ലേഖനം: പൊക്കമില്ലായ്മയെ അതിജീവിച്ച എൻ’ഗോളോ കാന്റെ | പാസ്റ്റർ സണ്ണി പി സാമുവൽ
“ഒന്നുമില്ലായ്മയിൽനിന്നു ആരംഭിച്ചു ഒരു രാജ്യം കെട്ടിപ്പടുത്ത മാലിയിലെ ഒരു പുരാതന രാജാവിന്റെ പേരിന്റെ ഓർമ്മയിലാണ് എൻ്റെ മാതാപിതാക്കൾ എനിക്കു N’Golo Kanté എന്നു പേരിട്ടത്. ഒരിക്കൽ ഞാൻ പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന തെരുവുപെറുക്കി ആയിരുന്നു. എന്നാൽ ഇന്നു ഞാൻ ഫുട്ബോൾ കളിക്കുന്നു —— എന്റെ ജീവചരിത്രം മനോഹരമാണ്; ഞാൻ താഴേത്തട്ടിൽ നിന്നാണു ആരംഭിച്ചത്.” ഫ്രഞ്ച് പ്രൊഫെഷണൽ ഫുട്ബോൾ കളിക്കാരൻ എൻ’ഗോളോ കാന്റെ അദ്ദേഹത്തിന്റെ ജീവിതത്തെ വിലയിരുത്തുന്നത് ഇപ്രകാരമാണ്.
1980-ലാണു അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആഫ്രിക്കൻ രാജ്യമായ മാലിയിൽനിന്നു ഫ്രാൻസിലേക്കു കുടിയേറിയത്. പാരീസിന്റെ പ്രാന്തപ്രദേശമായ റുയിൽ-മാൽമൈസിൽ താമസമുറപ്പിച്ച ആ തൊഴിലാളി കുടുംബത്തിൽ 1991 മാർച്ച് 29നാണു അദ്ദേഹം ജനിക്കുന്നത്. കുടുംബത്തിലെ നാലു മക്കളിൽ മൂത്തയാൾ ആയിരുന്നു കാന്റെ. പിതാവു കല്പണിക്കാരനും തെരുവു കച്ചവടക്കാരനും ആയി കഠിനാധ്വാനം ചെയ്തു. അമ്മ ക്ലീനറായി ജോലി ചെയ്തു. വരുമാനം വളരെ കുറവായിരുന്നതിനാൽ ഏഴാം വയസ്സുമുതൽ തന്റെ പിതാവിനൊപ്പം തെരുവിൽ അലഞ്ഞു; തെരുവിൽ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ, പ്ലാസ്റ്റിക് മാലിന്യം, ഇരുമ്പ് സ്ക്രാപ്പ്, പിന്നെ വല്ലപ്പോഴും ബോണസായി കിട്ടുന്ന വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ശേഖരിച്ച്; അവ വാങ്ങുന്ന കടകളിൽ വിറ്റു കുടുംബം പുലർത്താൻ അദ്ദേഹം പിതാവിനെ സഹായിച്ചു. 1998 ഫിഫ വേൾഡ് കപ്പ് ഫ്രാൻസിൽ നടക്കുമ്പോൾ വെറും ഏഴു വയസ്സുമാത്രം പ്രായം ഉണ്ടായിരുന്ന കാന്റെക്കു ആ ആഘോഷം വരുമാനത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. സ്റ്റേഡിയത്തിലും ചുറ്റുപാടുകളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങളും, ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും ശേഖരിച്ചു തന്റെ തൊഴിൽ അദ്ദേഹം വിപുലമാക്കി. 1998 ലെ ഫിഫ കപ്പ് മൂലം ഫുട്ബോൾ ജ്വരം തലയ്ക്കുപിടിച്ച കാന്റെ 1999-ൽ എട്ടാംവയസിൽ ലോക്കൽ അമേച്വർ ക്ലബ്ബിൽ അംഗത്വം തേടി. തുടർന്നു അടുത്ത 10 വർഷം ഈ ക്ലബ്ബിന് ഒപ്പമായിരുന്നു.
