ലേഖനം: ആത്മ രക്ഷകനോ… ആദായ സൂത്രമോ..? | ചാൾസ് പി. ജേക്കബ്

നുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ചിന്തിക്കുവാനും മനസിലാക്കുവാനും തന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാനുമുള്ള കഴിവാണ്. മുമ്പിൽ വരുന്ന ജീവിത സാഹചര്യങ്ങളെ ശരിയായ രീതിയിൽ അവലോകനം ചെയ്ത് തീരുമാനങ്ങൾ എടുക്കുവാൻ നമ്മുക്കു കഴിയും. അതുപോലെ തന്നെ നമ്മുക്കു ലഭിക്കുന്ന വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും അനുകൂലമായോ പ്രതികൂലമായോ സ്വീകരിക്കാനാവും. ചിലർ സൗഹൃദ്‌ബന്ധങ്ങളെ മാന്യമായി ഉൾകൊള്ളുമ്പോൾ മറ്റു ചിലർ അതിനെ സ്വാർത്ഥ താൽപര്യങ്ങൾക്കായി വിനിയോഗിക്കാറുണ്ട്. ഇതുപോലെ തന്നെയാണ് നാമും യേശുവും തമ്മിലുള്ള ബന്ധം. യേശുവിനെ രക്ഷിതാവും കർത്താവുമായി അനേകർ സ്വീകരിക്കുമ്പോൾ തന്നെ തങ്ങളുടെ നേട്ടത്തിനും സാമ്പത്തിക ലാഭങ്ങൾക്കുമായി ഉപയോഗിക്കുന്നവരും ധാരാളമായി ഉണ്ട്. ഈ കാലഘട്ടത്തിൽ നമ്മോടു തന്നെ ഉന്നയിക്കേണ്ട ചോദ്യമാണ് ക്രിസ്തുവിനെ നാം സ്വീകരിച്ചിരിക്കുന്നത് നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും കാര്യസാധ്യത്തിനുമാണോ അതോ നിത്യ നാശത്തിൽ നിന്ന് നമ്മെ വീണ്ടെടുത്ത രക്ഷകനായിട്ടൊ? നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിനുള്ള സ്വാധീനം എങ്ങനെയാണ്‌?

​​മത്തായി സുവിശേഷം 26 ാo അദ്ധ്യായത്തിൽ രണ്ടു വ്യക്തികളെ കാണുവാൻ സാധിക്കും. ഈ രണ്ടു വ്യക്തികളും യേശുവിനെ ഉൾക്കൊണ്ടത് രണ്ടു തരത്തിലാണ്. ഒന്നാമത്തെ വ്യക്തി മറിയയും രണ്ടാമത്തേത് യേശുവിന്റെ ശിഷ്യനായിരുന്ന യൂദായുമാണ്. യേശു ബേഥാന്യയിലെ ശിമോന്റെ ഭവനത്തിലിരിക്കുമ്പോൾ മറിയ തന്റെ സമ്പാദ്യങ്ങളെ ചിലവഴിച്ചു വിലയേറിയ സ്വച്ഛജടമാംസിതൈലം യേശുവിന്റെ കാൽക്കൽ ഒഴിക്കുന്നു. ഈ തൈലത്തിന്റെ വില മുന്നൂറിലധികം വെള്ളികാശായിരുന്നു എന്ന് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അത് അക്കാലത്ത് ഒരു സംവത്സരത്തെ അധ്വാനത്തിന് പ്രതിഫലമായി ലഭിക്കുന്ന തുകക്ക് തുല്യമാണ്. അവിടെ കൂടിയിരുന്നവർ മറിയ ചെയ്തത് “വെറും ചിലവ്” എന്ന് വിശേഷിപ്പിക്കുമ്പോളും അവൾ വിലയേറിയ തൈലം യേശുവിന്റെ കാൽക്കൽ ഒഴിച്ചത് തന്റെ ആത്മരക്ഷകനോടുള്ള സമർപ്പണമായിരുന്നു. തന്റെ സമ്പാദ്യത്തെക്കാൾ വലുതാണ് യേശുവിനോടുള്ള തന്റെ സ്നേഹം എന്ന് മറിയ തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആ ഭക്തിനിർഭരമായ സ്നേഹത്തിൽ തന്റെ സമ്പാദ്യം ചിലവഴിച്ചാൽ നാളെ എന്തായിതീരും എന്ന ആകുലതയോ തന്റെ ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തുന്ന വാക്കുകളോ അവൾ വലുതായി കണ്ടില്ല. യേശുവിനെ തന്റെ സാഹചര്യങ്ങൾക്കതീതമായി അവൾ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തു. അത് ഏറ്റവും ശ്രേഷ്ഠകരമായ ഒന്നായി യേശു സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

