ലേഖനം: പിടിച്ചു നിൽക്കുക, എല്ലാം നല്ലതിന് | ബിജോ മാത്യു പാണത്തൂർ

ജീവിതത്തിൽ അടിക്കടിയുണ്ടാകുന്ന പ്രതിസന്ധികൾ തളർത്തിയ മനസ്സുമായി ശൂന്യതയുടെ പറുദീസയിൽ കുനിഞ്ഞ ശിരസ്സുമായിരിക്കുമ്പോൾ അറിയാതെ നിരാശയുടെ മരണമന്ത്രണം കാതിൽ മുഴങ്ങും. ആളുകൾ നിരാശയിലേക്ക് വഴുതുമ്പോള്‍ അതിലൊരു ചെറിയ കൂട്ടത്തെ മരണം കൊണ്ടുപോകുന്നു.

എനിക്ക് എന്താ ഇങ്ങനെ? എന്ന് തങ്ങളോട് തന്നെ ചോദിക്കുന്ന ആയിരങ്ങൾ..എന്നാൽ വചനം പറയുന്നു: സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. “സകലവും”? “അതെ സകലവും”. ഒരു ദൈവ പൈതലിന്റെ ജീവിതത്തിലെ എല്ലാം നന്മയ്ക്കാണ്. കാലത്തിൻറെ നീണ്ട കാലുകളിൽ പറ്റിപ്പിടിച്ച് യാത്ര ചെയ്യുന്ന നമ്മൾ അനേക കാതം യാത്ര ചെയ്തു തിരിഞ്ഞു നോക്കുമ്പോൾ മാത്രമേ എല്ലാം നന്മയ്ക്കായി മാത്രം എന്നുള്ള സത്യം തിരിച്ചറിയുകയുള്ളൂ.

തടവറയിൽ ചെയ്യാത്ത തെറ്റിന് അകപ്പെട്ടപ്പോൾ സഹതടവുകാരനായ പാനപാത്രവാഹകനോട് “നീ തിരികെ പദവിയിൽ പ്രവേശിക്കുമ്പോൾ എന്നെ ഓർക്കണമേ” എന്ന് പറഞ്ഞ ജോസഫിനേ സൗകര്യപൂർവ്വം അവൻ മറന്നു കളഞ്ഞു. കാരാഗ്രഹത്തിൽ നിന്ന് പുറത്തുവരാനുള്ള ഒരേയൊരു വഴിയും അങ്ങനെ ജോസഫിന്റെ മുൻപിൽ അടഞ്ഞു. നാമാണെങ്കിലോ?

എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്? എന്ന് ദൈവത്തോട് ചോദിക്കും. എന്നാൽ യോസഫ് നിരാശനായില്ല. അവൻ പതറിയില്ല. പൊട്ടക്കിണർ മുതൽ 15 വർഷത്തോളം സംഭവിച്ച വേദനിപ്പിക്കുന്ന കാര്യങ്ങളെ അവൻ കുറ്റം പറഞ്ഞില്ല. പകരം തന്റെ ദർശനത്തിലേക്ക് സൂക്ഷിച്ചുനോക്കി. സകലവും നന്മയ്ക്കായി സംഭവിക്കും എന്ന് വിശ്വസിച്ചു. അതുതന്നെ സംഭവിച്ചു.

പാനപാത്രവാഹകന്മാരുടെ പ്രമാണി വിചാരിച്ചിരുന്നെങ്കിൽ പരമാവധി ജോസഫിന് ഒരു പാനപാത്രവാഹകന്റെ ജോലി വാങ്ങി കൊടുക്കാൻ കഴിഞ്ഞേനെ. എന്നാൽ ദൈവത്തിൻറെ സമയത്ത് ദൈവം കാര്യങ്ങളെ തീരുമാനിച്ചപ്പോൾ അതിനും മുകളിലായി മിസ്രയീമിന്റെ മേധാവിയായി ജോസഫ് മാറി. “സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു”.

ജീവിതത്തിൽ സംഭവിക്കുന്ന തിക്തമായ അനുഭവങ്ങൾ നാളെ ഉണ്ടാവാനുള്ള അനുഗ്രഹങ്ങളുടെ മുന്നോടിയാണ്. ഇന്നത് വിഷമമായി മാറാമെങ്കിലും നാളെകളിൽ അത് അനുഗ്രഹമായി രിക്കും.

തകർന്നുപോയ കപ്പലിന്റെ അവശിഷ്ടങ്ങളിൽ പിടിച്ച് പൗലോസും കൂട്ടരും മെലീത്തയിൽ(Malta) എത്തി.ഇത് കാട്ടു മനുഷ്യരായിട്ടുള്ള (Barbarians)ജനങ്ങളുടെ സ്ഥലമായിരുന്നു. റോമിലേക്കുള്ള യാത്രയിൽ സുഖകരമായ കാലാവസ്ഥയായിരുന്നു. അനുകൂലമായ കാറ്റ്, തെളിഞ്ഞ അന്തരീക്ഷം. മെലീത്തയിലേക്ക് ഒരിക്കലും പോകേണ്ട ആവശ്യം പൗലോസിനും കൂട്ടർക്കും ഇല്ലായിരുന്നു.

എന്നാൽ കാറ്റ് പ്രതികൂലമായി. ഇരുണ്ട ആകാശത്തിനു കീഴെ 15 ദിവസം ലക്ഷ്യം നഷ്ടപ്പെട്ട് കടലിലൂടെ ഒഴുകി. ഭക്ഷണ സാധനങ്ങൾ കപ്പലിന്റെ ഭാരം കുറയ്ക്കാനായി കടലിലേറിഞ്ഞു. പട്ടിണിയും, ദുരന്തങ്ങളും, ഭയവും. അങ്ങനെ കപ്പൽ തകർന്ന് മെലീത്ത ദ്വീപിൽ എത്തുന്നു. യൂറോപ്പിലെ കൊടുംതണുപ്പിൽ മൂന്നുമാസം മെലീത്തയിൽ. കാര്യങ്ങൾ പ്രതീക്ഷകൾക്കെതിരെ നീങ്ങുകയാണ്.

പക്ഷേ ഇതിനിടയിൽ മറ്റൊരു കാര്യം സംഭവിച്ചു.. മൂന്നുമാസം മെലീത്തയിലെ ജനത സുവിശേഷം കേട്ടു. സൗഖ്യം പ്രാപിച്ചു. അവരുടെ ജീവിതത്തിലെ മറക്കാത്ത അനുഭവങ്ങൾ അവിടെ സംഭവിക്കുകയായിരുന്നു. ഒരു വശത്ത് തകർച്ച, എന്നാൽ മറുവശത്ത് അത് നന്മയായി ദൈവം മാറ്റുന്നു. ജീവിതത്തിലെ പ്രതികൂലങ്ങളിൽ പതറാതെ പിടിച്ചു നിന്നാൽ നാളെകളിൽ സകലവും നന്മയ്ക്കാക്കുന്ന ദൈവകരം നമുക്ക് വേണ്ടി ചലിക്കും. തളരാതെ പിടിച്ചുനിൽക്കുക, എല്ലാം നല്ലതിനാണ്!

ബിജോ മാത്യു പാണത്തൂർ.

-Advertisement-

You might also like
Comments
Loading...