ലേഖനം: കർത്താവ് ചെയ്യുന്നത് ഏറ്റവും നല്ലതായിരിക്കും | പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളി

ഗലീലയിലെ കാനാവിൽ നടന്ന വിവാഹ സൽക്കാരത്തിലെ ദൈവ പ്രവൃത്തി ഏവർക്കും അറിവുള്ളതാണ്. ക്രിസ്തുവിന്റെ അത്ഭുത ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിക്കുക എന്ന ദൗത്യം ദൈവം ഗലീലയ്ക്ക് നൾകി. പഴയത് തീർന്നതിനാൽ അവൻ പുതിയതൊന്നു നൾകി…

വീഞ്ഞ് തീർന്നപ്പോൾ എല്ലാവരും ഭയപ്പെട്ടു. ഇനി എന്താകും എന്നു ചിന്തിച്ചു. എന്നാൽ മറിയയിലെ വിശ്വാസം അത്ഭുതത്തിന് വഴി ഒരുക്കി… ജീവിതത്തിൽ ഒരു ശൂന്യത വരുമ്പോൾ, നാം സാഹചര്യങ്ങളെ നോക്കേണ്ട. ക്രിസ്തുവിന്റെ വാക്കിനു കാതോർക്കുക. അവൻ പറയുന്നത് അനുസരിക്കുക… ക്രിസ്തു നമ്മുടെ ശൂന്യതയിൽ പുതിയതൊന്നു പണിയപ്പെടും, എന്ന് മറിയയുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു.

ക്രിസ്തു ജീവിതത്തിൽ ഇറങ്ങി വന്നാൽ പഴയത് മാറ്റി പുതിയതൊന്ന് നമ്മിൽ നിറയ്ക്കും. ചില ശൂന്യതകളിൽ അവൻ കൈ വെച്ചാൽ അത്ഭുതം വെളിപ്പെടും. ക്രിസ്തുവിന്റെ സാന്നിധ്യം കൊണ്ടാണ് ഈ പുതിയ അഭിഷേകം ഉണ്ടായതെന്ന് ലോകം തിരിച്ചറിയണം എന്നില്ല. പക്ഷേ നമ്മിൽ നിന്നും പുറപ്പെടുന്ന അത്ഭുതത്തിന്റെ അളവറ്റ ശക്തി അവരിൽ അതിശയം ഉളവാക്കും. ഇത്രയും കാലം ഈ അഭിഷേകം എവിടെ നീ ഒളിപ്പിച്ചു എന്നു ലോകം ചോദിക്കുന്ന രീതിയിൽ ഒരു പൂർണ്ണ രൂപാന്തരം നിന്നിൽ സംഭവിക്കും. കാരണം ഇത് ക്രിസ്തുവിന്റെ അത്യന്ത ശക്തിയത്രേ. മറ്റുള്ളവരുടെ ജീവിതത്തിൽ അനുഗ്രഹമായി അത് വ്യാപരിക്കും. അവൻ ചെയ്യുന്നത് എല്ലാം നല്ലതിനു മാത്രം. ചില ഇല്ലായ്മകളെ ക്രിസ്തു നല്ലതാക്കി പുറത്തു കൊണ്ടുവന്നാൽ, ആ അഭിഷേകത്തെ ഒതുക്കി വെയ്ക്കാൻ നമുക്ക് കഴിയില്ല. കാരണം അത് പുറത്തു വന്ന് ദൈവനാമം മഹത്വപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നു.

നമ്മുടെ ഭവനത്തിലേയ്ക്കും വ്യക്തി ജീവിതത്തിലേയ്ക്കും ക്രിസ്തുവിനെ ക്ഷണിക്കാം. അവൻ വന്നാൽ നാം അറിയാതെ നമ്മുടെ ശൂന്യതകൾ നിറയും. പഴയത് കഴിഞ്ഞു പോകും. അത്ഭുതത്തിന്റെ പുതിയ കൃപ നമ്മിൽ പകരും. നമ്മെ നിന്ദിച്ചവർ ഇതെങ്ങനെ സംഭവിച്ചെന്നു ചോദിക്കുന്ന രീതിയിലുള്ള പുതിയതൊന്നു നമ്മിൽ നിറയ്ക്കും… അതിനായ് നമുക്കും ഒരുങ്ങാം. അവൻ നമ്മുടെ ശൂന്യതകളിൽ നിറയട്ടെ… നമ്മുടെ ഇല്ലായ്മകളെ അവൻ ഏറ്റെടുക്കട്ടെ… അതിലൂടെ മറ്റാർക്കും ലഭിക്കാത്ത ഒരു പുതുമ അവൻ നമ്മിൽ വെളിപ്പെടുത്തട്ടെ…

പാസ്റ്റർ.ദാനിയേൽ മുട്ടപ്പള്ളി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.