ലേഖനം: ക്രൂശിൽ നിന്നുള്ള ഒരു സ്നേഹ സന്ദേശം | സിബി ബാബു, (യു. കെ)
ബൈബിളിലെ ഏറ്റവും പ്രശസ്തമായ വാക്യങ്ങളിലൊന്ന് ആണ് യോഹന്നാൻ 3:16. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” ഈ സ്നേഹത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കിത്തരുന്നത് . “മനുഷ്യർ പാപികളായിരിക്കുമ്പോൾ തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു ”എന്ന റോമർ 5:8ലെ ബൈബിൾ വാക്യം ആണ്. അതായത്, നമ്മൾ നല്ലവരായതുകൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ സ്വഭാവം സ്നേഹമായതുകൊണ്ടാണ് (1 യോഹന്നാൻ 4:8) യേശു ക്രിസ്തു നമുക്ക് വേണ്ടി മരിച്ചത്. അതായത് യേശു ക്രിസ്തുവിന്റെ ക്രൂശ്മരണം എന്നത് മനുഷ്യവർഗത്തെ മരണത്തിൽ നിന്നും നാശത്തിൽ നിന്നും രക്ഷിക്കാനുള്ള ഒരു ‘ദൈവിക പദ്ധതി’ ആയിരുന്നു.
ദൈവത്തിന്റെ നീതി അനുസരിച്ച് പാപത്തിന് ശിക്ഷ ആവശ്യമാണ്. ബൈബിൾ പറയുന്നു, “പാപത്തിന്റെ ശമ്പളം മരണമത്രേ” (റോമർ 6:23). മനുഷ്യൻ ചെയ്ത പാപത്തിന് പകരമായി ഒരു ശിക്ഷ നൽകേണ്ടതുണ്ട്. നാം അനുഭവിക്കേണ്ടിയിരുന്ന ശിക്ഷ ക്രിസ്തു തന്റെ മേൽ ഏറ്റെടുത്തു. പഴയനിയമത്തിൽ പാപപരിഹാരത്തിനായി ആടുകളെ യാഗം കഴിച്ചിരുന്നതിന്റെ പൂർത്തീകരണമായി യേശു ക്രിസ്തു ആകുന്ന പെസഹാ കുഞ്ഞാട് നമുക്ക് വേണ്ടി പരമ യാഗമായി തീർന്നു. അതുകൊണ്ടാണ് യോഹന്നാൻ സ്നാപകൻ യേശുവിനെ “ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് വിളിച്ചത്.
സ്വന്ത പുത്രനെ ലോകത്തിന് നൽകിയതിലൂടെ ദൈവം മനുഷ്യരോട് കാണിച്ച അതിരുകളില്ലാത്ത ദൈവീക സ്നേഹത്തിന്റെ വെളിപ്പാട് ആണ് ക്രൂശീകരണത്തിലൂടെ സംഭവിച്ചത്. മനുഷ്യന്റെ പാപത്തിന് പകരമായി ക്രിസ്തു ക്രൂശിൽ നൽകിയ പാപപരിഹാര യാഗവും, വീണ്ടെടുപ്പും അത് നമുക്ക് നൽകുന്ന സ്വാതന്ത്ര്യവും ആണ് യേശു ക്രിസ്തുവിന്റെ ക്രൂശിൽ നമുക്ക് കാണാൻ കഴിയുന്നത്. യേശു ക്രിസ്തുവിന്റെ ക്രൂശിലെ മരണം സകല മനുഷ്യർക്കും നിത്യജീവങ്കലേക്കുള്ള വാതിൽ ആണ് ദൈവം തുറന്നിടുന്നത്.
ക്രൂശ് എന്നത് ഒരു അടയാളമോ, ഒരു ചിഹ്നമോ ഒന്നും അല്ല. ക്രൂശ് എന്നത് ദൈവത്തിന്റെ ഹൃദയം തുറന്നിടപ്പെട്ട ഒരു സ്ഥലമാണ്. കർത്താവിന്റെ കാർവരി ക്രൂശു എന്നത് ഒരു അനുഭവം ആണ്.
