ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനസംഘടനകൾ ഒറ്റക്കെട്ടായി നിലകൊള്ളണം: കാതോലിക്കാ ബാവാ

 

തിരുവനന്തപുരം: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ “മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്ക്സ് 2.0” ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മലങ്കര സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.

ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനസംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കേരളത്തെ ലഹരിമുക്തമാക്കാനുള്ള ദൃഢനിശ്ചയം പുതിയ സർക്കാരിനുണ്ടാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ഭരണകൂടത്തിന് ആ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി കോളേജിൽ നടന്ന ചടങ്ങിൽ യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള ശക്തി യുവതലമുറയ്ക്കുണ്ടെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

മുഖ്യസന്ദേശം നൽകിയ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ ശബ്ദത്തിന് ഭരണാധികാരികൾ ചെവികൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാമ്പയിന്റെ ഭാഗമായി “തൂഫാൻ വോളണ്ടിയേഴ്സ്” ആയി തിരഞ്ഞെടുക്കപ്പെട്ടവർക്ക് സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് ദീപക് ഫ്രാൻസിസ് ടി-ഷർട്ടുകൾ വിതരണം ചെയ്തു.

ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, കേന്ദ്ര ട്രഷറർ രെഞ്ചു എം. ജോയ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോൺ വർഗീസ്, ഫാ. കോശി അലക്സാണ്ടർ ആശ്ബി, ഫാ. ഏബ്രഹാം തോമസ്, തിരുവനന്തപുരം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ, ഫാ. ഏബ്രഹാം അലക്സ്, പരിപാടിയുടെ കൺവീനർമാരായ അഡ്വ. അനീഷ് ജേക്കബ്, അബി എബ്രഹാം കോശി, ജിൻസ് തടത്തിൽ, അഡ്വ. രോഹിത് ജോൺ വർഗീസ്, ജോജി ജേക്കബ്, സുജിത് വർഗീസ്, മിഥുൻ ജോസഫ് ജോർജ്, സിനു മാത്യു, റിക്കി റോയ്, ഫാർമസി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രീജ ജി. പിള്ള, ദിപിൻ ലാൽ, അൻസു സാറ കോരുത് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading