ലേഖനം: ആധുനിക ലോകത്ത് സഭാജീവിതം അനിവാര്യമോ? | റോജി തോമസ് ചെറുപുഴ

വ്യക്തികേന്ദ്രികൃതമായ ചിന്തകളെയും പ്രവൃത്തികളെയും വിലമതിക്കുന്ന ഭൗതിക പ്രാധാന്യമുളള ഒരു ലോകത്തില്‍, ക്രിസ്തീയ വിശ്വാസം നമ്മെ ഐക്യത്തിന്‍റെയും പരസ്പര പിന്തുണയുടെയും സ്നേഹോദ്കൃഷടതയുടെയും ജീവിതത്തിലേക്ക് വിളിക്കുന്നു; നയിക്കുന്നു. സമൂഹം, വിശ്വാസം, സ്ഥിരോത്സാഹം വിശുദ്ധി എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു സഭാജീവിതം. ദൈവത്തോട് അടുത്തുവരികയും പ്രത്യാശയില്‍ ഉറച്ചുനില്‍ക്കുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം സഭാജീവിതത്തില്‍ അനിവാര്യമാണ്. വിശ്വാസി എന്ന നിലയില്‍ വിശ്വാസയാത്രയില്‍ നാം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ തിരുവെഴുത്തുകള്‍ നല്‍കുന്നു.

ക്രിസ്തുവിലുള്ള വിശ്വാസവും സഭാജീവിതവും; “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്‍റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്‍ക; വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനല്ലോ. ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിപ്പാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു” (എബ്രായര്‍ 10:19-25). ഈ ധൈര്യം നമ്മുടെ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് യേശുക്രിസ്തുവിന്‍റെ ത്യാഗപരമായ പ്രവര്‍ത്തനത്തെയും തന്‍റെ ജീവന്‍ വച്ചുള്ള വീണ്ടെടുപ്പിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. യേശുവിന്‍റെ തിരുരക്തശരീരത്തിലൂടെ തുറന്ന പുതിയതും ജീവനുള്ളതുമായ ഒരു മാര്‍ഗത്തെ പ്രതീകപ്പെടുത്തുന്നതും യേശുവിന്‍റെ രക്തത്തിലൂടെ നമുക്ക് ഏറ്റവും വിശുദ്ധസ്ഥലത്ത് പ്രവേശിക്കാന്‍ കഴിയുമെന്നതുമായ സത്യവും ഈ വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ കൂട്ടായ പ്രവര്‍ത്തനം നിര്‍ണായകമാണ്, പ്രത്യേകിച്ച് കര്‍ത്താവിന്‍റെ ദിവസം അടുക്കുമ്പോള്‍. ഒരുമിച്ച് കണ്ടുമുട്ടാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ഉള്ള ആഹ്വാനം; നമ്മുടെ വിശ്വാസം നിലനിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും സഭാജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത പങ്ക് അടിവരയിടുന്നു.

സഭ നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം; “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു’ എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്: ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു’ എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: ‘ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു” (മത്തായി 16:15-18). ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്’ എന്ന പത്രോസിന്‍റെ പ്രതികരണം ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറയാണ്. ഈ വെളിപാട് തന്‍റെ സഭയെ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്ന് യേശുക്രിസ്തു സ്ഥിരീകരിക്കുന്നു, നരകത്തിന്‍റെ കവാടങ്ങള്‍ക്ക് പോലും മറികടക്കാന്‍ കഴിയാത്ത ഒരു സഭാശക്തി. അതായത് സഭ എന്നത് കൂട്ടായ്മ മാത്രമല്ല തലയാം ക്രിസ്തു നയിക്കുന്ന സാന്നിദ്ധ്യമരുളുന്ന വിശുദ്ധ സംഘാടനമാണ്; ഒത്തുചേരലാണ്. ഈ അടിസ്ഥാനപരമായ ഏറ്റുപറച്ചില്‍ നമ്മെ വിശ്വാസികളായി ഒന്നിപ്പിക്കുന്നു. വ്യക്തിപരമായ വ്യത്യാസങ്ങളെ മറികടന്ന് ഒരു പൊതു വിശ്വാസത്തില്‍ നമ്മെ ബന്ധിപ്പിക്കുന്ന ഒരുമയുടെ സംയുക്ത വിശ്വാസമാണിത്. യേശുവിനെ മിശിഹായായി കൂട്ടായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ ഐക്യത്തിലാണ് ഭൗമിക സഭയുടെ ശക്തിയും ഉണര്‍വ്വും ഉന്നമനവും.