ക്രൂശിക്കപ്പെട്ട യേശുവിനെ നോക്കുമ്പോൾ, നാം കാണുന്നത് കർത്താവ് അനുഭവിച്ച വേദനയും, പാപത്തിനുമേൽ ഉള്ള ദൈവത്തിന്റെ വിധിയും, മനുഷ്യർക്കായുള്ള അവന്റെ അതിരുകളില്ലാത്ത സ്നേഹവുമാണ്.
ഗോൽഗോഥയിലെ ആ മലമുകളിൽ, സ്വർഗ്ഗവും ഭൂമിയും കൂടിച്ചേർന്ന നിമിഷമായിരുന്നു അത്, ദൈവവും മനുഷ്യനും ക്രിസ്തുവിനാൽ നിരപ്പാക്കപ്പെട്ട നിമിഷം! അവിടെ കർത്താവായ യേശുവിന്റെ രക്തം വാർന്നത് ശരീരത്തിൽ നിന്നുമാത്രമല്ല… പാപഭാരത്താൽ മുറിഞ്ഞ കർത്താവായ യേശു ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നുമാണ്.
“എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി…” (യശയ്യാ 53:5).
യേശു ക്രിസ്തു ക്രൂശിൽ കിടന്നു കൊണ്ട് “സകലവും നിവൃത്തിയായി ” (യോഹന്നാൻ 19:30) എന്നു പറഞ്ഞപ്പോൾ , അത് ഒരു പരാജയത്തിന്റെ നിലവിളി ആയിരുന്നില്ല… മറിച്ച് അത് ഒരു വിജയത്തിന്റെ പ്രഖ്യാപനമായിരുന്നു! സകല മാനവ ജാതികളുടെയും പാപത്തിൻ മേലുള്ള ഒരു ജയത്തിന്റെ ഘോഷം ആയിരുന്നു അത്! ഈ ലോകത്തിലെ സകല മനുഷ്യരുടെയും പാപത്തിന്റെ കടം അവൻ കാൽവരിയിൽ ചുമന്നൊഴിച്ചു, ശാപത്തിന്റെ ചങ്ങലകൾ അവൻ പൊട്ടിച്ചു മാറ്റി, മരണത്തിന്റെ അധികാരം കർത്താവ് തകർത്തു കളഞ്ഞു .
കർത്താവിന്റെ കൽവരി ക്രൂശ് എന്നത് ഒരു ചരിത്രസംഭവം മാത്രമല്ല, അത് ഇന്നും മാനവ ജാതിയോടുള്ള പാപത്തിന്റമേൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ശക്തിയാണ്, ദൈവത്തിന്റെ മഹത്വം ആണ്. ക്രൂശിലെ രക്തം ഇന്നും സകല മനുഷ്യരുടെയും, സകല പാപങ്ങളേയും ശുദ്ധീകരിക്കുന്നു. ഇന്നും കർത്താവ് പാപത്തിൽ നിന്നും വിടുതൽ നൽകുന്നു. ഇന്നും സകലരുടെയും ആത്മാവിനെ അവൻ പുതുക്കുന്നു.
ക്രൂശിക്കപ്പെട്ട യേശുവിനെ കാണാതെ, ഒരിക്കലും നമുക്ക് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശക്തി അനുഭവിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.
ക്രൂശിന്റെ വഴിയിൽ കൂടി മാത്രമേ നമുക്ക് ദൈവത്തിന്റെ ശക്തി അനുഭവിയ്ക്കാൻ പറ്റുകയുള്ളു. ക്രൂശിന്റെ വഴി മാത്രം ആണ് നിത്യതയിലേക്കുള്ള യാത്ര.
