ചാന്ദ്നീ മോളെ മാപ്പ്… അഥിതികൾ അപകടകാരികൾ ആയപ്പോൾ…

ബ്ലസൻ ചെറുവക്കൽ

മനുഷ്യ മനാസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു ആരുംകൊല കൂടി കേരളത്തിൽ നടന്നിരിക്കുന്നു. ചാന്ദ്നി എന്ന 5 വയസുകാരിയുടെ നിറപുഞ്ചിരിയോടെയുള്ള മുഖം ചേതനയറ്റ ശരീരത്തിലേക്കു മാറാൻ മണിക്കൂറുകൾ മാത്രം മതിയായിരുന്നു. അഥിതിയായി വന്ന കുട്ടി മറ്റൊരു അഥിതിയുടെ കരാള ഹസ്ത്രത്തിൽ പിടഞ്ഞമർന്നു. അതിനു വേദിയായതോ, ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ. ആശ്വാസത്തിനായി എന്തെല്ലാം പറഞ്ഞാലും ആ മാതാപിതാക്കളുടെ വേദന അവരുടേത് മാത്രമായി അവശേഷിക്കും.

സകല സംവിധാനങ്ങളും നിലവിലുണ്ടെന്ന് ഘോരഘോരം പ്രസംഗിക്കുന്ന ഒരു മെട്രോ സിറ്റിയിലാണ് ഇത്തരം ഒരു കൊലപാതകം നടന്നിരിക്കുന്നത് എന്നത് ലജ്ജാവഹമാണ്. സി.സി ടിവി ക്യാമറകളും എ.ഐ ക്യാമറകളും അരങ്ങു വാഴുന്ന നാട്ടിൽ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിൽ വന്ന വീഴ്ച ഒരു പ്രധാന കാരണം തന്നെ. നമ്മുടെ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ നമുക്ക് ആ കുരുന്നിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നേനെ.

ചില വർഷങ്ങളായി കേരളത്തിൽ മലയാളികളേക്കാൾ അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതൽ എന്ന ഫലിതം തള്ളിക്കളയാൻ കഴിയുന്നതല്ല. കൃത്യമായ കണക്കുകളോ സ്ഥിതി വിവരങ്ങളോ ഇല്ലാതെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഇന്ന് കേരളത്തിൽ ഉള്ളത്. പെരുമ്പാവൂർ പോലെയുള്ള സ്ഥലങ്ങളിൽ എണ്ണാവുന്നതിലധികം അന്യസംസ്ഥാന തൊഴിലാളികളാണ്. ലഹരിമരുന്ന് / മയക്കു മരുന്ന് / പുകയില ഉത്പന്നങ്ങളുടെ വിൽപ്പന, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ആയുധ വിൽപ്പന, സ്വർണ്ണക്കടത്ത്, മനുഷ്യകടത്ത് തുടങ്ങിയ നിരവധി അധർമ്മ സംഘങ്ങൾ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കേരളത്തിൽ നടക്കുന്നുണ്ട്. ബീഹാർ സ്വദേശിയായ അസ്ഫാക് ആലമാണ് ചാന്ദ്നി എന്ന പാവം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയിരുനെന്നാണ് ഇദ്ദേഹം പോലീസിന് മൊഴി നൽകിയത്. ജനശ്രദ്ധ അധികം എത്താത്ത പെരിയാറിന്റെ തീരത്തുള്ള ചെളി നിറഞ്ഞ പ്രദേശത്താണ് പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ലഹരി വസ്തുക്കൾക്ക് അടിമയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇവിടെയും ലഹരി വില്ലനായി.

ഒരു ദുരന്തം കൺമുന്നിൽ കാണുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞ് എഴുതിക്കളയുന്നത് കാണുന്നുണ്ട്. ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം. നാളെ ഇത് നമ്മുടെ നാട്ടിലും, നമ്മുടെ വീടുകളിലും എത്തുന്ന ദൂരം വിദൂരമല്ല. സർക്കാർ സംവിധാനങ്ങളും നിയമപാലകരും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണ്. കേരളത്തിൽ കാണാതായ കുട്ടികളുടെ കേസുകൾക്ക് സമഗ്രമായ പുനരന്വേഷണം ആവശ്യമാണ്. കേരളത്തിലെ അഥിതി തൊഴിലാളികളുടെ കൃത്യമായ വിവര ശേഖരണം നടത്തണമെന്ന് അധികാര വർഗ്ഗത്തോട് ആവശ്യപ്പെടുകയാണ്. “അഥിതി ദേവോ ഭവ” എന്നു പഠിപ്പിച്ച മഹത് സംസ്കാരമാണ് നമ്മുടേത്. എന്നാൽ അവയ്ക്ക് കോട്ടം സംഭവിക്കുന്ന പ്രവർത്തികൾക്ക് തടയിടേണ്ടത് അത്യവശ്യമായിരിക്കുന്നു.

-ബ്ലസൻ ചെറുവക്കൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.