ലേഖനം: ബന്ധങ്ങളുടെ വില | രാജൻ പെണ്ണുക്കര

ബന്ധങ്ങളുടെ വില ആർക്കു നിശ്ചയിക്കാൻ സാധിക്കും. അതിന്റെ മൂല്യം പണം കൊണ്ടോ അഥവാ തത്തുല്യമായ ഏതെങ്കിലും വസ്തുകൊണ്ടോ ആർക്കെങ്കിലും നിർണ്ണയിക്കാനോ, അഥവാ വിലകൊടുത്ത് വാങ്ങാനോ സാധിക്കുമോ?.

ഇന്നത്തെ സാഹചര്യവും, അനുഭവങ്ങളും ഒത്തിരി കൈപ്പിന്റ പാഠങ്ങൾ നമ്മേ പഠിപ്പിക്കുന്നുണ്ടാകാം. പക്ഷെ മനുഷ്യൻ എന്നുമെപ്പോഴും വളരെ വിരളമായി മാത്രമേ ബന്ധങ്ങളുടെ യഥാർത്ഥ വില തിരിച്ചറിയുന്നുള്ളു എന്നതാണ് സങ്കടം.

നമ്മുടെയെല്ലാം ജീവിതത്തിൽ സമാധാനബന്ധം, സ്നേഹബന്ധം, രക്തബന്ധം, ആത്മബന്ധം, കുടുംബബന്ധം, സൗഹൃദബന്ധം, സഹോദരബന്ധം ഇങ്ങനെ പല പ്രധാന ബന്ധങ്ങളും ഉണ്ടാകാറുണ്ട്. ഇവയിൽ പലതിനെക്കുറിച്ച് ദൈവവചനത്തിലും ഉദ്ധരിച്ചിട്ടുണ്ട്.

എപ്പോഴും ബന്ധങ്ങളെ ഒരു മാലയിലെ പല കണ്ണികളോടെ ഉപമിച്ചാൽ, ആ കണ്ണികൾ പരസ്പ്പരം ചിട്ടയോടെ കോർത്തിണക്കുമ്പോൾ അല്ലേ അതിന് യഥാർത്ഥ മൂല്യവും, അർത്ഥവും, ഭംഗിയും, ജീവനും ചെയ്തന്യവും ഉണ്ടാകുന്നത്. ബന്ധങ്ങൾ ഒരിക്കലും ബന്ധനങ്ങൾ ആകാതെ ആരോഗ്യപരമായി കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവും ആണ്.

ഇന്നത്തേ മിക്ക ബന്ധങ്ങളും പണം കൊടുത്താൽ മാത്രം ഉണ്ടാകുന്നതും കൊടുക്കുന്തോറും ഏറിടുന്നതും കൊടുക്കുന്ന നാളുകൾ വരെ മാത്രം നിലനിൽക്കുന്നതും, എന്നാൽ കൊടുക്കുന്നത് കുറഞ്ഞാലോ, നിർത്തിയാലോ പൊടുന്നനെ തീരുന്നതും അല്ലെ!!. ചിലർ കാര്യസാധ്യത്തിനു വേണ്ടി മാത്രം ബന്ധങ്ങൾ വെച്ചുപുലർത്തുന്നു, കാര്യം സാധിച്ചാൽ പിന്നെയതിന്റെ പര്യവസാനമോ പാലം കടന്നാൽ കൂരായണ എന്ന പഴഞ്ചൊല്ല് പോലെയല്ലേ… പണം കടം വാങ്ങാൻ മാത്രം ബന്ധം സ്ഥാപിക്കുന്നവരും ഉണ്ട്, എന്നാൽ കൊടുത്ത പണം തിരിച്ചു ചോദിച്ചാൽ ആ ബന്ധങ്ങൾ അറത്തുമാറ്റി പോകുന്നവരെയും കാണുവാൻ കഴിയും. അതുകൊണ്ട് ബന്ധങ്ങൾ കൊടുക്കവങ്ങലിൽ മാത്രം അധിഷ്ഠിതം ആയാൽ അതൊരു ബന്ധനം ആയി മാറി ബന്ധങ്ങളുടെ പരിപാവനതയും പരിശുദ്ധിയും നഷ്ടപ്പെടും.

നാം പലപ്പോഴും അമൂല്യ വസ്തുക്കൾ ആയി കരുതുന്ന സ്വർണ്ണവും, വെള്ളിയും പിത്തളയും മറ്റും വളരെകാലം ഉപയോഗിക്കാതെയും, തൊടാതെയും, ശ്രദ്ധിക്കാതെയും ഒരു സ്ഥലത്ത് അടച്ചു വെച്ചിരുന്നാൽ ക്ലാവ് പിടിച്ച് നിറവും തിളക്കവും മങ്ങിയിട്ട് ശോഭ കുറഞ്ഞു പോകുന്നത് കണ്ടിട്ടില്ലേ. അതുപോലെയല്ലേ ഇന്ന് മനുഷ്യന്റെ എല്ലാബന്ധങ്ങളും, പ്രത്യേകിച്ച് സ്നേഹബന്ധം ആയാലും രക്തബന്ധം ആയാലും, ആത്മീകബന്ധം ആയാലും സ്ഥിതി അതുതന്നെ എന്നു പറയാതെ വയ്യാ.

എല്ലായ്പോഴും നാം കൊടുക്കുന്ന മുൻഗണന (Priority) പരിഗണന (Consideration) ഗൗരവമനോഭാവം (Seriousness) മുതലായ പ്രധാന ഘടകങ്ങൾ ആണ് എല്ലാ ബന്ധങ്ങളുടെ അളവുകോൽ ആയി മാറുന്നത്. എത്ര അടുത്ത ബന്ധങ്ങൾ ആയിക്കൊള്ളട്ടെ, ഏതുരീതിയിൽ ഉള്ള ബന്ധങ്ങൾ ആയികൊള്ളട്ടെ, ഏറിയനാളുകൾ പരസ്പരമുള്ള സമ്പർക്കവും, ആശയവിനിമയവും വിച്ഛേദിക്കപ്പെട്ട് പോയാൽ തീർച്ചയായും ആ ബന്ധങ്ങൾക്ക് ഉലച്ചിൽ ഉണ്ടാകും, വാട്ടം സംഭവിക്കും, ബന്ധങ്ങൾ ഉടഞ്ഞുപോകും, അകന്നുപോകും, ആകാംഷയും താല്പര്യവും കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ ഇല്ലാതെയായി മാറും എന്നതിന് തർക്കം ഇല്ല. സ്വന്തം കൂടെപ്പിറപ്പ് ആയാലും ശരി, അനേക അനേക നാളുകൾ കാണാതെയും മിണ്ടാതെയും ഇരുന്നാൽ ഉണ്ടാകുന്ന ബന്ധങ്ങളുടെ വിള്ളൽ, ആഴവും നീളവും എന്തായിരിക്കുമെന്ന് നിങ്ങൾ ഊഹിച്ചു കൊള്ളുക. എന്നാൽ നമ്മിലുള്ള സ്നേഹം ഹൃദയത്തിൽ നിന്നും ആണെങ്കിൽ അകലം ഒരു ബന്ധങ്ങൾക്കും വിഷയം അല്ല, ഒരു ബന്ധങ്ങളേയും ബാധിക്കില്ല. എന്നാൽ ബന്ധങ്ങളെയും സമ്പത്തിനേയും തുല്യ ബഹുമാനത്തോടെ കാണണം, കാരണം ഇവ രണ്ടും ലഭ്യമാക്കാൻ വളരെ ബുദ്ധിമുട്ടള്ളതും നഷ്ടപ്പെടുവാൻ വളരെ എളുപ്പമുള്ളതുമാണ്!..

