ശാസ്ത്രവീഥി: പുനർസൃഷ്ടിക്കപ്പെടുന്ന ഭൂമിയും പ്രപഞ്ചവും | പാസ്റ്റർ സണ്ണി പി. സാമുവൽ

“അതിനെ അനുഷ്ഠിക്കുന്ന യഹോവ അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്ന നാമമുള്ളവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു:” (യിരെ: 33:2).

 

 

ഒറ്റവായനയിൽ അർത്ഥം ക്ഷിപ്രം ഗ്രഹിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു വാക്യമാണിത്. കാരണം, അനുഷ്ഠിക്കുക, നിവർത്തിക്കുക, നിർണ്ണയിക്കുക, എന്നീ വാക്കുകൾ കൊണ്ടുള്ള ഒരു അമ്മാനമാട്ടമാണു ഇവിടെ കാണുന്നത്. അനുഷ്ഠിക്കുക എന്ന വാക്കിനു ആചാരം, പ്രയോഗം, കാര്യം നടത്തൽ, ശാസ്ത്രവിഹിതമായ (തന്ത്രവിധിപ്രകാരം എന്നും അർത്ഥം) കർമ്മം ചെയ്യൽ, മതകർമ്മാചാരം എന്നൊക്കെയാണർത്ഥം. ഈ അർത്ഥതലത്തിൽ അനുഷ്ഠിക്കുക എന്ന വാക്കു എങ്ങനെ ദൈവത്തിനു യോജിക്കും? വ്രതം അനുഷ്ഠിക്കുക എന്നാണല്ലോ നാം സാധാരണയായി പറയാറുള്ളത്. എന്നാൽ നിവർത്തിക്കുക, നടപ്പിലാക്കുക എന്നും ആ വാക്കിനു അർത്ഥമുണ്ട്. യഹോവ അനുഷ്ഠിക്കും എന്ന വാക്കു ബൈബിൾ ഈ അർത്ഥത്തിൽ പ്രയോഗിച്ചു കാണുന്നുണ്ട്. “യഹോവയുടെ തീക്ഷൢത അതിനെ അനുഷ്ഠിക്കും” (2രാജാ: 29:31; യെശയ്യാ:37:32). “തിരുവുള്ളത്തിൻ്റെ താല്പര്യം അവൻ അനുഷ്ഠിക്കും” (ഇയ്യോബ്: 23:13). “ഞാൻ അതു അനുഷ്ഠിക്കും” (യെഹെ:24:14; ആമോസ്: 9:12).

അനുഷ്ഠിക്കുക എന്ന വാക്കിനു നിവർത്തിക്കുക, നടപ്പിലാക്കുക എന്നാണു അർത്ഥമെങ്കിൽ കുറിവാക്യത്തിൽ തൊട്ടടുത്തുതന്നെ നിവർത്തിക്കുക എന്ന വാക്കു വരുന്നു. ഇതു വീണ്ടും ആശയക്കുഴപ്പത്തിനു കാരണമാകുന്നു. പിന്നാലെ നിർണ്ണയിക്കുക എന്ന വാക്കും വരുന്നു. നിർണ്ണയം എന്ന വാക്കിനു ഘനമേറിയ തീരുമാനം എന്നർത്ഥം. വീണ്ടും ചിന്താക്കുഴപ്പം. അതിനാൽ KJV കൂടാതെ മറ്റു ചില വിവർത്തനങ്ങളും എബ്രായവാക്കുകളും പരിശോധിച്ചു. _This is what the LORD says who made the earth, the LORD who formed it in order to establish it-whose Name is the LORD,_ എന്നാണു International Standard Version (ISV)- ൽ കാണുന്നത്. അതിൻ്റെ സ്വതന്ത്ര വിവർത്തനം: _”ഭൂമിയെ സൃഷ്ടിക്കുകയും അതിനെ (സ്വസ്ഥാനത്തു) സ്ഥാപിക്കേണ്ടത് രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത യഹോവ, യഹോവ എന്ന നാമമുള്ളവൻ തന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു.”_ RSV-യിലും സമാന പരിഭാഷയാണ്. Easy English Version -ൽ: _I am the LORD who made the earth. I gave a shape to it and put it in its place._ എന്നായപ്പോൾ ആശയം അല്പം കൂടെ വ്യക്തമായി. ഭൂമിക്കു ഇന്നത്തെ അതിൻ്റെ രൂപം നല്കി അതിൻ്റെ ഭ്രമണപഥത്തിൽ നിറുത്തിയിരിക്കുന്നത് യഹോവയാകുന്നു. _”Thus saith ADONAI the maker, ADONAI who formed (the Universe) so as to keep directing it- ADONAI his Name”_ എന്നാണു Complete Jewish Bible (CJB) പരിഭാഷയിൽ കാണുന്നത്. ഇപ്പോൾ ആശയം സുവ്യക്തമായി- പ്രപഞ്ചത്തിൻ്റെ ഗതാഗതം നിയന്ത്രിക്കുന്നതു അദോനായ് ആണ്. എബ്രായബൈബിളിലെ യഹോവ എന്ന വാക്കാണു LORD, ADONAI എന്നീ പകരം വാക്കുകൾ കൊണ്ടു വിവക്ഷിച്ചിരിക്കുന്നത്. KJV- യിൽ ഈ വാക്യം എബ്രയബൈബിളിൽ നിന്നു നേരിട്ടുള്ള വിവർത്തനവും (Literal Translation) മറ്റുള്ളവ ആശയവിവർത്തനവും (Dynamic Translation) ആണ്. വിവർത്തനങ്ങൾ എല്ലാം ചേർത്തു പഠിച്ചപ്പോഴാണ് വാക്യത്തിൻ്റെ ശരിക്കുള്ള അർത്ഥം ഗ്രഹിപ്പാനായത്.

