ലേഖനം: കേട്ട സയൻസും അറിഞ്ഞ സത്യവും | Johnsly P Varghese

രു കോടി അല്ലെങ്കിൽ 10 മില്യൺ എന്ന സംഖ്യ ഒരു സെക്കൻഡിൽ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ എണ്ണാൻ തുടങ്ങിയാൽ ഒരു കോടി വരെ എണ്ണുവാൻ ഏകദേശം മൂന്നര മാസത്തിന് മുകളിൽ സമയം എടുക്കും (10,000,000/(24*60*60*30) (വലിയ സംഖ്യയിലേക്കെത്തുമ്പോൾ ഒരു സെക്കൻഡിൽ ഒരു സംഖ്യ പറയുവാൻ സാധ്യമാകില്ല എന്ന വാസ്തവം അവഗണിച്ചാൽ പോലും). ഇത് തുടർമാനമായി ഊണും, ഉറക്കവും ഒന്നും ഇല്ലാതെ എണ്ണിയാൽ പോലും എടുക്കുന്ന ഏറ്റവും കുറഞ്ഞ സമയം ആണ് (മൂന്നര മാസം). നമ്മൾക്ക് അറിയാം, നമ്മൾ ജീവിക്കുന്ന ഭൂമി ഉൾപ്പടെ ഉള്ള 8 ഗ്രഹങ്ങൾ വലയം വെയ്ക്കുന്നത് സൂര്യൻ എന്നു നമ്മൾ വിളിക്കുന്ന നക്ഷത്രത്തെ ആണ്. ഈ സൂര്യനെ പോലെ ഉള്ള 100 ബില്ല്യൻ നക്ഷത്രങ്ങൾ ആണ് നമ്മൾ ഉൾപ്പെടുന്ന ഗാലക്സി ആയ ക്ഷീരപഥ (Milky Way) ത്തിൽ ഉള്ളത്. 100 ബില്ല്യൻ എന്നു പറയുന്നത് 10,000 കോടി അല്ലെങ്കിൽ 1 ലക്ഷം മില്യൺ ആണ്. അതായത് തുടർച്ചയായി എണ്ണിയാൽ കുറഞ്ഞത് മൂന്നര മാസം എടുക്കുന്ന സംഖ്യയുടെ 10,000 ഇരട്ടി. എത്ര വലിയ സംഖ്യ ആണെന്ന് ഊഹിക്കാൻ അല്പം ബുദ്ധിമുട്ടാണ് അല്ലേ? ഇത് ഒരു ഗാലക്സിയിൽ മാത്രം ഉള്ള നക്ഷത്രങ്ങൾ ആണ്. ശാസ്ത്ര ലോകം പറയുന്നത് ഈ പ്രപഞ്ചത്തിൽ ഏകദേശം 2 ട്രില്യിൻ ഗാലക്സികൾ ഉണ്ടെന്നാണ്. ഇനി ഒരു ട്രിലിയൻ എത്ര എന്നു പറയട്ടേ? ഒരു ലക്ഷം കോടി….. തല കറങ്ങുന്നത് പോലെ തോന്നുന്നു അല്ലേ? ഈ ഓരോ ഗാലക്സിയിലും മുന്പ് പറഞ്ഞത് പോലെ 10,000 കോടി വീതം നക്ഷത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. അപ്പോൾ മൊത്തം നക്ഷത്രങ്ങളുടെ എണ്ണം എത്ര എന്നു പറയേണ്ട കാര്യം ഇല്ല. ഒരു അതിഭീകര, മനുഷ്യ മസ്തിഷ്കം കൊണ്ട് മനസിലാക്കാൻ കഴിയുന്ന സംഖ്യകൾക്ക് അതീതം. ഈ സംഖ്യ ഭൂമിയിൽ ഉള്ള മുഴുവൻ മണൽ തരികളെക്കാൾ അധികം ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം ആണല്ലേ? എന്നാൽ അതാണ് വാസ്തവം.