കത്താവിനെ ക്രൂശിച്ച്, ഇനി ഒരിക്കലും പുറത്തു വരില്ല എന്ന് മുദ്ര കുത്തിയ റോമാ സാമ്രാജ്യത്തിന്റ കല്ലറയിൽ ഒതുക്കിയ ആ ദിവസങ്ങളിൽ, ശിഷ്യന്മാർ ഭയത്താൽ അടഞ്ഞ മുറിയിൽ ഇരിക്കുമ്പോൾ, അവർ ഓർത്തത് കർത്താവിന്റെ കാർവരി ക്രൂശാണ്…, ആ ക്രൂശിന്റെ ഭയാനകമായ ഓർമ്മകൾ ആണ്, എന്നാൽ പിന്നീട് പരിശുദ്ധ ആത്മാവ് അവരുടെ മേൽ ഇറങ്ങി വന്നപ്പോൾ, അവർ ധൈര്യത്തോടെ പ്രഘോഷിച്ചത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് (അപ്പൊസ്തല പ്രവർത്തികൾ 2:36). ദൈവത്തിനു മഹത്വം!
ഇന്ന് സഭയുടെ ശക്തി എന്നത് കർത്താവായ യേശു ക്രിസ്തുവിന്റെ ക്രൂശിന്റെ സത്യത്തിലും, ക്രൂശിന്റെ ശക്തിയിലും ആണ്! ക്രൂശ് നമ്മുടെ അഹങ്കാരത്തെ, നമ്മുടെ പാപത്തെ, നമ്മുടെ സ്വയജീവിതത്തെ എല്ലാം തകർക്കുന്നു. അതിനുശേഷം ക്രൂശു നമ്മെ വിശുദ്ധിയിലും, ശക്തിയിലും, ദൈവസാന്നിധ്യത്തിലും പുതുക്കി പണിയുന്നു. അതുകൊണ്ട്, പ്രിയ സഹോദരാ, പ്രിയ സഹോദരീ ക്രൂശിക്കപ്പെട്ട യേശുവിനെ ഒഴിവാക്കരുത്… അത് നിന്റെ രക്ഷ ആണ്, ക്രൂശിക്കപ്പെട്ട യേശു നിന്റെ ജീവനാണ്, അത് ദൈവത്തിന്റെ മഹത്വം ആണ്, ക്രൂശിന്റെ അനുഭവം നിന്റെ ജീവിതത്തിൽ ഏറ്റെടുക്കുക!
യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ“ എന്നാണ്. (മത്തായി 16:24) . അതെ ക്രൂശിക്കപ്പെട്ട യേശു ഒരു അനുഭവമാണ്, തന്നെത്താൻ ത്യജിച്ചു ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ഒരനുഭവം.
ആ അനുഭവം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ
നമ്മൾ മാറും, നമ്മുടെ ഹൃദയം മാറും.
നമ്മൾ തിരഞ്ഞെടുക്കുന്ന വഴിയും മാറും. ക്രൂശിൽ നിന്നുള്ള രക്തം ഇന്നും പാപികളെ ക്രിസ്തുവിലേക്കു വിളിക്കുന്നു:
ആ ശബ്ദം കേൾക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്. പ്രിയ സഹോദരാ, സഹോദരീ,
നിങ്ങൾ ഇത് വായിക്കുന്നത് യാദൃശ്ചികമല്ല. ദൈവം നിങ്ങളോട് സംസാരിക്കുകയാണ്. എല്ലാവരും പാപത്തിൽ ജനിച്ചവരാണ്. ബൈബിൾ വ്യക്തമാക്കുന്നു: “ ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”. (റോമർ 3:23).
പാപത്തിന്റെ ശമ്പളം മരണം ആണ് , അത് ഒരു ശരീരിക മരണം മാത്രമല്ല, ദൈവത്തിൽ നിന്ന് ഉള്ള ഒരു നിത്യ വേർപാട് കൂടി ആണ്. (റോമർ 6:23).
എന്നാൽ ഇവിടെ ഒരു സുവിശേഷം ഉണ്ട്! ക്രൂശിക്കപ്പെട്ട യേശു നിന്റെ സ്ഥാനത്ത് നിന്ന്,
നിനക്ക് ലഭിക്കേണ്ട പാപത്തിന്റെ ശമ്പളം ആയ ശിക്ഷ അവൻ ഏറ്റെടുത്തു. നീ അനുഭവിക്കേണ്ട ന്യായവിധി അവൻ സഹിച്ചു. ഗോൽഗോഥയിൽ, അവൻ വെറും ഒരു മനുഷ്യൻ മാത്രം ആയിരുന്നില്ല, അവൻ നിന്റെ പാപം വഹിച്ച രക്ഷകനായിരുന്നു. ഏക രക്ഷകൻ.
അതെ യേശു ക്രിസ്തു ആകുന്ന ഏക രക്ഷകൻ.
“ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു, തന്റെ ഏകജാതനായ പുത്രനെ തന്നു; അവനിൽ വിശ്വസിക്കുന്നവൻ ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നെ ”, ഇത് ഒരു കഥയല്ല. ഇത് നിനക്കായുള്ള ദൈവത്തിങ്കലേക്കുള്ള ഒരു വിളിയാണ്.
പ്രിയ സഹോദരാ, പ്രിയ സഹോദരീ നീ എത്ര പാപം ചെയ്താലും, ദൈവത്തിൽ നിന്ന് നീ എത്ര ദൂരെയായാലും,
ക്രൂശിലെ യേശുവിന്റെ വിശുദ്ധ രക്തം നിന്നെ ശുദ്ധീകരിക്കാൻ ശക്തിയുള്ളതാണ്. എന്നാൽ ഒരു സത്യം മറന്നു പോകരുത്, രക്ഷ സ്വയം ലഭിക്കുന്നില്ല. നീ ഒരു തീരുമാനം എടുക്കണം. നീ ദൈവത്തിലേക്കു തിരിഞ്ഞുവരണം. പാപത്തിൽ നിന്ന് മനസ്സാന്തരപ്പെടണം. യേശുവിനെ സ്വന്ത കർത്താവായും, സ്വന്ത രക്ഷകനായും സ്വീകരിക്കണം.
“നിന്റെ വായാൽ യേശുവിനെ കർത്താവായി സമ്മതിക്കുകയും, ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ, നീ രക്ഷിക്കപ്പെടും” (റോമർ 10:9) അതെ ഇപ്പോൾ… ഈ നിമിഷം തന്നെ…
നിന്റെ ജീവിതം മാറാം. കണ്ണുകൾ അടയ്ച്ചു, ഹൃദയം തുറന്ന് ദൈവത്തോട് പ്രാർത്ഥിക്കൂ:
“കർത്താവായ യേശുവേ,
ഞാൻ ഒരു പാപിയാണെന്ന് ഞാൻ സമ്മതിക്കുന്നു.
എന്റെ പാപങ്ങൾക്ക് വേണ്ടി നീ ക്രൂശിൽ മരിച്ചതിനാൽ ഞാൻ നിന്നെ വിശ്വസിക്കുന്നു. എന്റെ പാപങ്ങൾക്കു വേണ്ടി നീ മരിച്ച് വീണ്ടും ഉയിർത്തെഴുന്നേറ്റുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ. എന്റെ ഹൃദയത്തിലേക്ക് കടന്നു വരേണമേ. ഇന്ന് മുതൽ അങ്ങ് ആണ് എന്റെ കർത്താവും എന്റെ രക്ഷകനും.
ആമേൻ.”
നീ ഇനി ഒറ്റയ്ക്കല്ല. ദൈവം നിന്നോടൊപ്പം ഉണ്ട്. പ്രിയ സ്നേഹിതാ ക്രൂശിൽ നിന്നാണ് രക്ഷ ആരംഭിക്കുന്നത്.
അത് പൂർത്തീകരിയ്ക്കേണ്ടത് നമ്മുടെ ഹൃദയത്തിൽ ആണ്. അതിനു ക്രൂശ് ഒരു തുടക്കമാണ്… അതിന്റെ ആഴം നമുക്ക് അളക്കാനാവാത്തതാണ്.
നാം രക്ഷ അനുഭവിച്ചാൽ മാത്രം മതിയാകില്ല, ക്രൂശിന്റെ വെളിപ്പാടിൽ, ദൈവം തന്ന രക്ഷയുടെ അനുഭവത്തിൽ ദിവസേന ജീവിക്കാൻ ദൈവം നമ്മേ സഹായിക്കട്ടെ.
ക്രൂശിൽ യേശു ക്രിസ്തു പാപങ്ങളെ ക്ഷമിക്കുക മാത്രമല്ല, പാപത്തിന്റെ എല്ലാ അധികാരം കൂടി അവൻ തകർത്തു കളഞ്ഞു എന്നതാണ് സത്യം.
“നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു” (റോമർ 6:6)
ഇത് ഒരു ശക്തമായ ആത്മീയ സത്യം ആണ്.
നീ ഇനി പാപത്തിന് അടിമയല്ല!
അതായത് ക്രൂശിൽ നിന്റെ പഴയ സ്വഭാവം മരണപ്പെട്ടു.
അതുകൊണ്ട് ഇനി പാപം നിന്റെ മേൽ അധികാരം നടത്തുകയില്ല.
പൗലോസ് പറയുന്നു:
“ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു” (ഗലാത്യർ 2:20)
ഇത് വെറും ഒരു വാക്യം അല്ല, ഇത് ഒരു ആത്മീയമായ ജീവിതശൈലി ആണ്. നമ്മുടെ അഹങ്കാരം, നമ്മുടെ സ്വയംഇഷ്ടങ്ങൾ, നമ്മുടെ പഴയ സ്വഭാവം, ഇവയെല്ലാം ക്രൂശിൽ തറക്കപ്പെടണം.അതിനു ശേഷമേ ക്രിസ്തു നമ്മിൽ ജീവിക്കൂ. ക്രൂശിന്റെ വെളിപ്പാട് നമ്മെ രണ്ടു കാര്യങ്ങൾ ആണ് പഠിപ്പിക്കുന്നത്.
ഒന്ന് ,മരണം, രണ്ട് , ജീവൻ
മരണം എന്നത് സ്വയത്തിനു നാം മരിയ്ക്കണം, അതായത് ഞാൻ എന്നുള്ള ഭാവത്തിന് നാം മരിക്കണം. അങ്ങനെ ആണെങ്കിൽ മാത്രമേ
ദൈവത്തിന്റെ ജീവൻ എന്നത് ക്രിസ്തുവിനോടുകൂടെ നമുക്ക് ജീവിക്കാൻ പറ്റുകയുള്ളു.
പ്രിയരേ ക്രൂശ് ഏറ്റെടുക്കാതെ ഉയിർത്തെഴുന്നേൽപ്പിന്റെ ശക്തി അനുഭവിക്കാൻ നമുക്ക് കഴിയില്ല. വേദന ഇല്ലാതെ മഹത്വം ഇല്ല.
ത്യാഗം ഇല്ലാതെ ആത്മീയ ശക്തിയും ഇല്ല.
ക്രൂശിൽ കൂടി ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തിലേക്കാണ് പരിശുദ്ധാത്മാവ് ഇന്നും ഇറങ്ങുന്നത്. ഇന്ന് പലരും കർത്താവിന്റെ ശക്തി അന്വേഷിക്കുന്നു, എന്നാൽ ക്രൂശിക്കപ്പെട്ട യേശുവിനെ ഒഴിവാക്കാൻ ശ്രമിക്കുന്നു.
അത് സാധ്യമല്ല! ക്രൂശ് ഇല്ലാതെ കിരീടം ഇല്ല. ക്രൂശ് ഇല്ലാതെ ആത്മീയ അധികാരവും ഇല്ല. ക്രൂശ് ഇല്ലാതെ ദൈവീക ജീവനും ഇല്ല.
യേശു പറഞ്ഞത് വളരെ വ്യക്തമാണ്:
“ദിവസംതോറും തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ” (ലൂക്കോസ് 9:23). ഇത് ദിവസേനയുള്ള നമ്മുടെ സമർപ്പണമാണ്.
ഓരോ ദിവസവും “എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം” നടക്കട്ടെ എന്ന ജീവിതം. ഇപ്പോൾ ഉയരുന്ന ഒരു ചോദ്യം എന്നത് :നീ ക്രൂശിനെ കാണുന്നവനോ…അതോ ക്രൂശിനെ അനുഭവിക്കുന്നവനോ? ക്രൂശ് നിന്റെ ജീവിതത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ, അതൊരു അനുഭവം ആയാൽ നീ മാറും, നിന്റെ ജീവിതം മാറും. നിന്റെ ചിന്തകൾ, ആഗ്രഹങ്ങൾ, ജീവിതത്തിന്റെ ലക്ഷ്യങ്ങൾ എല്ലാം മാറും. ക്രൂശിക്കപ്പെട്ട യേശു നിന്നെ വിളിക്കുന്നു, അവനോടുകൂടെ മരിക്കാൻ… അവനോടുകൂടെ ജീവിക്കാൻ.
