ഓതറ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 47-ാമത് ഇടവക ദിനാഘോഷം നടന്നു
ഓതറ: ക്രിസ്തുവിലുള്ള കൂട്ടായ്മയാണ് സഭയുടെ യഥാർഥ കരുത്തെന്ന് അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ഓതറ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 47-ാമത് ഇടവക ദിനാഘോഷ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പങ്കിടൽ ഒരു ബാധ്യതയല്ല, മറിച്ച് ക്രിസ്തീയ ജീവിതത്തിന്റെ കാതലാണെന്നും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കിടലിന്റെയും വലിയ അൾത്താരയായി ഇടവകയെ വളർത്തിയെടുക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇടവക വികാരി റവ. അലക്സ് കെ. ചാക്കോ അധ്യക്ഷത വഹിച്ചു. റവ. തോമസ് ജോൺ അടപ്പനാംകണ്ടത്തിൽ ആശംസാപ്രസംഗം നടത്തി. ഇടവക സെക്രട്ടറി എം.സി. ചെറിയാൻ മാമ്പറമ്പിൽ ഇടവക റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ നിയുക്ത അത്മായ ട്രസ്റ്റി പ്രൊഫ. ഡോ. കോശി മത്തായി, കായിക വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച ഡോ. നെവിൽ തോമസ് അലക്സ്, കുറ്റൂർ ഗ്രാമപഞ്ചായത്ത് കർഷക അവാർഡ് ജേതാവ് കെ. ദാനിയേൽ എന്നിവരെ ആദരിച്ചു.
പൗരോഹിത്യ ശുശ്രൂഷയിൽ 31 വർഷം പൂർത്തിയാക്കിയ റവ. തോമസ് ജോൺ അടപ്പനാംകണ്ടത്തിൽ, വിവാഹജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കിയ ദമ്പതികൾ, 75 വയസ്സ് പിന്നിട്ട ഇടവകാംഗങ്ങൾ, വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
ഇടവക ട്രസ്റ്റി ജോൺ പി. ജോൺ സ്വാഗതവും അക്കൗണ്ട് ട്രസ്റ്റി റിജോ വർഗീസ് നന്ദിയും രേഖപ്പെടുത്തി. റവ. പി.എസ്. സാമുവേൽ പ്രാരംഭ പ്രാർത്ഥനയ്ക്കും ഏബ്രഹാം ജേക്കബ് സമാപന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. റവ. സിബി ടി. മാത്യൂസ്, റവ. ജസ്റ്റിൻ സാം എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.


- Advertisement -

Comments are closed.