ലേഖനം : മനസ്സിൻ്റെ കുത്തിക്കെട്ടു പൊട്ടി ചിതറിയ ശശിയും, പെന്തക്കോസ്തു ഹോളും | പാസ്റ്റർ വർഗീസ് മത്തായി

വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത് (World Federation of Mental Health) ലോകാരോഗ്യ സംഘടന (WHO) യുടെ സഹകരണത്തോടെ 1992 മുതൽ ഒക്ടോബർ പത്താം തീയതി “ലോക മാനസികാരോഗ്യ ദിന” മായി ആചരിച്ചു വരികയാണ്. മാനസികമായി തകർന്നവരെയും, വിഷാദരോഗം ബാധിച്ചവരെയും മനക്കരുത്ത് ഉള്ളവർ ആക്കി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ആചരണം. വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത്; എന്ന സംഘടനയിൽ അംഗത്വമുള്ളതും, അതിനോടു ചേർന്നു പ്രവർത്തിക്കുന്നതുമായ 150 പരം രാജ്യങ്ങൾ ലോക മാനസികാരോഗ്യ ദിനം വിപുലമായ പദ്ധതികളോട് ആചരിച്ചുവരുന്നു.

ലോക മാനസികാരോഗ്യ ദിനമായ ഇന്ന് എൻ്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ ശശിയെ ഞാൻ ഓർക്കുന്നു. ശശിയുടെ പിതാവ് അവന്റെ അമ്മയെയും സഹോദരിയെയും അവനെയും ഉപേക്ഷിച്ചു വീടും നാടും വിട്ടു പോയി. കുറെ കഴിഞ്ഞപ്പോൾ അവൻ്റെ കൊച്ചനുജത്തി രോഗം ബാധിച്ച് ലോകത്തോടു വിട പറഞ്ഞു. അന്നു ശശി ഞങ്ങളോടൊപ്പം നാലാം ക്ലാസിൽ പഠിക്കുകയാണ്. ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ താങ്ങാൻ ആകാതെ വന്ന അവൻ്റെ അമ്മ മനോരോഗിയായി. കുറെ കാലം കഴിഞ്ഞപ്പോൾ അവൻ്റെ അമ്മയും മരിച്ചു. നാലാം ക്ലാസിൽ തന്നെ ശശിക്ക് പഠനം നിർത്തേണ്ടി വന്നു. അമ്മയുടെ മരണത്തോടെ ആരോരുമില്ലാതായ അവൻ ഒരു അനാഥനെ പോലെ അലഞ്ഞു നടന്നു. കുറെ കഴിഞ്ഞപ്പോൾ അവൻ്റെയും മാനസികമായ സമനില തെറ്റി.

ശശിക്ക് ഏകദേശം 10 വയസ്സ് പ്രായം കാണും, ഒരു ഞായറാഴ്ച രാവിലെ 9 മണിക്ക് അവൻ ഞങ്ങളുടെ സഭാഹാളിൽ എത്തി. സൺഡേ സ്കൂൾ ക്ലാസുകൾ നടക്കുകയാണ്. ശശിയെ കണ്ട ഉടനെ ഞാൻ സാറിനോട് അനുവാദം വാങ്ങി, അവന്റെ അടുക്കലേക്ക് ചെന്നു. അവൻ എന്നോട് പറഞ്ഞു എനിക്ക് നിങ്ങളുടെ ഉപദേശിയെ ഒന്നു കാണണം. ശശിയുടെ ആവശ്യം അറിഞ്ഞ പാസ്റ്റർ അവനെ കാണാൻ ഫെയ്ത്ത് ഹോമിൽ നിന്നും ഇറങ്ങി വന്നു. ദൈവദാസനെ കണ്ട ഉടനെ ശശി തിടുക്കത്തിൽ അദ്ദേഹത്തോടു പറഞ്ഞു: “ഉപദേശീ എൻ്റെ മനസ്സിൻ്റെ കുത്തിക്കെട്ട് പൊട്ടി ചിതറി കിടക്കുകയാണ്. ഉപദേശി അതൊന്നു കുത്തികെട്ടി നേരെ ആക്കി തരണം.”

അന്ന് ശശിയുടെ കൊച്ചു ഹൃദയത്തിൽ നിന്നും വന്ന യുക്തിഭദ്രവും അർത്ഥസമ്പുഷ്ടവുമായ വാക്കുകൾ ഇന്ന് എന്നെ വല്ലാതെ അതിശയിപ്പിക്കുന്നു.

ശശിയുടെ തകർന്നുപോയ മനസ്സിനെ നേരെയാക്കുവാനും അവൻ്റെ ഹൃദയത്തിൻ്റെ മുറിവുകൾ കെട്ടുവാനും പറ്റിയ ഇടം പെന്തക്കോസ്ത് ആരാധനാലയം ആണെന്ന് ആര് ആ കൊച്ചു പ്രായത്തിൽ അവനെ ഉപദേശിച്ചു ? ആരുടെയും അഭിപ്രായം തേടിയിട്ടല്ല ശശി അവിടെ എത്തിയത്. പക്ഷേ അവൻ ആഗ്രഹിക്കുന്നത് അവിടെ ലഭിക്കുമെന്നുള്ള ഉറപ്പുള്ളതുകൊണ്ടാണ് അവൻ അവിടെത്തന്നെ വന്നത്. ഞങ്ങളുടെ നാട്ടിൽ ആരാധനാ സ്ഥലങ്ങൾ പലതുണ്ടായിട്ടും ശശി വന്നത് ഒരു പെന്തക്കോസ്ത് പാസ്റ്ററുടെ അടുക്കലേക്ക്, ഒരു പെന്തക്കോസ്തു സഭയിലേക്കാണ്. അന്ന് ആരാധന തുടങ്ങുന്നതിനു മുൻപ് പാസ്റ്റർ, ശശിയെ സഭാഹോളിലേക്ക് കൊണ്ടുവന്നു. അവൻ്റെ തലയിൽ കൈവച്ച് അവനുവേണ്ടി പ്രാർത്ഥിച്ചു. സ്വാതന്ത്ര്യം കിട്ടിയവനെപ്പോലെ, മന:സമാധാനം ഉള്ളവനായി ആഹ്ലാദഭരിതനായിട്ടാണ് ശശി അവിടെ നിന്ന് മടങ്ങിപ്പോയത്.