കല്പനയിലൂടെ യേശുക്രിസ്തുവിന്‍റെ പ്രഖ്യാപനം ക്രിസ്തീയ ജീവിതത്തില്‍ ഐക്യത്തിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. “നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” (മത്തായി 22:37-39). ഈ ഇരട്ട കല്‍പ്പനകള്‍ സ്നേഹം, കരുതല്‍, പരസ്പര ബഹുമാനം എന്നിവയുടെ അന്തസത്തയില്‍ ദൈവത്തെയും സഹോദരനെയും തുല്യമാനത്തില്‍ കണ്ട് മുന്നേറുന്ന ഒരു വിശ്വാസ സമൂഹത്തെ രൂപീകരിക്കുന്നു.

“സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു’ എന്നു അരുളിച്ചെയ്തു” (മത്തായി 28:18-20). ഇവിടെ യേശുക്രിസ്തു മഹത്തായ നിയോഗം പുറപ്പെടുവിക്കുന്നു, എല്ലാ ജനതകളെയും ശിഷ്യരാക്കാന്‍ ശിഷ്യന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. അവരെ സ്നാനം കഴിപ്പിക്കുകയും താന്‍ കല്‍പ്പിച്ചതെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുവാന്‍ ശിക്ഷ്യരെ ഉത്തരവാദിത്വപ്പെടുത്തുന്നു. ഇത് ഒരു കൂട്ടായ ദൗത്യമാണ്. സ്നാപ്പെടുത്തലും പഠിപ്പിക്കലും ഏകമായ പ്രവൃത്തികളല്ല, മറിച്ച് സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന സഭാത്മക ഉത്തരവാദിത്തങ്ങളാണ്. വിശ്വാസ പ്രസംഗത്തിന്‍റെയും പ്രബോധനത്തിന്‍റെയും ആവശ്യകത ക്രിസ്തീയ സമൂഹത്തിന്‍റെ സമഗ്രത നിലനിര്‍ത്തുന്നതിനും തെറ്റായ പഠിപ്പിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും നല്ല ഉപദേശങ്ങളും വഴിനയിക്കലുകളും അത്യന്താപേക്ഷിതമാണ്. തിരുവെഴുത്തിനോട് കൂട്ടായ പ്രതിബദ്ധതയുള്ള സഭാസമൂഹം സത്യത്തില്‍ ഉറച്ചുനില്‍ക്കുകയും വെല്ലുവിളികളെ നേരിടാന്‍ സജ്ജരായിരിക്കുകയും ചെയ്യും.

പരസ്പരമുള്ള ഏറ്റുപറച്ചിലും പ്രാര്‍ത്ഥനയും; “എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു” (യാക്കോബ് 5:16). തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പരസ്പരം ഏറ്റുപറയാനും വിടുതലും ക്ഷമയും പ്രാപിക്കുന്നതിനായി പരസ്പരം പ്രാര്‍ത്ഥിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. പരസ്പര ക്ഷമയുടെയും ഏറ്റുപറച്ചിലിന്‍റെയും അനുരഞ്ജനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ഈ സമ്പ്രദായം സമൂഹത്തിനുള്ളിലെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും; വിശ്വാസം, പിന്തുണ, സംഘാടനം, ഉയര്‍ച്ച എന്നിവയുടെ അന്തരീക്ഷം വളര്‍ത്തുകയും ചെയ്യുന്നു. ഏറ്റുപറച്ചിലും അനുരഞ്ജനവും രോഗശാന്തിക്കും പുനഃരുദ്ധാരണത്തിനും വഴി തുറക്കുന്ന ശക്തമായ ഒരു പ്രവൃത്തിയാണ്. മറുവശത്ത്, പ്രാര്‍ത്ഥന നമ്മെ ദൈവത്തോടു കൂടുതല്‍ അടുപ്പിക്കുകയും സഭയുടെ ഐക്യവും ശക്തിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസം, സ്നേഹം, സ്വര്‍ഗ്ഗീയ ലക്ഷ്യം എന്നിവയില്‍ ഐക്യപ്പെട്ട ഒരു സമൂഹമാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഐക്യത്താല്‍ നമുക്ക് ദൈവത്തോട് അടുക്കാനും പരസ്പരം പിന്തുണയ്ക്കാനും യേശു നമുക്ക് നല്‍കിയ ദൗത്യം നിറവേറ്റാനും കഴിയും.

