ശാസ്ത്രവീഥി: ആഫ്രിക്കയും മദ്ധ്യേഷ്യയും പിളരുന്നു – രാജാവു വരുന്നു | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

“ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, ആഫ്രിക്കയുടെ കൊമ്പു മുറിഞ്ഞുപോകുന്നു,” എന്നിങ്ങനെ ഒരു വാർത്ത 2018 മാർച്ച് 21 ൹ “24 വെബ് ഡെസ്ൿ” മലയാളത്തിൽ റിപ്പോർട്ടു ചെയ്തു. ഇംഗ്ലീഷ് വാർത്തയെ അടിസ്ഥാനമാക്കിയാണു ഇതു വന്നതു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ വാർത്തയുടെ രത്നച്ചുരുക്കം ഏതാണ്ടു ഇപ്രകാരമായിരുന്നു:-

“ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു. ഈ പിളർപ്പിൻ്റെ തോതു വളരെ വേഗത്തിലാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. കെനിയ, സൊമാലിയ, ടാൻസാനിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഭൗമമേഖലയാണു “ആഫ്രിക്കയുടെ കൊമ്പ്” എന്നു വിശേഷിപ്പിക്കുന്ന ഭൂവിഭാഗം. ഈ പിളർപ്പിൻ്റെ സൂചന നല്കിക്കൊണ്ടു കെനിയയിലെ  മായ്മാഹിയു- നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ആദ്യം വിള്ളൽ രൂപപ്പെട്ടത്. മണ്ണും പാറയും ഇട്ടു വിള്ളല്‍ നികത്താന്‍ ശ്രമം നടത്തുന്നുവരികയാണ്. വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ നിന്നു ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറി താമസിക്കാന്‍ തുടങ്ങി.  വിള്ളലിൻ്റെ തുടർച്ച മറ്റുമേഖലയിലും പ്രത്യക്ഷപ്പെട്ടതോടെ ഭൂഖണ്ഡവിഭജനം വാര്‍ത്തകളില്‍ നിറയുകയാണ്. ഇത് ഏതൊക്കെ തരത്തിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഒരുപക്ഷേ, വലിയ ദുരന്തം തന്നെ ഇതേതുടര്‍ന്ന് ഉണ്ടായേക്കാം.

ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് വിള്ളല്‍ രൂപപ്പെടുന്നതെന്നു ശാസ്ത്രലോകം പറയുന്നു. ഇതിൻ്റെ അനന്തരഫലമായി കിഴക്കൻ ആഫ്രിക്ക ഒരു പുതിയ ഭൂഖണ്ഡമായി മാറും. വിള്ളല്‍ സംഭവിക്കുന്നിടത്ത് ഇന്ത്യന്‍ മഹാസമുദ്രം ഇരച്ച് കയറും എന്നും ഇവർ പറയുന്നു. കെനിയ,സൊമാലിയ, ടാൻസാനിയ, ഉഗാണ്ട, എത്യോപ്യ, ജിബുട്ടി, എറിട്രിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ 19 രാജ്യങ്ങളാണു കിഴക്കന്‍ ആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയില്‍നിന്ന് കിഴക്കനഭാഗം പിളര്‍ന്നുമാറുന്നതോടെ ഇരുഭാഗത്തെയും വേര്‍തിരിക്കുന്നത് സമുദ്രമായിരിക്കും. ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവയ്ക്കിടയില്‍ റിഫ്ട് രൂപപ്പെടും. ഇതോടെ കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടുന്ന സൊമാലിയ ഫലകം നൂബിയന്‍ ഫലകത്തില്‍നിന്ന് അകന്നുമാറുകയും ചെയ്യും. പ്രതിവര്‍ഷം 2.5 സെന്റി മീറ്റര്‍ വേഗത്തിലാണ് സൊമാലിയ ഫലകം നൂബിയന്‍ ഫലകത്തില്‍നിന്ന് തെന്നിമാറുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഈ സംഭവം നടക്കുന്നതിനു 13 വര്‍ഷം മുമ്പും -അതായത് ഇന്നേക്കു 18 വർഷം മുമ്പ്- ഇത്തരത്തിൽ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2005 ല്‍ എത്യോപ്യയില്‍ ആയിരുന്നു അത്. അന്നു പത്തു ദിവസം കൊണ്ടു 60 കിലോമീറ്റര്‍ നീളത്തിൽ പിളര്‍പ്പുണ്ടായി. എട്ട് മീറ്റര്‍ വീതിയായിരുന്നു പിളര്‍പ്പിന് ഉണ്ടായിരുന്നത്. ദബ്ബാഹു അഗ്നിപര്‍വ്വത സ്‌ഫോടനം ആയിരുന്നു അന്ന് ഇത്തരം ഒരു പിളര്‍പ്പിന് കാരണം ആയതു എന്നാണു പഠനങ്ങൾ പറഞ്ഞത്.

എന്നാൽ 2019 മാർച്ച് 22 -൹ മനോരമ ഈ വാർത്ത (EARS) “അപ്ഡേറ്റ്” ചെയ്തപ്പോൾ, “ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തിലാണു ഈ പ്രക്രിയ നടക്കുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം,” എന്നാണ് രേഖപ്പെടുത്തിയത്.

എന്നാൽ 2023 ഏപ്രിൽ ആയപ്പോഴേക്കും സ്ഥിതി വളരെ ഗുരുതരമാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് (EAR) അല്ലെങ്കിൽ ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം (EARS) എന്നു പേരിട്ടിരിക്കുന്ന ഈ പിളർപ്പ് ഒരു സജീവ ഭൂഖണ്ഡാന്തര വിള്ളൽ മേഖലയായി മാറിയിരിക്കുന്നു. 22-25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, മയോസീൻ യുഗത്തിന്റെ ആരംഭത്തിലാണു EAR വികസിക്കാൻ തുടങ്ങിയത്. വടക്ക് ഏഷ്യാമൈനർ വരെ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ ഭാഗമായാണ് ഇത്. വിള്ളൽ തടങ്ങളുടെ ഒരു പരമ്പര, കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം ആയിരക്കണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്നു.

എന്താണ് ഈസ്റ്റ് ആഫ്രിക്ക റിഫ്റ്റ് സിസ്റ്റം?

എത്യോപ്യയിലെ അഫാർ മേഖലയിലാണ് ഏറ്റവും പഴക്കമേറിയ വിള്ളൽ സംഭവിക്കുന്നത്. ഈ വിള്ളലിനെ എത്യോപ്യൻ റിഫ്റ്റ് എന്നാണു വിളിക്കുന്നത്. ഇതിൻ്റെ തുടർച്ചയായി തെക്കുഭാഗത്തേക്ക് വിള്ളലുകളുടെ ഒരു പരമ്പര ഉണ്ടാകുന്നു. അതിൽ പടിഞ്ഞാറൻശാഖയും കിഴക്കൻ ശാഖയും രൂപപ്പെട്ടിട്ടുണ്ട്. കിഴക്കൻശാഖയിൽ ആഫ്രിക്കൻ വലിയ തടാകങ്ങൾ ഉൾക്കൊള്ളുന്ന “ലേക്ക് ആൽബർട്ട് റിഫ്റ്റ്” അല്ലെങ്കിൽ “ആൽബെർട്ടൈൻ റിഫ്റ്റ്”; നെയ്‌റോബിയും കെനിയയും ഉൾപ്പെടുന്ന വടക്ക് നിന്ന് തെക്ക് വരെ നീളുന്ന വിഭജനമായ ഒരു കിഴക്കൻ ശാഖ.
ഈ രണ്ടു ശാഖകളെയും ഒന്നിച്ച് ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് (EAR) എന്ന് വിളിക്കുന്നു, അതേസമയം കിഴക്കൻശാഖയുടെ ഭാഗങ്ങളെ കെനിയ വിള്ളൽ അല്ലെങ്കിൽ ഗ്രിഗറി റിഫ്റ്റ് എന്നും വിളിക്കുന്നു (1900 കളുടെ തുടക്കത്തിൽ ഇത് ആദ്യമായി മാപ്പ് ചെയ്ത ജിയോളജിസ്റ്റിൻ്റെ പേര്). ഈ രണ്ടു EAR ശിഖരങ്ങൾ ചേർന്നാണു ഈസ്റ്റ് ആഫ്രിക്ക റിഫ്റ്റ് സിസ്റ്റം (EARS) രൂപീകരിക്കുന്നത്.
അതിനാൽ, പൂർണ്ണമായ വിള്ളൽ സംവിധാനം ആഫ്രിക്കയിൽ മാത്രം 1000 കിലോമീറ്റർ വ്യാപിക്കുന്നു, കൂടാതെ ചെങ്കടലും അഡെൻ (Aden) ഉൾക്കടലും വിപുലമായി ഉൾപ്പെടുത്തിയാൽ അടുത്ത 1000-ൽ അധികം കിലോമീറ്ററുകൾ കൂടി ഈ വിള്ളലിൻ്റെ വ്യാപ്തി വർദ്ധിക്കുന്നു. ഇവകൂടാതെ, തീർച്ചയായും ചെറുതെങ്കിലും സജീവമായ ഗ്രാബെൻസ് എന്നു വിളിക്കപ്പെടുന്ന നിരവധി വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പ്രധാന വിള്ളലുകളുമായി ഭൂമിശാസ്ത്രപരമായി വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ ചിലതിന് വിക്ടോറിയ തടാകത്തിന് സമീപമുള്ള പടിഞ്ഞാറൻ കെനിയയിലെ ന്യാൻസാവിള്ളൽ പോലെയുള്ള പേരുകൾ നല്കിയിട്ടുണ്ട്. അതിനാൽ, കിഴക്കൻ ആഫ്രിക്കയിലെ ഒരൊറ്റ വിള്ളലാണെന്ന് ആളുകൾ കരുതുന്നത് യഥാർത്ഥത്തിൽ വ്യത്യസ്തമായ വിള്ളൽതടങ്ങളുടെ ഒരു പരമ്പരയാണ്. അവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ആഫ്രിക്കൻ പ്ലേറ്റും അറേബ്യൻ പ്ലേറ്റും ആയ രണ്ടു ടെക്‌റ്റോണിക് പ്ലേറ്റുകൾക്കിടയിലുള്ള മദ്ധ്യസമുദ്രത്തിന്റെ ഒരു വരമ്പാണ് ചെങ്കടൽ വിള്ളൽ. ഇത് ചാവുകടൽ ട്രാൻസ്‌ഫോം ഫാൾട്ട് സിസ്റ്റത്തിൽ നിന്ന് വ്യാപിക്കുകയും എഡെൻ റിഡ്ജും ഈസ്‌റ്റ് ആഫ്രിക്കൻ റിഫ്റ്റും ചേർന്നുള്ള ഒരു മുക്കവലയിൽ അവസാനിക്കുകയും ചെയ്യുന്നു, ഇത് ആഫ്രിക്കയിലെ അഫാർ ഡിപ്രഷനിലെ അഫാർ ട്രിപ്പിൾ ജങ്ഷൻ രൂപീകരിക്കുന്നു.
അഫാർ ട്രിപ്പിൾ ജംഗ്ഷനിൽ നിന്നാണ് തെക്കോട്ട്, EAR രണ്ട് പ്രധാന ശാഖകൾ രൂപപ്പെടുന്നത്. ഈസ്റ്റേൺ റിഫ്റ്റ് വാലി അഫാർ ട്രിപ്പിൾ ജംഗ്ഷനിൽ നിന്ന് തെക്കോട്ട് പോയി, കെനിയൻ റിഫ്റ്റ് വാലിയാകുന്നു. തുടർന്ന് കോംഗോ ഡിആർ, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി, സാംബിയ, ടാൻസാനിയ, മലാവി , മൊസാംബിക്. വെസ്റ്റേൺ റിഫ്റ്റ് വാലിയിൽ ആൽബർട്ടൈൻ റിഫ്റ്റും തെക്ക്, മലാവി തടാകത്തിന്റെ താഴ്‌വരയും ഉൾപ്പെടുന്നു.
മൊസാംബിക്കിന്റെ തീരത്ത് നിന്ന് കെരിമ്പദ്വീപസമൂഹം, ലാസെർഡ, ഗ്രാബെൻസ് എന്നിവയ്‌ക്കൊപ്പം കടൽത്തീരത്ത് വിള്ളൽ തുടരുന്നു. അവ 2,200 കിലോമീറ്റർ നീളമുള്ള (1,400  മൈൽ) റിലിക് ഫ്രാക്ചർ സോണുമായി ചേരുന്നു. ഇതു പടിഞ്ഞാറൻ സൊമാലിയൻ തടത്തിന് കുറുകെ, ടാൻസാനിയയ്‌ക്കുംമൊസാംബിക്കിനും ഇടയിലുള്ള അതിർത്തിയിലൂടെ കടന്നുപോകുന്നു. ഡേവി റിഡ്ജിന് 30-120 കി.മീ (19-75 മൈൽ) വീതിയുണ്ട്, അതിന്റെ നീളത്തിന്റെ തെക്കൻ പകുതിയിൽ പടിഞ്ഞാറു അഭിമുഖമായി കുത്തനെയുള്ള കിടങ്ങിനു സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് 2,300 മീറ്റർ (7,500 അടി) വരെ ഉയരമുണ്ട്. അതിന്റെ ചലനം EAR-ന് സമാന്തരമാണ്.

അറേബ്യൻ പ്ലേറ്റ് നൂബിയൻ പ്ലേറ്റിനെതിരായി നീങ്ങുന്നതിൻ്റെ ഫലമായി യിസ്രായേലിലെ ജേക്കബ്‌സ് ഫോർഡിന്റെ  വടക്കുകിഴക്കേ മൂലയിൽ വരെ വിള്ളൽ
ഉണ്ടായിരിക്കുന്നു.

നാഷണൽ ജോഗ്രഫി, എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക, ജിയോളജി ഡോട്ട് കോം, എർത്ത് ഒബ്സെർവേറ്ററി (നാസ) എന്നീ സയൻ്റിഫിൿ സൈറ്റുകളിൽ നിന്നു ഞാൻ ശേഖരിച്ച വിവരങ്ങളുടെ ക്രോഡികൃത റിപ്പോർട്ടാണു മുകളിൽ കൊടുത്തിരിക്കുന്നത്. ഇതെല്ലാം പൂർണ്ണമായി ഗ്രഹിക്കുവാൻ എനിക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, ഒന്നു ഞാൻ മനസ്സിലാക്കുന്നു. ആഫ്രിക്ക, മെഡിറ്ററേനിയൻ, അറേബ്യൻ ഉപഭൂഖണ്ഡം മുതൽ ഏഷ്യാ മൈനർ വരെ നീളുന്ന ഒരു വമ്പൻ ഭൂഖണ്ഡറിഫ്റ്റ് അനദിവിദൂരഭാവിയിൽ സംഭവിക്കും. 2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയായിലും ഉണ്ടായ ഭൂകമ്പങ്ങളുടെ പ്രകമ്പനം യിസ്രായേൽ വരെ എത്തിയതു നാം അറിഞ്ഞല്ലോ.

