ഫെബിൻ ജോസ് തോമസ് ഇനി ഐപിഎസ്

ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ബിൻസൻ കെ. ബാബു കൊട്ടാരക്കര ഫെബിൻ ജോസ് തോമസുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ഫെബിൻ ജോസ് തോമസ് എന്ന യുവ പ്രതിഭ ഐപിഎസ് ആകുന്നതിൽ പെന്തകോസ്ത് സമൂഹത്തിന് അഭിമാനം കൊള്ളുന്ന നിമിഷമാണ്.
സിവിൽ സർവീസ് പരീക്ഷയിൽ 133 – മത്തെ റാങ്കു ജേതാവാണ് ഫെബിൻ.
ഫെബിൻ്റെ രണ്ടാമത്തെ സിവിൽ സർവീസ് നേട്ടമാണിത്.
2022-ൽ എഴുതിയ പരീക്ഷയിൽ 254 മത്തെ റാങ്ക് നേടി ഐ.ആർ.എസ് (ഇൻകം ടാക്സ് ) ഉദ്യോഗം നേടി.

ഫെബിൻ തിരുവല്ല ബിലീവേഴ്‌സ് ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ അവിടുത്തെ ഹോസ്റ്റൽ വാർഡൻ കോശി എന്ന വ്യക്തിയാണ് സിവിൽ സർവീസിനെക്കുറിച്ച് ആദ്യമായി തന്നോടു പറഞ്ഞത്. ആ സമയം മുതൽ വലിയ ആഗ്രഹത്തോടെ തയ്യാറെടുപ്പുകൾ തുടങ്ങി. അതിനുശേഷം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌ക്കൂളിൽ പ്ലസ്ടുവിനു പഠിക്കുമ്പോൾ ആ സമയത്ത് സ്‌കൂളിലെ ഒരു പരിപാടിയുടെ മുഖ്യാതിഥിയായെത്തിയത് കോട്ടയം കളക്ടർ യു. വി. ജോസ് ആയിരുന്നു.
അന്ന് തന്റെ അനുഭവങ്ങൾ പങ്കുവച്ചതു ഫെബിനിൽ സിവിൽ സർവീസ് പഠിക്കണം എന്ന വലിയ ആഗ്രഹം മനസ്സിൽ ജനിക്കുവാൻ ഇടയായി.
ഇതിനുശേഷം കോഴിക്കോട് എൻഐടിയിൽ മെക്കാനിക്കൽ എൻജിനിയറിംഗിനു പഠിക്കുന്ന സമയത്തും ഐഎഎസ് ശ്രമം തുടർന്നുകൊണ്ടിരുന്നു.”കോശി സാർ ഈ കരിയർ പാത ചൂണ്ടിക്കാണിച്ചപ്പോൾ ഞാൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അത് എൻ്റെ പ്രചോദനമായിരുന്നു. പ്ലസ് ടുവിന് ശേഷം, എനിക്ക് അടിസ്ഥാന ബിരുദവും എൻഐടി-സിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കുന്നത് വരെ ഞാൻ എൻ്റെ സ്വപ്നത്തെ കളയാതെ സൂക്ഷിച്ചു”. ഫെബിൻ പറഞ്ഞു.

ദൈവത്തിലുള്ള അതിയായ ആശ്രയവും, പ്രാർത്ഥനയുമാണ് എന്റെ ഈ വിജയങ്ങൾക്ക് മുന്നിൽ എന്ന് ഫെബിൻ ആവർത്തിച്ചു പറയുമ്പോഴും ആത്മീയ കാര്യങ്ങളിൽ താൻ ഏതു സമയവും വളരെ ഉത്‌സാഹിയായി പ്രവർത്തിച്ചു കൊണ്ടിരിരുന്നു.എൻജിനിയറിംഗ് പഠനകാലത്തു ഐസിപിഎഫ്, ഇ.യു പ്രാർഥനാഗ്രൂപ്പുകളിൽ സജീവ പങ്കാളിയായിരുന്നു.

രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി പരാജയപ്പെട്ടപ്പോഴും അതിലൊന്നും ആത്മവിശ്വാസം നഷ്‍ടമാക്കാതെ പരിശ്രമിച്ചു. അങ്ങനെയാണ് മൂന്നാം തവണ 254 മത്തെ റാങ്ക് നേടിയത്.
ഇപ്പോഴത്തെ കാലത്ത് ചെറിയ തോൽവിയിൽ പോലും പിടിച്ചു നിൽക്കാൻ കഴിയാതെ നിൽക്കുന്ന പുതുതലമുറയ്ക്കു നല്ല മാതൃക നൽകി തരുകയാണ് ഈ വിജയം നേടിയ ഫെബിൻ. ഫെബിന്റെ വാക്കുകൾ
“എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു നീണ്ട പ്രക്രിയയായിരുന്നു, പക്ഷേ എൻ്റെ ലക്ഷ്യത്തെക്കുറിച്ച് എനിക്ക് ഒരു ഉറപ്പുണ്ടായിരുന്നു. ഓരോ ആഗ്രഹത്തിനും അതിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം. കാരണം അത് മതി നിശ്ചയദാർഢ്യത്തോടെ തിരിച്ചടികളെ മറികടക്കാൻ. മറ്റുള്ളവരിൽ നിന്നുള്ള പ്രചോദനം താൽക്കാലികമാണ്. കാരണം എൻ്റെ ആന്തരിക പ്രചോദനവും സ്ഥിരതയുമാണ് എന്നെ ഈ വിജയത്തിൽ എത്തിക്കാൻ സഹായിച്ചത്”.

ഈ സമയത്ത് പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോകണമെന്നാണു സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏതു വിദ്യാർഥിയോടും തനിക്കു പറയാനുള്ളത്. “നമുക്ക് നമ്മളിൽ വിശ്വാസം ഉണ്ടാകണം. നമ്മുടെ പ്രയത്നം നിച്ഛയമായും അതിനു ഫലമുണ്ടാകും. തോൽവിയിലും ആത്മാഭിമാനം കൈവെടിയാതിരിക്കുക” ഫെബിൻ പറയുന്നു.
ജീവിതത്തിൽ ഏതു കാര്യവും പ്രാർഥനയോടെ ചെയ്യുന്ന ഫെബിനു ദൈവം തന്നെ ഉയർത്തുമെന്ന വാഗ്ദാനം ലഭിച്ചിരുന്നു. അതു നിറവേറ്റിയതിൽ താൻ സന്തോഷിക്കുകയാണെന്ന് ഫെബിൻ പറഞ്ഞു.

നിലവിൽ നാഗ്പൂർ എൻ.എ.ഡി.റ്റി. ട്രെയിനിങ്ങിലാണ്.
പിടവൂർ വല്ല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലതയുടെയും മൂന്നാമത്തെ മകനാണ്. സഹോദരങ്ങൾ: ഡോ. ഫേബാ ഗ്രേയ്സ് ജോസ്(ജർമ്മനി), ഡോ.കൃപ അന്ന ജോസ് (ബെംഗളൂരു).
മാതാപിതാക്കളും സഹോദരിമാരും സിവിൽ സർവീസ് പഠനത്തിന് എല്ലാ പിൻതുണയും നൽകി. തിരുവന്തപുരത്തും ഡൽഹിയിലുമായിരുന്നു കോച്ചിംഗ്.
ഡൽഹിയിലെ പഠനസമയത്ത് കരോൾബാഗ് ഐപിസിയിലും തിരുവനന്തപുരത്ത് പാളയം പിഎംജി യിലും ആരാധനയിൽ പങ്കെടുത്തിരുന്ന ഫെബിൻ കൊട്ടാരക്കര ഗ്രേയ്‌സ് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

കൂടുതൽ ഉയരങ്ങൾ കീഴടക്കുവാൻ ഫെബിന് കഴിയട്ടെ. പെന്തകോസ്ത് സമൂഹത്തിന് മുഴുവൻ അഭിമാനമായ ഫെബിന്റെ ഈ നേട്ടത്തിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.