ചെറു ചിന്ത: കഷ്ടങ്ങളിലും പ്രശംസിക്കുന്നവർ | ദീന ജെയിംസ്

കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു
കഷ്ടങ്ങളിലും പ്രശംസിക്കുന്ന അപ്പോസ്തലനെപ്പോലെ കഷ്ടതയിൽ അഭിമാനംകൊള്ളുന്നവരാണ് ഉത്തരേന്ത്യൻ മിഷനറിമാർ. ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചവരാണ് അവർ!!!
സ്വന്തം കീശ വലുതാക്കാൻ സുവിശേഷവേലയെ മറയാക്കുന്നു വടക്കേഇന്ത്യൻ സുവിശേഷകർ എന്ന് അപഹാസ്യരാകുമ്പോഴും അവർക്ക് പരിഭവമില്ല. ത്യാഗപൂർണമായ ജീവിതം നയിക്കുമ്പോഴും ക്രിസ്തുവിൽ അവർ സന്തോഷിക്കുന്നു. ആത്മാക്കളെ നേടുക എന്നതാണ് അവരുടെ ലക്ഷ്യം. സ്വാർത്ഥത താല്പര്യങ്ങൾക്ക് വേണ്ടി സുവിശേഷത്തെ ഉപയോഗിക്കുന്നവർ കണ്ടേക്കാം. എല്ലാവരും ഒരുപോലെയല്ല എന്ന് കൂടി വിമർശിക്കുന്നവർ ഓർക്കേണം. ജീവിതത്തിൽ പലതും നേടിയെടുക്കാമായിരുന്നിട്ടും എല്ലാം ഉപേക്ഷിച്ചു വിവിധ സംസ്ഥാനങ്ങളിൽ കാലാവസ്ഥ പ്രതിക്കൂലങ്ങൾ, ഭാഷയുടെ തടസ്സങ്ങൾ, ജീവിതരീതിയിലെ വ്യതി യാനങ്ങൾ ഒക്കെ നേരിട്ട് അഹോരാത്രം അധ്വാനിക്കുന്നത് ക്രിസ്തുവിന് വേണ്ടി മാത്രം ഇറങ്ങിതിരിച്ചത് കൊണ്ടാണ്.മറിച്ച് മണിമാളികകളും ആഡംബരജീവിതവും ഉയർന്ന സാമ്പത്തികവും പ്രതീക്ഷിച്ചല്ല. ഒരു പക്ഷേ ലോകം ഇങ്ങനെ യുള്ളവരെ അറിയുന്നില്ലന്നെങ്കിലും വിളിച്ചിറക്കിയ ദൈവം സമയാസമയങ്ങളിൽ ഒന്നിനും കുറവില്ലാതെ അവരെ പുലർത്തുന്നു.

സ്വന്തമായി ആരാധനാലയമോ ഭവനമോ ഇല്ലാതെ വാടകകെട്ടിടങ്ങളിൽ താമസിച്ചു ദൈവികദർശനം പൂർത്തീകരിക്കുന്നവർ വാടക, കറന്റ്‌ ബിൽ, കുഞ്ഞുങ്ങളുടെ ഫീസ് എന്തിനേറെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. അവരാരോടും സഹായം ചോദിക്കാറില്ല. ആരുടെ മുന്നിലും കൈ നീട്ടാറുമില്ല. മരുഭൂമിയിൽ ശ്രേഷ്ഠമായ മന്ന നൽകി തന്റെ ജനത്തെ നടത്തിയവൻ തങ്ങളെയും നടത്തും എന്ന ഉറപ്പവർക്കുണ്ട്.
പുറമേ നിന്ന് നോക്കുന്നവർക്ക് തോന്നിയേക്കാം ഒരു കുഴപ്പവുമില്ലല്ലോ എന്ന്, എന്നാൽ സ്ഥിതികൾ മറിച്ചാണ്. വർഷത്തിൽ നാലും അഞ്ചും വാടക വീടുകൾ മാറേണ്ടി വരുന്ന ദൈവദാസന്മാരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. കുഞ്ഞുങ്ങൾ ഒരാവശ്യമോ ആഗ്രഹമോ പറയുമ്പോൾ പോയിരുന്ന് പ്രാർത്ഥിക്ക് ദൈവം കരുതും എന്നേ പറയാൻ കഴിയൂ അവർക്ക്. സ്കൂളിൽ ഫീസ് അടയ്ക്കാത്തത് കൊണ്ട് ക്ലാസ്സിൽ മുഴുവൻ കുട്ടികളുടെയും മുന്നിൽ എഴുന്നേൽപ്പിച്ചു നിർത്തിയപ്പോൾ പതിനൊന്നു വയസ്സുകാരിയായ മകൾ അമ്മയോട് ചോദിച്ചു:- മമ്മി, എല്ലാ കുട്ടികളുടെയും പേരെന്റ്സ് ഫീസ് അടയ്ക്കുന്നുണ്ടല്ലോ, നമുക്ക് മാത്രം എന്തേ സാധിക്കുന്നില്ല? ഉത്തരമില്ലാതെ മകളെ ചേർത്തുനിർത്തി കണ്ണുനീർ തുടയ്ക്കാനേ ദൈവദാസിയ്ക്ക് കഴിഞ്ഞുള്ളൂ.

നിങ്ങൾക്കിത്ര പ്രയാസമായിരുന്നോ ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് പലരും പറയും. എത്രവലിയ പ്രയാസമാണെങ്കിലും തങ്ങളുടെ അവസ്ഥ ദൈവമല്ലാതെ മറ്റാരും അറിയരുത് എന്നവർ ആഗ്രഹിക്കുന്നു.

ദൈവശബ്ദം കേട്ട് ഇറങ്ങിയവർ പലരും ഓട്ടം പൂർത്തിയാക്കി നിത്യതയുടെ തീരമണഞ്ഞു. അവരുടെ കുടുബം, കുഞ്ഞുങ്ങൾ ഏതവസ്‌ഥയിൽ കഴിയുന്നു എന്നാരും അന്വേഷിക്കാറില്ല. പ്രിയരേ, പ്രസംഗിക്കുവാനും, പ്രാർത്ഥിക്കുവാനും വിമർശനങ്ങൾ ഉന്നയിക്കുവാനും നമുക്ക് കഴിയും. എന്നാൽ ക്രിസ്തുവിന്റെ നാമം നിമിത്തം കഷ്ടതയിലൂടെ കടന്നുപോകുന്നവരെ കണ്ടെത്തുവാനും കൈത്താങ്ങൽ കൊടുക്കുവാനും നമുക്ക് കഴിയുന്നുണ്ടോ?

ദൈവം അവരേയും അവരുടെ തലമുറകളെയും മാനിക്കും എന്നതിന് സംശയമില്ല. ക്രൂശെടുത്ത് അവനെ പിൻപറ്റിയവരാരും ലജ്ജിച്ചുപോകുവാൻ ഇടയായിട്ടില്ല… ഇടയാകുകയുമില്ല….
എന്നാൽ നമുക്കവരെ ചേർത്തുനിർത്തുവാനും കരുതുവാനും കഴിയുന്നുണ്ടോ?

ദീന ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.