ഭാവന: കല്യാണ വിരുന്ന് | അമൽ മാത്യു

ടാ, എഴുന്നേൽക്ക്, സമയം 10 ആയി. നീ വരുന്നില്ലേ, ഞാൻ പോകുവാ….
രാവിലെ തന്നെ ഉറക്കം കളയാനായിട്ട് അമ്മയുടെ വിളി.
ഇന്നെന്താ പ്രത്യേകിച്ച്???.
പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഉച്ചയൊക്കെ ആകുമ്പോഴാണ് എഴുന്നേൽക്കാറുള്ളത്.
കണ്ണ് തിരുമ്മി തിരിഞ്ഞു കിടക്കാൻ നോക്കുമ്പോൾ അമ്മ ദാ പതിവില്ലാതെ ആകെയുള്ള നല്ല സാരി ഉടുത്തു സുന്ദരിയായി നിൽക്കുന്നു. അല്ല, അമ്മ ഇതെവിടെ പോകുന്നു?
അപ്പോഴാണ് കഴിഞ്ഞ ദിവസം അമ്മ പറഞ്ഞത്‌ ഓർമ്മവന്നത്, ഇന്നാണ് കാനായിലെ കല്യാണ വിരുന്ന്. അവരു വീട്ടിൽ വന്ന് വിളിച്ചതാ. അപ്പന് ഗലീലയിൽ പണി ഉള്ളതുകൊണ്ട് പോകുവാൻ പറ്റില്ല. അത്കൊണ്ടാണ് ഞാനും അമ്മയും പോകുന്നത്. ഞാൻ കുളിക്കാനായി ചാടി എണീറ്റു. ഒട്ടും താമസിക്കാൻ പാടില്ല.
ഇവിടെയൊക്കെ മാസത്തിലോ വർഷത്തിലോ ഒരു കല്യാണം വന്നാലായി. എന്നും ഉണക്ക അടയും, പച്ച ചോറും കഴിക്കുന്ന എനിക്കൊക്കെ കല്യാണം എന്ന് കേൾക്കുന്നത് ലോട്ടറി അടിച്ചത് പോലെയാണ്. ഒരാഴ്ചത്തേനുള്ള ഭക്ഷണം ഒറ്റ നേരംകൊണ്ട് കഴിക്കാം. അതും പലവിധത്തിലുള്ള പലഹാരങ്ങളും പിന്നെ മത്ത് പിടിക്കുന്ന വീഞ്ഞും. അത് ഓർത്തു കൊണ്ട് കുളിക്കാനായി ഞാൻ ഓടി.

പെട്ടന്ന് കുളിച്ചു ഒരു ഷർട്ടും മുണ്ടുമിട്ട് ഞാൻ അമ്മയുടെ കൂടെ വേഗം ഇറങ്ങി. കുറച്ചു നടക്കാനുണ്ട്. നടന്ന് നടന്ന് അവിടെയെത്തി. കുറേ ആളുകൾ ഉണ്ട്. ഏതോ അറിയപ്പെടുന്ന ഗുരുവും അനുയായികളും ഒക്കെ ഉണ്ടെന്ന് ആരോ പറയുന്നത് കേട്ടു. ദാ അതാണ് ഗുരു, ഒത്ത നീളവും പ്രകാശപൂരിതമായ മുഖവുമുള്ള ഒരാളെ ചൂണ്ടിക്കാട്ടി കൂടെ നിന്നവൻ പറഞ്ഞു. ഒറ്റ നോട്ടത്തിൽ തന്നെ എന്തൊക്കെയോ പ്രത്യേകതകൾ തോന്നും. ഒന്നാമത് നടന്ന് വന്ന് താമസിച്ചു, അത്കൊണ്ട് തന്നെ കഴിക്കണം എന്ന ഉദ്ദേശത്തിൽ വന്നയെനിക്ക് ഇത്രയും ആളുകളെ കണ്ട് ഭക്ഷണം തീർന്നുപോകുമോ എന്നായി ചിന്ത. കാനാ എന്ന സ്ഥലം വീട്ടിൽ നിന്ന് കുറച്ച് ദൂരെ ആയിരുന്നത് കൊണ്ട് എനിക്കറിയാവുന്ന ആരും തന്നെ ഇല്ലായിരുന്നു. പെട്ടന്ന് അടുത്ത പന്തിക്ക് ഇരിക്കാൻ വിളിച്ചപ്പോ ഒന്നും നോക്കാതെ ഞാൻ ചാടി കയറി ഇരുന്നു. ഇരുന്ന് കഴിഞ്ഞാണ് അമ്മയെ പോലും ഞാൻ ഓർത്തത്. നോക്കിയപ്പോ അമ്മ ആരോടോ വർത്തമാനം പറഞ്ഞു നിൽക്കുകയാണ്. ആഹ്, അമ്മ പിന്നെ കഴിച്ചോളും.