Dark Energy, Dark Matter ഈ വാക്കുകൾ നമ്മൾ പലരും കേട്ടിട്ടുണ്ടായിരിക്കും. എന്താണ് ഇത്? ആർക്കും അറിയില്ല. അത് കൊണ്ടാണ് അതിനു “Dark” energy എന്നും “Dark” matter എന്നും പറയുന്നത്. കാരണം ഇതെന്താണെന്ന് ഇന്നും അറിയില്ല. മുൻപത്തെ ഖണ്ഡികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നമ്മൾക്ക് അറിയുന്ന പ്രപഞ്ചത്തിന്റെ എത്ര ശതമാനം ആണെന്ന് അറിയാമോ? വെറും 5 ശതമാനം. ബാക്കി 95 ശതമാനത്തിൽ 68 ശതമാനം “Dark Energy” യും 27 ശതമാനം “Dark Matter” ഉം ആണ്. ഒരു ആപ്പിളും 10 ആപ്പിളും തമ്മിൽ ഉള്ള വ്യത്യാസം നമുക്ക് മനസ്സിൽ കാണുവാൻ കഴിയും. എന്നാൽ അത് 1000 ആപ്പിൾ ആയാലോ? 1 ലക്ഷം ആപ്പിൾ ആയാലോ? ഒരു വലിയ കൂട്ടം ആപ്പിൾ എന്നല്ലാതെ ഇത് തമ്മിൽ ഉള്ള വ്യത്യാസം നമുക്ക് ഗ്രഹിക്കാൻ കഴിയില്ല എന്നത് പോലെ തന്നെ കോടി കോടി നക്ഷത്രങ്ങൾ എന്ന് പറയുമ്പോൾ അതിഭയങ്കര വലിയ ഒരു കൂട്ടം എന്നേ മനുഷ്യന് ഗ്രഹിക്കാൻ പറ്റൂ. ശാസ്ത്രത്തിന് അറിവുള്ള കാര്യങ്ങൾ തന്നെ മനുഷ്യ ബുദ്ധിക്ക് അതീതം എങ്കിൽ, അറിയാത്തത് അതിന്റെ എത്രയോ ഇരട്ടി വലിയത്, എത്ര ഭീകരം? മനുഷ്യ മസ്തിഷ്കത്തിന് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറം പ്രപഞ്ച സൃഷ്ടാവ് എന്തൊക്കെയോ മറച്ചു വെച്ചിരിക്കുന്നു.

സ്ത്രത്തിന് തെളിയിക്കാൻ കഴിയാത്ത എത്രയോ വസ്തുതകൾ ഉണ്ട്. നമ്മൾക്ക് എല്ലാവർക്കും അറിയാം കാന്തം എന്താണെന്ന്. എന്നാൽ കാന്തത്തിന് എങ്ങനെ ആ പ്രത്യേകത ലഭിക്കുന്നു? ശാസ്ത്രം പറയുന്നു ആറ്റത്തിന് ഉള്ളിലുള്ള ഇലെക്ട്രോൺസ് ആണ് അതിനു കാരണം. പക്ഷേ ഈ ഇലെക്ട്രോൺസിന് എങ്ങനെ കാന്തിക ശക്തി ലഭിക്കുന്നു? അത് ഒരു വസ്തുത ആണെന്നാണ് ശാസ്ത്രം പറയുന്നത്. ബിഗ് ബാങിൽ നിന്നാണ് ഇന്ന് കാണുന്ന പ്രപഞ്ചം ഉണ്ടായത് എന്നു പരക്കെ അറിയുന്ന കാര്യം ആണ്. എന്നാൽ സയൻസിന്റെ എല്ലാ തത്ത്വങ്ങളും ബിഗ് ബാങ്ങിന്റെ   10-3 സെക്കൻഡിൽ ഇല്ലാതെ ആവും. അതിനു മുന്പ് എന്തു സംഭവിച്ചു? ആർക്കും അറിയില്ല. എന്തു കൊണ്ട് പക്ഷികൾ ദേശാടനം ചെയ്യുന്നു? എങ്ങനെയാണ് സൈക്കിൾ സ്ഥിരം ആയി നില്ക്കുന്നത്? അല്ലെങ്കിൽ എന്തു കൊണ്ടാണ് ചവിട്ടുമ്പോൾ നേരേ പോകുന്നത്? ഭൂമിയിൽ ജീവിച്ചവരിൽ ഏറ്റവും പ്രഗല്ഭനായ ശാസ്ത്രഞ്ചൻ ആയ Albert Einstein ന്റെ ഏറ്റവും പ്രശസ്തം ആയ തത്ത്വം ആണ് “Special Theory of Relativity”. അതിന്റെ അടിസ്ഥാനം, പ്രകാശ വേഗത ഒരു constant ആണെന്നാണ്. എന്നാൽ അതെങ്ങനെ മാറ്റം ഇല്ലാത്തതായി നിലനിൽക്കുന്നു എന്നതിന് ഉത്തരം ഇല്ല.

