ലേഖനം: ദൈവത്തിന്റെ ഹിതം | കെസിയ ജോയി, പയ്യന്നൂർ

“നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ എന്റെ ഹിതം പോലെ അല്ലേ എൻ പിതാവേ എൻ യഹോവേ” നമ്മുടെ ഹിതത്തിന്മേലല്ല ദൈവഹിതത്തിനായി തന്നെ കാതോർത്തു നിൽക്കുന്നു എന്ന് പാട്ടുകളിലൂടെയും പ്രാർത്ഥനകളിലൂടെയും പ്രബോധനങ്ങളിലൂടെയും ഒക്കെ നമ്മൾ പറയാറില്ലേ.. അതിൽ നമ്മൾ എത്ര ശതമാനത്തോളം സത്യസന്ധത പുലർത്താറുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?ദൈവഹിതം ആണെന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും സ്വന്തം ഹിതം തന്നെയല്ലേ? അങ്ങയുടെ ഹിതം പോലെ നടക്കേണമേ എന്നത് വെറും ജല്പനങ്ങൾ ആയി മാത്രം വായിൽ നിന്നും വരേണ്ടുന്ന വാക്കുകൾ ആണോ അതോ സ്വയം സമർപ്പിത പ്രാർത്ഥന ആണോ എന്ന് ഇനി ശോധന ചെയ്യേണ്ടതാണ്.
റോമർ 12:1-2 ഇൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു “സഹോദരന്മാരേ,ഞാൻ ദൈവത്തിന്റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പീൻ. ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ് പുതുക്കി രൂപാന്തരപ്പെടുവിൻ ” ആദ്യത്തെ വാക്യത്തിലേക്ക് നോക്കുകയാണെങ്കിൽ നിങ്ങളുടെ ആരാധന ബുദ്ധിയുള്ള ആരാധന ആയിരിക്കണം എന്ന് കാണാം എന്നതിനർത്ഥം കേവലമായ വാക്കുകൾ കൊണ്ട് കെട്ടിപ്പൊക്കിയ പ്രാർത്ഥനയാവരുത്. നമ്മുടെ ആരാധന യാഗമാണ്.നമ്മുടെ ജീവനും ശരീരവും വിശുദ്ധിയോടെ സമർപ്പിക്കുന്ന യാഗം. കാരണം നമ്മുടെ ശരീരം നമ്മുടെ ആത്മാവ് മാത്രം അല്ല വസിക്കുന്നത്.ദൈവം ദാനമായി നമുക്ക് ഓരോരുത്തർക്കും തന്ന പരിശുദ്ധന്മാവിന്റെ മന്ദിരം കൂടിയാണ്. നമ്മെ ഓരോരുത്തരെയും കർത്താവ് തന്റെ രക്തത്താൽ അവകാശികൾ ആക്കിയിരിക്കുകയാണ് എന്ന് മറക്കരുത്.അതിനാൽ നമ്മൾ നമുക്ക് അവകാശപ്പെട്ടവരല്ല എന്ന് ചുരുക്കം.(1 കൊരി 6:19) നിങ്ങൾ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രെ വേണ്ടത്. സ്വന്തശരീരത്തോട് പാപം ചെയ്യുന്നവൻ തന്നോടല്ല ദൈവത്തോട് അത്രേ പാപം ചെയ്യുന്നത് എന്ന് ഓർക്കുക.
ഇനി രണ്ടാമത്തെ വാക്യത്തിലേക്ക് കടക്കുകയാണെങ്കിൽ ലോകത്തോട് അനുരൂപപ്പെടരുത് എന്ന് ആദ്യം തന്നെ കാണാൻ സാധിക്കും.കർത്താവ് തന്റെ മക്കൾ ഒരിക്കലും കടന്ന് പോകരുത് എന്ന് ആഗ്രഹിക്കുന്ന ലോകത്തിന്റെ മുഖം ഏതായിരിക്കും? ലോകത്തെ സ്നേഹിച്ചവർ ദൈവത്തെ കണ്ടില്ല.. വെളിച്ചം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യരുടെ ദോഷപ്രവൃത്തികൾ കാരണം അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചു..(യോഹന്നാൻ 3:19)ആ ഇരുളിന്റെ മുഖത്തോട് അനുരൂപപ്പെടരുത് എന്ന് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നു ദുർനടപ്പ്,അശുദ്ധി,ദുഷ്കാമം, വിഗ്രഹരാധന, പക,പിണക്കം, ജാരശങ്ക, ക്രോധം, ശാഠയം , ദ്വന്ദപ്പക്ഷം, ഭിന്നത, അസൂയ, വെറിക്കൂത്ത് മുതലായ ജഡത്തിന്റെതായ ഫലങ്ങൾ ആണ് ലോകത്തിന് തരാൻ ഉള്ളത്..ഇതൊക്കെയാണ് ദൈവം പകയ്ക്കുന്ന ലോകത്തിന്റെ.ഇരുളിന്റെ മുഖം.നന്മയ്ക്കു പകരം തിന്മയെ ലോകം അംഗീകരിച്ചു. തന്റെ മക്കൾ തിന്മ വിട്ട് നന്മയെ തേടുന്നവരാകണം.