ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 126ാമത്

ഈ വർഷത്തെ ലോകത്തിലെ അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കുന്ന മാർച്ച് 20ന് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. വേൾഡ് ഹാപ്പിനസ് വാർഷിക റിപ്പോർട്ടിൽ ഇന്ത്യ 126ാം സ്ഥാനത്താണ്. പല നോർഡിക് രാജ്യങ്ങളും പട്ടികയിൽ മുൻനിരയിലാണ്. നോർഡിക് രാജ്യമായ ഫിൻലൻഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡെന്മാർക്ക് രണ്ടാം സ്ഥാനത്താണെങ്കിൽ ഐസ്‌ലൻഡ് മൂന്നാം സ്ഥാനത്താണ്. യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് ആണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.

150ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകൾ, പോസിറ്റീവ് വികാരങ്ങൾ, നെഗറ്റീവ് വികാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തോഷ രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ സ്ഥാനം റിപ്പോർട്ടിൽ അയൽരാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നിവയ്ക്ക് താഴെയാണ്.

ചൈന 64ാം സ്ഥാനത്തും നേപ്പാൾ 78ാം സ്ഥാനത്തും പാകിസ്താൻ 108ാം സ്ഥാനത്തും ശ്രീലങ്ക 112ാം സ്ഥാനത്തും ബംഗ്ലദേശ് 118ാം സ്ഥാനത്തുമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്രയേൽ (നാല്), നെതർലൻഡ്‌സ് (അഞ്ച്), സ്വീഡൻ (ആറ്), നോർവേ (ഏഴ്), സ്വിറ്റ്‌സർലൻഡ് (എട്ട്), ലക്‌സംബർഗ് (ഒമ്പത്), ന്യൂസിലൻഡ് (പത്ത്) എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ.

-Advertisement-

You might also like
Comments
Loading...