അനുസ്മരണം: അഞ്ചു പതിറ്റാണ്ടകളായി സുവിശേഷവേദികളിൽ സംഗീതത്തിന്റെ കൊടുങ്കാറ്റായി മാറിയ പാസ്റ്റർ ഭക്തവത്സലൻ ഇനി ഓർമ്മ

സജി നിലമ്പുർ (സെക്രട്ടറി, ക്രൈസ്തവ എഴുത്തുപുര കർണാടക)

സംഗീതം, സംഗീതം ദൈവത്തിന്റെ വരദാനമാണ് സംഗീതം ഏത് ഹൃദയത്തെയാണ് ആകർഷിക്കപ്പെടാത്തത്, അതെ സംഗീതത്തിന് ഏത് ഹൃദയത്തെയും ആകർഷിക്കുവാൻ കഴിയും. 250 ൽ പരം ക്രൈസ്തവ ഭക്തിഗാനങ്ങൾ ക്രൈസ്തവ ഗാന കൈരളിക്ക് സംഭാവന ചെയ്തിട്ടുള്ള കർമ്മ ധീരനാണ് പാസ്റ്റർ ഭക്തവത്സലൻ. ദുഃഖിതർക്ക് ആശ്വാസമായും, രോഗികൾക്ക് സൗഖ്യമായും,തകർന്ന ഹൃദയത്തിന്റെ മുറിവ് കെട്ടലും, താളം തെറ്റിയ മനസ്സിന് സ്വാന്തനത്തിന്റെ തലോടലും ഒക്കെയായി അദ്ദേഹത്തിന്റെ തൂലികയാൽ വിരചിതമായ ഗാനങ്ങൾ ലക്ഷക്കണക്കിന് ജനങ്ങൾ നെഞ്ചിലേറ്റിയിട്ടുണ്ട്. രണ്ടുവർഷം മുൻപ് എന്റെ സഹോദരന്റെ മകന്റെ വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ പഴഞ്ഞി എന്ന സ്ഥലത്ത് ഞാൻ ഒരു വീട്ടിൽ ചെന്നു. ഞാൻ ബാംഗ്ലൂർ ആണെന്നറിഞ്ഞ ആ വീട്ടിലെ ഗൃഹനാഥൻ സാംകുട്ടിച്ചായൻ എന്നോട് ചോദിച്ചു ബാംഗ്ലൂരിലുള്ള ഭക്തവത്സലനെ അറിയാമോ ഞാൻ പറഞ്ഞു അറിയാം എന്നു മാത്രമല്ല വളരെ അടുത്ത ഇടപെടുകയും സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന എന്റെ ഒരു ആത്മീയ പിതാവാണ് ഭക്തവത്സലൻ.

ഭക്തവത്സലനെ എങ്ങനെ അറിയാം എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് തികച്ചും സുവിശേഷ വിരോധിയും മദ്യപാനിയായിരുന്ന ഞാൻ തൃശ്ശൂർ പഴഞ്ഞിയിൽ നടന്ന ഒരു കൺവെൻഷനിൽ പാസ്റ്റർ ഭക്തവത്സലന്റെ ചാരായം കുടിക്കരുതേ.. എന്ന പാട്ട് കേട്ടാണ് ഞാൻ രക്ഷിക്കപ്പെട്ടത്.എന്റെ ഹൃദയത്തിൽ ഒത്തിരി സന്തോഷം തോന്നി. ട്രാക്ട് വായിച്ചും സുവിശേഷ പ്രസംഗം കേട്ടും രക്ഷിക്കപ്പെട്ടവരെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. പാട്ട്കേട്ട് രക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ ഞാൻ ആദ്യമായി ആണ് കാണുന്നത്. അതും എനിക്ക് ഏറെ പ്രിയപ്പെട്ട ഭക്തവത്സലൻ അങ്കിളിന്റെ ഗാനം എന്നതിൽ ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു. എന്റെ ചെറുപ്രായം മുതൽ ഞാൻ കേൾക്കുകയും പഠിക്കുകയും പാടുകയും ചെയ്തിട്ടുള്ള പല പാട്ടുകളുടെയും ഉപജ്ഞാതാവായ പാസ്റ്റർ ഭക്തവത്സലനെ 2013 ൽ ബാംഗ്ലൂരിൽ നടത്തപ്പെട്ട പെന്തക്കോസ്ത് കൺവെൻഷനോടനുബന്ധിച്ചാണ് നേരിട്ട് കാണാനും പരിചയപ്പെടാനും ഭാഗ്യം ഉണ്ടായത്.

പിന്നീടു നടന്നിട്ടുള്ള പെന്തക്കോസ്തു കൺവെൻഷനുകളുടെ ഭാഗമായി അദ്ദേഹത്തോട് ചേർന്ന് നിൽക്കുവാൻ ദൈവം എനിക്കും അവസരം ഒരുക്കി. മാത്രമല്ല കഴിഞ്ഞ ചില വർഷങ്ങളായി അദ്ദേഹം രക്ഷാധികാരിയായും പ്രസിഡണ്ടായും നിലവിൽ വൈസ് പ്രസിഡണ്ടായുംസേവനം ചെയ്തു വന്ന ക്രൈസ്തവ എഴുത്തുപുര എന്ന സംഘടനയോട് ചേർന്ന് പ്രവർത്തിക്കുവാനും അദ്ദേഹത്തോടൊപ്പം കൂടുതൽ സമയം ചിലവഴിപ്പാനും പ്രാർത്ഥിക്കുവാനും സഹകരിപ്പാനും കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാനും കാണുന്നു. മറക്കാനാവാത്ത ഒരുപാട് നല്ല നല്ല ഓർമ്മകളും ഉപദേശങ്ങളും, സ്നേഹവായ്പുകളും തന്നിട്ടാണ് അദ്ദേഹം ഞങ്ങളെ വിട്ടു പോയത്. നീതിമാൻ എന്നേക്കും ഓർമ്മയിലിരിക്കും, നിഷ്കളങ്കമായ സ്നേഹം, കൃത്യനിഷ്ഠയുള്ള ജീവിതം, ആത്മാർത്ഥമായ കരുതൽ, പുഞ്ചിരിയോടെയുള്ള സംസാരം, സൗമ്യതയോടെയുള്ള ഇടപെടൽ എന്നിവയൊക്കെ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

വ്യക്തിജീവിതങ്ങളെ വ്യക്തമായി മനസ്സിലാക്കി ചേർത്തുനിർത്തുകയും കരം പിടിച് ഉയർത്തുകയും ചെയ്യുന്ന അതുല്യനായ കറയറ്റ വ്യക്തിത്വത്തിന്റെ ഉടമയും, അനുകരിപ്പാൻ യോഗ്യനുമായിരുന്നു പ്രിയ ഭക്തൻ അങ്കിൾ. ചില വർഷങ്ങളായി തന്റെ ശരീരത്തിൽ പലവിധമാകുന്ന രോഗങ്ങളും ഒന്നു മാറി മറ്റൊന്ന് എന്ന നിലയിൽ കഷ്ടതയിലൂടെ കടന്നു പോയപ്പോഴും ഒരിക്കൽപോലും താൻ ആരോടും പരാതി പറഞ്ഞിട്ടില്ല, ദൈവ സന്നിധിയിൽ പിറുപിറുത്തിട്ടില്ല പകരം നിറഞ്ഞ പ്രത്യാശയിലും സന്തോഷവാനുമായിട്ടായി രുന്നു തന്റെ അവസാന നാളുകളിലും. ചില ആഴ്ചകളായി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നതിന്റെ തലേദിവസം വരെയും സുവിശേഷ പ്രവർത്തനങ്ങളിലും തന്നെ ഏൽപ്പിച്ച കാര്യങ്ങളിലും പ്രത്യേകിച്ച് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു.

കഴിഞ്ഞവർഷം ഞങ്ങളുടെ ടീമിലുള്ള എല്ലാവരെയും വിളിച്ച് അദ്ദേഹം കണ്ട ദർശനം ഞങ്ങളോട് പങ്കുവെച്ചു. അതിപ്രകാരം ആയിരുന്നു കാലങ്ങൾ ഇനി അധികം നമുക്കില്ല നമ്മുടെ കർത്താവ് വരാറായി അതുകൊണ്ട് നമ്മളെ ഏൽപ്പിച്ച വേല വളരെ കൃത്യമായി വളരെ വേഗത്തിൽ നാം ചെയ്തുതീർക്കേണ്ടതുണ്ട്. ആ ദർശനപ്രകാരം ഞങ്ങൾ ചില ദിവസങ്ങൾ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും. കാന്തയുടെ ഒരുക്കം എന്ന തലക്കെട്ടോടു കൂടി ബൈബിൾ ക്ലാസ് ക്രമീകരിക്കുകയും ചെയ്തത് ഞങ്ങൾക്ക് മറക്കാനാവില്ല. അവന്റെ ശുശ്രൂഷകാലം കഴിഞ്ഞു അവൻ വീട്ടിലേക്കു പോയി എന്ന ബൈബിൾ വചനം ഞാനിവിടെ സ്മരിക്കുന്നു. തന്റെ പാട്ടിന്റെ പ്രശസ്തമായ ചില വരികൾ ഇങ്ങനെയായിരുന്നു
“മണ്ണിൻ മഹിമകൾ വേണ്ടെനിക്ക്
വിണ്ണിന്റെ ദർശനം ഒന്നു മതി
പൊന്നിൻ തിളക്കമെൻ കണ്ണുകളിൽ മിന്നിടതെന്നെ കാത്തിടണേ” പാടിയ പാട്ടിനോടും വരികളോടും 100% ആത്മാർത്ഥത പുലർത്തി മണ്ണിന്റെ യാതൊരു മഹിമകളും മനപ്പൂർവ്വം വേണ്ടെന്നുവച്ച് വിണ്ണിന്റെ വിഹായുസ്സിലേക്ക് പറന്നുപോയ ദൈവത്തിന്റെ മനുഷ്യനാണ് പാസ്റ്റർ ഭക്തവത്സലൻ.

തന്നെ ഏൽപ്പിച്ച വേല ഭംഗിയായി ചെയ്ത് തീർത്ത് ഇംമ്പങ്ങളുടെപറുദീസയിലേക്ക് പ്രിയ അങ്കിൾ പറന്നുപോയി. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയർക്കും, ഉയർപ്പിന്റെ പൊൻപുലരിയിൽ, ദൂതർ വീണ മീട്ടീടുമ്പോൾ തേജസിന്റെ പൊൻകിരീട ധാരിയായി ആ കൂട്ടത്തിൽ നമ്മുടെ എല്ലാവരുടെയുംപ്രിയപെട്ട ഭക്തവത്സലൻ അങ്കിളും കാണും. നമ്മളും കാണും കണ്ടേ മതിയാകൂ.

സജി നിലമ്പുർ

-Advertisement-

You might also like
Comments
Loading...