വിളിയും വളർച്ചയും നിറവേറ്റിയ ദൈവഹിതം :സുവിശേഷ പാതയിലൂടെ അജപാലന നേതൃത്വത്തിലേക്ക്
ഇവാൻലിക്കൽ സഭ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ.ഏബ്രഹാം ചാക്കോ മെയ് 1ന് ചുമതലയേൽക്കും
KE News Desk | Pathanamthitta
സുവിശേഷകനിൽ നിന്ന് പ്രിസൈഡിംഗ് ബിഷപ്പിലേക്ക്.. സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പുതിയ പ്രിസൈഡിങ് ബിഷപ്പായി മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ മെയ് ഒന്നിന് ചുമതലയേൽക്കുമ്പോൾ സഭയുടെ ചരിത്രത്തിൽ മറ്റൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ദൈവവിളി നിറവേറ്റുന്ന മഹത്തായ ദൗത്യത്തിലേക്ക് അദ്ദേഹം പ്രവേശിക്കുകയാണ്.
റാന്നിയിലെ ഒരു സാധാരണ കുടുംബത്തിൽ സുവിശേഷകന്റെ മകനായി ജനിച്ച്, സുവിശേഷകനായി പ്രവർത്തനം ആരംഭിച്ച്, സുവിശേഷ പാതയിലൂടെ വളർന്ന്, അജപാലന രംഗത്ത് ദൈവം നിയോഗിച്ച വ്യക്തിത്വമായി ഉയർന്ന അദ്ദേഹത്തിന്റെ ജീവിതയാത്ര ദൈവത്തിന്റെ അത്ഭുതകരമായ ദൈവനിയോഗത്തിന്റെ സാക്ഷ്യമാണ്.
ദൈവം തന്റെ ദാസന്മാരെ ബാല്യത്തിൽ തന്നെ രൂപപ്പെടുത്തുന്നുവെന്ന സത്യത്തെ യിരെമ്യാ പ്രവാചകന്റെ വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു:
“ഗർഭത്തിൽ രൂപപ്പെടുത്തിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ജനിപ്പിക്കപ്പെടുന്നതിന്നു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.” (യിരെമ്യാവു 1:5). ദൈവം ബാല്യത്തിൽ തന്നെ തന്റെ ദാസന്മാരെ വിളിച്ചുയർത്തുന്ന മാതൃക ശമുവേൽ പ്രവാചകന്റെ ജീവിതത്തിലൂടെ നാം കാണുന്നു. ബാല്യത്തിൽ തന്നെ ദൈവത്തിന്റെ ശബ്ദം കേട്ട്, “കർത്താവേ, അരുളിച്ചെയ്യുക; അടിയൻ കേൾക്കുന്നു” (1 ശാമുവേൽ 3:10) എന്ന് മറുപടി നൽകിയ ശമുവേൽ പിന്നീട് ഇസ്രായേലിന്റെ ആത്മീയനായകനായി വളർന്നു. സുവിശേഷകന്റെ മകനായി ജനിച്ചതും, ആത്മീയ ശുശ്രൂഷയിലേക്കുള്ള ആദ്യ വിളിയും, തുടർന്ന് സഭയുടെ ഉയർന്ന നേതൃത്വത്തിലേക്കുള്ള യാത്രയും ശമുവേൽ പ്രവാചകന്റെ ജീവിതത്തെ ഓർമ്മിപ്പിക്കുന്നു.
1986-ൽ ഗുജറാത്തിൽ സുവിശേഷകനായി തന്റെ പ്രേഷിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം, നാലു പതിറ്റാണ്ടോളം സഭ ഏൽപ്പിച്ച വിവിധ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിറവേറ്റി. ഇടക്കാലത്ത് ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. സുവിശേഷ പ്രഘോഷണത്തിൽ പ്രകടിപ്പിച്ച സമർപ്പണവും ആത്മാർത്ഥതയും അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ആദ്യഘട്ടത്തെ പ്രത്യേകതയാണ്.
1995-ൽ വൈദികനായി നിയമിതനായ അദ്ദേഹം, പൗലോസ് അപ്പൊസ്തലൻ ഉപദേശിക്കുന്നതുപോലെ — “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങി നിൽക്ക” (2 തിമൊഥെയോസ് 4:2) — എന്ന ആഹ്വാനം ജീവിതത്തിൽ പ്രാവർത്തികമാക്കി. കേരളത്തിലും ബാഹ്യകേരളത്തിലും, അമേരിക്കയിലെ ഫിലാഡൽഫിയ ഇടവക ഉൾപ്പെടെ 11 ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
അജപാലന ശുശ്രൂഷയിൽ നല്ല ഇടയന്റെ മാതൃകയിൽ വിശ്വാസികളെ നയിക്കാനുള്ള ആഹ്വാനം അദ്ദേഹം ഏറ്റെടുത്തു. യേശുക്രിസ്തുവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്:
“ഞാൻ നല്ല ഇടയൻ; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാൻ 10:11)
2019-ൽ സഭയുടെ പരമോന്നത സമിതിയായ പ്രതിനിധിസഭയുടെ തീരുമാനപ്രകാരം ബിഷപ്പായി തെരഞ്ഞെടുത്തതിനുശേഷം, വിവിധ ഡയോസിസുകളുടെ അധ്യക്ഷനായും പ്രതിനിധിസഭയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇപ്പോൾ പ്രിസൈഡിങ് ബിഷപ്പായി ഉയരുന്നത് അദ്ദേഹത്തിന്റെ ദീർഘകാല സമർപ്പണത്തിന്റെ ഫലമാണ്.
പത്രോസ് അപ്പൊസ്തലൻ ഇടയന്മാർക്കു നൽകിയ ആഹ്വാനം അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ പ്രതിഫലിക്കട്ടെ:
“നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ… മനസ്സോടെയും… മാതൃകയായും…” (1 പത്രോസ് 5:2–3)
സുവിശേഷത്തിന്റെ മണ്ണിൽ വിതച്ച വിത്ത് ഇന്ന് നേതൃത്വത്തിന്റെ വൃക്ഷമായി വളർന്നിരിക്കുന്നു. വിനയം, ദൈവവിശ്വാസം, സേവന മനോഭാവം എന്നിവ അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ അടിസ്ഥാനം ആവട്ടെ. സഭയെ ആത്മീയ വളർച്ചയിലേക്കും ഐക്യത്തിലേക്കും നയിക്കാൻ ദൈവം നിയോഗിച്ച ഇടയനായി അദ്ദേഹം ചുമതലയേൽക്കട്ടെ.
“കർത്താവേ, ഈ ദാസനെ ശക്തിപ്പെടുത്തേണമേ; നിന്റെ ജനത്തെ ജ്ഞാനത്തോടും സ്നേഹത്തോടും നയിക്കുവാനുള്ള കൃപ നൽകണമേ” എന്ന് നാം പ്രാർത്ഥിക്കാം.
മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്, ദൈവം തന്റെ ദാസന്മാരെ ചെറിയ തുടക്കങ്ങളിൽ നിന്ന് വലിയ ഉത്തരവാദിത്വങ്ങളിലേക്ക് നയിക്കുന്നു എന്ന സത്യമാണ്. സുവിശേഷത്തിന്റെ പാതയിൽ ആരംഭിച്ച ഈ യാത്ര ഇന്ന് സഭയുടെ ഉയർന്ന നേതൃത്വസ്ഥാനത്ത് എത്തുമ്പോൾ, അത് ദൈവനിയോഗത്തിന്റെ മഹത്തായ സാക്ഷ്യമായി നിലകൊള്ളുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.