വിശ്വാസികള്‍ ഒരു സഭയായി ഒത്തുകൂടുന്നതിന്‍റെ ആവശ്യകത എന്ത്? സഭയില്‍ ഒത്തുകൂടുമ്പോള്‍, നാം സാധാരണയായി ദൈവത്തെ പാട്ടുകളാല്‍ സ്തുതിക്കുകയും അവിടുന്ന് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. അവിടുത്തെ ആരാധിക്കുന്നതിലൂടെ നാം നമ്മുടെ ആത്മാവിനെ ഉയര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സഭയില്‍, പ്രത്യേക ബൈബിള്‍ പരിശീലനമോ ആഴത്തിലുള്ള ആത്മീയ പക്വതയോ ഉള്ളവരില്‍ നിന്ന് പഠിക്കാന്‍ നമുക്ക് പലപ്പോഴും അവസരമുണ്ട്. നല്ല ഉപദേശങ്ങള്‍ കേള്‍ക്കാന്‍ പലര്‍ക്കും താല്‍പ്പര്യമില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. “അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും.” (2തിമൊഥെയൊസ് 4:3-4).

സ്വയസംരക്ഷണയ്ക്ക് സഭാത്മക ജീവിതം അനിവാര്യമാണ്. കൂട്ടായ്മ വിട്ടൊരു ജീവിതം പലപ്പോഴും നമ്മെ നീക്കുപോക്കുകളുടെയും നിസാരവത്കരണത്തിന്‍റെയും യൂക്തിക്കൊത്തവിധമുള്ള സഞ്ചാരത്തിനും നിര്‍ബന്ധിക്കുകയും കൂടൂതല്‍ ഹിതകരമായ ലോകജീവിതത്തിലേക്ക് വഴുതിപ്പോവുകയും ചെയ്യും. വിശ്വാസം അവിടെ ഒരു ഉപരിപ്ലവമായ ഘടകമായി മാറുകയും ക്രമേണ ശോഷിച്ച് ഇല്ലാതാകുകയും ചെയ്യും. അല്ലെങ്കില്‍ നാം ഓളത്തിനൊത്ത് ഒരു വിശ്വാസ ജീവിതം നയിച്ചേക്കും. സഭാത്മകജീവിതം വഴി എല്ലായ്പോഴും തിരുവെഴുത്ത് സത്യം കേള്‍ക്കുന്നത് ധാര്‍മ്മികവും ആത്മീയവുമായ വിശ്വാസജീവിതത്തില്‍ പുലരാന്‍ നമ്മെ സഹായിക്കുന്നു. അല്ലാത്തപക്ഷം, നമ്മുടെ കാതുകളിലും ചുറ്റുപാടിലും വര്‍ണ്ണാഭമായും ഇമ്പകരമായും തോന്നുന്ന ലോകത്തിന്‍റെ സന്ദേശങ്ങള്‍ ദൈവശബ്ദത്തില്‍ നിന്ന് നമ്മെ വ്യതിചലിപ്പിക്കും.

