ലേഖനം: റെക്കോര്‍ഡ് നേടുന്നവർ | രാജൻ പെണ്ണുക്കര

അപൂര്‍വ്വസംഭവം എന്നു പറയുന്നതൊക്കെ രേഖപെടുത്തുന്നത് ലോക റെക്കോര്‍ഡുകള്‍ ആയിട്ടാണ്. അതും സ്ഥായി അല്ല, മറിച്ച് ഏതു നിമിഷവും തിരുത്തി എഴുതപ്പെടാം. അതിൽ ഒന്നാണ് നാം വിളിക്കുന്ന ഗിന്നസ് ബുക്ക്‌ റെക്കോർഡ്. എന്നാൽ ഇതൊക്കെ ഈ ലോകത്ത് മാത്രം സൂക്ഷിക്കുന്ന രേഖകൾ മാത്രം എന്ന് മനസിലാക്കുക. അതിൽ പേരൊന്നു കയറിക്കിട്ടാൻ പെടാപാടുപെടുന്ന ഒരുകൂട്ടം.

ആത്മിക ലോകത്തും ഇങ്ങനെ റെക്കോഡ് ഭേതിക്കാൻ അഹോരാത്രം പരിശ്രമിക്കുന്നവരുടെ യാഥാർഥ്യം പരിശോധിച്ചാൽ ഇങ്ങനെ ആണോ കാര്യങ്ങൾ നേടിയെടുക്കുന്നതെന്ന് തോന്നി പോകും. ചിലപ്പോൾ അങ്ങനെയൊക്കെ ചെയ്തുകൂട്ടി ചിലതൊക്കെ ഈ നശ്വരലോകത്ത് സമ്പാദിക്കാം. പക്ഷേ എന്നന്നേക്കുമായി നഷ്ടപെടുന്ന പലതും മറുവശത്തുണ്ടെന്ന സത്യം പലരും ഈ താത്കാലിക വെട്ടിപിടുത്തത്തിൽ മറന്നു പോകുന്നു.

എല്ലാവരേയും തോൽപ്പിച്ചും അട്ടിമറിച്ചും അനേക പതിറ്റാണ്ടുകൾ നല്ല നീരോട്ടവും വരുമാനവും ഉള്ള സഭയിൽ മറ്റാർക്കും ഒരവസരം പോലും കൊടുക്കാതെ അള്ളി പിടിച്ചിരുന്ന് ലോക റെക്കോഡ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരേയും വിജയിക്കുന്നവരെയും ഈ വയൽ പ്രദേശത്ത് ധാരാളം കാണാം. പക്ഷെ അവർ എങ്ങനെ വിജയിച്ച് റെക്കോഡ് നേടി എന്ന ചോദ്യം പിന്നെയും ഉത്തരം ഇല്ലാതെ അവശേഷിക്കുമ്പോൾ അതിന്റ ഉത്തരം നമുക്ക് സ്വയം കണ്ടുപിടിക്കാം!!.

പാപത്തിനു തോതോ, വലുപ്പ ചെറുപ്പ വ്യത്യാസമോ ഇല്ലയെന്നും, ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാം പാപം തന്നേ എന്ന സത്യവും മറക്കരുത്. വിശ്വാസികൾ ചെയ്യുന്ന ചെറിയ തെറ്റുകൾ മഹാപാപവും വേറെ ഒരുകൂട്ടം ചെയ്യുന്ന തെറ്റുകൾ ബലഹീനയും ആയി മാറുന്നത് എങ്ങനെ?. അപ്പോൾ പാപം വിശ്വാസിയോ പാസ്റ്ററോ, മെത്രാനോ, അച്ഛനോ, കപ്പിയാരോ ചെയ്താലും ദൈവത്തിന്റെ *ദൃഷ്ടിയിൽ പാപം* തന്നേ.