കാന്റെക്ക് വെറും 11 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ഇതു സ്ഥിതിഗതികൾ കൂടുതൽ ദുസ്സഹമാക്കുകയും അദ്ദേഹത്തിന്റെ അദ്ധ്വാനഭാരം വർദ്ധിപ്പിക്കുകയും ചെയ്തു. കളിക്കളത്തിൽ അദ്ദേഹം ഊർജ്ജസ്വലനും ചടുലമായ നീക്കങ്ങളിലൂടെ മികവു തെളിയിച്ചവനും ആയിരുന്നുവെങ്കിലും പൊക്കക്കുറവു പ്രശ്നമായി. അദ്ദേഹം അധികപ്പറ്റായി തള്ളി നീക്കപ്പെട്ടു. എങ്കിലും ഭാഗ്യം അദ്ദേഹത്തോടൊപ്പം ആയിരുന്നു. തള്ളപ്പെട്ടയിടത്തുനിന്നു പടിപടിയായി അദ്ദേഹം ലോക ഫുട്ബോളിലേക്കു ചേക്കേറി. തന്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധം തീർക്കുന്ന midfielders-ൽ ഒരാളായി അദ്ദേഹം വളർന്നു. പൊക്കമില്ലായ്മയെ പൊക്കമാക്കി മാറ്റിയ കുഞ്ഞു മനുഷ്യൻ. ഇന്നു ലോകത്തു ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരിൽ ഒരുവനാണു കാന്റെ. ഒരു ദിവസം ഒരു ലക്ഷം ഡോളർ വരെ ചിലപ്പോൾ പ്രതിഫലമായി ലഭിക്കുന്നു. സൗദി അറേബ്യയിലെ ഒരു ക്ലബ്ബിനുവേണ്ടി കളിച്ചതിനു 285.73 മില്യൺ അമേരിക്കൻ ഡോളറാണു രണ്ടരവർഷത്തെ പാക്കേജായി കൈപ്പറ്റിയത്.
മിതവ്യയ ജീവിതം
ദാരിദ്ര്യത്തിൽനിന്നു പൊടുന്നനെ സമ്പന്നതയിലേക്കു കുതിച്ചുകയറുമ്പോൾ ആഡംബരജീവിതം നയിക്കാനും അനാവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടാനുള്ള ത്വര മനുഷ്യസഹജമാണ്. എന്നാൽ അദ്ദേഹം വ്യത്യസ്തനാണ്. കാന്റെ ആഡംബരത്തിനായി പണം ചെലവഴിക്കാറില്ല. ലളിത വസ്ത്രധരിയായ ഇദ്ദേഹം ഒരു സെക്കൻഡ് ഹാൻഡ് മിനി കൂപ്പർ ആണു ഉപയോഗിക്കുന്നത്. നെയ്മറും വെയിൻ റൂണിയും മൂന്നു എൻജിൻ ഘടിപ്പിച്ച Dassault Falcon 900LX ആഡംബരജെറ്റ് വിമാനങ്ങൾ സ്വന്തമായി ഉപയോഗിക്കുമ്പോഴാണു കാന്റെ വ്യത്യസ്തനാകുന്നത്. Dassault വിമാനനിർമ്മാണ കമ്പനി ഉല്പാദിപ്പിക്കുന്ന യുദ്ധവിമാനങ്ങൾ ആണു മിറാഷ് സീരീസസും, റാഫേലും. Falcon 900LX ജെറ്റിന്റെ വില 50 മില്യൺ യു.എസ്. ഡോളറാണ്.
കളിക്കളത്തിൽ മറ്റു കളിക്കാർ ശരീരത്തിന്റെ ചൂടു കുറയ്ക്കാനായി കുപ്പിവെള്ളം കുലുക്കുഴിഞ്ഞു അന്തരീക്ഷത്തിൽ സ്പ്രേ ചെയ്യുമ്പോഴും, തലയിലൂടെ കോരിയൊഴിക്കുമ്പോഴും; ക്യാന്റെ കുപ്പി സൂക്ഷ്മതയോടെ സാവധാനം തുറന്നു അല്പം വെള്ളം ഇരുകൈകളിലും പകർന്നു മുഖം കഴുകി അല്പം കുടിച്ചു ഭദ്രമായി അടച്ചുവെക്കും. ഈ മനുഷ്യൻ ഒരു അരിപ്പനാണെന്നു നമുക്കു തോന്നും. ഈ പണമെല്ലാം ഈ ദുരിശ്ശക്കാരൻ എന്തുചെയ്യുന്നു?
