ലേഖനം: ക്രിസ്തീയ പ്രത്യാശ | ഗ്ലോറി രാജേഷ്

 

യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതെ, യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക (സങ്കീർത്തനം 27: 14)
എവിടെയും മനുഷ്യരുടെ ജീവിതസൗകര്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ഭൗതിക അനുഗ്രഹങ്ങളും നേടുന്നതിനോടൊപ്പം തന്നെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമത്രെ സമാധാനം. അതിന് കാരണം അവർ പ്രത്യാശ മുഴുവൻ അർപ്പിച്ചിരിക്കുന്നത് ഈ ലോകത്തിൽ ആയിരുന്നു. പ്രത്യാശ നഷ്ടമാകുമ്പോൾ, ചിന്തിച്ചത് പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ മനുഷ്യർ സ്വീകരിക്കുന്ന ചില മാർഗങ്ങളുണ്ട്. ചിലർ മദ്യത്തിന് അടിമയാകും, മറ്റു ചിലർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. ചിന്തിക്കുക മാത്രമല്ല പ്രവർത്തിക്കുന്നവരും ഉണ്ട്. എന്നാൽ യഹോവയിൽ പ്രത്യാശയുള്ള ഒരു ഭക്തൻ ഒരിക്കലും തകർന്നു പോകുവാൻ അനുവദിക്കുകയില്ല. അവന് പ്രതികൂലം ഉണ്ടാകില്ല എന്നതിനേക്കാൾ കഷ്ടതകളിലൂടെ യാത്ര ചെയ്താലും ദൈവം കൂടെയുണ്ട് എന്നൊരു പ്രത്യാശ നാം നേരിടുന്ന പ്രശ്നങ്ങളെ ധൈര്യപൂർവ്വം അതിജീവിക്കാൻ സഹായിക്കും.

വിശുദ്ധ വേദപുസ്തകത്തിൽ ഇത്തരം പ്രതിസന്ധികളിലൂടെ യാത്ര ചെയ്തിട്ടും പ്രത്യാശ കൈവിടാതെ ഇരട്ടി പ്രതിഫലം പ്രാപിച്ച ഒരു ഭക്തനെ നമുക്ക് പരിചയപ്പെടാം.
ഇയ്യോബ് എന്നതാണ് ആ ഭക്തന്റെ പേര്. ഇയ്യോബ് അനുഭവിച്ച പ്രതിസന്ധികൾ മറ്റൊരു വ്യക്തിയും നേരിട്ടതായി തോന്നുന്നില്ല. തനിക്കുള്ളതെല്ലാം നഷ്ടമായി, ഉറ്റ സ്നേഹിതരും സ്വന്തം ഭാര്യയും നിന്ദിച്ച് തള്ളിപ്പറഞ്ഞ സമയത്തും താൻ ആരെയും ന്യായം വിധിക്കാതെ, ആർക്കും എതിരായി സംസാരിക്കാതെയും തന്റെ വീണ്ടെടുപ്പുകാരനായ ദൈവത്തിൽ പ്രത്യാശ വെച്ചു. എന്തായിരുന്നു തന്റെ പ്രത്യാശ., ‘എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും അന്യനല്ല എന്റെ സ്വന്തകണ്ണ് അവനെ കാണും’. (ഇയ്യോബ് 19 : 25, 27)

തന്നിൽ പ്രത്യാശ വെച്ചിരുന്ന ദാസനെ മറ്റുള്ളവരുടെ മുമ്പിൽ നിന്ദാപാത്രമായി തീരുവാൻ കർത്താവ് അനുവദിച്ചില്ല. ഇയ്യോബിനെ ദൈവം ശ്രേഷ്ഠമായി മാനിച്ചതായി ആ പുസ്തകത്തിന്റെ അവസാന അധ്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിൽ തളർന്നുപോകാതെ ദൈവത്തിൽ പ്രത്യാശ വെച്ചുകൊണ്ട് തന്റെ അനർത്ഥ കാലം കഴിച്ചു കൂട്ടുവാൻ ഇയോബിന് കഴിഞ്ഞത് നാം എല്ലാവരും മാതൃകയാക്കേണ്ടതാണ്.

പ്രിയ സഹോദരങ്ങളെ., കഷ്ടതയും ശത്രുതയും സഹിക്കേണ്ടി വന്നാലും ദൈവത്തിന്റെ ദാസന്മാരെ വീഴാതെ പ്രത്യാശയോടെ നിർത്തിയ ദൈവകൃപ എന്നിലും ചൊരിയണമേ എന്ന് നമുക്കും പ്രാർത്ഥിക്കാം. മാത്രമല്ല നാം ചെയ്യേണ്ടത് ഇത്രമാത്രം. നീയോ എല്ലായിപ്പോഴും യഹോവ ഭക്തിയോടെ ഇരിക്കുക ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം നിന്റെ പ്രത്യാശയ്ക്കോ ഭംഗം വരികയില്ല. (സദൃശ്യ 23 : 17, 18) നമ്മുടെ പ്രത്യാശയ്ക്ക് ഭംഗം വരാതെ മുന്നേറുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ.

-Advertisement-

You might also like
Comments
Loading...