നമ്മുടെ രാജ്യം ഒരു ജനാധിപത്യരാജ്യം ആണെന്ന വസ്തുത പലരും മറക്കുന്നു. കൂടാതെ ഭാരതത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ വേർപെട്ട അടിസ്ഥാനമുള്ള സഭകളും ഇന്ത്യൻ സൊസൈറ്റി ആക്റ്റ് അങ്ങനെ വിവിധ വകുപ്പുകളുടെ കീഴിൽ വരുന്നു. അപ്പോൾ അതിന്റെ നടത്തിപ്പിനും ഭരണ രീതകൾക്കും ചില നടപടി ക്രമങ്ങളും കീഴ്വഴക്കങ്ങളും ജനാധിപത്യ രീതികളും ഉണ്ട്. എന്നാൽ അതു മനഃപൂർവ്വം ലംഘിച്ചാൽ കുറ്റകരമായ പ്രവർത്തി ആകില്ലേ?. ഇവിടെ ചിലർ ഈ നിയമങ്ങൾ ഞങ്ങൾക്ക് ബാധകം അല്ലാ എന്ന് കരുതുമ്പോൾ “സകല മാനുഷ നിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ” (1 പത്രൊ 2:13) എന്ന വാക്യത്തിന് എന്ത് പ്രസക്തി എന്ന അവസ്ഥ വന്നിരിക്കുന്നു എന്നു പറയുന്നതിൽ ലജ്ജ തോന്നുന്നു.

പുകയില ഉൽപ്പന്നങ്ങളുടെ മുകളിൽ ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിയ മുന്നറിയിപ്പ് കാണാറുണ്ട്. അത് ആരോഗ്യ വിഷയവുമായി ബന്ധപ്പെട്ട കാര്യമാകയാൽ അതിനെ മറച്ചു വെക്കുന്നത് കുറ്റം ആണ്. അതിന്റ ഉപയോഗം ദോഷം ചെയ്യുന്ന കാര്യമെന്ന് എല്ലാവർക്കും നന്നായി അറിയാമെങ്കിലും നിയമപരമായി ആവർത്തിച്ച് അറിയിക്കേണ്ട സത്യങ്ങൾ പിന്നേയും അതാതു സമയങ്ങളിൽ അറിയിക്കാനുള്ള ബാധ്യത ഉത്തരവാദിത്വപെട്ടവർക്ക് ഉണ്ട്. അതിൽ അശ്രദ്ധ വന്നാൽ, അത് മനഃപൂർവ്വം ചെയ്യാതെ പോയാൽ നിയമത്തിന്റെ കണ്ണിൽ എല്ലാവരും കുറ്റക്കാർ ആയി മാറും.

അതുപോലെ തന്നേ ആത്മീക ലോകത്തും ലൗകീക ലോകത്തും അഥവാ ഏതു മേഖലയിലും ആയി കൊള്ളട്ടെ ഒരു കാര്യം സത്യം എന്ന് അറിഞ്ഞിരിക്കെ മനഃപൂർവ്വം മറച്ചു വെക്കുന്നതും, ചെയ്യേണ്ടിയ കാര്യങ്ങൾ സമയത്ത് ചെയ്യാതെ ഒളിപ്പിക്കുന്നതും പറയേണ്ടിയ കാര്യങ്ങൾ സമയത്ത് പറയാതെ മൗനം നടിക്കുന്നതും അപ്പോൾ കുറ്റം ആകില്ലേ എന്ന സംശയം ബാക്കിയായി നിലനിൽക്കുന്നു.

ചില അറിയിപ്പുകൾ അറിയിക്കേണ്ട സമയത്ത് അറിയിക്കാതെ ഒളിപ്പിച്ചു കളഞ്ഞാലോ, അങ്ങനെ ഒരു അറിയിപ്പ് വരും എന്ന് അറിയാമായിട്ടും അതിനെ മനഃപൂർവ്വം ആത്മികതയുടെ മൂടുപടം കൊണ്ട് മൂടിവെക്കുന്നതും മറച്ചുവെക്കുന്നതും തികച്ചും കുറ്റവും തെറ്റും വഞ്ചനയും കൗശലവും ആകയാൽ അത് ന്യായികരിക്കാൻ പറ്റുമോ?. സ്വന്ത മനഃസ്സാക്ഷിയിൽ പോലും ഏറ്റവും വലിയ പാപവും തെറ്റും ആകുമ്പോൾ അതൊരിക്കലെങ്കിലും ദൈവം പൊറുക്കുമോ?. അതിന് മനഃസ്സാക്ഷി എന്നൊരു കാര്യം വേണ്ടേ എന്നൊരു ചോദ്യം ബാക്കി.!!

