അവസരങ്ങളെ സൃഷ്ടിക്കുന്നവർ | റോഷൻ ഹരിപ്പാട്

ഏത് മേഖലയിലാണെങ്കിലും ലഭിക്കുന്ന അവസരങ്ങളെ വിവിധ തരത്തിൽ  ഉപയോഗിക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്. അസാധാരണമായ കഴിവുകളുണ്ടായിട്ടും വിനിയോഗിക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്നവരുണ്ട്, പ്രത്യേകിച്ച് ഒരു കഴിവുമില്ലെങ്കിലും എല്ലായിടത്തും ഇടിച്ചുകയറി നിൽക്കുന്നവർ, അടുത്തത് പലയിടത്തും തഴയപ്പെട്ടിട്ടും മടുക്കാതെ, നാണിക്കാതെ പിന്നെയും ഒരു അവസരത്തിനായി തക്കം പാർത്തിരിക്കുന്ന അഭിഷേകമുള്ളവർ. ഇതിൽ മൂന്നാമത്തെ കൂട്ടരെയാണ് ദൈവം ശക്തമായി ഉപയോഗിക്കുന്നത്. അവരുടെ പ്രത്യേകത അവർ ചെയ്യുന്നതെല്ലാം ദൈവത്തിനു വേണ്ടിയായിരിക്കും എന്നതാണ്. അങ്ങനെയുള്ളവർ എത്ര തഴയപ്പെട്ടാലും അവഗണിക്കപ്പെട്ടാലും ദൈവനിയോഗത്തോടെ മുന്നോട്ട് പോകുക തന്നെ ചെയ്യും. അവരുടെ മേൽ പകർന്ന അഭിഷേകത്തെ വെളിപ്പെടുത്തുവാൻ ദൈവം അവർക്കുവേണ്ടി അവസരങ്ങൾ ഒരുക്കുമെന്നതിൽ സംശയമില്ല.

ഫെലിസ്ത്യനായ ഗോല്യാത്ത് നീണ്ട നാൽപ്പത് ദിവസങ്ങളായി യിസ്രായേൽ ജനത്തെ വെല്ലുവിളിക്കുകയാണ്. അവൻ യിസ്രയേലിന്റെ ദൈവത്തെ നിന്ദിക്കുന്നത് കേട്ടിട്ട് രക്തം തിളച്ച ദാവീദ് ശൌലിനോടു പറഞ്ഞൂ “ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും” ഇത് കേട്ട ശൗൽ രാജാവ് ദാവീദിനോട്, “ഗോല്യാത്ത് ചെറുപ്പം മുതൽ യോദ്ധാവ് ആണ് ബാലനായ നിനക്ക് അവനെ നേരിടാൻ കഴിയില്ല” എന്ന് പറഞ്ഞു അവനെ നിരുത്സാഹപ്പെടുത്തി. എന്നാൽ “എന്റെ അപ്പന്റെ ആടുകളുമായി ഞാൻ കാട്ടിൽ ആയിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹത്തെയും ഒരിക്കൽ ഒരു കരടിയെയും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ എന്റെ കൈയിൽ ഏൽപ്പിച്ച ദൈവം ഈ ഫെലിസ്ത്യനെയും എന്റെ കൈയിൽ ഏൽപ്പിക്കും” എന്ന് ദാവീദ് മറുപടി പറഞ്ഞു. അതിന് ശൌൽ ദാവീദിനോടു: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു അവനെ യുദ്ധത്തിനായി അയച്ചു (1 ശമൂ 17:37). കഴിവുണ്ടെന്ന് മനസ്സിലായപ്പോൾ അഭിഷേകമുള്ള ദാവീദിന് അവസരം നൽകിയ ശൗലും, ലഭിച്ച അവസരത്തെ തക്കത്തിൽ ഉപയോഗിച്ച ദാവീദും നമുക്ക് മികച്ച മാതൃകകളാണ്. യഥാർത്ഥത്തിൽ ദാവീദ് താൻ സൃഷ്ടിച്ചെടുത്ത ഒരു അവസരമായിരുന്നു ഇത്.

കരടിയെയും സിംഹത്തെയും കീഴ്പ്പെടുത്തിയ ചരിത്രവും, സഞ്ചി നിറയെ കല്ലുകളും, ശക്തിയുള്ള കവിണയും, ലവലേശം ഉന്നം പിഴയ്ക്കാതെ എറിയാനുള്ള കൈക്കരുത്തും അനുഭവപരിചയവുമൊക്കെ കൈവശമുണ്ടെങ്കിലും അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടുമാത്രം ഇന്നും കാട്ടിൽ കഴിയുന്ന അനേകർ നമ്മുടെ ഇടയിലുണ്ട്. “ധൈര്യമായി ചെല്ലുക” എന്ന് പറഞ്ഞു ശൗൽ ദാവീദിനെ യുദ്ധത്തിന് അയച്ചപ്പോൾ യിസ്രയേലിനു ജയം കൈവരികയും ദൈവനാമം മഹത്വപ്പെടുകയും ചെയ്തു. പണത്തിന്റെയും നിറത്തിന്റെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ അവസരങ്ങൾ സംവരണം ചെയ്യപ്പെടുന്ന ഈ കാലത്ത് കൃപയുള്ളവനെ പുറത്തുകൊണ്ടുവരാൻ ചില ശൗലുമാരെ ദൈവത്തിന് ആവശ്യമുണ്ട്. കഴിവും കൃപയുമുള്ളവർ ഇനിയും കാട്ടിൽ ഒതുങ്ങിക്കൂടരുത്. വേദികൾ അവർക്കായി തുറക്കപ്പെടണം. ഇല്ലെങ്കിൽ നാം സ്വയമായി അവസരങ്ങളെ സൃഷ്ടിച്ചെടുക്കുന്ന ഉത്സാഹികളാകണം. ലഭിക്കുന്ന അവസരങ്ങൾ തക്കത്തിൽ ഉപയോഗിച്ചാൽ ചരിത്രങ്ങൾ നിന്നിലൂടെ ആവർത്തിക്കപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading