ശാസ്ത്രവീഥി : മാനുഷപ്രാണൻ വില്പനക്ക് | പാസ്റ്റർ സണ്ണി പി. സാമുവൽ

തമിഴ്നാട്ടിലെ ഈറോഡ് പെരുന്തുറയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബ്ബന്ധിച്ച് അണ്ഡവില്പന നടത്തിയ സംഭവത്തില്‍ തമിഴ്‌നാട്ടിലെ നാലു ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പു ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബ്ബന്ധിച്ചു എട്ടു തവണ അണ്ഡം വില്പന നടത്തിയ സംഭവത്തിലാണു നടപടി. അണ്ഡവില്പന ന കേസില്‍ തിരുവനന്തപുരത്തെ ആശുപത്രിയെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നു. ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു അണ്ഡം നല്കിയെന്നു കണ്ടെത്തിയതോടെയാണു ആശുപത്രി അധികൃതർക്കു തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും സമന്‍സ് അയച്ചത്.

അമ്മയും കാമുകനും നിര്‍ബ്ബന്ധിച്ചു 16 വയസുള്ള പെണ്‍കുട്ടിയെക്കൊണ്ട് അണ്ഡം വില്പന നടത്തിയതു ജൂണ്‍ ഒന്നിനാണു പുറത്തറിയുന്നത്. ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു വില്പന. ഇതില്‍ പെരുന്തുറയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു ഇപ്പോഴത്തെ നടപടി. കേസ് അന്വേഷിക്കുന്ന ഈറോഡ് സൗത്ത് പൊലീസും ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവുമാണു ആശുപത്രികള്‍ക്കു സമന്‍സ് അയച്ചത്.

അണ്ഡം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രികള്‍ കൂടുതല്‍ സമയം തേടി. നിലവിൽ 16 വയസുള്ള പെണ്‍കുട്ടി പുഷ്പിണിയായ 12–ാം വയസു മുതല്‍ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവില്പനയ്ക്കു വിധേയമാക്കിയെന്നാണു പരാതി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ കാമുകൻ, ഇടനിലക്കാരി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒരോ തവണയും അണ്ഡം നല്കിയതിനു അമ്മയും കാമുകനും ആശുപത്രിയില്‍ നിന്നു 20,000 രൂപ വീതവും ഇടനിലക്കാരി 5,000 രൂപ വീതവും കൈപ്പറ്റിയെന്നാണു പൊലീസ് കണ്ടെത്തല്‍. “ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.
വിവാഹിതരായ, ഒരു കുട്ടിയുള്ള, 21-35 പ്രായത്തിലുള്ള  സ്ത്രീകള്‍ക്കു മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ- അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ചു അണ്ഡം വില്പന നടത്തി”, തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്‌മണ്യന്‍ പറഞ്ഞു. “ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണു കണ്ടെത്തിയതെന്നും” അദ്ദേഹം വിശദീകരിച്ചു.

വൻ റാക്കറ്റ്സ് ആണു ഇതിനു പിന്നിലുള്ളത്. മനുഷ്യക്കടത്ത്- അവയവ മാഫിയാ സംഘങ്ങൾ ചില വർഷങ്ങളായി സജീവമാണെന്നു നമുക്കറിയാം. വൻ ഹിമാനികളുടെ അറ്റവും മുറിയും മാത്രമായിരിക്കും പലപ്പോഴും പുറത്തു വരിക.

ബയോ കെമിസ്റ്റ്സ് അയിരുന്ന ഹെർബെർട്ട് ബോയറും സ്റ്റാൻലി കോഹനും ചേർന്നു 1973-ൽ ഒരു ബാക്റ്റീരിയായിൽ നിന്നു വേർതിരിച്ച DNA മറ്റൊരു ബാക്റ്റീരിയായിലേക്കു തിരുകിക്കയറ്റിയതോടെയാണു ജെനെറ്റിക്കൽ എൻജിനീയറിങ് ആരംഭിക്കുന്നത്. തുടർന്നു മെഡിക്കൽ സയൻസ് ഈ രംഗത്തു വൻകുതിച്ചു ചാട്ടമാണു നടത്തിയത്. 1982-ൽ മൂലകാണ്ഡകോശങ്ങളെ (Stem cells) വേർതിരിച്ചു. 1988-ൽ മനുഷ്യനിൽ നിന്നു വേർതിരിച്ചെടുത്ത സ്റ്റെം സെൽസിനെ ലാബിൽ വളർത്തിയെടുക്കാൻ, അഥവാ കൃഷി ചെയ്യുവാൻ, സാധിച്ചു. ഇപ്പോൾ ജീവൻ കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ഇതിന്നായും മനുഷ്യബീജകോശങ്ങളും അണ്ഡങ്ങളും വൻതോതിൽ ആവശ്യമാണ്. ചില സൗന്ദര്യസംവർദ്ധക വസ്തുക്കൾ ഉല്പാദിപ്പിക്കുന്നതിൻ്റെ അസംസ്കൃതവസ്തു അബോർട്ടഡ് ഫീറ്റസും പ്ലാസെൻ്റയും ആണെന്നു കേൾക്കുന്നുണ്ട്.

ഇതെല്ലാം ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തീകരണം ആണ്. ഇത്തരം വിധ്വംസകപ്രവർത്തനങ്ങൾ അന്ത്യകാലത്തു സംഭവിക്കുമെന്നു യോഹന്നാൻ കണ്ടു. “ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, *മാനുഷദേഹം, മാനുഷപ്രാണൻ* എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു” (വെളിപ്പാടു:18:13). ബൈബിൾ വചനങ്ങൾ ഒന്നും നിഷ്ഫലമാവുകയില്ല.  പ്രവചനങ്ങൾ ഒന്നൊന്നായി നിവർത്തിക്കപ്പെടുന്നു. കർത്താവിൻ്റെ വരവും സമീപമായിരിക്കുന്നു. ഒരുങ്ങാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.