ഫ്രഞ്ചു പൗരനായി ജനിച്ചുവളർന്നുവെങ്കിലും കാന്റെക്കു ഇരട്ടപൗരത്വമാണുള്ളത്. മാതാപിതാക്കൾ മാലിയിൽ നിന്നുള്ളവരായിരുന്നതിനാൽ മിലിയൻ പിന്തുടർച്ചാവകാശപ്രകാരം അദ്ദേഹത്തിനു മാലി പൗരത്വവുമുണ്ട്. ലോകത്തിലെ അതിദരിദ്രവും വികസനം ഇല്ലാത്തതുമായ രാജ്യങ്ങളിലൊന്നായാണു മാലിയെ തരംതിരിച്ചിരിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം പകുതിയും ദാരിദ്രരേഖക്കു താഴെയാണ്. കടൽത്തീരം ഇല്ലാതെ കരഭാഗത്താൽ ചുറ്റപ്പെട്ടതിനാൽ (Land locked) അന്തർദ്ദേശീയ ചരക്കുനീക്കം ദുഷ്കരം. ഈ രാജ്യം പ്രതീശീർഷ GDP -യുടെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഏറ്റവും താഴെയുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരിക്കുന്നു. ഈ രാജ്യത്തിന്റെ ഭൂപ്രദേശത്തിന്റെ 65 ശതമാനവും മരുഭൂമിയാണ്. വരൾച്ചയും അസ്ഥിര കാലാവസ്ഥയും മരുവൽക്കരണവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസവും സാമൂഹിക ആരോഗ്യ പരിപാലനവും (Healthcare) ജനങ്ങൾക്കു വന്യമായ സ്വപ്നം മാത്രം. മാത്രമല്ല കൂടെക്കൂടെ ഉണ്ടാകുന്ന പട്ടാളഅട്ടിമറി, വടക്കൻ-മദ്ധ്യ റീജിയൻ തമ്മിലുള്ള ആഭ്യന്തരയുദ്ധവും ആയുധപ്പോർ, വ്യാവസായികാവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മ, ശേഖരിക്കുന്ന വിളവു തക്കസമയത്തു ലക്ഷ്യസ്ഥാനത്തേക്കു എത്തിക്കാൻ കഴിയാതെ നശിച്ചുപോകൽ എന്നിങ്ങനെ ദുർഘടമേടുകളുടെ പര്യായപദം ആണു മാലി.
ഇവിടെയാണു കാന്റെ വ്യത്യസ്തനാകുന്നത്. അദ്ദേഹം ലളിതജീവിതം നയിച്ചിട്ടു തന്റെ വരുമാനത്തിന്റെ നല്ലൊരുഭാഗവും മാലിയിൽ കിന്റെർ ഗാർട്ടൻ, സ്കൂൾ കെട്ടിടങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് കെയർ പ്രോഗ്രാം, യുവാക്കളെ ലക്ഷ്യമിട്ടു ഇൻഫ്രാസ്ട്രക്ചർ; അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട (Under privileged) കുട്ടികൾക്കായി സ്കൂൾ കിറ്റ്, വീട് എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖല ഇല്ല. മാലിയിലെ ബമാകോയിൽ 50 ലക്ഷം യു.എസ്. ഡോളർ ചെലവിട്ടു ഒരു അത്യാധുനിക ആശുപത്രി സമുച്ചയം പണികഴിപ്പിച്ചു. ശൂന്യതയിൽനിന്നു വളർന്നുവന്ന അദ്ദേഹം ഒരു തലമുറയെ വളർത്തിയെടുക്കുകയും രാഷ്ട്രത്തെ കെട്ടുപണി ചെയ്യുകയുമാണ്.
മാലിയിലെ ഭരണാധികാരിയുടെ അടിമപ്പടയാളിയായിരുന്ന N’golo Diarra (1718-1790) 1766 മുതൽ 1790 വരെ മാലിയുടെ രാജാവായിരുന്നു. 1861 വരെ നിലനിന്ന Ngolosi Dynasty-യും സാമ്രാജ്യവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം രാജ്യത്തിന്റെ സുവർണകാലമായിരുന്നു. ആ നല്ല കാലത്തിന്റെ ഓർമ്മയും പേറി കാന്റെ ദൗത്യത്തിൽ മുന്നേറുന്നു.