നാം അറിയാതെ പറ്റിപിടിച്ചിരിക്കുന്നതും നമ്മുടെ കാഴ്ച്യ്ക്ക് തടസ്സവും മങ്ങലും ഏല്പിക്കുന്ന കണ്ണടയിലെ പാടുകളെ തുടച്ചുമാറ്റുന്നതു പോലെ ബന്ധങ്ങളിൽ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അറിയാതെ വീഴുന്ന പാടുകൾ ഉടൻ തുടച്ചുമാറ്റേണ്ടത് അനിവാര്യം തന്നേ. ബന്ധങ്ങൾ നിലനിൽക്കാനും വിജയിക്കാനും ശുദ്ധത (Transperancy) ആവശ്യമാണ്. ബന്ധങ്ങൾ ദൈനദിനം പുതുക്കപ്പെടണം, എന്നും എല്ലായ്പോഴും മിനുസ്സപ്പെടുത്തണം (Polish) എന്നതാണ് തത്വം. മാത്രവുമല്ല, ബന്ധങ്ങളിലെ പരുക്കൻ പ്രതലങ്ങൾ, അവസ്ഥകൾ, അനുഭവങ്ങൾ സ്വയം കണ്ടുപിടിച്ച് പരിഹാരം കണ്ടില്ലായെങ്കിൽ, അഥവാ ഉരച്ചു കളഞ്ഞ് അതിനെ നേർമ്മയും മിനുസ്സവും (Smooth) ആക്കുന്നില്ലായെങ്കിൽ തീർച്ചയായും അടുത്ത് ഇടപഴകുമ്പോൾ മുറിവേൽക്കാനും രക്തം പൊടിക്കാനും സാദ്ധ്യതകൾ ഏറെയാണ്.

കൊലൊ 3:14-ൽ പറയുന്നു “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ”. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മേയെല്ലാം സമ്പൂർണ ഐക്യതയോട് ബന്ധിപ്പിക്കാൻ സ്നേഹത്തിന്റെ വസ്ത്രം ധരിക്കേണ്ടത് അത്യാവശ്യം തന്നേ. അതിനെ വേറെ ഒരു രീതിയിൽ പറഞ്ഞാൽ സ്നേഹം ഇല്ലാതെ ഒരു ബന്ധവും അരക്കിട്ട് ഉറപ്പിക്കാൻ കഴിയില്ല എന്ന് ചുരുക്കം. അതും വ്യാജമായതല്ല യഥാർത്ഥത്തിൽ ഒട്ടും തന്നെ വാട്ടവും മാലിന്യവും കറപുരളാത്തതുമായ വസ്ത്രം തന്നേ ധരിക്കേണ്ടത് അത്യാവശ്യം തന്നേ. അൽപ്പം കൂടി തുറന്നുപറഞ്ഞാൽ എല്ലാ ബന്ധങ്ങളേയും ബന്ധിപ്പിക്കുന്നത് സ്നേഹം മാത്രമാണെന്ന് ചുരുക്കം. സ്നേഹം സകലത്തേയും കേടുവരാതെ പൊതിഞ്ഞു സൂക്ഷിക്കുന്നു (Preservative) എന്നു പറഞ്ഞാലും സത്യമല്ലേ. അതുകൊണ്ടാണ് സ്നേഹം കുറഞ്ഞാൽ സകലതും ചീത്തയാകാനും മോശമാകാനും തുടങ്ങുന്നത്.

സ്‌നേഹം കൂടാതെ എല്ലാ ബന്ധങ്ങളുടെയും ആധാരം നിസ്വാർഥതയും, പ്രതിബദ്ധതയും, ആത്മാർത്ഥതയും, സഹിഷ്ണതയും സഹനവും വിട്ടുവീഴ്ചയും കൂടി ചേർന്നതാണെന്ന് പറഞ്ഞാൽ സമ്മതിക്കുമോ. ഇതിലേ ഏതെങ്കിലും ഒരു ഘടകത്തിന്റെ അളവിൽ (ശതമാനത്തിൽ) ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകാനും കണ്ണികൾ അകലാനും, ക്ലാവ് പിടിച്ച് മങ്ങൽ ഏൽക്കാനും സാദ്ധ്യതകൾ ഏറെയാണ് എന്ന സത്യം മറക്കരുത്.

