അനുസ്മരണം: സ്നേഹനിധിയായ ഭക്തച്ചാൻ

ഷൈജു മാത്യു

2008ൽ ദുബായിൽ വച്ചാണ് ഞാൻ ആദ്യമായി ഭക്തചാനെ നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് തൊട്ടു ഇന്ന് വരെയും വളരെ ഇഴയടുപ്പമുള്ള ബന്ധം ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നു. 2012ൽ യു.എ.ഇയുടെ 7 എമിറേറ്റ്ക്‌ളിലും തന്റെ സംഗീത ജീവിതത്തിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ചു സംഗീത സന്ധ്യകൾ സംഘടിപ്പിക്കുകയും അതിന്റെ പിന്നണിയിൽ ഒരു ഭാഗം ആകുവാൻ സാധിക്കുകയും ചെയ്തത് ചാരിതാർഥ്യത്തോടെ ഓർക്കുന്നു. ഓരോ പ്രാവശ്യം താൻ യു.എ.ഇ സന്ദർശിക്കുമ്പോഴും ഞങ്ങൾ കാണുകയും ഒന്നിച്ചു കൂട്ടായ്മ ആചരിക്കുകയും ചെയ്തിരുന്നു. അന്ന് കുഞ്ഞായിരുന്ന എന്റെ മൂത്ത പൈതലിനെ കരങ്ങളിൽ എടുത്തു അവളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചതും ഒരു ഭാഗ്യമായി ഞാൻ കാണുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ക്രൈസ്തവ എഴുത്തുപുര എന്ന സംഘടനയിലേക്ക് തന്നെ ക്ഷണിക്കുന്നതിനുള്ള നിയോഗം എന്റെ മേൽ വന്നത്. തികച്ചും ശൈശവ ദിശയിലുള്ള ഈ പ്രസ്ഥാനത്തിലേക്കാണ് അഞ്ചു വർഷങ്ങൾക്ക് മുന്നേ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചത്. തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ വച്ച് ഒരിക്കലും താൻ ആ ക്ഷണം സ്വീകരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ എന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞുകൊണ്ടു വളരെ സൗമ്യമായി എന്നോട് പറഞ്ഞത് “എന്റെ സഹായം എപ്പോഴും നിങ്ങൾക്കുണ്ടാകും, ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതി” എന്ന ഉത്തരമാണ് ആ വലിയ മനുഷ്യൻ എന്നോട് പറഞ്ഞത്. അന്ന് മുതൽ ഞങ്ങളുടെ കർണാടകയിലെ പ്രവർത്തനങ്ങൾക്ക് ഭക്തച്ചാൻ ഒരു നെടുംതൂണായി അവസാന നിമിഷം വരെ ഉണ്ടായിരുന്നു. എത്ര ഉന്നതിയിൽ നിൽക്കുമ്പോഴും മറ്റുള്ളവരോട് വലുപ്പചെറുപ്പമില്ലാതെ ഒരു പുഞ്ചിരിച്ച മുഖത്തോടും വാത്സല്യത്തോടും കൂടെ മാത്രം താൻ ഇടപെടുന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ എഴുത്തുപുരയിൽ താൻ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയ നാൾ മുതൽ എഴുത്തുപുരയുടെ ഏതു കാര്യങ്ങൾക്കും ചെറുപ്പക്കാരെപ്പോലെ ഉത്സാഹത്തോട് ഭക്തച്ചാൻ കാര്യങ്ങൾക്കു മുൻപന്തിയിൽ എന്നും ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന് വേണ്ടി ഏതു പുതിയ കാര്യങ്ങൾ ചെയ്യുമ്പോഴും അഭിപ്രായങ്ങൾ ചോദിക്കുകയും അതിന് പ്രകാരം കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന ഒരു പ്രകൃതം തനിക്കുണ്ടായിരുന്നു. കോവിഡ് കാലത്തു കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ മീറ്റിംഗുകളും ആരാധനയുമൊക്കെ ഓൺലൈനായി സംഘടിപ്പിക്കുവാൻ വളരെ ഉത്സാഹമായിരുന്നു ഭക്തച്ചാന്. കഴിയുന്നതും കുടുംബമായി തന്നെ എല്ലാ മീറ്റിംഗികളിലും പങ്കെടുക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതും ഈ സമയത്തു നന്ദിയോടെ ഓർക്കുന്നു.

ക്രൈസ്തവ കൈരളിക്കു നികത്താനാവാത്ത വിടവാണ് തന്റെ ദേഹവിയോഗം മൂലം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിനും ഞങ്ങളുടെ കാരണവരെയാണ് നഷ്ടമായിരിക്കുന്നത്, ആ നഷ്ടത്തിന്റെ ആഴം എത്രയെന്നു പറഞറിയിക്കാൻ സാധ്യമല്ല. എങ്കിലും ലോകമുള്ളിടത്തോളം കാലം ആത്മാവിനെ തൊട്ടുണർത്തുന്ന തന്റെ സ്വർഗ്ഗ സംഗീതത്തിലൂടെ ഭക്തച്ചാൻ ജനഹൃദയങ്ങളിൽ ദീപമായി ശോഭിക്കും എന്നതിൽ തർക്കമില്ല. സ്വർണ്ണത്തെരുവിൽ നമ്മൾ വീണ്ടും കാണും എന്ന പ്രത്യാശയോടെ തൽക്കാലം വിട!

– ഷൈജു മാത്യു

-Advertisement-

You might also like
Comments
Loading...