ലേഖനം: രണ്ടുതരം തൂക്കമോ? | രാജൻ പെണ്ണുക്കര

“കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം”…
“രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു”….
“നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി (തൂക്കം) ഉണ്ടാകരുതു. നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു. നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെ തന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം. ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.” (സദൃശ്യ 11:1, 20:10, ആവർ 25:13-16).

പണ്ടുകാലങ്ങളിൽ ചില വിരുതന്മാർ മുക്കാലിയിൽ കെട്ടി തൂക്കുന്ന ത്രാസ്സിൽ കപ്പയും മറ്റും തൂക്കാൻ തുടങ്ങുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട് അവന്റെ മേൽ ഒരു കണ്ണുവേണം. കാരണം അവർ തൂക്കുമ്പോൾ കണ്ണിമയ്ക്കുന്ന നേരം കൊണ്ട് ത്രസ്സിന്റെ തട്ട് കാൽമുട്ടു കൊണ്ടൊന്ന് താങ്ങി വിട്ട് ഉച്ചത്തിൽ പറയും ഒരു തുലാം (10Kg), പക്ഷെ ആ തൂക്കം ഒന്നര ഇരട്ടി അധികം ആയിരിക്കും. ഒരുകാര്യം ഓർക്കുക നീ തൂക്കിയെടുക്കുമ്പോൾ പതിനഞ്ച് കിലോയും തൂക്കി കൊടുക്കുമ്പോൾ തൊള്ളയിരം ഗ്രാമും വന്നാലതിന്റെ പേരാണ് കള്ളത്തുലാസ്സ്. ഒരേ കാര്യം തന്നേ രണ്ടു അളവിൽ ചെയ്യുന്നത് യഹോവയുടെ തുലാസ്സിൽ തൂക്കിയാൽ യഹോവെക്കു വെറുപ്പു ഉണ്ടാകും നിശ്ചയം.

ഇവിടെ വചനത്തിൽ ആവർത്തിച്ച് പറയുന്ന വെറുപ്പ്, അരുത്, ന്യായം എന്നി മൂന്നു പദങ്ങൾ ശ്രദ്ധേയമാണ്. ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഈ നിബന്ധനകൾ തെറ്റിച്ച് നാം ഇതിനോടകം എത്ര തവണ അന്യായം ചെയ്തിട്ടുണ്ട്, ഇവിടെ നമ്മുടെ മുൻപിലുള്ള ചോദ്യം സമ്പാദ്യമായി ലോകത്തിലെ പ്രീതി വേണോ അതോ യഹോവയുടെ പ്രസാദം വേണോ എന്നതാണ്!.

മനുഷ്യന് വിസർജ്യത്തോട് ഇഷ്ടക്കേട് അല്ല മറിച്ച് വെറുപ്പും അറപ്പും അല്ലെ തോന്നുന്നത്. അശുദ്ധവും മലിനവും ദുർഗന്ധവും നാം വെറുക്കുമ്പോൾ, ആ ‘വെറുപ്പ്’ എന്ന പദം കൊണ്ട് ഉദേശിക്കുന്നത് ഒരു തരിപൊലും അതിനോട് യോജിക്കാനോ അടുക്കാനോ കഴിയുന്നില്ല എന്നല്ലേ.

അനിഷ്ടവും വെറുപ്പും തമ്മിൽ അജഗജാന്തരം ഉണ്ടെന്ന് നാം ആദ്യമേ അറിയണം. “അനിഷ്ടം” (Dislike) എന്നാൽ സാധാരണ വികാരത്തോടെ പറയുന്ന താല്പര്യക്കുറവ് എന്ന അർത്ഥത്തിൽ വളരെ ലളിതമായ ഭാഷയിൽ, മൃദുവായ, തീവ്രതയില്ലാത്ത സമീപനം എന്നൊക്കെയുള്ള വിശേഷണത്തിലും ആശയത്തിലും ഉൾപ്പെടുമ്പോൾ “വെറുപ്പ്” (Abomination, Abhorrent) എന്നത് അസാധാരണ വികാരത്തോടെ പറയുന്ന അനിഷ്ടത്തിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥ (Extrem), അതിതീവ്രമായ, അതിന് അപ്പുറത്ത് പറയാൻ ഒന്നുമേയില്ല എന്ന അർത്ഥത്തിൽ ഉൾപ്പെടുന്നതും പരിഗണിക്കപ്പെടുന്നതുമായ വിശേഷണ പദം ആകുന്നു. അപ്പോൾ ദൈവവചനം അടിവരയിട്ട് പറയുന്ന യഹോവക്ക് “വെറുപ്പ്” എന്ന പദത്തിന്റെ തീവ്രതയും ആഴവും എത്രയാണെന്ന് നാം ഓരോരുത്തരും നന്നായി തിരിച്ചറിയണം.

പരമപ്രധാനമായി നമ്മുടെ വിശ്വാസ ജീവിതത്തിലും പ്രാവർത്തിക വിഷയത്തിലും ശ്രദ്ധിക്കേണ്ടതും യഹോവ വെറുക്കുന്നതും യഹോവയ്ക്ക് അനിഷ്ടമായ അനേക കാര്യങ്ങൾ വചനത്തിലൂടെ അക്കമിട്ടും അടിവരയിട്ടും പരിശുദ്ധത്മാവ് മുന്നറിയിപ്പായി പറയുമ്പോൾ തന്നേ ചിലയിടങ്ങളിൽ യഹോവയ്ക്ക് അനിഷ്ടം എന്ന മൃദുസമീപനം അല്ല മറിച്ച് വെറുപ്പും അറപ്പും (Detestable) ആകുന്നു എന്നുതന്നെയാണ് എഴുതിയിരിക്കുന്നത്.

‘തുലാസ്സ്’, ‘പറ’ എന്നിവയാൽ തൂക്കിയും അളന്നും ഉള്ള കൊടുക്കവാങ്ങലിൽ യാതൊരു വിധ വ്യത്യാസവും ഉണ്ടാകുവാൻ പാടില്ല എന്ന് വചനം പറയുന്നു. അപ്പോൾ വ്യാപാരത്തിൽ ഉപയോഗിക്കുന്ന തുലസ്സ്, പറ എന്നിവക്ക് ആത്മീക ജീവിതത്തിലെ പ്രസക്തിയും എവിടെ, എങ്ങനെ, എപ്പോൾ ഉപയോഗിക്കുന്നു എന്നതുമാണ് ചർച്ച.

ഒരു ദൈവപൈതലിന്റെ എല്ലാവിധ വ്യവഹാരങ്ങളിലും പ്രത്യേകിച്ച് സംസാരത്തിലും കൊടുക്കവാങ്ങലിലും ഒരാളോട് ഒരു നീതിയും, നയവും, ന്യായവും, തൂക്കവും, അളവും, തോതും, മറ്റൊരാളോട് മറ്റൊരു നീതിയും, നയവും, ന്യായവും, തൂക്കവും, അളവും, തോതും അവലംഭിക്കുന്ന രീതിയും ഇരട്ടത്താപ്പു നയവും ചിറ്റമ്മനയവും യഹോവയ്ക്ക് വെറുപ്പാകുന്നു.

ആളും തരവും, പണവും പ്രതാപവും, കഴിവും പ്രാപ്തിയും, വാഗ്ചാതുര്യവും തണ്ടും മിടുക്കും നോക്കി ചട്ടങ്ങളും നിയമങ്ങളും കീഴ്‌വഴക്കങ്ങളും വളച്ചൊടിച്ച് ഒരാളോട് മൃദുസമീപനം/ അനുഭാവപൂർണ്ണമായ നിലപാടും ഇതൊന്നുമല്ലാത്ത സാധുവായ മറ്റൊരാളോട് കഠിനമായ/കർശനമായ നിലപാടും സമീപനവും രണ്ടുതരം തൂക്കമാകയാൽ അത്‌ യഹോവ വെറുക്കുന്നു. നമ്മേ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ ചുമതലകളിൽ, ശുശ്രുഷകളിൽ ഇതിനോടകം എത്ര പ്രാവശ്യം രണ്ടുതരം തുലസ്സും രണ്ടുതരം പറയും രണ്ടുതരം പടിയും രണ്ടുതരം അളവും ഉപയോഗിച്ച് തീരുമാനങ്ങൾ എടുത്ത് മനുഷ്യരുടെ കടപ്പാടും പ്രീതിയും നേടിയിട്ട് യഹോവയുടെ വെറുപ്പ് സമ്പാദിച്ചു എന്ന് തിരിഞ്ഞു നോക്കി പരിശോധിക്കുന്നത് വീണ്ടും ഒരു മനസാന്തരത്തിലേക്ക് നമ്മേ നയിക്കുവാൻ ഇടയാകും. നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും എന്ന ചോദ്യം പോലെ ഇവിടെയും നിൽക്കും അവിടെയും നിൽക്കും, ശീതവാനുമല്ല ഉഷ്ണവാനുമല്ല എന്നയവസ്ഥ. അങ്ങനെയുള്ള സ്വഭാവങ്ങളെ, പ്രവർത്തികളെ വിട്ടോഴിയുക.

ലളിതമായ ഉദാഹരണം പറഞ്ഞാൽ ഒരേ സമയദൈർഘ്യത്തിലും രീതിയിലും ഉള്ള ഒരേ ജോലി ചെയ്തിട്ട് ഒരു വീട്ടിൽ നിന്നും ഒരു കാശും മറ്റൊരു വീട്ടിൽ നിന്നും രണ്ട് കാശും കൂലി വാങ്ങിയാൽ അത് കള്ളത്തുലാസും, രണ്ടുതരം തൂക്കവും, രണ്ടുതരം അളവും, രണ്ടുതരം പടിയും, രണ്ടുതരം പറയും, രണ്ടുതരം ന്യായവും എന്നു പറയാതെ വയ്യ അത്‌ അങ്ങനെ തന്നേ സ്വർഗ്ഗം കണക്കിടും/വരവ് വെക്കും എന്ന സത്യം മറക്കരുത്. അതുകൊണ്ട് ഇഹലോകത്തിൽ അൽപ്പം ലാഭം ഉണ്ടാക്കാമെങ്കിലും അത്‌ പരലോകത്തിൽ തീരാനഷ്ടവും യഹോവയ്ക്ക് വെറുപ്പും അറപ്പും ആകുന്നു അതിൽ യഹോവയ്ക്ക് പ്രസാദം ഇല്ല.

