ലേഖനം: കാലചക്രം തിരിയുമ്പോൾ | രാജൻ പെണ്ണുക്കര

എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു (സഭാ 3:1). പലരും സമയത്തെ കാലം എന്നും കാലത്തിന്റെ ഭ്രമണം, *സമയചക്രം* എന്നും ചിലയിടങ്ങളിൽ ധനത്തെ പോലും *ചക്രം* എന്നും  വിളിക്കാറുണ്ട്. ചക്രം പോലെയല്ലേ ഇതെല്ലാം തിരിഞ്ഞുകൊണ്ടിരിക്കുന്നത്, അതു കറങ്ങി തിരിഞ്ഞു എവിടെപോകുമെന്നും എവിടെവരുമെന്നും അതിന്റ സൂചി ആരുടെ നേർക്ക് നിൽക്കുമെന്നും ആര് ഗ്രഹിക്കുന്നു ആര് തിരിച്ചറിയുന്നു. കാലചക്രം തിരിയുമ്പോൾ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആർക്കറിയാം?. സദൃശ്യവാക്യം 27:1-ൽ പറയുന്നു “നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.”

അതിന്റ മകുടോദാഹരണം അല്ലേ ഭാരതത്തെ പതിറ്റാണ്ടുകൾ അടക്കിവാണ സൂര്യൻ അസ്‌തമിക്കാത്ത സാമ്പ്രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിൽ ചരിത്രത്തിൽ ആദ്യമായി ഭാരതീയ വംശജൻ ഇരിക്കുമെന്ന് ആരെങ്കിലും സ്വപ്നത്തിൽ പോലും കരുതിയ സംഗതിയാണോ!. അതാണ് കാലചക്രത്തിന്റെ കളികൾ, അതാണ് എല്ലാവരുടേയും കണക്കുകൂട്ടൽ തെറ്റിക്കുന്ന പ്രതിഭാസം.

ഇന്നു വിജയച്ചവൻ നാളെ തോൽകുമെന്നോ, ഇന്നു നിൽക്കുന്നു എന്ന് വിചാരിക്കുന്നവൻ നാളെ വീണു പോകാമെന്നോ  അതുപോലെ തിരിച്ചും ആയി മാറാമെന്നും ആരറിയുന്നു. അതല്ലേ പ്രമാണം. “”അവൻ എളിയവനെ പൊടിയിൽനിന്നു നിവിർത്തുകയും/എഴുന്നേല്പിക്കയും അഗതിയെ/ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു, യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു, ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. “” (സങ്കീ 113:7, 1 ശമൂ 2:7, 8, ലൂക്കോ 1:52, സങ്കീ 75:7). “അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു;” (ദാനീ 2:21). അപ്പോൾ ആർക്കും ഒന്നുകൊണ്ടും പുകഴുവൻ ഇല്ല എല്ലാം ദൈവത്തിന്റെ കൃപയും നിയന്ത്രണത്തിലും സംഭവിക്കുന്നു എന്നു ചുരുക്കം. കണക്കുകൾ തീർക്കാതെ ഒരു കാലവും പോകുന്നില്ല എന്നത് ഒരു മഹാസത്യം ആകുന്നു.

post watermark60x60

ദുഷ്ടൻ പ്രബലനായിരിക്കുന്നതും; ദുഷ്ടൻ ഇന്നു ജയിച്ച് ആഹ്ലാദിക്കുന്നതും നാം കാണുന്നുണ്ടാകാം, എന്നാൽ നാളത്തെ അവന്റെ അവസ്ഥ എന്തായിരിക്കും? ഇന്നു അനീതിയും അന്യായവും ചെയ്തു വിജയിക്കുന്നവന്റെ നാളത്തെ അവസ്ഥ എന്താകും ചിന്തിച്ചു നോക്കുക.

സ്വപ്‌നത്തിൽ കണ്ട കാര്യങ്ങളൊന്നും ഒളിച്ചുവെക്കാതെ പറഞ്ഞ ജോസഫിന്റെ ചരിത്രം പരിശോധിച്ചാൽ സ്വന്തസഹോദരങ്ങൾ അവനോട് ചെയ്ത ക്രൂരതകൾ എത്രയെന്ന് ചിന്തിക്കുവാൻ കഴിയുമോ?. അവരുടെ രഹസ്യ അജണ്ട അവനെ കണ്മുൻപിൽ നിന്നും എന്നന്നേക്കുമായി ഒഴിവാക്കാൻ ആയിരുന്നില്ലേ, അവരുടെ ക്രൂരത സ്ഥിതീകരിക്കാൻ ഒരു സാധുവായ കുഞ്ഞാടിനെ കൊന്നില്ലേ?. അവരുടെ അതിക്രമങ്ങൾ സത്യമാണെന്നു ബോദ്ധ്യപ്പെടുത്താൻ വളരെ മനോഹരമായി കള്ളങ്ങൾ പറഞ്ഞു ഫലിപ്പിച്ച് വ്യാജ ദുഃഖപ്രകടനങ്ങൾ നടത്തി അഭിനയിച്ച നടന്മാരല്ലേ അവർ!. ഇന്നു നീ ഇങ്ങനെ വിജയിച്ച് തലയുയർത്തി നിന്നാൽ നാളെ നീ പരാജയപ്പെട്ടു തലതാഴ്ത്തി നിൽക്കുന്ന ദിനം വരുമെന്ന സത്യം അവർ ഓർത്തില്ല. ഇന്നും ഇങ്ങനെ സമൂഹത്തിലും, കുടുംബങ്ങളിലും സഭകളിലും നടക്കുന്നില്ലേ!. തല്ക്കാലത്തേക്ക് അവരെല്ലാം ജയിക്കുന്നു എന്നതും സത്യം.

ചിലപ്പോൾ ഇന്നത്തെ പല ശുശ്രുഷകന്മാർക്കും ജോസഫിന്റെ സഹോദരങ്ങളുടെ ഗൂഢാലോചനയും, അങ്ങനെയുള്ള ചെയ്തികളും കുറവുകളും വെളിപ്പെടില്ല മറിച്ച് ജോസഫിനെ കുറിച്ച് സ്പെഷ്യൽ വെളിപ്പാട് കയറി പറയും, ഭവനത്തിനും സഹോദരങ്ങൾക്കും ശല്യമായിരുന്ന, ശത്രുവിനെ സ്വർഗ്ഗം നിഗ്രഹിച്ചു ദൈവം അവനെ ഓടിച്ചു എന്നൊക്കെ വ്യാജമായി പ്രവചിച്ച് മറ്റുള്ളവരെ ആനന്ദപുളകരാക്കി സ്തോത്രം പറയിച്ച്  കീശയും വയറും നിറച്ചു നടന്നു പോകുന്ന  പ്രവാചകനേയും കാണാമായിരുന്നു. അവർക്കുള്ള ദർശനം അത്രയുമേ ഉള്ളു എന്നു മാത്രമേ പറയുവാനൊള്ളു. ഇങ്ങനെയുള്ള കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; ആകയാൽ അവർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും എന്ന് 2 കൊരി 11-ൽ വായിക്കുന്നു. അതേ കാലം കഴിയുമ്പോൾ ചെയ്തവരുടെയും ചെയ്യിപ്പിച്ചവരുടെയും അവസ്ഥ എന്തായിരിക്കും.

