അന്ന് പ്രീഡിഗ്രിയ്ക്ക് ഇംഗ്ലിഷിന് തോറ്റയാൾ ഇന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ട്രേറ്റ് നേടിയ കഥ

പത്തനംതിട്ട: പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് കഠിനാധ്വാനത്താൽ ജീവിതവിജയത്തിലേക്ക് നടന്നടുത്ത അനിൽ കുറിച്ചിമുട്ടത്തിന്റെ ജീവിതാനുഭവങ്ങൾ ആരേയും പ്രചോദിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കുറിച്ചിമുട്ടം എന്ന ഗ്രാമത്തിലാണ് അനിൽ ജനിച്ച് വളർത്തപ്പെട്ടത്. പിതാവ് ഒരു ലോറി ഡ്രൈവർ ആയിരുന്നു. തനിക്ക് ഒരു ഇരട്ട സഹോദരനും സഹോദരിയും ആണ് ഉള്ളത്. ബാല്യത്തിൽ വളരെ പരിതാപകരമായ ജീവിതസാഹചര്യമായിരുന്നു. തന്റെ ഓല മേഞ്ഞ വീട്ടിൽ താമസിക്കുമ്പോൾ ഒരു നല്ല വസ്ത്രം പോലുമില്ലാത്ത കാലം. തികഞ്ഞ മദ്യപാനിയായിരുന്ന പിതാവ് വീട്ടിൽ എന്നും പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. പിതാവിനെ ഭയപ്പെട്ട് വീടിന് സമീപത്തുള്ള പറമ്പിൽ ഒളിക്കുകയായിരുന്നു രാത്രി കാലങ്ങളിൽ അമ്മയും മക്കളും ചെയ്തിരുന്നത്. ആ കുടുംബത്തിൻറെ കണ്ണുനീർ മുഖേന പിൽക്കാലത്ത് പിതാവ് രക്ഷിക്കപ്പെടുവാനും മദ്യപാനം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.

ചെറുപ്രായം മുതലേ മാതാവിനോട് ചേർന്നു പ്രാർത്ഥനയ്ക്കും മറ്റും പോകുന്ന പതിവുണ്ടായിരുന്നു. കൺവെൻഷനുകളിൽ പങ്കെടുക്കുവാൻ തന്റെ ചെറിയ സൈക്കിളിൽ കൂട്ടുകാരോട് ഒന്നിച്ച് ആവേശത്തോടെ പോകുമായിരുന്നു. 1994 ൽ കർത്താവിനെ രക്ഷകനായി സ്വീകരിക്കുവാൻ ഭാഗ്യം ലഭിച്ചു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഏതെങ്കിലും ഒരു വർക് ഷോപ്പിൽ വിട്ട് വണ്ടിപ്പണി പഠിപ്പിക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. സുവിശേഷവേല ചെയ്യണം എന്ന അതിയായ ആഗ്രഹം അനിലിന് ഉണ്ടായിരുന്നു. അതിനായി നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഒരു രാത്രിയോഗം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, അതിശക്തമായ ദൈവശബ്ദം ഹൃദയത്തിൽ മുഴങ്ങി. “എന്റെ വചനം പ്രസംഗിക്കാൻ നിനക്ക് ഉത്തരവാദിത്വം ഉണ്ട് ” എന്നായിരുന്നു ആ ശബ്ദം . അതനുസരിച്ച് മണക്കാലയിലുള്ള ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ വേദപഠനത്തിനായി ചേർന്നു. ആ സമയത്തു സാമ്പത്തികമായി ഞെരുക്കം കാരണം ഫീസിനും വസ്ത്രത്തിന് വേണ്ടിയും ബുദ്ധിമുട്ടിയ അനുഭവങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവർ ഉപയോഗിച്ച് ഉപേക്ഷിച്ച പാന്റുകൾ പോലും ധരിക്കേണ്ടി വന്ന സാഹചര്യം. വണ്ടിക്കൂലി ഇല്ലാത്തതിനാൽ പന്തളത്തു നിന്നും അടൂർ വരെ പലപ്പോഴും നടന്നുപോലും പോയിട്ടുണ്ട്.

തീഷ്ണമായ പല ജീവിത അനുഭവങ്ങളിലൂടെയും പോയപ്പോൾ കണ്ണുനീരോടെ അനിൽ ദൈവത്തോട് ചോദിച്ചിട്ടുണ്ട് , “എന്തിനാണ് ദൈവമേ തന്റെ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ തരുന്നത്. ” ദൈവത്തിൽ നിന്നും കേട്ട മറുപടി ശബ്ദം, “ഭയപ്പെടേണ്ടാ, നീ എന്നെ അനുഗമിക്കുക. ഞാൻ നിനക്കു മുമ്പായി പുറപ്പെട്ടിട്ടുണ്ട് ” എന്നായിരുന്നു.