ഇരുളിനെ വിട്ട് വെളിച്ചത്തെ പിൻപറ്റുന്നവരാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു.ലോകം നിങ്ങളെ പകയ്ക്കുന്നുവെങ്കിൽ നിങ്ങൾക്ക് മുന്നേ ലോകത്താൽ പകയ്ക്കപ്പെട്ട കർത്താവ് നമുക്ക് ഉണ്ട് എന്ന് ഓർക്കുക. നിങ്ങൾ ലോകത്തിന് അനുരൂപമാണ് എങ്കിൽ നിശ്ചയമായും ലോകം നിങ്ങളെ സ്നേഹിക്കുമായിരുന്നു. നിങ്ങൾ ലോകക്കാരല്ലാതെ മാറി ദൈവത്തോട് അടുത്തിരിക്കുന്നതാൽ ലോകം നിങ്ങളെ പകയ്ക്കുന്നതിന് കാരണമാകുന്നു.(യോഹന്നാൻ 15:19) മാത്രമല്ല ലോകസ്നേഹികൾ ആകുവാൻ ആഗ്രഹിക്കുന്നവർ എല്ലാം ദൈവത്തിന്റെ ശത്രുക്കൾ ആയി തീരുന്നു എന്ന് രേഖപെടുത്തിയിരിക്കുന്നു (യാക്കോബ് 4:4).ലോകത്തിന്റെ മയികവലയത്തിനു ആകർഷണം കൂടുതലാണ്.നമ്മുടെ മനസ്സിനെ അടുപ്പിക്കാൻ ചെറുതും വലുതുമെന്നോണം ഒത്തിരി കാര്യങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന കാന്തശക്തി അതിനുണ്ട്.ദുർമാർഗത്തിലേക്ക് നയിക്കാൻ കാരണങ്ങളും സാഹചര്യങ്ങളും ചുറ്റിലും ഏറെയാണ്..അതിനാൽ തന്നെ മനസിന്റെ രൂപാന്തരം ആവശ്യമാണ്.ലോകത്ത് എത്ര വിശുദ്ധിയോടെ നടന്നുവെന്നാലും ചെറിയ തെറ്റ് പോലും പറ്റില്ല എന്നല്ല.പക്ഷേ മനസ്സിനെ വീണ്ടും വീണ്ടും ചെത്തി വെടിപ്പാക്കികൊണ്ടിരിക്കുക. രൂപാന്തരം വരുത്തുക.മനുഷ്യന്റെ ഹൃദയത്തിൽ ദൈവത്മാവ് രൂപാന്തരത്തിനുള്ള തോന്നൽ ഉണ്ടാക്കും.ചതിയിലും വഞ്ചനയിലും പെട്ട് വഷളായി പോയ പഴയമനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ മനസ്സിൽ സത്യത്തിന്റെ ഫലമായ നീതിയും വിശുദ്ധിയും ധരിച്ചു ദൈവാനുരൂപിയായ പുതിയ മനുഷ്യനായി മാറണം (എഫെസ്യർ 4:22-24) നമ്മുടെ ചിന്തകൾ ആണ് നമ്മെ നല്ലതിലേക്കും തീയതിലേക്കും നമ്മെ നയിക്കുന്നത്.സത്യമായതും ഘനമായത്തും നീതിയായതും നിർമലമായതും രമ്യമായതും സത്കീർത്തിയായതും സത്ഗുണമോ പുകഴ്ചയോ ഒക്കെയും ചിന്തിച്ചു കൊള്ളേണം.(ഫിലിപ്പിയർ 4:8)ഇങ്ങനെ ദൈവീക വെളിച്ചത്തിൽ മനസ് രൂപാന്തരപ്പെടുത്തുന്ന ദൈവമക്കളോട് ആണ് ദൈവം തന്റെ ഹിതം വെളിപ്പെടുത്തി കൊടുക്കുന്നത്.

ദൈവഹിതത്തിനായി കാത്തിരുന്ന് എന്നോട് ദൈവം ഇടപെടുന്നില്ല എന്ന് വിഷമം പറയുന്നവരോടാണ്..നിങ്ങൾ നിങ്ങളുടെ ശരീരത്തെ വിശുദ്ധിയുള്ള യാഗമായി സമർപ്പിക്കാൻ തയ്യാറാണോ മനസിനെ അതിന്റെ പഴയ ചിന്തകളെ കഴുകി കളഞ്ഞു പുതിയതായി രൂപാന്തരപ്പെടുത്താൻ തയ്യാറാണോ അങ്ങനെ ബുദ്ധിയുള്ള ആരാധനയായി നിങ്ങളെ ദൈവത്തിനായി സമർപ്പിക്കുമ്പോൾ ദൈവത്തിനു നിങ്ങളോടുള്ള ഹിതം വെളിപ്പെട്ടുവരും.യേശുകർത്താവ് ഈ ലോകത്തിൽ ആയിരുന്നപ്പോൾ ലോകത്തിന്റെ തിന്മകളും പരീക്ഷകളും നേരിടേണ്ടി വന്നിട്ടുണ്ട്.. പക്ഷേ പിതാവിന് പൂർണമായും കീഴ്പ്പെട്ടു ലോകമല്ല വലുത് എന്ന് തന്റെ ജീവിതം മാതൃക ആക്കി കാണിച്ചു തന്നു..ക്രിസ്തുവിനെ മാതൃകയാക്കി നമ്മൾ നമ്മുടെ ജീവിതത്തിലും വെളിച്ചം വീശുന്നവരായി ദൈവത്തെ കുറിച്ചുള്ള മനോബോധം ഉള്ളിൽ വച്ച് മനസും ശരീരവും ശുദ്ധിയാക്കി ആത്മാവിന്റെ നല്ല ഫലങ്ങളെ നമ്മുടെ ജീവിതത്തിലൂടെ പുറപ്പെടുവിച്ചാൽ ദൈവം നമുക്ക് കരുതി വച്ചിരിക്കുന്ന നല്ല ദാനങ്ങളെ ദൈവഹിതത്തെ നമുക്ക് പ്രാപിക്കാൻ ഇടയാവും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.