വിവിധ പലഹാരങ്ങൾ ഓരോന്നായി ഇലയിൽ വന്ന് തുടങ്ങി. ആഹാ, എന്താ രുചി. ഈ അടുത്ത കാലത്തൊന്നും ഇതുപോലെ നല്ല ഭക്ഷണം കഴിച്ചിട്ടില്ല. കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ നേരത്തെ കഴിച്ചു കഴിഞ്ഞ ആരോ പറയുന്നത് കേട്ടു , “വീഞ്ഞ് ഞാൻ രണ്ടുമൂന്ന് നാഴി കുടിച്ചു. എന്താ സ്വാദ്”
വീഞ്ഞിനു പേരുകേട്ട നാടാണ് ഞങ്ങളുടെത്. പ്രത്യേകിച്ച് കല്യാണങ്ങൾക്ക്. വീഞ്ഞ് കുടിക്കണമല്ലോ എന്നോർത്തു കഴിക്കുന്നത് മതിയാക്കി എണീക്കാൻ തുടങ്ങിയപ്പോഴാണ് വീഞ്ഞ് തീർന്നുപോയി, വീഞ്ഞ് തീർന്നുപോയി എന്നാരോ ഉറക്കെ പറയുന്നത് കേട്ടത്. ഞാൻ മനസ്സിലോർത്തു, വീഞ്ഞ് തീർന്നുപോകാനോ, അങ്ങനെ ഒരിക്കലും സംഭവിക്കാൻ വഴിയില്ലല്ലോ, ആഹ് ശരിയാ, മൂന്നും നാലും നാഴിയൊക്കെ അല്ലെ എല്ലാവരും കുടിക്കുന്നത്, പിന്നെയെങ്ങനെ തീരാതെയിരിക്കും. ശോ, എന്നാലും രുചി നോക്കാൻ പോലുമിച്ചിരി കിട്ടിയില്ലല്ലോ. ഞാൻ സങ്കടപ്പെട്ടു.
അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോഴാണ് ഒരു സ്ത്രീ ഗുരുവിൻ്റെ അടുത്ത് ചെന്ന് അവർക്ക് വീഞ്ഞ് ഇല്ല, വീഞ്ഞ് തീർന്നു പോയി എന്നു പറയുന്നത് കേട്ടത്. ഞാൻ ഓർത്തു, ഈ സ്ത്രീ എന്താ ഈ കാണിക്കുന്നത്, വിരുന്നിനു അതിഥിയായി വന്ന ഗുരുവിനോട് വീഞ്ഞ് തീർന്നു പോയി എന്ന്. ഞാൻ മനസ്സിൽ ചിരിച്ചു.
അപ്പോൾ ആ ഗുരു പറയുകയാ, സ്ത്രീയേ, അതിന് എനിക്കും നിനക്കും തമ്മിൽ എന്ത് കാര്യം? എൻ്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്ന്. അത് കേട്ടപ്പോൾ എനിക്ക് പിന്നെയും ചിരി വന്നു. ശരിയല്ലേ, വീഞ്ഞ് തീർന്നതിന് ഗുരു എന്ത് വേണം? അപ്പോഴാണ് അടുത്തിരുന്നവൻ പറഞ്ഞത്, എടാ അത് ഗുരുവിൻ്റെ അമ്മയാണ് എന്ന്. അമ്മയായാലും വീഞ്ഞ് തീർന്നത് ഗുരുവിനോട് പറഞ്ഞിട്ട് എന്ത് കാര്യം? ഞാൻ മനസ്സിലോർത്തു.
മറുത്ത് ഒന്നും പറയാൻ നിൽക്കാതെ എന്തോ മനസ്സിൽ ഉറപ്പിച്ചിട്ടുള്ള ഭാവത്തിൽ അവിടെയുള്ള പരിചാരകരെ നോക്കി, അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്നു പറഞ്ഞു. അത് കേട്ടെന്നോണം ഗുരു പരിചാരകരോട് ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു. അവിടെ അഞ്ചാറ് കാൽപാത്രങ്ങൾ ഇരിപ്പുണ്ടായിരുന്നു. ഉടനെ അവർ അതെടുത്തു വക്കോളം വെള്ളം നിറച്ചു. ഞാനാണേൽ എന്താ ഇവിടെ നടക്കുന്നത് എന്ന് ചിന്തിച്ചു ഇരിക്കുവാണ്. ഒന്നും മനസ്സിലാകുന്നില്ല. വീഞ്ഞ് തീരുന്നു, ഗുരുവിനോട് പോയി തീർന്നു എന്ന പറയുന്നു, ഗുരു പരിചാരകരോട് വെള്ളം നിറക്കാൻ പറയുന്നു, അവർ അത് ചെയ്യുന്നു, ആകെ എന്തൊക്കെയോ.