തികഞ്ഞ ഇസ്ലാം മതവിശ്വാസിയാണു കാന്റെ. മതാതീതമായി അദ്ദേഹം നമ്മെ പഠിപ്പിക്കുന്ന മനുഷ്യത്വപരമായ ചില പാഠങ്ങളുണ്ട്. സഹജസ്നേഹമാണു അതിൽ ഒന്നാമത്. സമ്പത്തു കുമിഞ്ഞുകൂടുമ്പോഴും അതിൽ കണ്ണു മഞ്ഞളിക്കാതെ കഷ്ടപ്പെടുന്ന തന്റെ ഗ്രാമവാസികൾക്കായി അതു ചെലവിടുന്ന മഹാമനസ്കത. സമ്പന്നരാജ്യത്തു കുടിയേറി അവിടുത്തെ സമൃദ്ധി അനുഭവിക്കുമ്പോഴും ദരിദ്രരാജ്യത്തുള്ള തന്റെ അടിവേരുകൾ മറക്കാതെ ആ രാജ്യത്തെ ഓർക്കുന്ന കരുതൽ. ആഡംബരജീവിതത്തിനായി ചെലവിടാതെ വിലകുറഞ്ഞ ലളിതവസ്ത്രം ധരിച്ചു, ഉപയോഗിച്ച പഴയകാർ വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്ന ഒരു സാധാരണക്കാരൻ എന്ന നിലയിൽ അദ്ദേഹം ഒരു മാതൃകയാണ്. പുതുപുത്തൻ വാഹനം വാങ്ങി മൂന്നുവർഷം ഉപയോഗിച്ചുകഴിഞ്ഞു വിറ്റു വീണ്ടും പുതിയ വാഹനം വാങ്ങുന്ന പാസ്റ്റേഴ്സ് നമുക്കു ഉണ്ടെന്നു ഓർക്കുക. 50 കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് നല്കി നാടൊട്ടുക്കും ഘോഷിക്കുന്നവരും കുറവല്ലല്ലോ. എന്തോ സമൂഹവിവാഹത്തിന്റെ ട്രെൻഡ് ഇപ്പോൾ നമ്മുടെ ഇടയിൽ തീർന്നുപോയിരിക്കുന്നു.
അനീതിയുള്ള മാമ്മോനെക്കൊണ്ടു സ്നേഹിതരെ ഉണ്ടാക്കുന്ന തിരക്കിലാണ് നാം (ലൂക്കോസ്:16:9). സിറിയ, കല്ദായസംസ്കാരങ്ങളിൽ മാമ്മോൻ സമ്പത്തിന്റെ ദേവനായിരുന്നു. ഗ്രീക്കുകാർക്കു പ്ലൂട്ടസ് ആണിവൻ. ഭക്ഷണത്തോടുള്ള അത്യാർത്തി പണം, സമ്പത്ത്, ഭൗതികനേട്ടങ്ങൾ എന്നിവയുടെ ദുർദ്ദേവൻ തന്ന അനീതിയുള്ള മാമ്മോനെ കൈകാര്യം ചെയ്യുന്നതിൽ നാം വിശ്വസ്തരാകേണ്ടിയിരിക്കുന്നു (ലൂക്കോസ്:16:11). ഒരുവന്നു ദൈവത്തെയും മാമോനെയും ഒന്നിച്ചു സ്നേഹിക്കാൻ കഴിയില്ല (മത്തായി: 6:24). ക്രിസ്തു ദേവസഭയിൽ എഴുന്നേല്ക്കുമ്പോൾ മാമ്മോൻ നിഷ്പ്രഭനായി ഓടിയൊളിക്കും (സങ്കീർ:82:1). സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സ് വെക്കരുത് (സങ്കീർ: 62:10). മാമ്മോന്റെ സിംഹാസനമുള്ള ബാബിലോൺ ഒരു മണിക്കൂർകൊണ്ടു നശിച്ചുപോകും എന്നു പ്രവചനം (വെളി: 18:19). അന്നന്നു വേണ്ടുന്ന മന്ന തന്നു തൃപ്തനാക്കുന്ന ദൈവനാമം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ, ആമേൻ.
പാസ്റ്റർ സണ്ണി പി സാമുവൽ


- Advertisement -


Comments are closed.