സാമ്പത്തികമായ പ്രതിസന്ധികളെ അതിജീവിക്കുവാനായി പിന്നീട് ദുബായിൽ ഒരു ജോലിക്കായി കടന്നുപോയി. എന്നാൽ 2008 ൽ ഗൾഫുനാടുകളിൽ ആകമാനം ഉണ്ടായ പിരിച്ചുവിടലിന്റെ ഭാഗമായി തന്റെയും ജോലി നഷ്ടപ്പെട്ടു.
മാനസികമായി വളരെ തകർന്ന അവസ്ഥ . ആളുകളെ അഭിമുഖീകരിക്കുവാൻ കഴിയാതെ , പ്രാർത്ഥനയ്ക്ക് പോലും പോകാതെ വീട്ടിൽ തന്നെ ചില ആഴ്ചകൾ തുടർന്നു. അങ്ങനെയിരിക്കെ ടിനു ജോർജ് പാസ്റ്ററുടെ അടുക്കൽ ഒരു മീറ്റിംഗിനായി കടന്നു പോവുകയും അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു. “അനിലിനെ ദൈവ വേലയ്ക്കായി കണ്ടിരിക്കുന്നു. ഇപ്പോൾ അടഞ്ഞ വഴിയെ ഓർത്ത് നിങ്ങൾ ഭാരപ്പെടേണ്ട. ഈ ആഴ്ചയിൽ തന്നെ ദൈവം പുതുവഴി തുറക്കും എന്ന പ്രവചന ദൂത് പറയുകയും ചെയ്തു. കർത്താവിൻറെ കൃപയാൽ ആ ആഴ്ചയിൽ തന്നെ കംമ്പാഷൻ ടീമിനൊപ്പം ഒരു ജോലി ലഭിക്കുകയുണ്ടായി. പ്ലസ് ടു പഠിച്ചുകൊണ്ടിരുന്ന കാലം, കൂട്ടുകാരോട് ഒന്നിച്ച് ക്ലാസ്സ് കട്ട് ചെയ്തു സിനിമക്ക് പോവുകയും മറ്റു ഉഴപ്പുകളും ചെയ്തിരുന്ന സമയം. പാലക്കാട്ടുകാരനായ ചന്ദ്രശേഖരൻ എന്ന അധ്യാപകനെ ഒരിക്കലും മറക്കാനാവില്ല. ഒരിക്കൽ അദ്ദേഹം സ്റ്റാഫ് റൂമിലേക്ക് അനിലിനെ വിളിച്ചു. തന്റെ മുന്നിലെ കസേരയിൽ അനിലിനെ ഇരുത്തിയ ശേഷം ഗൗരവമായി പറഞ്ഞു, “നീ നിന്റെ സുഹൃത്തുക്കളെ പോലെയല്ല, നിനക്ക് പഠിക്കാനുള്ള ബുദ്ധി ഉണ്ട് , അത് നഷ്ടപ്പെടുത്തരുത്.”

ജീവിതത്തിൽ ആദ്യമായിട്ടാണ് അപ്രകാരം ഒരു പ്രചോദനവാക്ക് കേൾക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം അനിലിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1996 ൽ കേട്ട അതേ ശബ്ദം ഇന്ന് എന്നപോലെ ഒരു പ്രചോദനമായി ചെവിയിൽ മുഴങ്ങുന്നു.
പ്ലസ്ടു പരീക്ഷയ്ക്ക് ഇംഗ്ലീഷിന് മാത്രം പരാജയപ്പെടുകയുണ്ടായി. പുന:പരീക്ഷയ്ക്ക് ഒരുങ്ങുന്ന സമയത്ത് വേദനയോടെ അനിൽ ദൈവത്തോട് പ്രാർത്ഥിച്ചു. കർത്താവ് നൽകിയ മറുപടി, “ഭയപ്പെടേണ്ട, നീ പരാജയപ്പെട്ട വിഷയത്തിൽ ഞാൻ നിന്നെ ഒരു മാസ്റ്റർ ആക്കി മാറ്റും ” എന്നായിരുന്നു.

കർത്താവ് നൽകിയ ധൈര്യത്തിൽ പഠനം തുടർന്നു. 2010 ആയപ്പോഴേക്കും സ്വകാര്യ കോളേജുകളിലൂടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 2013 ൽ ബി എഡ് ചെയ്യുവാൻ കർത്താവ് സഹായിച്ചു . ആ കാലയളവിൽ മുണ്ടക്കയത്ത് സുവിശേഷ പ്രവർത്തനങ്ങളുടെയും ഭാഗമായിരുന്നു. പിന്നിട് എംഫിൽ പഠിക്കുകയുണ്ടായി. ശേഷം പിഎച്ച്ഡി യ്ക്ക് ചേർന്നു. നീണ്ട പ്രതിസന്ധികളുടെ നടുവിൽ പഠനം പൂർത്തിയാക്കി. ഈ പ്രാരാബ്ധങ്ങളുടെ നടുവിലും അനിലിന് 2019 ൽ കോളേജ് അധ്യാപകനാകാനുള്ള യുജിസി നെറ്റ് ടെസ്റ്റ് പാസാക്കാൻ കർത്താവ് വലിയൊരു ഭാഗ്യം കൊടുത്തു.
അനിൽ ഇപ്പോൾ താമസിക്കുന്നത് കോട്ടയത്ത് കുറുപ്പുംന്തറയിലാണ്. ഭാര്യ അനില ഒരു സ്പെഷ്യൽ എജുക്കേറ്റർ ആണ്. ആശിഷ്, ജോഷിയ എന്നിവരാണ് മക്കൾ.

ഒരിക്കൽ ഇംഗ്ലീഷിന് പരാജയപ്പെട്ട് വേദനയോടെ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ദൈവം കൊടുത്ത മറുപടി പോലെ ആ വിഷയത്തിൽ തന്നെ അദ്ദേഹത്തെ ഒരു മാസ്റ്റർ ആക്കി ദൈവം തീർത്തു. ഇപ്പോൾ പി ആർ ഡി എസ് കോളജിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഡോ.അനിൽ നിരവധി യുവജനങ്ങൾക്ക് ഒരു മാർഗദർശിയായി പ്രവർത്തിക്കുന്നു. | തയാറാക്കിയത്: ജോബി കെ.സി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading