ഫിലിപ്പീൻസിൽ കുര്‍ബാന മധ്യേ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്

മനില: തെക്കൻ ഫിലിപ്പീൻസിൽ മരാവിയില്‍ കുര്‍ബാന മദ്ധ്യേ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 4 വിശ്വാസികള്‍ കൊല്ലപ്പെട്ടു. മിൻഡ നാവോ യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ഹാളിൽ ഞായറാഴ്‌ച കുർബാന മധ്യേയാണ് ക്രൂരമായ നരഹത്യ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ ‘റോയിട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ നടുങ്ങിയ വിദ്യാർത്ഥികളും അധ്യാപകരും ഹാളില്‍ നിന്ന് ഇറങ്ങിയോടി. 50 പേർക്ക് പരിക്കേറ്റു.

2017ൽ അഞ്ച് മാസത്തോളം ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യത്തിന്റെ തെക്കൻ നഗരമായ മരാവിയിലെ യൂണിവേഴ്സിറ്റി ജിംനേഷ്യത്തിലാണ് ആക്രമണം നടന്നത്. തങ്ങളുടെ അംഗങ്ങളാണ് ബോംബ് ആക്രമണം നടത്തിയതെന്ന് തെക്കൻ മേഖലയിൽ സ്വാധീനം ചെലുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ടെലിഗ്രാം സന്ദേശത്തിലൂടെ വെളിപ്പെടുത്തി. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അക്രമത്തെ അപലപിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മേഖലയിൽ സാന്നിധ്യമുള്ള ദൗള ഇസ്‌ലാമിയ മാവുട്ടെ എന്ന തീവ്ര ഇസ്ലാമിക ഗ്രൂപ്പിലെ അംഗങ്ങളുമായി ഫിലിപ്പീനി സേന ഏറ്റുമുട്ടിയിരിന്നു. 11 പേരാണ് അന്നു കൊല്ലപ്പെട്ടത്. നേരിട്ട ആക്രമണത്തിന് തീവ്രവാദികളുടെ തിരിച്ചടിയായിരിക്കാം ബോംബാക്രമണമെന്ന് സൈനിക മേധാവി ജനറൽ റോമിയോ ബ്രൗണർ ജൂനിയർ പറഞ്ഞു. അതേസമയം രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളിലും തലസ്ഥാനമായ മനിലയുടെ പരിസരത്തും പോലീസും സൈന്യവും സുരക്ഷ ശക്തമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.