ഈ ഭൂമേഖലയെക്കുറിച്ചു ബൈബിൾ അടിസ്ഥാനത്തിൽ പഠിച്ചാൽ പ്രവചനപരമായി വളരെ പ്രാധാന്യമുണ്ട്. മറ്റൊരു പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്.
ഏദെനിലെ പ്രധാനനാലു നദികൾ ഉൾപ്പെട്ട തടമാണിത്.
കൂശ് (ആഫ്രിക്ക), അശ്ശൂർ (ബാബിലോണിയ തടം), ഇവ രണ്ടിനും ഇടയില്പെട്ട സീനായി-അറേബ്യ ഉപഭൂഖണ്ഡങ്ങളും, പാലസ്തീനും ഉൾപ്പെട്ട ഹവീല മുതൽ ശൂർ വരെയുള്ള പ്രവിശ്യ. ഈ മേഖലയിൽ അനേക പ്രാവശ്യം പ്ലേറ്റ് റിഫ്റ്റിങും ഭൂകമ്പങ്ങളും നടന്നതായി ബൈബിളും ശാസ്ത്രവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

ഇതു സെഖര്യാവ് 14-ാം അദ്ധ്യായത്തിലെ പ്രവചനവുമായി ചേർത്ത് വിശകലനം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ സർവ്വഭൂമിയ്ക്കും രാജാവാകുവാനായി ഒലിവുമലയിൽ ഇറങ്ങും. ഒലിവുമല രണ്ടായി പിളർന്നു പോകും. മലയുടെ ഒരു പാതി വടക്കോട്ടും മറ്റേ പാ തി തെക്കോട്ടും വാങ്ങിപ്പോകും. മലയുടെ താഴ്‌വര ആസൽ വരെ എത്തും (3-4). ആസൽ ഏതു സ്ഥലമാണെന്ന് കൃത്യമായ വിവരണം ലഭ്യമല്ല. എബ്രായഭാഷയിൽ Azal, Azel എന്നവാക്കിനു to go away, to go about, To be used up, be gone, evaporated എന്നൊക്കെയാണ് അർത്ഥം. Azal എന്നൊരു വാക്കു അറബിഭാഷയിലും ഉണ്ട്. അതു പഹ്ലവി ഭാഷയിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.
അതിൻ്റെ അർത്ഥം without head എന്നാണ്. ഈ വാക്കു ഒരു ഗൂഢാർത്ഥസൂചന ആണെന്നു ഞാൻ കരുതുന്നു. Those who withdraw or stand apart എന്നിങ്ങനെയും അർത്ഥമുണ്ട്.
“തല” എന്നതു കൊമ്പു എന്നതിനോട് ഒത്തു വരുന്നു. അങ്ങനെയെങ്കിൽ ഒലിവുമല പിളർക്കപ്പെടുമ്പോൾ അതിൻ്റെ പ്രകമ്പനവും പ്രഭവവും ആഫ്രിക്ക വരെ എത്തുകയും ആഫ്രിക്കയുടെ കൊമ്പ് പൂർണമായി വേർപെടുകയും (withdraw or stand apart) ചെയ്യും.

Azal എന്ന വാക്കിന് Eternity, Since the beginning of time എന്നൊക്കെയും അറബിഭാഷയിൽ അർത്ഥമുണ്ട്. ഇവിടെയും ഗൂഢാർത്ഥവ്യാഖ്യാനം നമ്മെ സഹായിക്കുന്നു.
ആഫ്രിക്കയുടെ കൊമ്പു മുറിഞ്ഞു പോകുമ്പോൾ ഭൂമേഖല മുഴുവൻ ആദിയിൽ ആയിരുന്നതുപോലെ (ഏദെന്യസ്ഥിതിയിൽ) ആയിത്തീരും എന്നല്ല അർത്ഥമാക്കേണ്ടത്. കൂടാതെ പാലസ്തീനിലും വലിയ ഇളക്കിമറിച്ചിലുകൾ ഭവിക്കും. യെരൂശലേംനഗരം മാത്രം ഉയർന്നിരിക്കത്തക്കവിധം മറ്റെല്ലാ പർവ്വതനിരകളും സമഭൂമിയായി മാറും. മൂന്നാം യെരൂശലേം ആലയത്തിൽ നിന്നും ഒരു നദി പുറപ്പെട്ടു ഒരു പാതി കിഴക്കോട്ടു ഒഴുകി യോർദ്ദാൻനദിയിലും മറ്റേ പാതി പുതുതായി രൂപപ്പെടുന്ന തടത്തിലൂടെ ഒഴുകി മെഡിറ്ററേനിയൻ കടലിലും പതിക്കും (സെഖ:14:8). അറേബ്യൻ ഉപദ്വീപിൽ സംഭവിക്കുന്ന ഭ്രംശം കാരണം അരാബയിലെ പർവ്വതനിരകൾ സമഭൂമിയായി യോർദ്ദാൻ നദിയുടെ പുരാതന സ്വാഭാവികതടം പുനഃസ്ഥാപിച്ചു വെള്ളം അക്വാബകടലിൽ പതിക്കും.