നിങ്ങളുടെ വാക്കുകൾ എപ്പോഴും ഊവ്വ് എന്ന് മാത്രം ആയിരിക്കേണം. നമ്മുടെ സംസാരങ്ങളിൽ ഒരാളോട് ഒരുവിധത്തിലും മറ്റൊരാളോട് മറ്റൊരുവിധത്തിലും പറഞ്ഞ് വിജയത്തിന്റെ ആത്മ സംതൃപ്തി അടയുമ്പോൾ ഓർക്കുക നിന്റെ കയ്യിൽ രണ്ടുതരം തൂക്കവും കള്ളത്തുലാസ്സും നിന്റെ സഞ്ചിയിൽ ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി, നിന്റെ വീട്ടിൽ/നാവിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറ ഉണ്ടായിരുന്നു അതു വെച്ചാണ് നീ അളന്നു കൊടുത്തത്. പലപ്പോഴും ഇവിടെ ഒന്ന് പറഞ്ഞിട്ട് കാര്യസാധ്യത്തിനും നിലനിൽപ്പിനും പദവിക്കും മാനുഷിക പ്രീതി നേടാനും വേണ്ടി അടുത്ത നിമിഷം അവിടെ വേറൊന്ന് പറയുന്നവരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുതെന്ന പഴഞ്ചൊല്ല് എത്രയോ സത്യമാക്കുന്നു. ഒരു ദൈവ പൈതലിൽ യഹോവ വെറുക്കുന്ന അങ്ങനെ ഉള്ള സ്വഭാവം ഒട്ടുമേ കാണുവാൻ പാടില്ല.

പണ്ഡിതനോടും പാമരനോടും, ധനവാനോടും, കുടുംബക്കാരോടും പ്രത്യേകിച്ച് ദരിദ്രനോടും, അന്യരോടും നീതിയും ന്യായവും നടപ്പാക്കുമ്പോൾ രണ്ടുതരം തുലസ്സും, രണ്ടുതരം അളവും, രണ്ടുതരം പറയും, രണ്ടുതരം പടിയും ഉപയോഗിച്ചുണ്ടോ എന്ന് സ്വയം ശോധന ചെയ്യണം.

കള്ളത്തുലാസ്, രണ്ടുതരം തൂക്കം, രണ്ടുതരം പറ, രണ്ടുതരം അളവ്, രണ്ടുതരം പടി എന്നിവ ചതിവിന്റേയും, വഞ്ചനയുടെയും, അവിശ്വസ്ഥതയുടേയും നിഴൽ ആയി നിൽക്കുന്നു. നാം ഇവകൾ കൊണ്ട് അളന്ന് തൂക്കി കൊടുത്താൽ നാമും അതേ അളവിൽ തന്നേ തൂക്കി തിരികെ വാങ്ങും എന്ന സത്യം മറക്കരുത്. അത്‌ മാറ്റമില്ലാത്ത ദൈവനീതിയാണ്.

അസത്യത്തിന്റെ തോളിൽ കൂടി കൈയിട്ടു അങ്ങനെയുള്ള അളവുകോൽ കൈയിൽ എടുക്കുമ്പോൾ ഇവിടെ കസേര സ്ഥിരമാക്കി മനുഷ്യന്റെ കയ്യടിയും പ്രസാദവും പ്രീതിയും നേടി വിജയിച്ചു എന്നു വരാം. എന്നാൽ അതോടൊപ്പം നീ സ്വയം നിന്റെ ശരീരത്തിൽ അനുഭവിപ്പാനുള്ള ദണ്ഡനവും യഹോവയുടെ വെറുപ്പും കൂടി സമ്പാദിച്ചു കൂട്ടിവെക്കുന്ന മഹാസത്യം മറന്നുപോകരുത്. ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.

നമ്മുടെ പരമാർത്ഥത അറിയേണ്ടതിന്നു വ്യാജം പറയാത്ത ഒത്ത തുലസ്സ് പിടിച്ചവൻ സ്വർഗ്ഗത്തിൽ നിന്നും തൂക്കിനോക്കുമ്പോൾ “തെക്കേൽ” (തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു) ആകാതിരുക്കാൻ നമ്മുടെ വിശ്വാസ ജീവിതം കരപുരളാത്തതും യഹോവയുടെ പ്രസാദം വരുന്നതും ആയിതീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു. കള്ളത്തെ വെറുത്ത് ഒത്തതിൽ മാത്രം പ്രസാദിക്കുന്ന ദൈവത്തെ ഭയപ്പെടുക. നിത്യതക്കായി ഒരുങ്ങാം.

രാജൻ പെണ്ണുക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading