ലേഖനം: നാടകവും സിനിമയും ഇനി കാണാമല്ലോ! അതോ…? | റോയി ഇ. ജോയി, ഹൈദരാബാദ്

”സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്; എങ്കിലും സകലത്തിനും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മികവർധന വരുത്തുന്നില്ല” (1 കൊരിന്ത്യർ 10:23).
വർഷങ്ങൾക്കു മുമ്പ് (1978-ലോ 1979-ലോ—ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ) നടന്ന സംഭവം വിവരിച്ചുകൊണ്ട് തുടങ്ങട്ടെ. ഞങ്ങളുടെ അടുത്തുള്ള NMUPS (NMLPS ഉം ഉണ്ട്) സ്‌കൂളിൽ സുവർണ ജൂബിലി (?) ആഘോഷം നടക്കുകയാണ്. നാലാം ക്‌ളാസുവരെയോ ഏഴാം ക്ളാസുവരെയോ ആ പ്രദേശത്തുള്ള മിക്ക കുട്ടികളും അവിടെ പഠിച്ചവരാണ്. ആഘോഷം ഉത്ഘാടനം ചെയ്യാൻ സ്ഥലം MLA വരുന്നു. ഉത്ഘാടനശേഷം ഒരു നാടകമുണ്ട്. MLA യെ കാണാൻ സന്തോഷവും നാടകം കാണാൻ ഉള്ളിലൊരാശയുമുണ്ട് ഞങ്ങൾ ചില സുഹൃത്തുക്കൾക്ക്. പക്ഷേ, ഒരു പ്രശ്‍നം, മാതാപിതാക്കൾ ഞങ്ങളെ നാടകം കാണാൻ സമ്മതിക്കില്ല, നമ്മൾ വിശ്വാസികളല്ലേ. വൈകീട്ട് നടക്കുന്ന പരിപാടി കാണാൻ ഒറ്റയ്ക്ക് വിടില്ല, എൻറെ പിതാവ് അന്നേ ദിവസം സ്ഥലത്തില്ലായിരുന്നു. നിർബന്ധം നിമിത്തം അമ്മ ഉത്ഘാടനത്തിന് കൂടെ വന്നു. ഒടുവിൽ അമ്മയുമായി വഴക്കിട്ട് അൽപ്പനേരം നാടകം കാണാൻ നിന്നു. എൻറെ കൂട്ടുകാരും അതുപോലെ അപ്പനമ്മമാരുമായി വഴക്കിട്ട് നാടകത്തിനു നിന്നു. നാടകത്തിൻറെ ഒന്നോ രണ്ടോ രംഗം കണ്ടിട്ട് എനിക്ക് അടിയും തന്ന് എന്നെ വലിച്ചുകൊണ്ട് വീട്ടിൽ പോയി. അപ്പോഴേക്കും നേരം ഇരുട്ടി, ഏഴോ എട്ടോ മണിയായിക്കാണും. എന്നെ സംബന്ധിച്ച് ഈ നാടകം ദുഃഖപര്യവസായിയായിപോയി!
ഞായറാഴ്ച്ച സഭയിൽ അത് വല്ല്യ പ്രശ്നമായി, “വിശ്വാസികൾ എന്തിനു നാടകം കാണാൻ പോയി?” നാടകം കാണാൻ പോയവരെ രണ്ടാഴ്ചത്തേക്ക് സാക്ഷ്യം പറയുന്നതിൽനിന്ന് വിലക്കി. വിലക്കിൻറെ ഒടുവിൽ സാക്ഷ്യത്തോടൊപ്പം ക്ഷമ പറഞ്ഞ് തിരുവത്താഴത്തിൽ പങ്കെടുത്തു. എന്നാൽ എനിക്കൊന്നും പറ്റിയില്ല, കാരണം ഞാൻ രക്ഷിക്കപ്പെട്ടിട്ടില്ലായിരുന്നു. സാക്ഷ്യം പറയാറുമില്ലായിരുന്നു, പയ്യനല്ലേ. പക്ഷേ, ഞാൻ കാരണം എൻറെ അമ്മയ്ക്ക് വിലക്കും കിട്ടി, ചെറുക്കൻറെ നിർബന്ധത്തിനു വഴങ്ങിയതിനു എൻറെ പിതാവിൽനിന്ന് കണക്കിന് ശകാരവും കിട്ടി. (ഈ നാടകത്തിനു മുമ്പ് സ്‌കൂളിലെ കലോത്സവങ്ങളിൽ വിദ്യാർത്ഥികൾ നടത്തിയ നാടകങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതൊന്നും സഭയിൽ ഒരിക്കലും പ്രശ്നമായിട്ടില്ല. ഈ വിഷയത്തിൽ ചില വിശ്വാസികളുടെ ആത്മീയ തീക്ഷ്‌ണത എന്നുള്ളതല്ലാതെ എന്തെങ്കിലും വചനാടിസ്ഥാനം ഉള്ളതായി എനിക്കറിയില്ല.)
ഇനി വേറൊരു സംഭവം പറയാം. 1990 കൾക്ക് ഒടുവിൽ ഞങ്ങളുടെ സഭയിലെ പ്രായമുള്ള ഒരു വിശ്വാസി അദ്ദേഹത്തിൻറെ ഒരു ബന്ധുവീട്ടിലേക്ക് ഉച്ച സമയത്ത്‌ കയറിച്ചെന്നു. അവിടെ കണ്ട രംഗം അദ്ദേഹത്തിനു രോഷം ഉളവാക്കി. ആ വീട്ടുകാരും അവരുടെ സഭാ പാസ്റ്ററും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഏതോ ഒരു ഫിലിം ടിവിയിൽ കാണുകയുമാണ്. ടി വിശ്വാസി തൻറെ ദേഷ്യം പാസ്റ്ററോടാണ് തീർത്തത്. പാസ്റ്ററെ തർജനം ചെയ്‌ത കഥ അദ്ദേഹം തന്നെ ഞങ്ങളോടു പറഞ്ഞതാണ്. വന്ദ്യവയോധികനായ വിശ്വാസി നല്ല ആത്മീയ തീക്ഷ്ണതയുള്ള വ്യക്തിയാണ്.
അടുത്ത സംഭവം ഒരു സുഹൃത്ത് എന്നോടു പറഞ്ഞതാണ്. 2009-ൽ ‘3 Idiots’ എന്ന ഒരു പ്രശസ്‌ത ഫിലിം പുറത്തിറങ്ങി. അതു കാണാൻ എൻറെ സുഹൃത്ത് തിയറ്ററിൽ പോയി. തിയറ്ററിൽ ചെന്നപ്പോൾ താനും ഞാനും അറിയുന്ന ഒരു വല്യപാസ്‌റ്റർ സകുടുംബം അവിടിരിക്കുന്നു. (‘3 Idiots’ ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യമാണ്. തിയറ്ററിൽ പോയില്ലെങ്കിലും പിന്നീട് ഞാനുമത് കണ്ടു.)
നാടകം, ഫിലിം (സിനിമ/ചലച്ചിത്രം) എന്നിവയുടെ കാര്യത്തിൽ കാലം മാറുന്നതിനനുസരിച്ചു വിശ്വാസികളുടെ നിലപാട് മാറുന്നത് നോക്കുക. നാമെടുക്കുന്ന നിലപാടുകളെയും ഉപദേശങ്ങളെയും ദൈവവചനം പിന്താങ്ങുന്നുവെന്ന് ഉറപ്പാക്കുക. ഇന്ന് ഫിലിം കാണുന്നതിനോ അശ്ളീലദൃശ്യങ്ങൾ കാണുന്നതിനോ വിലക്കു കൽപ്പിച്ചാലും എന്തു പ്രയോജനം? ഓരോരുത്തരും അവരവരുടെ മൊബൈൽ ഫോണുകളിൽ കാണുന്നത് എന്തൊക്കെയാണെന്ന് അവരവർ തന്നെ വിവേചിച്ചാൽ എത്രയും നന്ന്. വിനോദത്തിന് അല്ലെങ്കിൽ നേരമ്പോക്കിന് ഏതെങ്കിലും ദൃശ്യങ്ങൾ കണ്ടു രസിക്കുമ്പോൾ ‘നീചവും’ ‘വ്യാജവു’മായവയിൽനിന്ന് അകലം പാലിക്കുക (സങ്കീർത്തനങ്ങൾ 101:3; 119:37).
ഒരനുഭവം കൂടെ പറഞ്ഞു നിർത്തട്ടെ. ഇരുപത് വർഷങ്ങൾക്കു മുമ്പ് പശ്ചിമ ബംഗാളിലെ ദുർഗാപുർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ്. കുറച്ചുസമയം കഴിഞ്ഞപ്പോൾ, രാജധാനി എക്സ്പ്രസ്സ് ഞങ്ങൾ നിന്നിരുന്ന പ്ലാറ്റുഫോമിലൂടെ നിർത്താതെ ചീറിപാഞ്ഞുപോയി. ശക്തമായ കാറ്റടിച്ചതുപോലെ തോന്നി. അവിടെല്ലാം പൊടിപടലംകൊണ്ടു നിറഞ്ഞു. പേടിച്ചുപോയ ഞാനും ഭാര്യയും ഞങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വീഴാതെ നിന്നു. അതിവേഗം വരുന്ന ട്രെയിൻ ദൂരെ നിന്ന് കാണുന്നതാണ് സുരക്ഷിതം. അതുപോലെ തിയറ്ററിലെയോ മൊബൈൽ ഫോണിലെയോ OTT പ്ലാറ്റുഫോമുകളിലെയോ ചെറുതും വലുതുമായ ഫിലിമുകളിൽനിന്ന് പരമാവധി ദൂരം പാലിച്ചാൽ ഓരോരുത്തരുടെയും ആത്മീയ ജീവിതത്തിന് നന്ന്.
“ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും (കണ്ടാലും) എല്ലാം ദൈവത്തിൻറെ മഹത്വത്തിനായി ചെയ്‍വിൻ” (1 കൊരിന്ത്യർ 10:31).

റോയി ഇ. ജോയി
ഹൈദരാബാദ്

-ADVERTISEMENT-

-ADVERTISEMENT-

You might also like