ലേഖനം: അലറുന്ന നാല്പതുകൾ | ബിജോ മാത്യു, പാണത്തൂർ

 

പതിനഞ്ചാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ നിലനിന്ന യന്ത്ര സഹായമില്ലാത്ത കടൽ യാത്രകളുടെ ചരിത്രം ആരെയും അമ്പരിപ്പിക്കുന്നതാണ്. ആളുകൾ പുതിയ ഭൂഭാഗങ്ങൾ തിരഞ്ഞ് ലോകമെങ്ങും യാത്ര ചെയ്തതും, പരിവേഷണങ്ങൾ നടത്തിയതും, യൂറോപ്യൻ ശക്തികൾ ലോകം മുഴുവൻ വ്യാപാരങ്ങളിൽ ഏർപ്പെട്ടതും, കോളനികൾ സ്ഥാപിച്ചതുമൊക്കെ ഇങ്ങനെയാണ്. കാറ്റിന്റെ സഹായത്താൽ സഞ്ചരിക്കുന്ന പായ്ക്കപ്പലുകളിൽ അവർ ലോകയാത്ര ചെയ്തു. ഒന്നും രണ്ടും ദിവസമല്ല, മാസങ്ങൾ ദൈർഘ്യമുള്ള യാത്രകൾ.

ആ സമയങ്ങളിൽ ഭൂമിയുടെ പടിഞ്ഞാറുള്ള യൂറോപ്പിൽ നിന്നും കിഴക്കുള്ള ഓസ്ട്രേലിയയിലേക്കും മറ്റു കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും പായക്കപ്പലുകൾ യാത്ര ചെയ്തിരുന്നത് ഒരു പ്രത്യേക റൂട്ടിൽ കൂടെയായിരുന്നു. യൂറോപ്യന്മാർ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗങ്ങളിലൂടെ തെക്കോട്ട് യാത്ര ചെയ്തു സൗത്താഫ്രിക്കയുടെ അരികിലുള്ള ഹോൺ മുനമ്പ് ചുറ്റി ഭൂമിയുടെ 40 ഡിഗ്രി തെക്ക് ഭാഗത്ത് വന്ന് വീണ്ടും കിഴക്കോട്ട് യാത്ര ചെയ്യും. ഈ 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിൽ വളരെ ശക്തിയായി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അടിക്കുന്ന ഒരു കാറ്റുണ്ട്. അതിൻറെ പേരാണ് “അലറുന്ന നാൽപതുകൾ”.

അതിശക്തമായ ഈ കാറ്റിൻറെ വേഗത ഭയാനകമാണ്. ഭൂമിയുടെ ഏറ്റവും തെക്കൻ ഭാഗങ്ങളിലൂടെയാണിത് ആഞ്ഞു വീശുന്നത് (അന്റാർട്ടിക്കയുടെ അരികിലൂടെ). അന്റാർട്ടിക്ക സന്ദർശിച്ച ഒരു പ്രസിദ്ധനായ സഞ്ചാരി എഴുതിവച്ചിരിക്കുന്നത് “അവിടെ സ്ഥാപിച്ചിട്ടുള്ള ഒരു പള്ളിയുടെ മേൽക്കൂര ഈ കാറ്റിൽ പറന്നു പോകാതിരിക്കാൻ കൂറ്റൻ ചങ്ങലകൾ മേൽക്കൂരയുടെ നാലു വശങ്ങളിൽ നിന്നും താഴേക്കിട്ട് പാറ തുരന്ന് പള്ളിയെ അവിടെ ഉറപ്പിച്ചിരിക്കുന്നു” എന്നാണ്. കാറ്റിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര പറന്നു പോകുക! അൽഭുതാവാഹം തന്നെയാണ്. അതാണ് അലർന്ന നാൽപത്കളുടെ ശക്തി.

