ലേഖനം: വരപ്രാപ്തരും സഹനജീവിതവും | റോജി തോമസ്, ചെറുപുഴ
ക്രിസ്തീയ വിശ്വാസത്തിൽ പലപ്പോഴും എതിരായി ഉയരുന്ന ഒരു ചോദ്യമാണ്; അത്ഭുത രോഗശാന്തി നൽകുന്നവരായോ ശക്തമായ പ്രാർത്ഥനാ വരങ്ങൾ ലഭിച്ചവരായോ അറിയപ്പെടുന്ന ദൈവദാസന്മാർക്ക് എന്തുകൊണ്ട് രോഗങ്ങളും കഷ്ടതകളും മരണം പോലും സംഭവിക്കുന്നു? അവർ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ രോഗശാന്തി ലഭിക്കുന്നുവെങ്കിൽ, അവർക്ക് തന്നെ എന്തുകൊണ്ട് രോഗങ്ങൾ വരുന്നു? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ മനുഷ്യാനുഭവങ്ങളെക്കാൾ ബൈബിളിനെയും യേശുക്രിസ്തുവിന്റെ ജീവിതത്തെയും അപ്പൊസ്തലന്മാരുടെ അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് നാം ചിന്തിക്കേണ്ടത്.
രോഗശാന്തി നൽകുന്ന ശക്തി ആ വ്യക്തിയുടെ സ്വന്തമോ സ്വഹിതാനുസരണം ഉപയോഗ്യമോ അല്ല; പ്രത്യുത ദൈവഹിതത്തിന്റെ സമയകൃത്യതയും പ്രവർത്തനവും പൂർണ്ണതയുമാണ്. ബൈബിൾ പഠിപ്പിക്കുന്നത് അത്ഭുതങ്ങളും രോഗശാന്തികളും മനുഷ്യന്റെ വ്യക്തിപരമായ ശക്തികൊണ്ടല്ല, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ആണെന്നാണ്.
അപ്പൊസ്തലനായ പത്രോസ് ഒരു മുടന്തനെ സൗഖ്യമാക്കിയപ്പോൾ ജനങ്ങളോട് പറഞ്ഞു: “യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?” (പ്രവൃത്തികൾ 3:12). ഇത് രോഗശാന്തിയുടെ ഉറവിടം ദൈവമാണെന്നും ദൈവദാസൻ ഒരു ഉപകരണം മാത്രമാണെന്നും വ്യക്തമാക്കുന്നു. അതിനാൽ ഒരാൾക്ക് രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കാം; അതുകൊണ്ട് അദ്ദേഹം എല്ലാ രോഗങ്ങളിൽനിന്നും സ്വതേ വിമുക്തനാകണമെന്നില്ല.
യേശുക്രിസ്തുവും കഷ്ടതയുടെ പാതയിലൂടെ നടന്നു. ദൈവപുത്രനായ യേശുക്രിസ്തു അനേകരെ സൗഖ്യമാക്കി. കുരുടന്മാർ കാഴ്ച പ്രാപിച്ചു, മുടന്തർ നടന്നു, മരിച്ചവർ ഉയിർത്തെഴുന്നേറ്റു. എന്നിരുന്നാലും യേശുവിന്റെ സ്വന്തം ജീവിതം കഷ്ടതകളില്ലാത്തതായിരുന്നില്ല. “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു” (യെശയ്യാവ് 53:3-4). “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാർത്ഥിച്ചു.” (ലൂക്കോസ് 22:42). ക്രൂശിലെ മരണം ഒഴിവാക്കുവാൻ യേശു ശ്രമിച്ചില്ല. പിതാവിന്റെ ഇഷ്ടത്തിന് കീഴടങ്ങുകയായിരുന്നു. അതായത് ദൈവത്തിന്റെ ശക്തിയും സാന്നിധ്യവും ഉണ്ടായിരുന്നിട്ടും കഷ്ടതകൾ അനുഭവിക്കുന്നത് വിശ്വാസക്കുറവിന്റെ അടയാളമല്ല.
അപ്പൊസ്തലനായ പൗലോസ് അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ച വ്യക്തിയായിരുന്നു. “ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുപ്പെടുകയും ചെയ്തു” (പ്രവൃത്തികൾ 19:11). എന്നാൽ പൗലോസിന് ശരീരത്തിൽ ഒരു “മുള്ള്’ ഉണ്ടായിരുന്നു. “വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ” (2 കൊരിന്ത്യർ 12:7). “അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു” (2 കൊരിന്ത്യർ 12:8). എന്നാൽ ദൈവം മറുപടി നൽകിയത്: “എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും” (2 കൊരിന്ത്യർ 12:9). ഇവിടെ ദൈവം പൗലോസിനെ ഉടനെ സൗഖ്യമാക്കിയില്ല. പകരം കൃപയിലൂടെ അവനെ നിലനിർത്തി. “അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു” (2 കൊരിന്ത്യർ 12:10).
തിമൊഥെയോസിനും ത്രൊഫിമൊസിനും രോഗമുണ്ടായിരുന്നു. പൗലോസ് തിമൊഥെയോസിനോട് എഴുതുന്നു: “മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക” (1 തിമൊഥെയോസ് 5:23). അതുപോലെ; “എരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു” (2 തിമൊഥെയോസ് 4:20). എല്ലാവരെയും അത്ഭുതകരമായി സൗഖ്യമാക്കാൻ കഴിയുന്ന ദൈവം തിമൊഥെയോസിനെയും ത്രൊഫിമൊസിനെയും ആ നിമിഷം സൗഖ്യമാക്കിയില്ല. ഇതിലൂടെ ദൈവത്തിന്റെ പ്രവർത്തനം എല്ലായ്പ്പോഴും മനുഷ്യർ പ്രതീക്ഷിക്കുന്ന രീതിയിലല്ലെന്ന് കാണാം.
രോഗവും കഷ്ടതയും എല്ലായ്പ്പോഴും പാപത്തിന്റെ ഫലമല്ല.
യേശുവിന്റെ ശിഷ്യന്മാർ ജന്മനാ കുരുടനായ മനുഷ്യനെക്കുറിച്ച് ചോദിച്ചു: “അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.” (യോഹന്നാൻ 9:2). യേശുവിന്റെ മറുപടി: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ” (യോഹന്നാൻ 9:3). ഇത് രോഗം വന്നാൽ അത് വിശ്വാസക്കുറവോ പാപമോ ആണെന്ന് നിഗമനം ചെയ്യരുതെന്ന് പഠിപ്പിക്കുന്നു. ചില കഷ്ടതകൾ വീണുപോയ ലോകത്തിന്റെ ഫലമാണ്. ചിലത് ആത്മീയ വളർച്ചയ്ക്കായി അനുവദിക്കപ്പെടുന്നു. ചിലത് മനുഷ്യബുദ്ധിക്ക് അപ്പുറമാണ്. എന്നാൽ എല്ലാ കഷ്ടതകളും വ്യക്തിപരമായ കുറ്റത്തിന്റെ ഫലമല്ല.
മരണത്തിൽനിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. ബൈബിളിലെ ഏറ്റവും വിശുദ്ധരായ ആളുകൾ പോലും മരണത്തെ നേരിട്ടു. അബ്രാഹാം മരിച്ചു, മോശെ മരിച്ചു, ദാവീദ് മരിച്ചു. പത്രോസ് രക്തസാക്ഷിയായി, പൗലോസ് രക്തസാക്ഷിയായി. യേശുക്രിസ്തു തന്നെയും ക്രൂശിൽ മരിച്ചു; പിന്നീട് ഉയിർത്തെഴുന്നേറ്റു. ക്രിസ്തീയ വിശ്വാസത്തിന്റെ അന്തിമ പ്രത്യാശ ഭൂമിയിലെ ശാരീരിക അമരത്വമല്ല; ഉയിർപ്പും നിത്യജീവനുമാണ്. “യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” (യോഹന്നാൻ 11:25).
ദൈവം ഇന്നും രോഗശാന്തി നൽകുന്നു. അതിനുവേണ്ടി പ്രാർത്ഥിക്കുവാൻ ബൈബിൾ പഠിപ്പിക്കുന്നു. “എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും” (യാക്കോബ് 5:15). എന്നാൽ എല്ലാ സാഹചര്യങ്ങളിലും രോഗശാന്തി ഈ ജീവിതത്തിൽ തന്നെ സംഭവിക്കണമെന്നില്ല. ചിലപ്പോൾ ദൈവം ഉടൻ സൗഖ്യം നൽകും; ചികിത്സയിലൂടെ സൗഖ്യം നൽകും. കഷ്ടതയിൽ കൃപ നൽകും. അന്തിമമായി ഉയിർപ്പിൽ പൂർണ്ണ സൗഖ്യം നൽകും. “അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” (വെളിപ്പാടു 21:4-5). അതുകൊണ്ട് രോഗശാന്തി ലഭിക്കാത്തത് ദൈവം ഉപേക്ഷിച്ചതിന്റെ തെളിവല്ല. ക്രിസ്തീയ പ്രത്യാശയുടെ കേന്ദ്രം രോഗശാന്തിയല്ല, ഉയിർപ്പ് ആകുന്നു. ബൈബിളിന്റെ അവസാന ദർശനം ശ്രദ്ധിക്കുക; വെളിപ്പാട് പുസ്തകം “ഇനി ആശുപത്രികൾ ഉണ്ടാകയില്ല’ എന്ന് പറയുന്നില്ല. മറിച്ച്; “ഇനി മരണം ഉണ്ടാകയില്ല’ (വെളിപ്പാട് 21:4); “ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല’ (വെളിപ്പാട് 21:4) എന്നിങ്ങനെയത്രേ. ഇവിടെ ദൈവത്തിന്റെ അന്തിമ പരിഹാരം രോഗശാന്തി മാത്രമല്ല; പുതിയ സൃഷ്ടിയാണ്. രോഗശാന്തി ആ ഭാവി യാഥാർത്ഥ്യത്തിന്റെ അടയാളമാണ്. ഉയിർപ്പ് അതിന്റെ പൂർണ്ണതയാണ്.
യേശുക്രിസ്തുവിന്റെ ജീവിതവും ബൈബിളിന്റെ പഠിപ്പിക്കലുകളും വ്യക്തമാക്കുന്നത് അത്ഭുതരോഗശാന്തി വരങ്ങൾ ഉള്ള ദൈവദാസന്മാർക്കും രോഗങ്ങളും കഷ്ടതകളും മരണവും സംഭവിക്കാമെന്നാണ്. കാരണം രോഗശാന്തിയുടെ വരം മനുഷ്യന്റെ വ്യക്തിപരമായ അജയ്യതയല്ല; ദൈവം തന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന കൃപാവരമാണ്. യേശുവും കഷ്ടത അനുഭവിച്ചു. പൗലോസ് ബലഹീനത വഹിച്ചു. തിമൊഥെയോസ് രോഗം അനുഭവിച്ചു. വിശുദ്ധന്മാർ മരണത്തെ നേരിട്ടു. എന്നിരുന്നാലും അവർ ദൈവവിശ്വാസത്തിൽ നിലനിന്നു.
ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രസന്ദേശം “വിശ്വാസിക്ക് ഒരിക്കലും രോഗം വരില്ല’ എന്നതല്ല; മറിച്ച് “രോഗത്തിലും കഷ്ടതയിലും മരണത്തിലും പോലും ക്രിസ്തു നമ്മോടുകൂടെ ഉണ്ടാകും, ഒടുവിൽ ഉയിർപ്പിന്റെയും നിത്യജീവന്റെയും മഹത്വത്തിലേക്ക് നമ്മെ നയിക്കും’ എന്നതാണ്. “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു” (റോമർ 8:38-39). ബൈബിളിന്റെയും പിതാക്കന്മാരുടെയും സാക്ഷ്യം ഒരേ ദിശയിലാണ്. രോഗശാന്തി ദൈവത്തിന്റെ യഥാർത്ഥ പ്രവർത്തനമാണ്. അത്ഭുതങ്ങൾ ഇന്നും ദൈവം ചെയ്യുന്നു. എന്നാൽ രോഗശാന്തിയുടെ വരമുള്ളവർക്കുപോലും രോഗം വരാം. വിശുദ്ധരായ ആളുകൾ കഷ്ടത അനുഭവിക്കാം. അപ്പൊസ്തലന്മാർ പോലും മരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടില്ല. ക്രിസ്തു തന്നെ ക്രൂശ് സഹിച്ചു. അതുകൊണ്ട് ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രസന്ദേശം “വിശ്വസിക്കുന്നവർ ഒരിക്കലും രോഗികളാകുകയില്ല’ എന്നതല്ല; മറിച്ച്, “ക്രിസ്തു രോഗത്തിലും കഷ്ടതയിലും മരണത്തിലും നമ്മോടുകൂടെ ഉണ്ട്; അവൻ ഉയിർത്തെഴുന്നേറ്റതുപോലെ നമ്മെയും ഉയിർപ്പിക്കും’ എന്നതാണ്. ക്രിസ്തീയ പ്രത്യാശയുടെ അന്തിമ ലക്ഷ്യം താൽക്കാലിക രോഗശാന്തിയല്ല; മഹത്വമുള്ള ശരീരത്തോടുകൂടിയ പുനരുത്ഥാനവും പുതിയ സൃഷ്ടിയുമാണ്.
റോജി തോമസ്, ചെറുപുഴ


- Advertisement -


Comments are closed.