അരനൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ, ചെന്നൈ മുങ്ങി; 5 മരണം

റ്റി.പി.എം സഭാ ആസ്ഥാനമായ ഇരുമ്പല്ലിയൂർ സ്ഥിതിചെയ്യുന്ന കാഞ്ചീപുരം ജില്ലയ്ക്കും സമീപ ജില്ലകളിലും ഇന്നും പൊതു അവധി

ചെന്നൈ: 5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയിൽ ചെന്നൈ നഗരം വൻ ജലാശയമായി മാറി. റ്റി.പി.എം സഭാ ആസ്ഥാനം സ്ഥിതിചെയ്യുന്ന കാഞ്ചീപുരം ജില്ലയും ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുൾപ്പെടെ 5 പേർ മരിച്ചു. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി.

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ രാത്രിയും മഴ തുടർന്നതോടെ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകൾക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന നദികളായ കൂവം, അഡയാർ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. ബേസിൻ ബ്രിജ്, കൊറുക്കുപേട്ട്, അണ്ണാനഗർ, അയനാവരം, മാധവാരം, റെഡ്ഹിൽസ് തുടങ്ങി നഗരത്തിന്റെ എല്ലാ ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി.

ആവഡി, അമ്പത്തൂർ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങൾ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയിൽ തന്നെ വെള്ളക്കെട്ടിലായിരുന്നു. തെക്കൻ ചെന്നൈയിലും മധ്യ ചെന്നൈയിലും ഇന്നലെ പുലർച്ചെയോടെ ജനജീവിതം പൂർണമായും സ്തംഭിച്ചു.

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ, നദികൾ കരകവിയുകയും നഗരത്തിനു ചുറ്റുമുള്ള ജല സംഭരണികൾ തുറന്നുവിടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിൽ അഞ്ചടി വരെ വെള്ളമുയർന്നു. കുത്തിയൊലിച്ച വെള്ളത്തിൽ കാറുകൾ ഒഴുകിപ്പോയി.

മരങ്ങൾ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ ജനങ്ങൾ പൂർണമായി ഒറ്റപ്പെട്ടു. വെള്ളം നിറഞ്ഞ നഗരത്തിലെ എല്ലാ അടിപ്പാതകളും അടച്ചു. പെരുങ്ങുളത്തൂർ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ ജനം ആശങ്കയിലായി. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഉച്ചയോടെ സൈന്യവും രംഗത്തെത്തി. രാത്രിയിലും മഴ തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
ഇന്ന് ഉച്ചയോടെ മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ കര തൊടുമെന്നാണു വിലയിരുത്തൽ. ചുഴലിക്കാറ്റ് ആന്ധ്ര മേഖലയിലേക്കു കുറഞ്ഞ വേഗത്തിൽ നീങ്ങിയതാണു കനത്ത മഴ പെയ്യാൻ കാരണമായത്. ഇന്നലെ ഉച്ചവരെ 34 സെമീ മഴയാണ് ചെന്നൈ നഗരത്തിൽ പെയ്തത്. 2015 ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെമീ മഴയായിരുന്നു. രാത്രിയും തുടർന്ന മഴ ഇന്ന് ശമിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ബേസിൻ ബ്രിജ് പാലത്തിനു സമീപം ജലനിരപ്പ് അപകടനിലയിൽ എത്തിയതോടെ ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെടേണ്ട ട്രെയിനുകൾ റദ്ദാക്കി. കേരളത്തിലേക്കടക്കമുള്ള സർവീസുകൾ ആവഡി, ആർക്കോണം തുടങ്ങിയ സ്റ്റേഷനുകളിൽനിന്നാണ് ആരംഭിച്ചത്. 26 ട്രെയിനുകൾ പൂർണമായും 2 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ട്രെയിനുകളിൽ ചെന്നൈയിലെത്തിയവർ താമസസ്ഥലങ്ങളിലേക്കു പോകാനാകാതെ വലഞ്ഞു. സബേർബൻ സർവീസ് റദ്ദാക്കി. മെട്രോ ട്രെയിൻ സർവീസ് ഇന്നും നടത്തും.

റൺവേ വെള്ളക്കെട്ടിൽ മുങ്ങിയതിനാൽ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നു രാവിലെ 9 വരെ നിർത്തിവച്ചു. 70 വിമാനങ്ങൾ റദ്ദാക്കുകയും 33 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.