ശാസ്ത്രവീഥി: ബയോ-സെൻട്രിസം – മരണത്തിനും അപ്പുറം | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

രുപത്തിയൊന്നാം നൂറ്റാണ്ട് ജീവശാസ്ത്രത്തിൻ്റെ നൂറ്റാണ്ടു ആയിരിക്കുമെന്നാണു പ്രവചിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഫിസിക്സിന് ആയിരുന്നല്ലോ ആധിപത്യം. അതിനെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തവുമായി ഒരു ശാസ്ത്രജ്ഞൻ. “മനുഷ്യൻ മരിക്കുന്നില്ല” എന്ന പുതിയ ശാസ്ത്രീയ ആശയവുമായി റോബർട്ട് ലാൻസ എന്ന ശാസ്ത്രജ്ഞൻ ലോകശ്രദ്ധ ആകർഷിക്കുന്നു. ബയോ-സെൻട്രിസം എന്നാണു അദ്ദേഹം തൻ്റെ പുതിയ സിദ്ധാന്തത്തിനു പേരിട്ടിരിക്കുന്നത്. “മരണം എന്നത് വെറും ഊർജ്ജമാറ്റം മാത്രമാണ്, ഒന്നിലേറെ പ്രപഞ്ചം നമുക്ക് ചുറ്റുമുണ്ട്. ആ പുതിയ പ്രപഞ്ചത്തിലുള്ള ഊർജ്ജമാറ്റം അഥവാ അവിടേക്കുള്ള വാതിൽ മാത്രമാണ് മരണം. ഊർജ്ജം ഒരിക്കലും നശിക്കുന്നില്ലല്ലോ,” എന്നിത്യാദി വാദങ്ങളുമായിട്ടാണു റോബെർട്ട് ലാൻസ മുന്നോട്ടു വന്നിരിക്കുന്നത്.

