ലേഖനം: സ്വര്‍ഗ്ഗത്തിന്‍റെ സ്ഥാനപതികള്‍ | റോജി തോമസ് ചെറുപുഴ

“ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.” (2 കൊരിന്ത്യര്‍ 5:20)

യേശു ക്രിസ്തുവിലൂടെ, അനുരഞ്ജനത്തിന്‍റെ നൂല്‍ വഴി നമ്മെ സ്രഷ്ടാവിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. വീണ്ടെടുപ്പിന്‍റെയും കൃപയുടെയും ഒരു ബലിയാല്‍, പുത്രന്‍റെ ത്യാഗത്തിലൂടെ നമ്മെയും പിതാവുമായി ബന്ധിപ്പിക്കുന്നു. “അവനില്‍ സര്‍വ്വസമ്പൂര്‍ണ്ണതയും വസിപ്പാനും അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തം കൊണ്ടു അവന്‍ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്‍ഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി” (കൊലൊസ്സ്യര്‍ 1:19-20).
ഈ ബന്ധത്താലും രക്ഷാകര പദ്ധതിയില്‍ പങ്കുകാരും അവകാശികളും ആയതിനാലും നാം ക്രിസ്തുവിന്‍റെ സ്ഥാനപതികളായി നിയമിക്കപ്പെട്ടിരിക്കുന്നു. ഈ ശ്രേഷ്ഠതയ്ക്കൊപ്പം ഗൗരവമേറിയ ഒരു ഉത്തരവാദിത്തമുണ്ട് – ദൈവത്തിന് വേണ്ടി ക്രിസ്തുവിശ്വാസത്തിലേക്ക് മറ്റുവരെ നയിക്കുവാനും രക്ഷയുടെ മാര്‍ഗ്ഗദീപങ്ങളായി നില്‍ക്കുവാനും ഉള്ള ഒരു ദൈവിക ദൗത്യം. നാം കേവലം സന്ദേശവാഹകരല്ല; മറിച്ച് കുരിശില്‍നിന്ന് ഒഴുകിയതും നാം പ്രാപിച്ചതുമായ അനുരഞ്ജന സ്നേഹഹത്തിന്‍റെ പ്രതിനിധികളും വക്താക്കളുമാണ്.

ഒരു രാജ്യം അതിന്‍റെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനും മറ്റ് രാജ്യങ്ങളുമായോ അന്താരാഷ്ട്ര സംഘടനകളുമായോ ഉള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ നിയമിക്കുന്ന നയതന്ത്ര പ്രതിനിധിയാണ് അംബാസഡര്‍. നയതന്ത്രത്തില്‍ അംബാസഡര്‍മാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു, അവരുടെ മാതൃരാജ്യത്തിന്‍റെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും നയതന്ത്രബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പ്രവര്‍ത്തിക്കുന്നു.
ഒരു സ്ഥാനപതി അഥവാ അംബാസഡര്‍ രാജ്യത്തിന്‍റെ പ്രതിനിധിയും അതിലുപരി ആ രാജ്യത്തിനു തക്കതായ ബഹുമാനവും സ്ഥാനവും കല്പിച്ചുനല്‍കപ്പെട്ട വ്യക്തിത്വമാണ്. അദ്ദേഹമേല്‍ക്കുന്ന അധിക്ഷേപങ്ങളോ അതിക്രമങ്ങളോ ഏതുമാകട്ടെ അത് താന്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോടു ചെയ്യുന്നതു തന്നെയാകുന്നു. ആകയാല്‍ ക്രിസ്തുവിന്‍ സ്ഥാനപതികളായ നാമും ഏല്‍ക്കുന്ന നിന്ദകളും പരിഹാസങ്ങളും പുകഴ്ചയും ഉന്നതിയും എല്ലാം ക്രിസ്തുവില്‍ അവിടുത്തേക്കാകുന്നു.

അതുപോലെ ഒരു സ്ഥാനപതി, അവരുടെ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്ന നിലയില്‍, അവരുടെ ചുമതലകള്‍ ഫലപ്രദമായി നിറവേറ്റുന്നതിനുള്ള ചില വ്യക്തിത്വ സവിശേഷതകളും കഴിവുകളും ഉണ്ടായിരിക്കുമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നു. അവയാകട്ടെ; നയതന്ത്രം, സംവേദനക്ഷമത, ആശയവിനിമയ ചാതുരി, ചര്‍ച്ച ചെയ്യാനുള്ള കഴിവുകള്‍, പ്രശ്ന പരിഹാരം, വിവേകം, സമഗ്രത, നേതൃത്വം, സഹിഷ്ണുത അങ്ങനെ പലതും. ഇവയൊക്കെയും ഭൗമിക അംബാസഡര്‍മാര്‍ക്ക് ഗുണഗണങ്ങളാകുമ്പോള്‍; ക്രിസ്തുവില്‍ ദൈവരാജ്യത്തിന്‍റെ ഭൂമിയിലെ സ്ഥാനപതികള്‍ക്ക് ആത്മാവിന്‍റെ ദാനങ്ങള്‍ തന്നെയാണ് ശ്രേഷ്ഠ ഗുണഗണങ്ങള്‍. “ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” (ഗലാത്യര്‍ 5:22-23).