സ്നേഹം എന്നത് ശുദ്ധമായ തേങ്കട്ട പോലെയാണ്. എന്നാൽ എല്ലായിടത്തും എല്ലായ്‌പോഴും സംഭവിക്കുന്നത് 1 തിമൊ 1:5 പറയുന്ന ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹത്തിൽ മായം കലരുന്ന നിമിഷം മുതൽ ബന്ധങ്ങളിൽ അതിന്റെതായ പരിണിത ഫലങ്ങൾ ദർശിക്കുവാൻ തുടങ്ങുന്നു എന്നുള്ളത് തന്നേ.

നാം കാണിക്കുന്ന ആത്മാർത്ഥതയിൽ കളങ്കമില്ലാത്ത സ്നേഹവും വിശ്വസ്തതയും ഉണ്ടായിരിക്കണം എന്നതാണ് തത്വം. എന്നാൽ ഇതിലും പലപ്പോഴും കീടശല്യം ഉണ്ടാകുന്നു എന്നതാണ് വേദന ജനകം. അവിടെയാണ് നീരസങ്ങളും, സംശയങ്ങളും, അവിശ്വാസവും ഉടലെടുക്കുന്നത്. അങ്ങനെ ഒരു തരിയെങ്കിലും സംശയമോ അവിശ്വാസമോ ബന്ധങ്ങളിൽ വീണാൽ അത് തുരുമ്പിക്കാൻ തുടങ്ങി വലിയ വിള്ളൽ ആയി മാറി ബലം ക്ഷയിക്കുവാനും തകർന്നുപോകുവാനും ഇടയായിത്തിരുന്നു. ഇവകൾ കൂടാതെ നുണകളും രഹസ്യങ്ങളും ആണ് പലപ്പോഴും ബന്ധങ്ങളെ ഇല്ലാതെയാക്കുന്നത് എന്നുകൂടി പറയേണ്ടിവരുന്നു.

പണ്ടുകാലങ്ങളിൽ വളരെ കഷ്ട്ടപ്പെട്ട് നടന്നും ബസ്സ് കയറിയും മറ്റും വിരുന്നു പോയി ഇല്ലായ്മയിൽ നിന്നും ഉള്ളതെടുത്ത് സ്നേഹത്തോടെ പൊതിഞ്ഞുകെട്ടി കൊണ്ടുപോയി സന്തോഷത്തോടെ സമ്മാനിച്ച് കഴിച്ചും കുടിച്ചും മടങ്ങുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അന്ന് വണ്ടിക്കൂലി ആയി കിട്ടുന്ന ചില്ലികാശിന് ഇന്നത്തെ ലക്ഷങ്ങളുടെ വിലയുണ്ടായിരുന്നു. ആ സ്നേഹത്തിനും ബന്ധങ്ങൾക്കും ഒരു പ്രേത്യേക സൗരഭ്യവും മധുരവും ഉണ്ടായിരുന്നു എന്നതല്ലേ സത്യം. ഇന്ന് അതെല്ലാം പരിപൂർണമായി അപ്രത്യക്ഷമായിരിക്കുന്നു. എല്ലാവർക്കും അവനവന്റെ കാര്യം മാത്രം എന്ന അവസ്ഥയിലേക്ക് ഒതുങ്ങി പോയിരിക്കുന്നു. അതുകൊണ്ട് സ്വന്ത രക്തബന്ധങ്ങളെ പൊലും തിരിച്ചറിയാൻ കഴിയാത്ത ഒരു തലമുറയെ നാം വാർത്തെടുത്തു എന്നു പറയുന്നതാകും ശരി.

ഇന്ന് സഹോദര്യ ബന്ധങ്ങളിലും ആത്മീക ബന്ധങ്ങളിലും കാണാനില്ലാത്തതും നഷ്ടമായതുമായ ഒരു പ്രധാന ഘടകം സൗഹൃദ സന്ദർശനം (Friendly Visit) അല്ലേ!!. ഇന്നത് പേരിനുപോലും കാണാനില്ല എന്നതല്ലേ സത്യം. ഇന്നത്തെ സോഷ്യൽ മീഡിയയും ആധുനിക മൊബൈൽ ഫോൺ മറ്റും വരുന്നതിനു മുൻപ് വല്ലപ്പോഴുമെങ്കിലും പരസ്പരം സാമൂഹിക സന്ദർശനവും (Social Visit) സൗഹൃദ സന്ദർശനവും ഉണ്ടായിരുന്നില്ലേ?. എന്നാൽ ഇന്ന് അത് തികച്ചും യാന്ത്രികമായി മാറി പ്രവർത്തിപദത്തിൽ ഒട്ടും തന്നേ ഇല്ലാതെ ആയിരിക്കുന്നു എന്നതല്ലേ വാസ്തവം. പ്രവർത്തി ഇല്ലാത്ത പ്രസംഗം, പ്രാർത്ഥന, സ്നേഹ ബന്ധങ്ങൾ നിർജീവം എന്ന് വേണം വിളിക്കുവൻ. ചിലർ പറയുന്നത് കേൾക്കാം ഞാൻ ആരുടെയും വീട്ടിൽ പോകില്ല, ഇങ്ങോട്ട് വന്നില്ലായെങ്കിലും ഒരു പരാതിയും പരിഭവവും ഇല്ല. അങ്ങനെ പറയുന്നതിന്റെ ന്യായീകരണം എന്തെന്ന് മനസ്സിലാകുന്നില്ല. എല്ലാവരും ഇപ്പോൾ പഴിചാരുന്നത് സമയത്തെയാണ്. അന്നും ഇന്നും ഇരുപതിനാല് മണിക്കൂർ ഉണ്ടായിരുന്നു അതിന് മാറ്റം വന്നിട്ടില്ല എന്നതല്ലേ സത്യം.

ബന്ധങ്ങൾ ഒരു സ്പടികത്തിനു തുല്യമല്ലേ, ഒരു നിമിഷത്തിന്റെ ഒരംശം പോലും എടുക്കുമോ വീണുടയാൻ. ഒരിക്കൽ ഉടഞ്ഞാൽ പൂർവ്വ സ്ഥിതിയിൽ കൂട്ടി യോജിപ്പിക്കാനോ വരുത്താനോ ആർക്കെങ്കിലും സാധിക്കുമോ?. ഇന്ന് എല്ലാവരും ആരു വലിയവൻ ആരും ചെറിയവൻ എന്നു സ്ഥാപിക്കാനുള്ള മത്സരബുദ്ധിയോടുള്ള ഓട്ടമല്ലേ. ഒന്നു താഴ്ത്തി കൊടുക്കാൻ ഒന്നു വിട്ടുകൊടുക്കാൻ മനോഭാവം ഇല്ലാത്ത സ്ഥിതിയിൽ എത്തിച്ചേർന്നില്ലേ നാം എല്ലാവരും. ഇന്ന് എനിക്ക് എല്ലാം ഉണ്ട്, എനിക്ക് ആരുടെയും ആശ്രയം വേണ്ടാ, എനിക്ക് ഒറ്റക്ക് എല്ലാം ചെയ്യാൻ അറിയാം എന്നാ ചിന്താഗതി മനുഷ്യനെ മനുഷ്യൻ അല്ലാതാക്കി എന്നു വേണം പറയാൻ.

നമ്മുടെ സ്വന്ത സഹോദരങ്ങളുടെയും സഭയിലെ ആത്മീക സഹോദരങ്ങളുടേയും ഭവനങ്ങളിൽ ഒരു സൗഹൃദ സന്ദർശനവും, സ്നേഹ സന്ദർശനവും നടത്തി അവരുമായി കുശലപ്രശ്നങ്ങളും ചെയ്ത് ക്ഷേമങ്ങൾ അന്വേഷിച്ച് അവരുടെ ഇല്ലായ്മകൾ തിരിച്ചറിഞ്ഞ്, അവരുടെ വേദനകൾ ചോദിച്ചറിഞ്ഞ് പ്രാത്ഥനാവിഷയങ്ങൾ പങ്കുവെച്ച് ആത്മാർഥമായി അവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചിട്ട് എത്ര മാസങ്ങളും വർഷങ്ങളും ആയിരിക്കുന്നു എന്ന് സ്വയം ശോധന ചെയ്യേണ്ടത് അത്യാവശ്യമല്ലേ!!. സദൃ 16:24 “ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ”. സഭയിലേയും കുടുംബങ്ങളിലേയും എല്ലാഅംഗങ്ങളെ പേരുപോലും എടുത്തുപറഞ്ഞ് പ്രാർത്ഥിക്കാൻ അറിയാത്ത സ്ഥിതിയിൽ നമ്മുടെ ബന്ധങ്ങൾ എത്തിച്ചേർന്നിരിക്കുന്നു എന്നത് വിരോധാഭാസം അല്ലേ. എന്താണ് ഇതിനെല്ലാം വിലങ്ങുതടിയായി നിൽക്കുന്നതെന്ന് നാം സ്വയം കണ്ടുപിടിക്കണം.

എന്റെ ബാല്യകാലങ്ങളിൽ കൂട്ടം കൂട്ടം ആയി രാത്രിയുടെ യാമങ്ങളിൽ പ്രാർത്ഥന കഴിഞ്ഞ് നടന്നു വന്ന കാലങ്ങൾ ഓർത്ത്പോകുന്നു. ഇന്ന് പ്രകൃതി മാറി കാലാവസ്ഥ മാറി അനാരോഗ്യം നിമിത്തം പലർക്കും നടന്നുപോകാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വാഹനം പിടിച്ചു പോകാനും പ്രയാസം ആകുമ്പോൾ പലരും ഇന്ന് പോകുന്നില്ല എന്ന തീരുമാനത്തിൽ എത്തിച്ചേരാൻ നിർബന്ധിതരായി തീരുന്നു എന്നതല്ലേ സത്യം.

പിന്നെ ചിലർ പറയമായിരിക്കും ഞങ്ങൾ അവരുടെ വീട്ടിൽ കോട്ടേജ് മീറ്റിംഗിൽ പോകുന്നുണ്ടല്ലോ. അതെങ്ങനെ ശരിയാകും ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന നിനക്ക്, എങ്ങനെ അതിനെ സ്നേഹ സന്ദർശനത്തിന്റെ കണക്ക്‌ ബുക്കിൽ എഴുതി ചേർക്കാൻ സാധിക്കും. യോഗം കഴിഞ്ഞാൽ ആമേൻ പറയുന്നതു പോലും സ്വന്തം വാഹനത്തിന്റെ ഉള്ളിൽ ഇരുന്ന് ഡോർ വലിച്ചടച്ചുകൊണ്ടായിരിക്കും എന്നതല്ലേ സത്യം. ഒന്ന് മിണ്ടാൻ ഒന്ന് കൈകൊടുക്കാൻ, ഒന്ന് പുഞ്ചിരിക്കാൻ സമയവും മനസ്സും ഇല്ലാത്തവർ എങ്ങനെ ബന്ധങ്ങൾ പുതുക്കിയെടുക്കും. ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഏറ്റവും വലിയ അപരാധമാണ് മിക്കവരിലും പ്രത്യക്ഷത്തിൽ കാണുന്നത്.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.