നിക്കരാഗ്വേയില്‍ വീണ്ടും കന്യാസ്ത്രീകളെ നാടുകടത്തുവാനൊരുങ്ങുന്നു

മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സ്കൂള്‍ അന്യായമായി കണ്ടുകെട്ടി മൂന്ന്‍ കന്യാസ്ത്രീകളെ കൂടി നാടുകടത്തുവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധ നിലപാടിന്റെ അവസാന ഉദാഹരണമായാണ് ഈ സംഭവത്തെ പൊതുവേ നോക്കികാണുന്നത്. ഇക്കഴിഞ്ഞ മെയ് 29 പുലര്‍ച്ചെയാണ് ജിനോട്ടേഗ ഡിപ്പാര്‍ട്ട്മെന്റിലെ സാന്‍ സെബാസ്റ്റ്യന്‍ ഡെ യാലി മുനിസിപ്പാലിറ്റിയിലെ ഏക സെക്കണ്ടറി സ്കൂളായ സാന്റാ ലൂയിസ ഡെ മാരില്ലാക്ക് ടെക്നിക്കല്‍ സ്കൂള്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പോലീസ് പിടിച്ചെടുത്തത്.

സ്കൂളിന്റെ നടത്തിപ്പുകാരായ ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ലൂയിസെ ഡെ മാരില്ലാക്ക് ഇന്‍ ദി ഹോളി സ്പിരിറ്റ്‌ സന്യാസ സമൂഹാംഗങ്ങളായ മൂന്ന്‍ വിദേശ കന്യാസ്ത്രീകളെ നാടുകടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ധയും വയോധികയുമായ കന്യാസ്ത്രീ ഉള്‍പ്പെടെ 6 പേരാണ് അവിടെ ഉണ്ടായിരുന്നത്. ഇവര്‍ സമീപപ്രദേശങ്ങളിലുള്ള പാവങ്ങളെ സഹായിക്കുന്നവരാണെന്നു പ്രദേശവാസി വെളിപ്പെടുത്തി. സ്കൂള്‍ കണ്ടുകെട്ടിയത് സ്വേച്ഛാധിപത്യ ഭരണകൂടം സ്കൂള്‍ പിടിച്ചെടുക്കുന്നതിന്റെ ആദ്യ പടിയാണെന്നു പ്രവാസ ജീവിതം നയിക്കുന്ന നിക്കരാഗ്വേന്‍ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്താ പട്രീഷ്യ മോളീന പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭക്കെതിരെ നടത്തിയ 529 ആക്രമണങ്ങളെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വിവരിച്ചിരിന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ അന്യായമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ കുറിച്ചും, 32 കന്യാസ്ത്രീകളെ നാടുകടത്തിയതിനെ കുറിച്ചും, ഏഴോളം കെട്ടിടങ്ങള്‍ കണ്ടുകെട്ടിയതിനെ കുറിച്ചും, സഭാ മാധ്യമങ്ങള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. 2018 മുതല്‍ നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന മോണ്‍. വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനേയും, മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ പുറത്താക്കിയ നടപടിയും ഭരണകൂടത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിന് കാരണമായി. ജനാധിപത്യത്തെ പിന്തുണക്കുന്ന സഭാനിലപാടാണ് കത്തോലിക്കാ സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.