ഇന്ന് ലോകത്തിൽ ഏറ്റവും അധികം ആളുകളെ കീഴടക്കിയിരിക്കുന്നത് വിഷാദരോഗമാണ്. ഒറ്റപ്പെട്ടുപോയി എന്ന തോന്നലും സുരക്ഷിതത്വം ഇല്ലായെന്ന ചിന്തയും മനുഷ്യനെ നിസ്സഹായനാകുന്നു. ജീവിതത്തിന് ആവശ്യമായത് എല്ലാം ഉണ്ടെങ്കിലും; എല്ലാവരും ഉണ്ടെങ്കിലും, ഇത്തരം ചിന്തകൾ, മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

ഓരോ വർഷവും ഭാരതത്തിൽ മൂന്ന് കോടിയിൽപരമാളുകൾ വിവിധതരത്തിലുള്ള വിഷാദ രോഗത്തിന് അടിമപ്പെടുന്നുവെന്നു ആരോഗ്യ മേഖലയിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ അനുസരിച്ച് രാജ്യത്ത് പത്തിലൊരാൾക്ക് മാനസിക പ്രശ്നം ഉണ്ട്. കൃത്യമായി പറഞ്ഞാൽ 10.6% ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ്. കേരളത്തിലെ നിരക്ക് രാജ്യത്തെ ശരാശരിയെക്കാൾ കൂടുതലാണ്, 11.4%. സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൂടുതൽ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നത്. പുരുഷന്മാർ 13.9% സ്ത്രീകൾ 7.5 ശതമാനം.

എന്താണ് ഇതിന് ശരിയായ പരിഹാരം. സൃഷ്ടാവായ ദൈവത്തിനു മാത്രമേ മനുഷ്യൻ ശാരീരികമായും മാനസികമായും നേരിടുന്ന വിഷമതകൾക്ക് പൂർണ്ണ പരിഹാരം നൽകുവാൻ കഴിയുകയുള്ളൂ. പിന്നെ നല്ല മനുഷ്യരുടെ കരുതലോടു കൂടിയ, സ്നേഹപൂർണ്ണമായ ഇടപെടലുകളും ഉപദേശങ്ങളും, മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് ഏറെ സഹായകരമാണ്.

ഈ വർഷത്തെ മാനസികാരോഗ്യദിന തീം: “തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിന് പരിഗണന നൽകാൻ സമയമായി” എന്നതാണ് .

ഇസ്രായേലിന്റെ മധുരഗായകനും രാജാവുമായിരുന്ന ദാവീദ് തന്റെ അനുഭവത്തിൽനിന്ന് ഇങ്ങനെ എഴുതിയിരിക്കുന്നു: “ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”(സങ്കീർത്തനം. 34:18).സകല മനുഷ്യർക്കും സമാധാന സന്ദേശവുമായി ഭൂമിയിലേക്കു വന്ന യേശുക്രിസ്തുവിന്റെ ജനനത്തിന് 950 ൽ പരം വർഷങ്ങൾക്ക് മുമ്പ്, യെശയ്യാ പ്രവാചകൻ; യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് എഴുതിയിട്ടുള്ള തിരുവചന ഭാഗത്ത് ഇങ്ങനെ കാണാൻ കഴിയുന്നു: “എളിയവരോട് സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ട് യഹോവയായ കർത്താവിൻ്റെ ആത്മാവ് എൻ്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവർക്ക് മുറിവ് കെട്ടുവാനും ……………… അവൻ എന്നെ അയച്ചിരിക്കുന്നു. (യെശയ്യാ. 61:1-3).

ക്രിസ്തീയ സഭയ്ക്ക് ഒരു വലിയ ദൗത്യം ഉണ്ട്; അത് ദൈവം നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു: മനോഭീതിയും നിരാശയും വിഷാദവും ഉള്ളവരുടെ അടുക്കലേക്ക് കടന്നു ചെല്ലുക.

“മനോഭീതിയുള്ളവരോട് ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട; ഇതാ, നിങ്ങളുടെ ദൈവം!…… അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവീൻ.” (യെശയ്യാവു. 35:4)

വിഷാദരോഗവും മനോഭീതിയും തകർത്തു കൊണ്ടിരിക്കുന്ന മനുഷ്യരെ ദൈവസ്നേഹത്തിൽ നമുക്ക് ചേർത്തു നിർത്താം; അവർക്ക് വേണ്ടി പ്രാർത്ഥിക്കാം; അവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാം; സ്നേഹനിർഭരമായ സമീപനത്തിലൂടെ അവർക്ക് പ്രത്യാശയുടെ ദൈവവചനം പങ്കുവയ്ക്കാം.

എത്രയോ മനുഷ്യർ, അവരുടെ പൊട്ടികർന്നു ചിതറിപോയ ഹൃദയത്തെ കൂട്ടിച്ചേർക്കുവാൻ നമുക്കായി കാത്തിരിക്കുന്നു!!

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.