ഈ വെളിപ്പാട് നിന്റെ ഉള്ളിൽ തീപോലെ ജ്വലിക്കട്ടെ.
ക്രൂശിന്റെ ശക്തി നിന്റെ ജീവിതത്തിൽ പൂർണ്ണമായി പ്രകടമാകട്ടെ. ക്രൂശ് എന്നത് നിന്റെ അവസാനമല്ല…
അത് ദൈവത്തിൽ നിന്നുള്ള നിന്റെ പുതിയ തുടക്കമാണ്. ക്രൂശിലേക്ക് നടന്ന വഴിയിലുടനീളം യേശു ക്രിസ്തു അനുഭവിച്ച കഷ്ടാനുഭവങ്ങൾ ഏറെ ആഴമുള്ളവയായിരുന്നു. ഗെത്സെമനെയിലെ വേദനാഭരിതമായ പ്രാർത്ഥനയിൽ നിന്ന് ആരംഭിച്ച്, അടികളും നിന്ദകളും മുള്ളുകൊണ്ടുള്ള കിരീടവും എല്ലാം മനുഷ്യന്റെ പാപഭാരത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു. അവൻ സഹിച്ച ഓരോ മുറിവും നമ്മെ സൌഖ്യമാക്കാൻ വേണ്ടി ആയിരുന്നു; അവൻ ഏറ്റെടുത്ത ഓരോ നിന്ദയും നമ്മെ ഉയർത്താൻ വേണ്ടി ആയിരുന്നു എന്ന് നാം മറന്നു പോകരുത്.
യേശുവിനെ രണ്ടു കള്ളന്മാരുടെ നടുവിൽ ക്രൂശിച്ചപ്പോൾ, അതിൽ ഒരു കള്ളൻ യേശുവിനെ പരിഹസിച്ചു; മറ്റൊരു കള്ളൻ തന്റെ പാപം സമ്മതിച്ച്, “യേശുവേ, നീ രാജ്യത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർക്കണമേ” എന്നു അപേക്ഷിച്ചു പറഞ്ഞു. അപ്പോൾ യേശു അവനോട്, “ഇന്നുതന്നെ നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും” എന്നു പറഞ്ഞു. ഈ സംഭവം ഒരു മഹത്തായ ആത്മീയ സത്യത്തെ തുറന്നു കാണിക്കുന്നത്, രക്ഷയുടെ വാതിൽ അവസാന നിമിഷംവരെ തുറന്നിരിക്കുന്നു; ഹൃദയപരമായ ഒരു മടങ്ങിവരവ് ആണ് ഇവിടെ ആവശ്യം എന്നാണ്.
ക്രൂശ് എന്നത് മനുഷ്യന്റെ പുറമെ ഉള്ള കാഴ്ചയിൽ തോൽവിയായിരുന്നു എന്ന് തോന്നാം, എന്നാൽ ദൈവത്തിന്റെ പദ്ധതിയിൽ ക്രൂശിക്കപ്പെട്ട യേശു വിജയം ആയിരുന്നു ദൈവത്തിന്റെ മഹത്വം ആയിരുന്നു. പാപം തന്റെ പരമാവധി പ്രകടിപ്പിച്ചിടത്ത്, ദൈവസ്നേഹവും അതിന്റെ പരമാവധി തെളിഞ്ഞു. യേശുവിന്റെ കഷ്ടാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: നിഷേധങ്ങൾക്കും പരാജയങ്ങൾക്കും ഇടയിൽ പോലും കൃപയ്ക്ക് അവസാനമില്ല എന്നതാണ്; നാം ക്രിസ്തിവിൽ ആണെങ്കിൽ നാം അനുഭവിക്കുന്ന വേദനകൾക്ക് ഒരു അർത്ഥമുണ്ട്; മരണത്തിന് അപ്പുറം ഒരു ജീവൻ ഉണ്ട്.
ഇന്നും ക്രൂശ് നമ്മോട് പറയുന്നത് നീ എവിടെയായാലും, ദൈവത്തിൽ നിന്ന് എത്ര ദൂരെയായാലും, ദൈവത്തിന്റെ കൃപ നിന്നെ കണ്ടെത്തും. ക്രൂശ് മനുഷ്യന്റെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ ശിക്ഷാവിധി ആയിരുന്നു എങ്കിലും അതേ ക്രൂശ്, ദൈവസ്നേഹത്തിന്റെ ഏറ്റവും ആഴമുള്ള വെളിപ്പാടായി മാറി. ആ ക്രൂശിലേക്ക് നടന്ന വഴിയിലുടനീളം യേശു ക്രിസ്തു അനുഭവിച്ച കഷ്ടാനുഭവങ്ങൾ മനുഷ്യബുദ്ധിക്ക് അതീതമാണ്.
ഗെത്സെമനെയിലെ ഇരുണ്ട നിശബ്ദതയിൽ, യേശുവിന്റെ ആത്മാവ് വേദനയിൽ “എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമാണ്” എന്ന ആ നിലവിളി, വരാനിരിക്കുന്ന ക്രൂശിന്റെ ഭാരം മുൻകൂട്ടി അനുഭവിച്ചതിന്റെ അടയാളമാണ്. അവന്റെ വിയർപ്പ് രക്തബിന്ദുക്കളെപ്പോലെ ഭൂമിയിൽ വീണത്, ആ വേദനയുടെ ആഴം വെളിപ്പെടുത്തുന്നു.
അതിനുശേഷം, യേശുവിനെ പിടികൂടി. അന്യായ വിധികളും നിന്ദകളും അവനെതിരെ ചുമത്തി. സൈനികർ അവനെ പരിഹസിച്ചു; അവന്റെ മേൽ അടികൾ പതിച്ചു; മുള്ളു കൊണ്ടുള്ള കിരീടത്താൽ അവന്റെ തലയിൽ ചൂടി. ഓരോ മുള്ളും അവന്റെ മസ്തകത്തിൽ കുത്തിയപ്പോൾ, മനുഷ്യന്റെ പാപത്തിന്റെ കഠിനതയാണ് യേശു ക്രിസ്തു സഹിച്ചത്.
ഗൊൽഗോഥയിൽ, അവനെ ക്രൂശിൽ കിടത്തി. കയ്യിലും കാൽപ്പാദങ്ങളിലും ആണികൾ തറച്ചു. ഓരോ അടിയും അവന്റെ ശരീരത്തെ കീറിപ്പൊളിച്ചെങ്കിലും, അവൻ പ്രതികരിച്ചില്ല. വേദനയുടെ നടുവിലും അവൻ പറഞ്ഞത്: “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ എന്നാണ്.” ഇതാണ് ദൈവ സ്നേഹത്തിന്റെ വെളിപ്പാട്, ഇതാണ് ദൈവ സ്നേഹത്തിന്റെ ആഴം.
കർത്താവായ യേശുവിന്റെ ക്രൂശീകരണ സമയം ആകാശം ഇരുണ്ടു; ഭൂമി നടുങ്ങി. സൃഷ്ടി മുഴുവൻ തന്റെ സൃഷ്ടാവിന്റെ വേദനയിൽ പങ്കുചേർന്നു. ക്രൂശിൽ തൂങ്ങി കിടന്ന യേശുവിന് ദാഹിച്ചു; അവന്റെ ഉള്ളം പ്രാണ വേദനയാൽ പിടഞ്ഞു; ഒടുവിൽ, “സകലവും നിവർത്തിയായി” എന്നു പ്രഖ്യാപിച്ചു. അവന്റെ കഷ്ടാനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്:
അവൻ സഹിച്ചത് പാപത്തിന്റെ ശിക്ഷയും, സ്നേഹത്തിന്റെ ത്യാഗവും ആയിരുന്നു.
അവൻ ഏറ്റെടുത്ത വേദന ഒരു തോൽവിയല്ല, മുഴു മാനവ ജാതിയുടെയും രക്ഷയുടെ ഒരു വലിയ വില ആയിരുന്നു.
ക്രൂശ് ഇന്നും നമ്മോട് സംസാരിക്കുന്നത്, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ അനന്തമായ സാക്ഷ്യം അതാണ്.
ക്രൂശ് ഒരു വേദനയുടെ കഥ മാത്രമല്ല; അത് മനുഷ്യന്റെ രക്ഷയുടെ കഥ ആണ്. യേശു ക്രിസ്തു സഹിച്ച ഓരോ കഷ്ടാനുഭവവും മനുഷ്യന്റെ രക്ഷയ്ക്ക് വഴിതുറക്കാനായിരുന്നു. ഗെത്സെമനെയിലെ വേദനയിൽ നിന്ന് ഗൊൽഗോഥയിലെ ക്രൂശുവരെയുള്ള യാത്ര, സകല മനുഷ്യരുടെയും പാപത്തിനായി ദൈവം നൽകിയ വിലയുടെ വെളിപ്പാടാണ്. അവന്റെ ശരീരത്തിൽ പതിച്ച ഓരോ അടിയും, നമ്മുടെ അകൃത്യങ്ങളുടെ ഭാരം വഹിച്ചതാണ്. അവന്റെ തലയിൽ കുത്തിയ ഓരോ മുള്ളും, മനുഷ്യന്റെ പാപത്തിന്റെ ശിക്ഷയെ സൂചിപ്പിക്കുന്നതാണ്.
ക്രൂശിൽ തറച്ച ആണികൾ യേശുവിന്റെ ശരീരത്തെ മാത്രമല്ല കുത്തിതുളച്ചത് ; അത് ഈ ലോകത്തിലെ സകല മനുഷ്യരുടെയും പാപത്തിന്റെ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവം എടുത്ത ഒരു തീരുമാനം ആയിരുന്നു. അവൻ രക്തം ചൊരിഞ്ഞപ്പോൾ, അത് ഒരു മനുഷ്യന്റെ മാത്രം വേദനയല്ല, മുഴുവൻ മനുഷ്യരാശിയുടെ മോചനത്തിന്റെ വിലയായിരുന്നു.
“സകലവും നിവർത്തിയായി” എന്ന യേശുവിന്റെ അവസാന വാക്ക്, ഒരു ജീവിതത്തിന്റെ അവസാനമല്ല; അത് രക്ഷയുടെ പ്രവൃത്തി പൂർത്തിയായതിന്റെ പ്രഖ്യാപനമായിരുന്നു.
ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് മനുഷ്യൻ സ്വന്തം ശക്തികൊണ്ട് രക്ഷ നേടാനാകില്ല, ദൈവകൃപയിലൂടെ മാത്രമാണ് രക്ഷ ലഭിക്കുന്നത് എന്നാണ്. യേശു ക്രിസ്തുവിന്റെ ക്രൂശ് അതിന്റെ തെളിവാണ്. കർത്താവായ യേശു ക്രിസ്തു നമ്മോട് പറയുന്നത്: നീ എത്ര പാപിയാണെങ്കിലും, ദൈവത്തിൽ നിന്ന് നീ എത്ര ദൂരെയായാലും രക്ഷ നിനക്കായി ഒരുക്കപ്പെട്ടിരിക്കുന്നു എന്നാണ്. കർത്താവ് സഹിച്ച കഷ്ടാനുഭവങ്ങൾ വെറും വേദനയുടെ ചരിത്രം മാത്രമല്ല, നിന്റെ രക്ഷയ്ക്കായി എഴുതപ്പെട്ട ദൈവത്തിന്റെ ഒരു സ്നേഹലേഖനം കൂടി ആണ്. അതെ ക്രൂശിൽ നിന്നുള്ള ദൈവത്തിന്റെ ഒരു സ്നേഹ ലേഖനം.
സിബി ബാബു, (യു. കെ)

- Advertisement -


Comments are closed, but trackbacks and pingbacks are open.