവൾ പറഞ്ഞു,
“ഇപ്പോഴും സമയം വൈകിയിട്ടില്ല. ദൈവവചനം ഇതാ എൻറെ അടുക്കൽ, അല്ല; എൻറെ കയ്യിൽ ഇരിക്കുന്നു. ഞാനിത് എൻറെ കൂട്ടുകാരന് കൊടുക്കും. അവൻറെ ആയിരമായിരം സംശയങ്ങൾക്ക് ഇതാ മറുപടി ലഭിച്ചു കഴിഞ്ഞു!
‘താങ്ക്യൂ അങ്കിൾ . “ അതും പറഞ്ഞ് അവൾ അങ്കിളിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
അന്നേരം പിന്നേയും അവളുടെ അമ്മ വന്നു പറഞ്ഞു,
“കഴിഞ്ഞില്ലേ മോളുടെയും അമ്മാവന്റെയും സംസാരം…. .ഇപ്പോഴും ഭക്ഷണത്തിന് ചൂട് കാണും കേട്ടോ”
സുബേദാർ സണ്ണി കെ ജോൺ, രാജസ്ഥാൻ

- Advertisement -


Comments are closed.