നമ്മുടെ കണ്മുന്നിൽ കാണുന്ന ആത്മീക ലോകത്തെ പല തെറ്റായ കാര്യങ്ങളിൽ ഒരു ചെറിയ ഉദാഹരണം ചൂണ്ടി കാണിക്കുന്നു. മൂന്ന് വർഷത്തേ ശുശ്രുഷാ കാലാവധി (Term, Tenure) തീരുന്ന ഒരാൾക്ക് തക്കതായ കാരണങ്ങളും ഒഴിച്ചു കൂടാൻ പറ്റാത്ത സാഹചര്യവും സന്ദർഭവും പരിഗണിച്ച് ജനാധിപത്യ രീതി അനുസരിച്ചു പൊതുസഭയുടെ അംഗീകരത്തോടും അനുവാദത്തോടും കൂടെ കാലാവധി ചിലവർഷം കൂടി നീട്ടി കൊടുത്തു (Extension) എന്ന് വിചാരിക്കൂ. അനന്തരം ആ നീട്ടി കൊടുത്ത പീരിയഡ് അവസാനിക്കുമ്പോൾ നിയമവും സമൂഹത്തിന്റെ സാമാന്യ മര്യാദയും കീഴ്‌വഴക്കവും ജനാധിപത്യ രീതിയും അനുസരിച്ചു വീണ്ടും പൊതുസഭയിൽ വിഷയം സത്യസന്ധതയോടെ അറിയിച്ച് ചർച്ച ചെയ്തു വീണ്ടും തീരുമാനം എടുക്കണം എന്നതല്ലേ കീഴ്‌വഴക്കം.

എന്നാൽ പിന്നേയും പൊതുസഭയിൽ ഒരക്ഷരം പോലും മിണ്ടാതെയോ, ചർച്ച ചെയ്യാതെയോ അംഗീകാരമോ സമ്മതമോ വാങ്ങാതെയോ കേന്ദ്രത്തിൽ നിന്നും കത്തുമുഖേന (Extension) അറിയിപ്പുപോലും വാങ്ങാതെ കണ്ണടച്ച് ഇരുട്ടാക്കി ആത്മീകം കാണിച്ചും, ഭൂരിപക്ഷം സൃഷ്ടിച്ചും, എല്ലാവരേയും വായ് അടച്ചും, എല്ലാവരേയും കൈയ്യിൽ എടുത്തും ചിലരെ ഒതുക്കിയും ഒടുക്കിയും അനേക വർഷങ്ങൾ (പതിറ്റാണ്ടുകൾ) തുടർന്ന് റെക്കോർഡ് ഭേതിക്കുന്നു എന്നുകൂടി കരുതുക.

ഈ കാലയളവിൽ സഭാ കേന്ദ്രത്തിൽ നിന്നും സമയാസമയം അയക്കുന്ന പണം പിരിക്കുവൻ അയക്കുന്ന കത്തുകൾ മുറപോലെ വരികയും വായിക്കയും പണം മാത്രം പിരിക്കുകയും, സ്ഥലമാറ്റം സംബന്ധിച്ച് ഒരുവിധ അറിയിപ്പുകളും, കത്തുകളും മാത്രം അനേക അനേക വർഷങ്ങളോളം സഭയിൽ വായിക്കാതിരിക്കുകയും ചെയ്താൽ ആശ്ചര്യം തോന്നുമോ?. മാത്രമല്ല, വന്നിട്ടുണ്ടെങ്കിൽ തന്നേ ഒളിപ്പിച്ചു വെച്ചിട്ട് പൊതുസഭയിൽ വായിക്കാതെയോ അറിയിക്കാതെയോ ചർച്ച ചെയ്യാതെയോ മൗനം അവലംബിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടച്ച് ആത്മീകം അഭിനയിച്ചാൽ അതു തെറ്റോ ശരിയോ എന്ന് നാം സ്വയം തിരിച്ചറിയണം.

എന്നേ ബാധിക്കുന്നതും എനിക്ക് പ്രയോജനം ഉള്ള കാര്യമാകയാൽ മിണ്ടാതിരിക്കാം എന്ന മനോഭാവം സ്വന്ത മനഃസ്സാക്ഷിയിലും, ദൈവസന്നിധിയിലും ന്യായമോ, ശരിയോ, തെറ്റോ?.

സർക്കാർ സർവിസിൽ പോലും ഇങ്ങനെയുള്ള പ്രധാന അറിയിപ്പുകൾ വരുമ്പോൾ നമ്മേ ബാധിച്ചാലും ഇല്ലെങ്കിലും പെരുമാറ്റച്ചട്ടം അനുസരിച്ചു അതിന്റെ Nil Report എങ്കിലും കൊടുക്കണം എന്നതാണ് വ്യവസ്ഥ. അതു ലംഘിച്ചാൽ നാം കുറ്റകാരായി കാരണം ബോധിപ്പിക്കണം എന്നതാണ് നിയമം.

ഇവിടെ രക്ഷപെടുവാൻ പല വിശദീകരണങ്ങൾ ഉണ്ടെങ്കിലും ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങൾ പിന്നെയും അവശേഷിക്കുന്നതായി കാണുന്നു. ചിലപ്പോൾ പറയാം അങ്ങനെ സ്ഥലമാറ്റത്തിന്റെ കത്തുകൾ അനേക നാളായി കേന്ദ്രത്തിൽ നിന്നും വന്നിട്ടേയില്ല. അപ്പൊൾ എന്തുകൊണ്ട് അനേക വർഷങ്ങളായി നേതൃത്വം അങ്ങനെയൊരു വിജ്ഞാപനം ( Circular) ഇറക്കിയില്ല എന്നതും സംശയം ഉളവാക്കുന്നു. അല്ലാ, അങ്ങനെ ഒരു വിജ്ഞാപനം കേന്ദ്ര നേതൃത്വം അറിയിച്ചില്ലെങ്കിൽ സോണൽ തലത്തിൽ ഇരിക്കുന്ന നേതൃത്വം എന്തുകൊണ്ട് വിജ്ഞാപനത്തെ കുറിച്ച് കേന്ദ്ര നേതൃത്വത്തോടെ ചോദിച്ചില്ല എന്നതും കുറ്റകരം. അപ്പോൾ എല്ലാവരുടെയും മൗനം തെറ്റുകൾ ആവർത്തിക്കാൻ പ്രോത്സാഹനം കൊടുക്കുന്ന വകുപ്പിൽ വരുന്നില്ലേ.

എന്നാൽ മറിച്ച് ഉത്തരവാദിത്വപെട്ടവരോട് ചോദിച്ചാൽ ഞങ്ങൾ സമയ സമയങ്ങളിൽ എല്ലാവരെയും ടെലിഫോണിൽ കൂടിയോ കത്തുകൾ മുഖേനയോ എല്ലാ അറിയിപ്പുകളും അറിയിക്കുന്നുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നതെങ്കിലോ ആരാണ് ദൈവസന്നിധിയിൽ കുറ്റക്കാർ?.

അധികാര കേന്ദ്രങ്ങളിൽ നിന്നും വരുന്ന സ്ഥലമാറ്റം സംബന്ധിച്ച കത്തുകൾ, അറിയിപ്പുകൾ നമ്മേ ബാധിച്ചാലും ഇല്ലെങ്കിലും യഥാസമയം വരുമ്പോൾ അതു പൊതുസഭയെ അറിയിക്കേണ്ട ധാർമ്മീക ഉത്തരവാദിത്തം ആരുടേത്. അല്ലാ, അങ്ങനെ ഒരു പെരുമാറ്റച്ചട്ടം ഉണ്ടെന്നിരിക്കെ അതെല്ലാം മറച്ചുവെച്ചും ഒളിപ്പിച്ചും നശിപ്പിച്ചും ഇങ്ങനെയുള്ള അറിയിപ്പുകൾ ഇറങ്ങുന്ന മാസങ്ങളിൽ ഒരു പ്രേത്യേക ഉണർവും പ്രാർത്ഥനയും മറ്റു ശുശ്രുഷകളും നടത്തി വിശ്വാസികളുടെ കണ്ണിൽ മണ്ണിടുന്ന ആത്മീകതയിൽ ദൈവപ്രസാദം ഉള്ളതോ?. ആരാധിക്കുമ്പോൾ ദൈവം കാണുന്നുവെന്ന് കരുതുന്ന മനുഷ്യൻ മറ്റുള്ളവരെ ചതിക്കുമ്പോൾ, കള്ളത്തരങ്ങളും, കൗശലങ്ങളും, ചെയ്യുമ്പോൾ ദൈവം എല്ലാം കാണുന്നുണ്ട് എന്ന് കരുതുന്നില്ല.

അവിടെയും അവശേഷിക്കുന്ന ന്യായമായ ചോദ്യങ്ങൾ ഉണ്ട്. എന്തുകൊണ്ട് പൊതു സഭ കാര്യങ്ങൾ ചോദിച്ചില്ല, ഇതൊക്കെ വിശ്വാസികളുടെ കഴിവുകേടല്ലേ!!. ശരിയാണ്, അതേ ആ കഴിവുകേട് ഒരുകൂട്ടം ആത്മീയതയുടെ പേരിൽ മുതലെടുക്കുന്നു എന്നതാണ് സങ്കടം, മാത്രമല്ല സഭ സന്തോഷത്തോടും സമാധാനത്തോടും പോകുന്നെങ്കിൽ പിന്നെ എന്തിന് എന്ന ചോദ്യത്തിന്റെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന ചില ഉത്തരങ്ങൾ കൂടി ഉണ്ടാകും. പൂച്ചക്ക് ആര് മണിക്കെട്ടും എന്ന നിലപാടിൽ ചിലപ്പോൾ ഇങ്ങനെ ഒരു അറിയിപ്പ് വരുമ്പോൾ കാര്യം തുറന്നു പറയാം എന്നു കരുതി ഇരിക്കുന്ന ഒരു ന്യുനപക്ഷം കാണുമല്ലോ. അപ്പോൾ തനിക്കുത്താൻ കോടാലി കാലിൽ എന്തിന് വെക്കുന്നു എന്ന ചിന്താഗതിയിൽ അറിയിപ്പുകൾ വായിക്കാതിരുന്നാൽ പ്രശ്നം തീർന്നല്ലോ എന്നു കരുതുന്നവർ മറുപക്ഷത്തും.

ഇതായിരിക്കുമോ ഒരു ദൈവ പൈതലിന്റെ സത്യസന്ധത, വിശ്വസ്തത. ഇതാണോ നമ്മിൽ കാണുന്ന ക്രിസ്തുവിന്റെ സ്വഭാവം. അത് സമൂഹത്തോടും മനുഷ്യരോടും ദൈവസന്നിധിയിലും കാണിക്കുന്ന വിശ്വസ്തതയോ??. ഇങ്ങനെയുള്ള വരെ നോക്കിയാണോ യേശു പറഞ്ഞത് നീ അൽപ്പത്തിൽ വിശ്വസ്ഥൻ ആയിരുന്നാൽ അധികത്തിൽ വിചാരകനാക്കും എന്ന്!!.

പക്ഷേ ദേശത്ത് പരന്നു കേൾക്കുന്ന വാർത്തമാനമോ ശുശ്രുഷകനെ മാറ്റാൻ സഭയിൽ ആർക്കും തന്നേ താൽപ്പര്യം ഇല്ല, എന്നാൽ യഥാർത്ഥത്തിൽ ഉള്ളിൽ എന്താണ് നടക്കുന്നത്.

അല്ലാ മറിച്ച് ഇങ്ങനെ ചെയ്യുന്ന പ്രവണത തികച്ചും തെറ്റ് എന്ന് സത്യം സത്യമായി ചോദിക്കുന്നവരെ /പറയുന്നവരെ ഒതുക്കി പുറത്താക്കി ഭൂരിപക്ഷം നേടി ഉപായങ്ങളാല്‍ തരപ്പെടുത്തി, കൗശലം കൊണ്ട് സാധിക്കുന്ന (Manipulated) വിജയം നീതിയുള്ളതോ ന്യായമോ എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും ചോദ്യം അവിടെ അവശേഷിക്കും എന്ന് മഹാന്മാർ പറഞ്ഞത് ഓർമയിൽ വരുന്നുണ്ടോ?.

പറയുമ്പോൾ എല്ലാവരും ഞാൻ തന്നേ വഴി, സത്യം, ജീവനും എന്ന് വിളിച്ചു പറഞ്ഞവന്റെ അനുയായികൾ, എന്നാൽ സത്യം പറയുന്നവരേയും സത്യം ചോദിക്കുന്നവരെയും ഇന്ന് ആത്മിക ലോകത്തിനു വേണ്ടാ. രണ്ടായിരം ആണ്ടുകൾ മുന്നേ കെട്ട ശബ്ദം ഇന്നും അന്തരീക്ഷത്തിൽ മുഴങ്ങുന്നില്ലേ. നിങ്ങൾക്ക് ആരെവേണം.? അതിന്റ മറുപടിയും….

സത്യം വിളിച്ചു പറയണം എന്ന് ചൊടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കയും ചെയ്തിട്ട് തക്ക സമയത്ത് കാലുമാറി, കൂറുമാറി മറുപക്ഷം ചേരുന്ന ഒരുകൂട്ടം, സത്യം പറയേണ്ടിയ സന്ദർഭവും സമയവും വരുമ്പോൾ ഞാൻ ഈ നാട്ടുകാരനേ അല്ലാ എന്നു പറഞ്ഞു സ്ഥലം കാലിയാക്കി ഒളിക്കുന്ന ഒരുകൂട്ടം. സത്യം പറയുമ്പോൾ ഞാൻ അന്ധനും ചെകിടനും ആണ് ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് മനഃപൂർവ്വം അഭിനയിക്കുന്ന ഒരുകൂട്ടം, ഞങ്ങൾക്ക് സത്യം ഒന്നും കേൾക്കണ്ട എന്ന് ആരവം വെച്ച് മുഷ്ടി ഉയർത്തുന്ന പുരുഷരം. എന്നിട്ടും അവർ മനസ്സിലാക്കുന്നില്ല സത്യത്തേയാണ് പച്ചയായി ക്രൂശിക്കുന്നതെന്ന യാഥാർഥ്യം.

സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്നതിനേക്കാൾ വലിയ തെറ്റ് എന്താണ്. എവിടെ എത്തിനിൽക്കുന്നു സത്യസന്ധതയും വിശ്വസ്തതയും. ഇങ്ങനെയാണോ റെക്കോർഡ് ഉണ്ടാക്കുന്നത്. എല്ലാവരുടെയും കണ്ണിൽ മണ്ണിടാം, പക്ഷെ എന്നും പറ്റുമോ എന്ന ചോദ്യവും എല്ലാം കാണുന്ന ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്നും എങ്ങനെ രക്ഷപെട്ടു പോകും എന്നചോദ്യത്തിനും മറുപടി എന്താണ്. “ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല” (1 കൊരി 2:15).

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.