‘ആശ’ (Asah), ‘യാറ്റ്സർ’ (Yatsar) ‘കൂൻ’ ( Koon) എന്നീ എബ്രായ വാക്കുകളാണ് Make, Form (Shape), Establish (Direct) എന്നീ വാക്കുകൾക്കായി യഥാക്രമം ഉപയോഗിച്ചിരിക്കുന്നത്. ഇതോടു ചേർന്നു വരേണ്ട രണ്ടു വാക്കുകൾ കൂടെ ഉണ്ട്. ‘ബാറാ’ (BARA- ഉല്പ: 1:1) ‘നതാഹ്’ (NATAH- സെഖ: 12:1). സൃഷ്ടിച്ചു, വിരിച്ചു എന്നാണു മലയാളം വിവർത്തനം. ‘ബാറാ’ എന്ന വാക്കിനു ഒന്നുമില്ലായ്മയിൽനിന്നും വിളിച്ചു വരുത്തുക, സൃഷ്ടിക്കുക എന്നർത്ഥം. Yesh me Ayin (യെഷ് മെ അയ്ൻ) എന്നാണു എബ്രായഭാഷയിൽ പറയുക. Something from Nothing എന്നു വിവക്ഷ. അതു ഹാസിഡിൿ യെഹൂദാ ചിന്താധാരയാണ്. ‘യെഷ്’ എന്നതിനു
There is/are, or exist(s) എന്നും ‘അയ്ൻ’ എന്നതിനു Nothingness എന്നും അർത്ഥം. ഗ്രീക്ക് ഭാഷയിൽ Ex-Nihilo എന്നു പറയും. ഒന്നുമില്ലായ്മയിൽ നിന്നു ഒന്നും ഉളവാകുന്നില്ല (Nothing comes from nothing) എന്നു സ്ഥാപിക്കുവാൻ യവനായ തത്വചിന്തകൻ പർമെനിഡെസ് മുന്നോട്ടുവെച്ച ചിന്തയാണിത്- Ex-Nihilo nihil fit. ഇതു ശാസ്ത്രമാണ്. ഇതിനു കടകവിരുദ്ധമാണ് ബാറാ.

ദൈവം ഒന്നുമില്ലായ്മയിൽ നിന്നു തൻ്റെ വല്ലഭത്വത്തിൽ പ്രപഞ്ചത്തെ ശൂന്യതയിൽനിന്നു വിളിച്ചുവരുത്തി (ഉല്പ:1:1;സങ്കീ: 33:6; യെശയ്യാ: 44:24; റോമർ: 4:17; 11:36; 1കൊരി: 8:6; എഫേ: 3:9; കൊലോ: 1:16;എബ്രാ: 2:10; 2പത്രോ: 3:5; വെളി: 4:11). സകലത്തെയും നിലനിറുത്തുന്നതും വഹിക്കുന്നതും അവൻ തന്നെ (എബ്രാ:1:3). സകലത്തിൻ്റെയും അവകാശിയും (എബ്രാ: 1:2).’ആശ’ എന്ന എബ്രായവാക്കിനു to do, work, make, produce എന്നൊക്കെയാണു അർത്ഥം. അതായതു ഒന്നിൽ നിന്ന് മറ്റൊന്നു ഉണ്ടാക്കിയെടുക്കുക. ഇവിടം മുതലാണു ശാസ്ത്രീയസത്യങ്ങൾ ആരംഭിക്കുന്നത്. അതിനു പുറകിലേക്കുള്ള യാതൊന്നും തെളിയിക്കുവാൻ ശാസ്ത്രത്തിനു ആവില്ല. ഒന്നിൽ നിന്നു മറ്റൊന്നിനെ രൂപപ്പെടുത്തിയെടുക്കുന്നതിനെ ‘Ex- materia’ എന്നാണു പറയുന്നത്.
ദ്രവ്യത്തിൽനിന്നു നിർമ്മാണം എന്നർത്ഥം. ദ്രവ്യം നിലവിൽ വന്നാൽ മാത്രമേ സമയം രേഖപ്പെടുത്താനാവൂ ( Once matter is present time can be recorded). Ex-materia സിദ്ധാന്തപ്രകാരം ദ്രവ്യം സൃഷ്ടിക്കപ്പെട്ടതല്ല. അതിനാൽ പ്രപഞ്ചം കാലാതീതമാണ് (timeless). എന്നാൽ ബൈബിൾ ഈ വാദഗതി അംഗീകരിക്കുന്നില്ല.