ഗേബയും രിമ്മോനും ഈ പ്രവചനത്തിലെ മറ്റു രണ്ടു സ്ഥലങ്ങളാണ്. ഗേബ യെരൂശലേമിനു 10കി. മീ. വടക്കു സ്ഥിതിചെയ്യുന്ന ഒരു ബന്യാമീന്യപട്ടണമാണ് (യോശുവ: 21:1,18). രിമ്മോനെക്കുറിച്ചു കൃത്യമായ വിവരമില്ല. കാരണം ഈ പേരിൽ പല സ്ഥലങ്ങൾ ഉണ്ടായിരുന്നു. എങ്കിലും യെഹൂദയുടെയും (യോശുവ:25:32) ശിമെയോൻ്റെയും (യോശുവ:29:7) സംയുക്തപട്ടണമായിരുന്നു അത്. ഈ രണ്ടുസ്ഥലങ്ങളും യോർദ്ദാൻ നദിക്കു പടിഞ്ഞാറേ ഭാഗമാണ്. ഈ താഴ്‌വരയിലൂടെ ആയിരിക്കാം പുതിയനദി ഒഴുകുന്നത്.

“രിമ്മോൻ” എന്നതു ഒരു അരാമ്യദേവൻ്റെ പേരുകൂടെയാണ്. അരാം ഇന്നത്തെ സിറിയ. തുർക്കിയും സിറിയയും ഉൾപ്പെട്ട മേഖല ഭൂകമ്പബാധിതമേഖലയാണല്ലോ. EARS- ൻ്റെ പ്രകമ്പനമേഖലയിൽ ഏഷ്യാമൈനറും ഉണ്ടല്ലോ. അങ്ങനെയെങ്കിൽ രിമ്മോൻ എന്നതു ആ ദേവൻ്റെ ദേശം ഉൾപ്പെട്ട സിറിയ-തുർക്കി മേഖല ആണോ? ആണെങ്കിൽ അവിടം പെട്ടെന്നു 90 ഡിഗ്രി കറങ്ങി യെരൂശലേമിനു തെക്കു വരുമോ? പ്രചനനിവൃത്തി എങ്ങനെയെന്നു നാമറിയുന്നില്ലല്ലോ.

കർത്താവു ഒലിവു മലയിൽ ഇറങ്ങുന്നതിൻ്റെ പ്രഭാവം ഒരു നിമിഷത്തെ ആഘാതമായി ഭൂമിമേൽ അനുഭവപ്പെടാതിരിപ്പാൻ ഇപ്പോഴേ ഭൂമി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ക്രിസ്തുവിൻ്റെ പാദസ്പർശത്തോടെ അതു സാവധാനം പൂർണ്ണമാകും.
രാജാവായി കർത്താവിന്റെ രണ്ടാം വരവിന്റെ രണ്ടാം മുഖത്തിൻ്റെ അടയാളം ഭൂമിയിൽ കണ്ടു തുടങ്ങിയെങ്കിൽ കാന്തനായി മദ്ധ്യവാനിലെ അവിടുത്തെ വരവു എത്ര സമീപം. അതാണല്ലോ നമ്മുടെ ഏകമാത്രപ്രത്യാശ. അതിനായി ഒരുങ്ങാം.

 “അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ
മദ്ധ്യവാനിൽ യേശു വെളിപ്പെടുമേ.”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.