വിശ്വാസികളെന്ന നിലയില്‍, പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സേവിക്കാനും നാം കടപ്പെട്ടിരിക്കുന്നു. കൂടാതെ, നാം ക്ഷമയോടെയിരിക്കുകയും എല്ലായ്പ്പോഴും സഹവിശ്വാസികളെ ആശ്വസിപ്പിക്കാനും വിശ്വാസത്തില്‍ നടത്തുവാനും കൂട്ടായ്മ പുലര്‍ത്തുവാനും ശ്രമിക്കുകയും വേണം. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെയാണ് വിശ്വാസികള്‍ക്ക് ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ കഴിയുന്നത്.

വിശ്വാസികള്‍ ഒരു പ്രാദേശിക കൂട്ടായ്മയ്ക്ക് പ്രതിജ്ഞാബദ്ധരാകുമ്പോള്‍, ആ സഭയുടെ സ്വാധീനം വളരെയധികം വര്‍ദ്ധിക്കുന്നു. ഒരുമിച്ച്, നമ്മുടെ സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള ഫലപ്രദമായ വഴികള്‍ കണ്ടെത്താനും ക്രിസ്തു സാക്ഷികളായി പ്രവര്‍ത്തിക്കാനും കഴിയും. നാം ശുശ്രൂഷയുടെ പ്രവര്‍ത്തനത്തിന് വിലപ്പെട്ട സംഭാവന നല്‍കുന്ന സഭയിലൂടെ ദൈവം ശക്തിയോടെ പ്രവര്‍ത്തിക്കുന്നു.

വിശ്വാസികള്‍ ഒരു പ്രാദേശിക കൂട്ടായ്മയോട് പ്രതിജ്ഞാബദ്ധരാണെങ്കില്‍ മാത്രമേ തങ്ങള്‍ക്കായുള്ള ദൈവിക പദ്ധതികളില്‍ നിലനില്‍ക്കാനും മുന്നേറാനും സാധിക്കുകയുള്ളു. അവിടെ ദൈവവചനത്തില്‍ ശക്തമായ പ്രബോധനം നേടാനും ആരാധനയില്‍ പങ്കെടുക്കാനും നമ്മുടെ ആത്മീയ ദാനങ്ങള്‍ വളര്‍ത്താനും ഉപയോഗപ്പെടുത്താനുമുള്ള അവസരങ്ങള്‍ കണ്ടെത്താനും കഴിയും. നമ്മുടെ ജീവിതം ഒരിക്കലും ഒരുപോലെയായിരിക്കില്ല. വീഴ്ചയും ഉയര്‍ച്ചയും നന്മതിന്മകളുടെ വ്യതിയാനങ്ങളും നാം ആയിരിക്കുന്ന ലോകത്തിന്‍റെ സ്വാധീനങ്ങളും എല്ലാം നമ്മുടെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ഒത്ത് നമ്മെ നയിക്കണമെന്നില്ല. അവയെ നാം എന്നും ക്രമപ്പെടുത്തി നില്ക്കണമെന്നും ഇല്ല. ആയതിനാല്‍, കര്‍ത്താവായ യേശുക്രിസ്തു പിതാവിന് വിധേയപ്പെട്ട്, താതന്‍റെ ഹിതം ആരാഞ്ഞ്, അനുനിമിഷം പരസ്പര കൂട്ടായ്മയില്‍ നിലനിന്ന് നമുക്ക് മാതൃക തന്നതുപോലെ സഭാകൂട്ടായ്മയ്ലൂടെ ആ നാഥനോട് ചേര്‍ന്ന് നില്‍ക്കാം. കൂട്ടായ്മയും കരുതലും ആവശ്യമായതിനാലാണല്ലോ നമുക്ക് ഒരു സഹായകനായ ആത്മാവിനെ തരികയും; നിങ്ങള്‍ മൂന്നോ നാലോ പേര്‍ കൂടുന്നിടത്ത് അവരുടെ മദ്ധ്യേ താന്‍ ഉണ്ടാകുമെന്ന് വാഗ്ദത്തവും അവിടുന്ന് നല്‍കിയത്. നമുക്ക് നമ്മുടെ കൂട്ടായ്മയോടൊത്ത് അവിടുത്തെ ആരാധിക്കാം. അതിനായി സര്‍വ്വശക്തന്‍ നമ്മെ വഴിനടത്തട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.