Yatsar എന്ന എബ്രായവാക്കിനു to form, to fashion, to frame, predetermined to form, എന്നൊക്കെയാണ് അർത്ഥം. അതായത് ഒരു ഡിസൈനർ/ശില്പി തൻ്റെ നിർമ്മിതി മുൻകൂട്ടി ബ്ലൂ പ്രിന്റ് തയ്യാറാക്കുകയും അതനുസരിച്ച് Frame work നടത്തുകയും ചെയ്യുന്നതിനെയാണു Yatsar എന്നു പറയുന്നത്. Natah എന്നതിനു പ്രപഞ്ചത്തെ വിരിച്ചു അഥവാ വികസിപ്പിച്ചു എന്നർത്ഥം. അതായതു പ്രപഞ്ചം ചലനാത്മകം ആയി (Dynamic Universe) എന്നർത്ഥം. Koon എന്നാൽ ഓരോന്നിനെയും അതാതു സ്ഥലങ്ങളിൽ കടന്നു കൂടാത്ത, ലംഘിച്ചു കൂടാത്ത നിശ്ചിതപഥത്തിൽ നിലനിർത്തിക്കൊണ്ടിരിക്കുക എന്നർത്ഥം. ഈ വാക്കുകളെ നാം ക്രമീകരിക്കുമ്പോൾ Yatsar, Bara, Natah, Asah, Koon എന്നിങ്ങനെ കിട്ടുന്നു. Koon എന്നതു Asah-യ്ക്കു മുമ്പായാലും കുഴപ്പമില്ല. അതായതു ദൈവം നിത്യതയിൽ മുൻനിർണ്ണയിച്ചതിനെ ശൂന്യതയിൽനിന്നു വിളിച്ചുവരുത്തി അവരെ വികസിപ്പിച്ചു ഓരോന്നിനെയും അതതിൻ്റെ പഥത്തിൽ നിറുത്തി, അതിൽ നിർമ്മിതികൾ നടത്തി എന്നധ്വനി കിട്ടുന്നു. സൃഷ്ടിപ്പിൻ്റെ ക്രമം ഇതാണ്.

Asah എന്നവാക്കിനു be occupied, furnish, govern, yield, bestow, have the charge of, gather എന്നൊക്കെയും സ്ട്രോങിൻ്റെ എബ്രായനിഘണ്ടുവിൽ അർത്ഥം ഉണ്ട്. ഈ വാക്കുകളിലൂടെയാണ് നാം ഉല്പത്തി:1:1- നും 3-നും ഇടയിൽ ടൈം ഗ്യാപ്പ് ഉണ്ട് പറയുന്ന ഗ്യാപ് തിയറിരും; മൂന്നാം വാക്യം മുതൽ പുനഃസൃഷ്ടി ആണെന്നും പഠിപ്പിക്കുന്നത്. Asah എന്നതിനു ഒന്നിൽ നിന്ന് മറ്റൊന്ന് രൂപപ്പെടുത്തുക എന്നു മാത്രമല്ല അർത്ഥം. ഉടഞ്ഞുപോയതിനെ പുനർനിർമിക്കുന്നതിനും ഈ വാക്കുപയോഗിച്ചിരിക്കുന്നു (യിരെ:18:3,4).

ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്നതിനു ‘തോഹൂ വ ബോഹൂ’ എന്നാണ് എബ്രായഭാഷയിൽ. ‘തഹ്’ എന്ന മൂലവാക്കിൽ നിന്നാണു തോഹൂ എന്ന വാക്കുണ്ടായത്. തഹ് എന്ന വാക്കു ത്ഹ് എന്നീ വ്യഞ്ജനാക്ഷരങ്ങളിൽ നിന്നു രൂപപ്പെട്ടു വന്നതാണ്. അതിനു വഴിതെറ്റി പോവുക (Go Astray) എന്നർത്ഥം. പുരാതന മിസ്രയീമ്യഭാഷയിൽ ‘th’ എന്നതിന് Deviation, miss എന്നൊക്കെ അർത്ഥം. യുഗാരിറ്റിൿ ഭാഷയിൽ ‘thw’ എന്ന വാക്കിനു waste land or wilderness എന്നർത്ഥം. അറബിക്കിൽ ‘tih’ എന്ന വാക്കിനു waste land, wilderness, emptiness എന്നൊക്കെയാണർത്ഥം. വഹാ അഥവാ വ്’അഹ് എന്നതിനു tobe astonished എന്നർത്ഥം. ‘ബ്ഹ്’ എന്നതിനു To flee in panic, Chaos എന്നൊക്കെ അർത്ഥം. എല്ലാം കൂടെ ചേർത്തു വായിക്കുമ്പോൾ, “ഭൂമി മരുഭൂമിക്ക് സമാനമായി പാഴ്നിലവും തരിശുഭൂമിയും ആയി ആകെ താറുമാറായി, അലങ്കോലപ്പെട്ട അവസ്ഥയിൽ (Chaotic stage) അതിൻ്റെ ഭ്രമണപഥത്തിൽ നിന്നു വഴിതെറ്റി (Go astray) വിരണ്ടോടി കൊണ്ടിരുന്നു (flee in panic ) എന്ന ആശയം നമുക്കു കിട്ടുന്നു. _”And the earth was in confusion and chaos, and darkness was on the face of the abyss,”_ എന്നാണു മറ്റൊരു വിവർത്തനത്തിൽ. _”Now the earth was astonishingly empty,”_
എന്നാണു The Complete Jewish Bible- ൽ കാണുന്നത്. ‘വഹാ’ എന്ന വാക്കിൻ്റെ അർത്ഥം ഇവിടെ ലഭിക്കുന്നുണ്ട്. Was എന്നതിനു എബ്രായബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഹായെഥാ(ഹ്) എന്ന വാക്കു become എന്നായിരുന്നു വിവർത്തനം ചെയ്യേണ്ടിയിരുന്നത്. Befall, befallen, came, came into being, fall out, ended, had been happened, reached, surely come to pass എന്നൊക്കെ ആ വാക്കിനു അർത്ഥമുണ്ട്. അങ്ങനെയെങ്കിൽ “ഭൂമി പാഴും ശൂന്യവും ആക്കപ്പെട്ടു, ആയിത്തീർന്നു, നിപതിക്കപ്പെട്ടു എന്നായിരുന്നു വിവർത്തനം വരേണ്ടിയിരുന്നത്. ഇങ്ങനെയായിത്തീർന്ന ഭൂമിയിൽ ആഴം, ഇരുൾ ഇവ ഉണ്ടായിരുന്നു. ആഴം എന്നതു ഭൂമിയുടെ മേലുണ്ടായിരുന്ന പ്രളയജലത്തിൽ അളവിനെ കുറിക്കുന്നു. Abyss എന്ന വാക്കിനു അഗാധത, അടി കാണാത്ത ഗർത്തം, പടുകുഴി എന്നൊക്കെ അർത്ഥം. ഇതിൽ നിന്നും ഭൂമിയുടെ മേൽ എത്ര ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നുവെന്ന് ഊഹിക്കാമല്ലോ. ഇരുൾ
എന്നതു മറ്റൊരു വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്നത്- തമോഗർത്തം. നമ്മുടെ പ്രപഞ്ചത്തിൽ നിറഞ്ഞുനില്കുന്നത് തമോർജ്ജമാണ്. തമോഗർത്തത്തിൻ്റെ- തമോർജ്ജത്തിൻ്റെ ശക്തിയേറിയ ഒരു ആവരണം പാഴും ശൂന്യവും ആക്കപ്പെട്ട പ്രപഞ്ചത്തിലെ
സകല ദ്രവ്യമാനങ്ങളെയും മൂടിപൊതിഞ്ഞു നിന്നിരുന്നു. അഥവാ പ്രപഞ്ചത്തിലെ സകല ഗോളങ്ങളും ഒരു തമോഗർത്തത്തിൻ്റെ ഉള്ളിൽ അകപ്പെട്ടു കിടന്നു. അതു സ്പർശിക്കത്തക്ക ഇരുൾ ആണെന്നും (പുറ:10:21) അതിനു വ്യക്തികളുടെ മേൽ ബലം പ്രയോഗിക്കുവാൻ കഴിയുമെന്നും (പുറ:10:22,23) അതുപയോഗിച്ചു വീണുപോയ ദൂതന്മാരെ ചങ്ങലയ്ക്കിടാൻ കഴിയുമെന്നും (2പത്രോ:2:4; യൂദാ:6) ബൈബിൾ പഠിപ്പിക്കുന്നു. പാപം ചെയ്തു വീണുപോയ ദൂതന്മാർ തിരികെ പ്രപഞ്ചത്തിലെ ഒരു ഗോളത്തിലും പ്രത്യേകിച്ചു ഭൂമിയിൽ പ്രവേശിക്കാതിരിപ്പാൻ ദൈവം പ്രപഞ്ചത്തെ കറുപ്പിച്ചു (യിരെ: 4: 23-28; യെഹെ:31:15; 32:7,8). ഇതുനിമിത്തം ഗോളങ്ങൾ ഭ്രാന്തമായി സഞ്ചരിച്ചു. എല്ലായിടവും Chaos മാത്രമായിരുന്നു. ദൈവം പുനഃസൃഷ്ടി (ASAH) ആരംഭിച്ചപ്പോൾ വെളിച്ചം ഉണ്ടാകട്ടെ എന്നു കല്പിച്ചു. വെളിച്ചം ഉണ്ടായി. ഇതു ബൈബിളിലെ തെറ്റാണെന്നു ചിലർ വാദിക്കാറുണ്ട്. കാരണം, സൂര്യചന്ദ്രാദികളെ നാലാം ദിവസം ആണു ഉണ്ടാക്കിയത്. പിന്നെ എവിടെ നിന്നു വെളിച്ചം വന്നു? അത് അറിയണമെങ്കിൽ രണ്ട്, മൂന്ന് ദിവസങ്ങളിലെ സൃഷ്ടിയെക്കുറിച്ച് പഠിക്കണം. ദൈവം ഭൂമിയിൽ നിന്നു വെള്ളങ്ങളെ വേർതിരിച്ചു വിതാനം ഉണ്ടാക്കി. ഭൂമിയിലെ വെള്ളത്തെ ഒരിടത്തു കൂട്ടി സമുദ്രം ഉണ്ടാക്കി. ഇതുപോലെ പ്രപഞ്ചത്തിൽ പ്രബലമായിരുന്ന തമോഗർത്തം വിഭജിച്ചു മാറട്ടെ എന്നു ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടാകട്ടെ എന്നു പറഞ്ഞാൽ ഇരുട്ട് (തമോഗർത്തം) മാറിപ്പോകട്ടെ എന്നാണല്ലോ അർത്ഥം. അങ്ങനെ സംഭവിച്ചു. ക്രമേണ പുനഃസൃഷ്ടി നടന്നു. Chaotic Stage- ൽ നിന്നു പ്രപഞ്ചം Termodynamics- ലൂടെ ചലനാത്മകം ആയി മാറി. അതു ദൈവത്തിൻ്റെ പ്രവൃത്തി. ഓരോ വാനഗോളവും അതതിൻ്റെ നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സുബോധം വന്നവരെപ്പോലെ സഞ്ചരിക്കുവാൻ തുടങ്ങി. പ്രപഞ്ചം ക്രമരാഹിത്യത്തിൽ നിന്നു വ്യവസ്ഥയിലേക്ക് വന്നു (From disorder to order). പാഴും ശൂന്യവും ആയിരുന്ന ഭൂമി ഫലവത്തായി (yielding) മാറി. ഈ മഹാപ്രക്രിയയാണു ഉല്പത്തി 1: 3- മുതൽ നാം വായിക്കുന്ന പുനഃസൃഷ്ടി. ഇവയെല്ലാം ചേർത്താണ് യിരെമ്യാവു അനുഷ്ഠിക്കുക, നിവർത്തിക്കുക, നിർണ്ണയിക്കുക എന്നീ വാക്കുകൾ കോറിയിട്ടത്. അതിൻ്റെ അർത്ഥങ്ങൾ വീതിയും പരപ്പും ആഴവുമുള്ളതാണ്. ഇനിയും ഈ ഭൂമി പുനഃസൃഷ്ടിക്കപ്പെടും. അതു വിശുദ്ധന്മാരുടെ വീണ്ടെടുപ്പിനു ശേഷമായിരിക്കും. അന്ന് പ്രപഞ്ചം അതിൻ്റെ പൂർണ്ണതയിൽ പരിലസിച്ചുകൊണ്ടിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.