അങ്ങനെ അതും ചിന്തിച്ചു ഇരിക്കുമ്പോൾ ദാ ഗുരു പറയുന്നു, കുറച്ച് കോരിയെടുത്ത് കലവറക്കാരന് കൊണ്ടുപോയി കൊടുക്കുവിൻ എന്ന്. ഏഹ്?? പച്ച വെള്ളം കൊണ്ട് കലവറക്കാരന് കൊടുക്കാനോ? എന്തിന് എന്നുപോലും ചോദിക്കാതെ അവർ അപ്രകാരം ചെയ്തു. (ചിലപ്പോൾ പേടിച്ചിട്ടായിരിക്കും). തിരക്കിലായിരുന്ന കലവറക്കാരൻ ഇത് എവിടെ നിന്നാണെന്ന് അറിഞ്ഞില്ല. കലവറക്കാരൻ വെള്ളം രുചിച്ച് നോക്കിയതിനുശേഷം, എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു മണവാളനെ വിളിച്ചു പറഞ്ഞു.
ഞാൻ അന്തിച്ചു പോയി. പച്ച വെള്ളം കുടിച്ചിട്ട് വീര്യമുള്ള വീഞ്ഞെന്നോ? എന്തൊക്കെയാ ഈ പറയുന്നെ. ഇതെന്ത് മറിമായം?. അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോൾ അതുകൊണ്ട് എല്ലാവർക്കും കൊടുക്കുന്നത് കണ്ടു. എല്ലാവരും ഒന്നും പറയാതെ അത് കുടിക്കുകയും ചെയ്യുന്നു. ഈ നടക്കുന്നതെല്ലാം കണ്ണുകൊണ്ട് കണ്ടിട്ടും അങ്ങോട്ട് വിശ്വാസം വരുന്നില്ല. കുടിച്ചുനോക്കിയിട്ട് തന്നെ ബാക്കി കാര്യം. അതും പറഞ്ഞുകൊണ്ട് വെള്ളം കൊടുക്കുന്നതിൻ്റെ അങ്ങോട്ട് ഒരു വിധത്തിൽ ഇടിച്ചു കയറി, ഒരു നാഴി വീഞ്ഞ് കിട്ടി. ഒരൊറ്റ കുടി.
ഹോ, ഞാൻ എന്നെത്തന്നെ ഒന്ന് പിച്ചി നോക്കി, സത്യം തന്നെയാണോ എന്നറിയാൻ. അതെ സത്യമാണ്. വെറും പച്ച വെള്ളമായിരുന്ന ഈ പാനീയം നല്ല വീര്യമുള്ള, മത്ത് പിടിപ്പിക്കുന്ന വീഞ്ഞായി മാറിയിരിക്കുന്നു. എന്തൊരത്ഭുതം !!!
പിന്നെയൊന്നും നോക്കിയില്ല, എങ്ങനെയൊക്കെയോ ഇടക്ക് കയറി രണ്ടുമൂന്നു നാഴി കൂടെ കുടിച്ചു. അപ്പന് കൊടുക്കാമല്ലോ എന്നോർത്തു രണ്ടു നാഴി കൂടെ പോയി എടുത്തു.
ഇറങ്ങുന്ന സമയത്ത് ഗുരുവിനെ അനുഗമിച്ച് അനുയായികളുടെ കൂടെ കുറെ പേര് പോകുന്നത് കണ്ടു. എങ്ങനെ അനുഗമിക്കാതെയിരിക്കും? അതുപോലത്തെ മഹത്വം അല്ലെ ഗുരു വെളിപ്പെടുത്തിയത്. തൻ്റെ അഭിമാനത്തെ വരെ ബാധിക്കുമായിരുന്ന വിരുന്നുവാഴിയെ വലിയ നാണക്കേടിൽ നിന്നാണ് ഗുരു തൻ്റെ അത്ഭുതപ്രവർത്തിയിലൂടെ രക്ഷപെടുത്തിയത്.
അമ്മ ഇതൊക്കെ കണ്ടുകാണുമോ ആവോ. വീട്ടിൽ അപ്പനോടും, നാട്ടിലും എല്ലാം പോയി പറയണം ഇവിടെ ഇന്ന് നടന്നത്. അതെങ്ങനെയാ, അപ്പൻ വന്നിരുന്നെങ്കിൽ അപ്പനും കിട്ടിയേനേം നല്ല വീര്യമുള്ള വീഞ്ഞ്. ഇതിപ്പോ ഞാൻ പോകുന്ന വഴിയിൽ വെച്ചു തന്നെ കുടിച്ചു തീർക്കുമെന്നാ തോന്നുന്നേ.

മനസ്സിൽ പുഞ്ചിരിച്ചു കൊണ്ട് ഞാൻ മന്ദം മന്ദം നടന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.