നമ്മള്‍ സംസാരിക്കുന്ന ഓരോ വാക്കിലും, ചെയ്യുന്ന ഓരോ പ്രവൃത്തിയിലും, ‘ദൈവവുമായി അനുരഞ്ജനപ്പെടുവിന്‍’ എന്ന വിശുദ്ധമായ ഭാരം നാം വഹിക്കുന്നു. ഇത് ദൈവിക ആശ്ലേഷത്തിലേക്കുള്ള ക്ഷണമാണ്, ഇവിടെ കൃപയാല്‍ പാപങ്ങള്‍ക്ക് മേല്‍ വിജയവും ലഭിക്കുന്നു. അംബാസഡര്‍മാരായി, അനുരഞ്ജനത്തിന്‍റെ വക്താക്കളായി നാം വീണുപോകുന്നവരുടെയും വീണ്ടെടുപ്പുകാരന്‍റെയും മദ്ധ്യേ പ്രവര്‍ത്തിക്കുന്നു. ദൈവം തന്‍റെ അനന്തമായ കാരുണ്യത്താല്‍, മനുഷ്യത്വത്തിനും ദൈവികതയ്ക്കും ഇടയിലുള്ള അന്തരം ഇല്ലായ്മ ചെയ്ത് ക്രിസ്തുവില്‍ നമ്മെ ചേര്‍ത്തു നിര്‍ത്തുന്നുവെന്ന് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാക്കുന്നുവെന്ന് നാം ലോകത്തോട് പ്രഖ്യാപിക്കുന്നു. ഈ സന്ദേശം പ്രതിധ്വനിപ്പിക്കുക എന്നതാണ് നമ്മുടെ കടമ.

പാപങ്ങള്‍ നമുക്കെതിരെ കണക്കാക്കുന്നില്ല, കാരണം ക്രിസ്തു നമുക്കുവേണ്ടി പാപമായിത്തീര്‍ന്നു. പാപമില്ലാത്തവന്‍ മനസ്സോടെ നമ്മുടെ ലംഘനങ്ങളുടെ ഭാരം കുരിശായി ചുമന്നു, സ്വന്തം ഇച്ഛയാല്‍ പിതൃഹിതാനുസരണം ശരീരത്തിലും മനസ്സിലും പീഢനങ്ങളേറ്റു രമ്യതയും രക്ഷയും നമുക്ക് ദാനമായി തന്നു. “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാന്‍ 3:16). തുടര്‍ന്നും വിശ്വസിക്കുന്നവരെ ഏവരെയും ആ സ്വര്‍ഗ്ഗീയാനുഭവത്തിനും ദാനത്തിനുമായി ക്ഷണിക്കുന്നു പങ്കുകാരാക്കുന്നു. ഈ ദിവ്യമായ സമ്പാദ്യം അഥവാ അനുതപിക്കുന്ന ഹൃദയത്തെ അലങ്കരിക്കുന്ന കൃപയുടെ വസ്ര്തമായ ദൈവത്തിന്‍റെ നീതി ഏവര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു, അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു” (റോമര്‍ 3: 23-24).

ക്രിസ്തുവിന്‍റെ അംബാസഡര്‍മാരായി നമുക്ക് വിശ്വാസത്തോടും വിശ്വസ്തതയോടും കൂടി നമ്മുടെ വിളി സ്വീകരിക്കാം. നമ്മുടെ ജീവിതത്തില്‍ അനുരഞ്ജനത്തിന്‍റെ രക്ഷയുടെ അനുഗ്രഹം പ്രതിഫലിക്കട്ടെ, നാം കണ്ടുമുട്ടുന്ന എല്ലാവരോടും ദൈവിക രക്ഷയെ പ്രതിധ്വനിപ്പിക്കട്ടെ: ‘ദൈവവുമായി അനുരഞ്ജനം നടത്തുക.’ എന്തെന്നാല്‍, ഈ വിശുദ്ധ ദൗത്യത്തില്‍, ദൈവസ്നേഹത്തിന്‍റെ പ്രഘോഷണത്തില്‍ നാമും പങ്കാളികളായിരിക്കുന്നു. മറ്റുള്ളവരെ വീണ്ടെടുപ്പിന്‍റെയും കൃപയുടെയും ദൈവിക പദ്ധതിയിലേയ്ക്ക് ആകര്‍ഷിക്കുന്ന വിശുദ്ധ സ്ഥാനപതികള്‍! ദൈവം നമ്മെ വഴിനയിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.