1956- ൽ അമേരിക്കയിൽ ജനിച്ച ലാൻസ ഒരു മെഡിക്കൽ ഡോക്ടറും മെഡിക്കൽ സയൻ്റിസ്റ്റും ആണ്. ആൽബർട്ട് ഐൻസ്റ്റിനെപ്പോലെയോ അതിലുപരിയോ ശാസ്ത്രലോകത്തു മാനിക്കുപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ലാൻസ.അത്യാധുനികലോകത്തെ ബയോമെഡിക്കൽ രംഗത്തു ക്രീയാത്മകവും ഫലപ്രദവുമായ നിരവധി നൂതനകണ്ടുപിടുത്തങ്ങൾ നടത്തുകയും നിരവധി മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്കു സഹായകമായ അടിസ്ഥാനകണ്ടുപിടുത്തങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയാണു ലാൻസ. മൂലകോശചികിത്സാവിധി (സ്റ്റെം സെൽ തെറാപ്പിസ്) വികസിപ്പിക്കുന്നതിൽ മുൻപന്തിയിൽ നില്ക്കുന്ന അസ്റ്റെല്ലസ് ഫാർമയുടെ ഗ്ലോബൽ റീജെനെറേറ്റീവ് മെഡിസിൻ തലവനും ചീഫ് സയൻറിഫിക് ഓഫീസറും ആണ് ലാൻസ. കൂടാതെ, വെയ്ൿ ഫോറെസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ അഡ്ജങ്റ്റ് പ്രൊഫസറും ആണ്. സ്റ്റെംസെൽ ബയോളജി, ക്ലോണിങ്, ടിഷ്യു എൻജിനീയറിങ്, ബയോ-സെൻട്രിൿ യൂണിവേഴ്സ് എന്നീ മേഖലകളിലാണ് അദ്ദേഹം തൻ്റെ മികവു തെളിയിച്ചിരിക്കുന്നത്. ഭ്രൂണത്തെ നശിപ്പിക്കാതെ തന്നെ അതിൽ നിന്നു മൂലകോശങ്ങൾ (സ്റ്റെം സെൽസ്) പ്രീ-ഇംപ്ലാൻ്റേഷൻ ജെനെറ്റിക് ഡയഗ്നോസിസ് വഴി വേർതിരിക്കുവാൻ കഴിയുമെന്നു അദ്ദേഹം തെളിയിച്ചു. ക്ലോണിങ് മേഖലയിൽ അദ്ദേഹം ബഹുദൂരം മുന്നേറി. 25 വർഷം മുമ്പ് ചത്തുപോയ ഒരു കാളയുടെ ഉണങ്ങിവരണ്ട തൊലിയിൽ നിന്നു ശേഖരിച്ച കോശങ്ങളിൽ നിന്നു, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പ്രസ്തുത ജീവിയുടെ, ക്ലോണിങ് നടത്തി വിജയിച്ചു. ന്യൂക്ലിയർ ട്രാൻസ്പ്ലോൻ്റേഷനിലൂടെ ചിലകോശങ്ങളുടെ ആയുസ് വർദ്ധിപ്പിക്കാമെന്നും അദ്ദേഹം കണ്ടെത്തി. മനുഷ്യൻ്റെ ഭ്രൂണമൂലകോശങ്ങളിൽ നിന്നു -ക്ലിനിക്കൽ സ്കെയിൽ അപ്-നു അനുയോജ്യമായ സാഹചര്യങ്ങളിൽ- ജീവവായു വഹിച്ചുകൊണ്ടു പോകുന്ന ചുവന്നരക്താണുക്കളെ സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്നും ഇവയെ സാർവ്വത്രിക രക്തത്തിൻ്റെ (യൂണിവേഴ്സൽ ബ്ലഡ്) ഉറവിടം ആക്കുവാൻ കഴിയുമെന്നും അദ്ദേഹം കണ്ടുപിടിച്ചു. “ഒരുവനിൽ നിന്നു മനുഷ്യജാതി ഒക്കെ ഉളവാക്കി” (അ.പ്ര: 17:26)എന്ന വചനത്തിലേക്കാണോ ഇതു വിരൽചൂണ്ടുന്നത് എന്നു ഞാൻ സംശയിക്കുന്നു, അങ്ങനെ ആകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

അതുപോലെതന്നെ, മനുഷ്യഭ്രൂണകോശങ്ങളിൽ നിന്നു എങ്ങനെ ഫങ്ഷണൽ ഹെമാൻജിയോബ്ലാസ്റ്റ് സൃഷ്ടിക്കാമെന്നും കണ്ടെത്തി. മൃഗങ്ങളിൽ ഈ കോശങ്ങൾ രക്തക്കുഴലുകളുടെ കേടുപാടുകൾ തീർത്തു, ഹൃദയാഘാതമരണനിരക്ക് പകുതിയായി കുറച്ചു, അംഗഛേദം നടത്തേണ്ടിയിരുന്ന അവയവങ്ങളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ചു. മൃഗങ്ങളിലെ അന്ധത ചികിത്സിച്ചു ഭേദമാക്കുവാൻ സഹായകമായ “റെറ്റിനൽ പിഗ്മെൻ്റ് എപ്പിത്തീലിയം” കോശങ്ങൾ അദ്ദേഹവും സംഘവും വികസിപ്പിച്ചെടുത്തു. മനുഷ്യനിലെ പ്ലൂറിപോട്ടന്റ് സ്റ്റെം സെൽ തലമുറകളുടെ ദീർഘകാല സുരക്ഷിതത്വത്തെക്കുറിച്ചും സാദ്ധ്യമായ ജൈവികപ്രവർത്തനത്തെക്കുറിച്ചും 2012-ൽ ആദ്യമായും 2014-ൽ പരിഷ്കരിച്ചും റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.

അദ്ദേഹത്തിൻ്റെ പുതിയ സിദ്ധാന്തമായിരുന്നു “ന്യൂ തിയറി ഓഫ് ദ യൂണിവേഴ്സ്.” 2007- ൽ ഈ ലേഖനം ദ അമേരിക്കൻ സ്കോളറിൽ പ്രസിദ്ധീകരിച്ചു. അതിലാണ് അദ്ദേഹം ബയോ-സെൻട്രിസം എന്ന തത്വം മുന്നോട്ടു വച്ചത്. തുടർന്നു, ബോബ് ബെർമാനും അദ്ദേഹവും ചേർന്നു “ബയോസെൻട്രിസം: ഹൗ ലൈഫ് ആൻഡ് കോൺഷ്യസ്നെസ് ആർ ദ കീസ് റ്റു അണ്ടർസ്റ്റാൻഡിങ് ദ യൂണിവേഴ്സ്” എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. സമ്മിശ്രപ്രതികരണമാണു ഗ്രന്ഥത്തിനു ലഭിച്ചത്. തുടർന്നു, “ബിയോൺഡ് ബയോ-സെൻട്രിസം: റീതിങ്കിങ് ടൈം, സ്പേസ്, കോൺഷ്യസ്നെസ്, ആൻഡ് ദ ഇല്യൂഷൻ ഓഫ് ഡെത്ത്” എന്ന ഗ്രന്ഥം 2016-ൽ പ്രസിദ്ധീകരിച്ചു. അതിലാണ് മരണം എന്നത് വെറും മിഥ്യയാണ്, മരണം സംഭവിക്കുന്നില്ല- ഊർജ്ജമാറ്റം സംഭവിച്ചു മറ്റൊരു പ്രപഞ്ചത്തിലേക്ക് പ്രവേശിക്കുന്നതേയുള്ളുവെന്നു സമർത്ഥിച്ചത്. 2020- ൽ “ദ ഗ്രാൻഡ് ബയോ-സെൻട്രിൿ ഡിസൈൻ: ഹൗ ലൈഫ് ക്രിയേറ്റ്സ് റിയാലിറ്റി” എന്ന പുസ്തകം ബോബ് ബെർമനോടും ഫിസിസിസ്റ്റായ മറ്റെജ് പവ്സിൿനോടും ചേർന്ന് എഴുതി പ്രസിദ്ധീകരിച്ചു. 2007-ലെ പഠനം 2020-ൽ എത്തിയപ്പോഴേക്കും ബഹുപ്രപഞ്ചസിദ്ധാന്തവും, ജീവൻ, മരണം, ഊർജ്ജമാറ്റം എന്നിവയിൽ കൃത്യവും വ്യക്തവുമായ വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. അവയുടെ സംക്ഷേപമാണമാണ് ലേഖനത്തിൻ്റെ ആദ്യഭാഗത്തു കൊടുത്തിരിക്കുന്നത്. ബയോമെഡിക്കൽ രംഗത്ത് അതികായനായി വളർന്ന ലാൻസ നൂറുകണക്കിനു ശാസ്ത്രീയ ലേഖനങ്ങളും 30 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രലോകം ഇവയെല്ലാം അംഗീകരിച്ചുകഴിഞ്ഞു.

ഒന്നിലേറെ പ്രപഞ്ചം അഥവാ ബഹുപ്രപഞ്ചം (മൾട്ടി വേർഴ്സ്) എന്ന സിദ്ധാന്തം ലാൻസയുടെ പുതിയ ആശയമല്ല. മൂന്നാം നൂറ്റാണ്ടു ബി.സി.,യിൽ ജീവിച്ചിരിരുന്ന സ്റ്റോയ്ൿ തത്വചിന്തകനായ ക്രിസിപ്പസിൻ്റേതാണ്. “ലോകം (പ്രപഞ്ചം) നിരന്തരമായി ഇല്ലാതാവുകയും പുനർസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്ന വാദം അദ്ദേഹം മുന്നോട്ടുവച്ചു. ദ്രവ്യം, ഊർജ്ജം, സ്ഥലം, ചലനം, കാലം അഥവ സമയം, എന്നിവയാണല്ലോ പ്രപഞ്ചത്തിൻ്റെ അടിസ്ഥാനഘടകങ്ങൾ. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള പഠനവും വിശകലനവുമാണ് ശാസ്ത്രം. ഭൗതികനിയമങ്ങളും സ്ഥിരാങ്കങ്ങളും എല്ലാം ചേർന്നതാണു പ്രപഞ്ചം. 1895- ൽ അമേരിക്കൻ തത്വചിന്തകനും മനഃശാസ്ജ്ഞനുമായ വില്യം ജെയിംസ് ആണ് “മൾട്ടിവേഴ്സ്” എന്ന പദം ആദ്യമായി ഉപയോഗിച്ചത്. തുടർന്ന്, സയൻസ് ഫിൿഷനിലും ഫിസിക്സിലും ആദ്യമായി 1963-ൽ മൈക്കൽ മൂർകോൿ ഉപയോഗിച്ച ഈ പദത്തിനു പ്രചുരപ്രചാരം നേടി കൊടുത്തു. 1952-ൽ എർവിൻ ഷ്റോഡിങ്ങർ “സൂപ്പർ പൊസിഷൻ” എന്ന ആശയം മുന്നോട്ടുവച്ചു. അണ്ഡകടാഹം (Universe) സ്ഥായിയായി പിളർന്നുകൊണ്ടിരിക്കുന്നുവെന്നും പിളർന്നവ സമാന്തര പ്രപഞ്ചങ്ങളായി (Galaxy) ത്തീരുന്നു എന്നുമാണ് അതിൻ്റെ രത്നച്ചുരുക്കം. ഇതേക്കുറിച്ചു ന്യൂ സയൻറിസ്റ്റ് ഡോട് കോം, ന്യൂ സയൻ്റിസ്റ്റ് എന്നിവയിൽ 2011 ജൂൺ 1-നു “മൾട്ടി വേർഴ്സ് ആൻഡ് മെനി വേൾഡ്സ് കൊള്ളൈഡ്” എന്നൊരു ലേഖനം ജസ്റ്റിൻ മുള്ളിൻസ് എഴുതിയിട്ടുണ്ട്.

പ്രപഞ്ചത്തെ നാം നിർവ്വചിക്കുമ്പോൾ ചക്രവാളം എന്ന വിഷയവും പഠനവിധേയമാക്കേണ്ടതുണ്ട്. ആകാശം ഭൂമിയിൽ വന്നു മുട്ടുന്നു എന്നു നമുക്കു തോന്നുന്നതിനെയാണു ചക്രവാളം എന്നു വിളിക്കുന്നത്. വാസ്തവത്തിൽ അങ്ങനെ സ്ഥായിയായ ഒന്നു ഇല്ല. അതു നമ്മുടെ തോന്നൽ മാത്രമാണ്; എന്നുമാത്രമല്ല, നാം സഞ്ചരിക്കുന്നതിനു അനുസരിച്ചു ചക്രവാളസീമയും സഞ്ചരിച്ചുകൊണ്ടിരിക്കും. അതായത് നമുക്കു ദൃഷ്ടിഗോചരമായ പരിധിയിലാണു ചക്രവാളസീമയുടെ പരിധി. അതിനർത്ഥം, ചക്രവാളസീമയ്ക്കു അപ്പുറം ഒന്നുമില്ല, ചക്രവാളം കൊണ്ടു ആകാശവും ഭൂമിയും അവസാനിക്കുന്നു എന്നല്ല. ചക്രവാകസീമയ്ക്കു അപ്പുറമുള്ളതു നമുക്ക് ഗോചരമാകുന്നില്ല എന്നേയുള്ളൂ. മറ്റൊരുഭാഷയിൽ വിലയിരുത്തിയാൽ, അണ്ഡകടാഹത്തെയും പ്രപഞ്ചത്തെയും കണ്ടു മനസ്സിലാക്കുവാൻ പ്രകാശമാണു നമ്മെ സഹായിക്കുന്നത്. പ്രകാശസീമയ്ക്ക് അപ്പുറം, അണ്ഡകടാഹചക്രവാളത്തിനും അപ്പുറം, മറ്റു പ്രപഞ്ചങ്ങൾ ഇല്ല എന്നു പറയുവാൻ നമുക്കു ഇപ്പോൾ സാദ്ധ്യമല്ല.

ഇത് ഒരു ശാസ്ത്രീയ സത്യമാണ്. ഇവിടെയാണു ലാൻസയുടെ ബഹുപ്രപഞ്ചവാദം പ്രസക്തമാകുന്നതും പിടിമുറുക്കുന്നതും. അതായത്, കാണാൻ കഴിയാത്തതിനാൽ യാതൊരു വസ്തുവും ഇല്ല എന്നു സ്ഥിരമായി സ്ഥാപിക്കുവാൻ സാദ്ധ്യമല്ല. ലാൻസ ഒരു ദൈവവിശ്വാസി ആണോ എന്നെനിക്കറിയില്ല. അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ വായിച്ചു അദ്ദേഹത്തെക്കുറിച്ചു വായിച്ചും ഉള്ള അറിവേ എനിക്കുള്ളു. ബൈബിൾ ചിന്താധാരകളെ അപ്പാടെ ഒപ്പിയെടുത്തു ശാസ്ത്രീയവീക്ഷണത്തിൽ അദ്ദേഹം വിശദീകരിക്കുകയാണോ എന്നും എനിക്ക് അറിയില്ല. പക്ഷേ അദ്ദേഹം ആത്യന്തികമായി എത്തിനില്കുന്നതു ബൈബിൾ ദാർശനികത യിലാണ്.

ഐൻസ്റ്റിൻ്റെ സഹപ്രവർത്തകനും “ബ്ലായ്ക് ഹോൾ” എന്ന വാക്കു ജനകീയമാക്കുകയും ചെയ്ത ജോൺ വീലർ, “ഡിലെയ്ഡ് ചോയ്സ്” എന്ന ആശയം പരീക്ഷണത്തിലൂടെ തെളിയിച്ചു. സമയം യാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാനവശം അല്ല എന്നായിരുന്നു ഡിലെയ്ഡ് ചോയ്സ് എക്സ്പിരിമെൻറ്-ൻ്റെ ആകെത്തുക. പ്രകാശത്തിലെ ഒരു കണികയായ ഫോട്ടോണിൽ ചില മാറ്റങ്ങൾ “ഇന്നു” വരുത്തിയാൽ നിങ്ങൾക്ക് “ഇന്നലെകളെ” അഥവാ ഭൂതകാലത്തെ പുറകോട്ടുചെന്നു സ്വാധീനിക്കുവാൻ (റിട്രോ ആൿറ്റീവ്ലി ഇൻഫ്ലുവൻസ്) കഴിയുമെന്ന് അദ്ദേഹം 2007-ൽ കണ്ടെത്തി. സമയത്തിൻ്റെ ഒഴുക്ക് എന്നതു ഭ്രമാത്മകം അഥവാ മിഥ്യയാണു സമയത്തെ നമുക്കു അനുഭവിക്കാം, പിടിച്ചു നിർത്താനാവില്ല എന്നതാണ് ഈ പരീക്ഷണങ്ങളെല്ലാം തെളിയിച്ചത്. ലാൻസയുടെ കണ്ടെത്തലുകളെ ഇതോടു ചേർത്തു പഠിക്കുമ്പോൾ സമയത്തിനു നിലനിൽപ്പില്ലാത്തതും; മരണമില്ലാത്തതും ആയ പ്രപഞ്ചം ഉണ്ടു എന്ന സത്യത്തിലേക്കാണു വെളിച്ചം വീശുന്നത്. ഈ പഠനശാഖയാണ് അദ്ദേഹം ബയോ-സെൻട്രിസം എന്നു പേരിട്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ കണ്ടുപിടിത്തങ്ങളെ നാം സംക്ഷേപിക്കുമ്പോൾ: ജീവൻ അഥവാ ആത്മാവ് ഊർജ്ജമാണ്, ഊർജ്ജത്തിന് മരണം ഇല്ലാത്തതിനാൽ ജീവൻ നശിക്കുന്നു എന്ന ധരിക്കുന്ന മരണം ഇല്ല. മരണം എന്നത് മറ്റൊരു പ്രപഞ്ചത്തിലേക്കുള്ള ഊർജ്ജമാറ്റം മാത്രമാണ്. ദൃശ്യമായതും അദൃശ്യമായതും ആയ അനേകം പ്രപഞ്ചങ്ങൾ ഉണ്ട്.

ലൻസയുടെ കണ്ടെത്തലുകൾ വേദശാസ്ത്ര ആശയങ്ങളോട് ചേർന്നു പോകുന്നതാണ്. സാർവ്വത്രികരക്തം എന്ന ആശയം എത്ര തെളിമയുള്ളതാണ്. ഭൂമിയിലെ സകല മനുഷ്യർക്കും -സകല ഗ്രൂപ്പുകൾക്കും – പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന രക്തം എന്നത് വെറും ആശയമല്ല യാഥാർഥ്യമാണു എന്നു ബൈബിൾ പഠിപ്പിക്കുന്നു. സകലമനുഷ്യരുടെയും സകലപാപവും യേശുവിൻ്റെ വിലയേറിയ രക്തം മാനവജാതിയുടെ വീണ്ടെടുപ്പിനും മരണമില്ലാത്ത- നിത്യജീവനും അനിവാര്യമാണെന്ന് ബൈബിൾ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ആത്മാവിനു മരണമില്ല, സമയത്തിനു നിലനിലില്ലാത്ത ഒരു അവസ്ഥയുണ്ട്, നിത്യത എന്നാണു അതിൻ്റെ പേര്. നിത്യതയിൽ, അദൃശ്യലോകത്തിൽ നിത്യജീവനും നിത്യവേർപാടു ഉണ്ട്; അദൃശ്യമായ പ്രപഞ്ചം ഉണ്ട്. ഇതല്ലേ ബൈബിൾ പഠിപ്പിക്കുന്നതും ബൈബിൾ വിശ്വസിക്കുന്നവർ സഹസ്രാബ്ദങ്ങളായി പ്രസംഗിക്കുന്നതും.

വിവിധ സെമിനാരികളിൽ ബൈബിൾ ആൻഡ് സയൻസ് സിസ്റ്റെമാറ്റിക് തിയോളജി എന്നിവ പഠിപ്പിക്കുന്ന എനിക്ക് ലാൻസെയുടെ ശാസ്ത്രീയ ലേഖനങ്ങളും കണ്ടുപിടുത്തങ്ങളും ഒക്കെ വായിച്ചപ്പോൾ തീയോളജിയും ശാസ്ത്രവും സമന്യയിപ്പിച്ച ഒരു കൃതി വായിച്ച പ്രതീതിയാണു ഉണ്ടായത്. ബൈബിൾ സത്യമാണെന്നു ശാസ്ത്രം പൂർണ്ണമായും അംഗീകരിക്കുന്ന കാലം ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. ലാൻസെയുടെ കണ്ടെത്തലുകൾ അതിലേക്കുള്ള കുതിച്ചുചാട്ടം ആവട്ടെ.

-Advertisement-

You might also like
Comments
Loading...