ലേഖനം: നമുക്ക് വേണ്ടിയുള്ള ഭൂമിയിലെ ദൈവത്തിന്റെ നന്മ | പാസ്റ്റർ അഭിലാഷ് നോബിൾ, പാലക്കാട്‌

അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. (സങ്കീർത്തനം 33:5)

പ്രിയരേ, നാം ആയിരിക്കുന്ന ഈ ഭൂമി യഥാർത്ഥത്തിൽ ദൈവത്തിന്റെ നന്മയാൽ നിറഞ്ഞതാണെന്ന് ചിലർ വിശ്വസിക്കുന്നില്ല. എന്നാൽ മേൽപ്പറഞ്ഞ വാക്യം സ്‌പഷ്‌ടമായി പ്രഖ്യാപിക്കുന്നത് അതാണ്. ചിലർ ജീവിതത്തിൽ അനുഭവിച്ചതെല്ലാം കൈപ്പും വേദനയും മാത്രം. തിന്മ പ്രവർത്തിക്കുന്നവരും ദുഷ്ടരുമായ സ്ത്രീപുരുഷന്മാരുടെ പ്രവൃത്തികളുമാണ് ഇതിന്റെ ഒരു കാരണം . ഈ തിന്മ പ്രവർത്തിക്കുന്നവർ തങ്ങളുടെ സ്വാർത്ഥ ലാഭത്തിനുവേണ്ടി രാജ്യങ്ങളുടെ സമ്പദ്ഘടനയെ നശിപ്പിക്കുന്നു.

എന്നിരുന്നാലും, ഭൂമിയുടെ മുഖത്ത് എല്ലാ മനുഷ്യർക്കും ആവശ്യത്തിലധികം ഭക്ഷണവും നല്ല വസ്തുക്കളും ഉണ്ട്. ഈ ലോകത്ത് ആവശ്യത്തിലധികം സമ്പത്തുണ്ട്. ഈ ലോകത്ത് ആവശ്യത്തിലധികം കൃപയുണ്ട്. ഈ ലോകത്ത് ആവശ്യത്തിലധികം ഊര്‍ജ്ജവും ശേഷിയും ഉണ്ട്. എല്ലാ മനുഷ്യർക്കും വേണ്ടി നാം മദ്ധ്യസ്ഥത വഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതിന്റെ ഒരു കാരണമാണിത്, അതിനാൽ ഭൂമിയിൽ അവൻ തങ്ങളെ അനുഗ്രഹിച്ചതെല്ലാം അവർക്ക് ആസ്വദിക്കാനാകും.

നാം അത് വായിക്കുന്നു: യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു (സങ്കീർത്തനം 33:5). അതിനാൽ, അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു (സങ്കീർത്തനം 16:6) എന്ന് ഉറപ്പിച്ചു പറയുക. അത് വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. ദൈവം പറഞ്ഞു, “പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു…” (ഹോശേയ 4:6) എന്നാൽ അറിവ് ഇന്ന് നിങ്ങൾക്ക് വന്നിരിക്കുന്നു: ഭൂമിയിലെ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ആസ്വദിക്കാനുള്ളതാണ്.

അല്‌പത്തിൽ ഒതുങ്ങിപ്പോകരുത് . സങ്കീർത്തനം 50:10-11-ൽ ദൈവം പറഞ്ഞു, “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ. പിന്നെ സങ്കീർത്തനം 24:1-ൽ ദാവീദ് പറഞ്ഞു: “ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു. ” അതിനാൽ പൗലോസ് പറഞ്ഞതിൽ അതിശയിക്കാനില്ല, “… സകലവും നിങ്ങൾക്കുള്ളതല്ലോ” (1 കൊരിന്ത്യർ 3:21); കാരണം നിങ്ങൾ ദൈവത്തിന്റെ ഒരു അവകാശിയും ക്രിസ്തുവിൻറെ കൂട്ടവകാശിയുമാകുന്നു. ഹല്ലേലൂയാ!
നമുക്ക് ഈ വർഷം വർദ്ധനവിന്റെ വർഷമായി ആഘോഷിക്കാം!!!

പാസ്റ്റർ അഭിലാഷ് നോബിൾ, പാലക്കാട്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.