എന്നാൽ ഇത്രയും ശക്തിയുള്ള ഈ കാറ്റിന്റെ പാതയിലേക്ക് ഒരു പായ്ക്കപ്പൽ വന്നാൽ വളരെ വേഗത്തിൽ അതിനെ ലക്ഷ്യത്തിലെത്തിക്കാൻ ഈ അലറുന്ന നാല്പത്കൾക്ക് കഴിയും. അതുകൊണ്ടുതന്നെ മൂന്നുനാലു നൂറ്റാണ്ടുകൾ ലോക ശക്തികൾ കപ്പലുകൾ പായിച്ചതും ഇതേ റൂട്ടിൽ തന്നെയാണ്. 1611ൽ ഡച്ച്കാരനായ ഹെൻട്രിക് ബ്രൂവെർ ആണ് ഈ പാത കണ്ടെത്തുന്നത്. അതുകൊണ്ട് ഇതിന് ബ്രൂവെർ റൂട്ടെന്ന് വിളിക്കുന്നു. ക്ലിപ്പറുകൾ എന്ന തരം കപ്പലുകൾ ഇതിലെ വളരെ വേഗത്തിൽ യാത്ര ചെയ്തിരുന്നതിനാൽ “ക്ലിപ്പർ റൂട്ട്”എന്നും അറിയപ്പെടുന്നു. സർവ്വ സംഹാരിയായി അടിച്ചു ഉയരുന്ന ഇതേ കാറ്റാണ് മൈലുകൾ പോകേണ്ട കപ്പലുകളെ മുൻപോട്ട് ആഞ്ഞ് തള്ളി വേഗത്തിൽ ലക്ഷ്യത്തിലെത്തിക്കുന്നത്.

പ്രിയപ്പെട്ടവരെ, പല പ്രശ്നങ്ങളും നമ്മെ വിഴുങ്ങാൻ അല്ല, നമ്മെ ലക്ഷ്യത്തിൽ എത്തിക്കാനുള്ളതാണ്. യോസേഫിന്റെ ദർശനം വലുതായിരുന്നു. അതുകൊണ്ട് പ്രശ്നങ്ങളും വലുതായിരുന്നു.അവൻ്റെ ദർശനത്തിന്റെ പൂർത്തീകരണം കിടക്കുന്നത് മിസ്രയീമിലാണ്. അതുകൊണ്ട് ഓരോ പ്രശ്നവും അവനെ അവൻ്റേ ലക്ഷ്യസ്ഥാനമായ മിസ്രയീമിലേക്ക് പതുക്കെ പതുക്കെ എത്തിക്കുന്നു. അതായത് ഓരോ പ്രശ്നങ്ങളും ഓരോ ശക്തമായ കാറ്റുകൾ പോലെയാണ്.

ഈ പ്രശ്നങ്ങളാകുന്ന കാറ്റുകളാണ് യോസഫിനെ തള്ളി തന്റെ ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിക്കുന്നത്. നമുക്ക് മുൻപിലുള്ള ലക്ഷ്യം വലുതായത് കൊണ്ട് പ്രതിസന്ധികളും വലുതായിരിക്കും. മുൻപോട്ടുള്ള യാത്രയിൽ നമ്മുടെ ഊർജ്ജം അതാണ്. വെല്ലുവിളിക്കാൻ ഒരു ഗോലിയാത്ത് ഉണ്ടായിരുന്നതാണ് ദാവീദ് കാട്ടിൽ നിന്ന് നാട്ടിൽ ചുവടുറപ്പിക്കാനുള്ള ഒരു കാരണം.

തന്നെ ഓടിക്കാൻ തന്റെ പിറകിൽ ശൗൽ ഉണ്ടായിരുന്നതും സിംഹാസനത്തിലേക്കുള്ള ദാവീദിന്റെ വേഗത കൂട്ടി. നമ്മുടെ പ്രതിസന്ധികൾ നമ്മെ ലക്ഷ്യത്തിലെത്തിക്കാനുള്ളതാണ്, നമ്മെ തകർക്കാനുള്ളതല്ല. എത്ര വലിയ പ്രശ്നങ്ങളും നമ്മെ നമ്മുടെ ലക്ഷ്യത്തിൽ എത്തിക്കുക തന്നെ ചെയ്യും. അലറുന്ന നാല്പതുകളെ പോലെ.

– ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.