​​എന്നാൽ രണ്ടാമത്തെ വ്യക്തിയായ യൂദായുടെ യേശുവിനോടുള്ള സമീപനം വ്യത്യസ്തമായിരുന്നു. മറിയ തനിക്കുള്ള സമ്പാദ്യത്തെ വലുതായി കാണാതെ യേശുവിനെ സ്നേഹിച്ചപ്പോൾ യൂദാ യേശുവിനെ വിറ്റ്‌ തന്റെ സമ്പാദ്യം വർധിപ്പിക്കാനാണ് ശ്രമിച്ചത്. യേശുവിനെ കാണിച്ചു കൊടുക്കുവാൻ മഹാപുരോഹിതന്മാരിൽ നിന്നും പണം വാങ്ങിയ യൂദാ പ്രതിനിധികരിക്കുന്നത് സ്വാർത്ഥ താല്പര്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കുമായി ക്രിസ്തുവിന്റെ നാമത്തെ ദുരുപയോഗം ചെയുന്നവരെയാണ്. മറിയ യേശുവിന്റെ കാൽക്കൽ തൈലം ഒഴിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച യൂദായെ യോഹന്നാൻ12:5 ൽ കാണുവാൻ സാധിക്കും. അതിനു താൻ പറഞ്ഞ ന്യായം തൈലം വിട്ടു കിട്ടുന്ന പണം ദരിദ്രർക്ക് കൊടുക്കാം എന്നതാണ്. പക്ഷെ യൂദക്ക് ദരിദ്രന്മാരെ കുറിച്ച് ചിന്ത ഉണ്ടായിട്ടല്ല, അവൻ കള്ളനാക കൊണ്ടും പണസഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തു വന്നതുകൊണ്ടും ആകുന്നു എന്ന് തിരുവചനത്തിൽ കാണുന്നു. പണസഞ്ചിയിൽ ഉണ്ടായിരുന്ന പണം യേശുവിന്റെയോ മറ്റു ശിഷ്യന്മാരുടെയോ അറിവ് കൂടാതെ യൂദാ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവാണ് കള്ളൻ എന്ന് യൂദായെ അഭിസംബോധന ചെയ്തിരിക്കുന്നത്. തൈലം വിട്ടു കിട്ടുന്ന പണം കൂടി തന്റെ പക്കൽ എത്തിയാൽ അതും തന്റെ ആവശ്യക്കായി ഉപയോഗിക്കാം എന്ന ചിന്ത ആയിരിക്കാം യൂദായുടെ മനസ്സിൽ ഉണ്ടായിരുന്നത്. ദരിദ്രന്മാരുടെ പേരുപറഞ്ഞു പണസഞ്ചി നിറക്കുന്ന അഭിനവ യൂദമാരെ നാം തിരിച്ചറിയണം. തന്റെ സ്വഭാവത്തിൽ അലിഞ്ഞു ചേർന്ന ഈ ദ്രവ്യാഗ്രഹം തന്നെ കൊണ്ട് എത്തിച്ചത് യേശുവിനെ പോലും വിൽക്കുന്ന അവസ്ഥയിലാണ്.

​​യൂദായും മറിയയും ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തിത്വങ്ങളാണ്. മറിയയെക്കാൾ കൂടുതൽ യേശുവിനൊപ്പം സഞ്ചരിച്ചതും ഉപദേശങ്ങൾ കേട്ടതും യൂദയാണെന്നു നിസ്സംശയം ഗ്രഹിക്കാം. മറ്റെല്ലാത്തിനേക്കാളും ഉപരിയ്യായി യേശുവിനെ സ്നേഹിച്ച മറിയയും കേവലം മുപ്പതു വെള്ളിക്കാശിനു വേണ്ടി തന്റെ ആത്മരക്ഷകനെ ഒറ്റുകൊടുത്ത യൂദായും നൽകുന്ന സന്ദേശത്തിന്റെ വ്യാപ്തി വളരെ വലുതാണ്. സ്വാർത്ഥ താൽപര്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും ക്രിസ്തുവുമായുള്ള ബന്ധം ഉപയോഗിക്കാതെ നമ്മുടെ പാപങ്ങൾക്കായി കാൽവരിയിൽ യാഗമായി തീർന്ന യേശുവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാം.

ARTICLE | CHARLES P. JACOB

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.