പ്രിസ്ക്കില്ല ഡാനിയേൽ ഇനി കേരളാ പോലീസ് ഓഫീസർ; യുവജനങ്ങൾക്ക് പ്രചോദനമായി ഒരു പോരാട്ടത്തിന്റെ കഥ

ഇരവിപേരൂർ: കായിക മേഖലകളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ 20 വയസ്സുകാരി പ്രിസ്ക്കില്ല ഡാനിയേൽ കേരളാ പോലീസിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് പാസ്സിംഗ് ഔട്ട് നടന്നത്.
ഇല്ലായ്മകളോടും പ്രതിസന്ധികളോടും മല്ലടിച്ചാണ് പ്രിസ്ക്കില്ല ഈ അതുല്യ നേട്ടം കരസ്ഥമാക്കിയത്. യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് പ്രിസ്ക്കില്ലയുടെ ജീവിത കഥ.

ഡാനിയേൽ – ഗ്രേസി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രിസ്ക്കില്ല. ഐ.പി.സി കുമ്പനാട് നെല്ലിമല സഭാ വിശ്വാസികളാണ്.

മാതാപിതാക്കളുടെയും ദൈവമക്കളുടെയും ദൈവദാസന്മാരുടെയും പ്രാർത്ഥനയും ദൈവകൃപയുമാണ് തൻ്റെ നേട്ടങ്ങൾക്ക് പിന്നിലെന്ന് പ്രിസ്ക്കില്ല ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. കായിക താരമായ പ്രിസ്കില്ല ഇതിനോടകം 36 സംസ്ഥാന മെഡലുകളും 32 ദേശീയ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. പത്തോളം റെക്കോർഡുകൾ നേടി. അതിൽ നാലെണ്ണം ഇപ്പോഴും സ്വന്തം പേരിൽ തന്നെ.
800 മീറ്റർ ഓട്ടമാണ് പ്രധാനയിനം. ഉസൈൻ ബോൾട്ടിൻ്റെ നാടായ ജമൈക്കയിൽ നടന്ന പരിശീലന ക്യാമ്പിൽ ഇന്ത്യയിൽ നിന്നും സെലക്ഷൻ നേടുകയും പങ്കെടുക്കുകയും ചെയ്തു. കസാക്കിസ്ഥാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. സ്വർണ്ണം ഉൾപ്പെടെ മെഡലുകളും നേടി.

മൂത്ത സഹോദരി ശേബായും കായികതാരമാണ്. ഇപ്പോൾ കായിക അധ്യാപികയായി ജോലി ചെയ്യുന്നു. ശേബയും നിരവധി സംസ്ഥാന മെഡലുകൾ നേടിയിട്ടുണ്ട്. സഹോദരിയുടെ പാത പിന്തുടർന്നാണ് പ്രിസ്ക്കില്ലയും കായിക മേഖലയിൽ എത്തിയത്. എൽ.കെ.ജി മുതൽ എട്ടാം ക്ലാസ്സ് വരെ ഇരവിപേരൂർ സെൻ്റ് ജോൺസ് സ്കൂളിലും, ഒമ്പത് മുതൽ പ്ലസ്ടു വരെ തിരുവനന്തപുരം എം.വി.എച്ച്.എസ്.എസ് തുണ്ടത്തിൽ സ്കൂളിലുമാണ് പഠിച്ചത്. ഡിഗ്രി വിദ്യാഭ്യാസം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലും.

പിതാവ് ഡാനിയേലും മാതാവ് ഗ്രേസിയും ആത്മീയ കാര്യങ്ങളിൽ മുൻപന്തിയിലാണ്. തികഞ്ഞ ദൈവഭക്തിയിൽ മക്കളെ വളർത്തുന്ന ഇവർ മറ്റുള്ളവർക്ക് തികച്ചും മാതൃകയാണ്. റബർ ടാപ്പിംഗ് തൊഴിലാളിയായ ബ്രദർ ഡാനിയേൽ വളരെ അധ്വാനിച്ചാണ് തന്റെ കുടുംബം പുലർത്തി കൊണ്ടിരിക്കുന്നത്. ആത്മീയ കാര്യങ്ങളിൽ ഉത്സാഹികളും തികഞ്ഞ പ്രാർത്ഥനാ ജീവിതവുമുള്ള കുടുംബമാണ് ഇവരുടേത്.

കായികയിനങ്ങളിലുള്ള മികവും നേട്ടങ്ങളുമാണ് കേരള പോലീസിലേക്കുള്ള ജോലി പ്രിസ്ക്കില്ലയെ തേടിയെത്താനുള്ള കാരണം. ഈ മിടുക്കിയിൽ നിന്ന് ഇനിയും ഏറെ നമുക്ക് പ്രതീക്ഷിക്കുവാനുണ്ട്.
ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.