അതങ്ങനെ ആണ്. ഈ പ്രപഞ്ചത്തിൽ ഉള്ളതിൽ മനുഷ്യ ബുദ്ധിക്ക് സങ്കല്പിക്കാൻ അല്ലെങ്കിൽ മനസിലാക്കാൻ കഴിയുന്നത് മാത്രമേ മനുഷ്യൻ കണ്ടു പിടിക്കുകയുള്ളൂ. മറ്റെല്ലാം അതിനും എത്രയോ അകലെ ആണ്. 2 ട്രിലിയൻ എങ്ങനെയോ മനുഷ്യന് മനസിലാക്കാൻ കഴിയുന്നില്ല അത് പോലെ തന്നെ ആണ് ചിന്തകൾക്ക് അതീതനായ ദൈവം. ഇതിനെല്ലാം അപ്പുറം ഇതിനെല്ലാം കാരണഭൂതൻ ഇന്നും വസിക്കുന്നു. ഇയ്യോബിന്റെ പുസ്തകം 38-ാം അദ്ധ്യായത്തിൽ യെഹോവ ചുഴലികാറ്റിൽ നിന്ന് കൊണ്ട് ഇയ്യോബിനോട് അരുളിചെയ്യുന്നത് എല്ലാം ഇങ്ങനെ ഉള്ള കാര്യങ്ങളുടെ ആഴങ്ങൾ തന്നെ ആണ്. എല്ലാറ്റിനും അടിസ്ഥാനം ഇട്ടതും അതിർ നിയമിച്ചതും താൻ ആണെന്ന് പറഞ്ഞിട്ട് അതിന്റെ 11-ാം വാക്യത്തിൽ യെഹോവ ഇങ്ങനെ അരുളിചെയ്യുന്നു “ഇത്രത്തോളം നിനക്കു വരാം; ഇത് കടക്കരുത്”. ശാസ്ത്രത്തെ കൂട്ടുപിടിച്ച് മനുഷ്യൻ എത്രയൊക്കെ എത്തിപ്പിടിക്കാൻ ശ്രെമിച്ചാലും അതിനെല്ലാം ഒരു പരിധി ഉണ്ട്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇന്നത്തെ പെന്തകോസ്ത് യുവാക്കൾ പലരും ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ ജീവിക്കുന്നു എന്നാണ്. ശാസ്ത്രത്തിനും ശാസ്ത്രചിന്തകൾക്കും അനുഭാവം പ്രകടിപ്പിച്ചു ഇന്നത്തെ തലമുറ ആയിരിക്കുന്നു. ജീവിത സാഹചര്യങ്ങളെ അനുകൂലം ആക്കാൻ ശാസ്ത്രം സഹായിക്കുന്നുണ്ട് എന്നത് ശരി തന്നെ. എന്നാൽ, ഉള്ള സാഹചര്യങ്ങളിൽ എങ്ങനെ ജീവിക്കാം അല്ലെങ്കിൽ അനുകൂലം അല്ലാത്ത സാഹചര്യങ്ങളെ അനുകൂലം ആക്കുന്ന ഒരു ശക്തി നമുക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്ന വസ്തുത മറന്നു നാം ജീവിക്കരുത്. പ്രിയ കൂട്ടുകാരെ, സ്നേഹിതരേ, നിങ്ങൾ മനസിലാക്കണം നമ്മുടെയെല്ലാം ബുദ്ധിക്ക് ചില പരിമിതികൾ ഉണ്ട്. ശാസ്ത്ര തത്ത്വങ്ങൾ ഉപയോഗിച്ച് എത്രയൊക്കെ എത്തിപ്പിടിക്കാൻ നാം ശ്രെമിച്ചാലും ചിലതൊക്കെ അപ്രാപ്യം ആയി നിൽക്കുക തന്നെ ചെയ്യും. അത് കൊണ്ട് കേട്ട, കേൾക്കുന്ന, കേൾക്കാൻ പോകുന്ന ശാസ്ത്രം ഈ ലോകജീവിതത്തിന് ആവശ്യം ഉള്ളത് മാത്രം ആണെന്ന് തിരിച്ചറിഞ്ഞ്, സഭാപ്രസംഗി പറയുന്നത് പോലെ എല്ലാം മായ എന്നു മനസിലാക്കി, നമ്മൾ അറിഞ്ഞ സത്യം ആയ യേശുക്രിസ്തു മാത്രമേ നമ്മെ നേരായ പാതയിൽ നടത്തുക ഉള്ളൂ എന്ന് തിരിച്ചറിയുക. നിത്യതയോളവും സത്യ കൂട്ടാളി നമ്മുടെ രക്ഷകൻ മാത്രം. എല്ലാം അറിയുന്നവൻ, ശാസ്ത്രത്തിനും, സൃഷ്ടികൾക്കും അതീതൻ. ആ നല്ല നാഥന്റെ പാതയേ പിൻഗമിക്കാം, നിത്യതയെ പുല്കിടാം.

-Johnsly P Varghese – Manchester, UK

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.