നിരപരാധിയായ ജോസഫിനെകുറിച്ച് അപവാദവും കുറ്റാരോപണവും പറഞ്ഞു കുണ്ടറയിൽ അടപ്പിച്ച പൊത്തിഫെറിന്റെ ഭാര്യക്കുപോലും പിന്നീട് കുറ്റബോധം വന്നില്ല അവളും അവനെ മറന്നുപോയി. സത്യാവസ്ഥ മനസ്സിലാക്കാതെ ഒരു തുണി കഷണത്തേ വിശ്വസിച്ച പൊത്തിഫേറും, നിജസ്ഥിതി നോക്കാതെ ശിക്ഷാവിധി നടപ്പാക്കിയ ഫറവോനും, അനേക നാളുകൾ കൂടെ അന്തിയുറങ്ങിയ പാനപാത്രവാഹകന്മാരുടെ പ്രമാണിയും ജോസഫിനെ മറന്നു പോയി.  എന്നാൽ സ്വർഗ്ഗം ഒന്നും മറന്നില്ല, യഹോവ ജോസഫിന്റ കൂടെയുണ്ടായിരുന്നു എന്ന് വായിക്കുന്നു. അതേ, സമയചക്രം തിരിയുമ്പോൾ ചില ഫറവോന്മാരുടെ ഉറക്കം കെട്ടുപോകുന്ന ദിനം അതിവിദൂരമല്ല. നീ കണ്ട സ്വപ്നങ്ങൾ, നീ പറഞ്ഞ സത്യങ്ങൾ നിന്നേ ഈ നിലയിൽ എത്തിച്ചു എങ്കിൽ മറ്റൊരുവൻ കണ്ട സ്വപ്നം നിന്നേ പുറത്തു കൊണ്ടുവരും. അവിടെയാണ് സമയചക്രം കറക്കത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. നിന്റെ നിരപരാധിത്വങ്ങളും ചില സത്യങ്ങളും പുറത്തുവരുവാനും പുറംലോകം അറിയുവാനും ഫറവോനെ പോലെയുള്ളവർ സ്വപ്‌നങ്ങൾ കണ്ടേ മതിയാവൂ എന്നതാണ് ദൈവം നീതി.

എന്നാൽ ഒരു കാര്യം നാം തിരിച്ചറിയണം കാലചക്രം തിരിയുമ്പോൾ ഒരു വലിയ ക്ഷാമം ഉണ്ടാകാൻ പോകുന്നു, നീ സ്വരൂപ്പിച്ചതും, നീ സമ്പാദിച്ചതും, നീ വെട്ടിപിടിച്ചതും, നീ മറ്റുള്ളവന്റെ അവകാശത്തെ പിടിച്ചുപറിച്ച് നേടിയതും കൈവിട്ടുപോകുന്ന, തീരുന്ന/ ഉപയോഗശൂന്യമായി നീ ഇപ്പോൾ നിൽക്കുന്ന വീട്ടിൽ നിന്നുപോലും നിന്നേ പുറത്തു കൊണ്ടുവരുന്ന ദിവസം അതിവിദൂരമല്ല. നിന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ക്ഷാമത്തിന് മുൻപേ മാറ്റേണ്ടവനെ മാറ്റി എത്തിക്കേണ്ട സ്ഥലത്തും സ്ഥാനത്തും കൊണ്ടുപോയി മാനിച്ച് ഇരുത്തി നിനക്കു വേണ്ടി നിന്റെ ഊഴത്തിനുവേണ്ടി കാത്തിരിക്കുന്ന പദ്ധതിയാണ് ദൈവത്തിന്റെ കാലം. അന്ന് വ്യാജ ദുഃഖപ്രകടനം നടത്തിയവർ ഇന്ന്‌ ജോസഫിന്റെ മുന്നിൽ യഥാർത്ഥത്തിൽ കരയുന്നു.  ഇന്ന്‌ ജീവനോടെ സിംഹാസനത്തിൽ ഇരിക്കുന്ന ജോസഫിന്റെ മുൻപിൽ നിന്നു കള്ളം പറയുന്നതു കേട്ടില്ലേ ഞങ്ങളുടെ സഹോദരൻ ജോസഫ് മരിച്ചുപോയെന്ന്.  ഇതിനെയാണ് മാറ്റമില്ലാത്ത ദൈവ നീതി എന്നു വിളിക്കുന്നത്.

ഇന്നൊരു നിസാര പെറ്റി കേസ് പോലും ചാർത്തപ്പെട്ടാൽ ഒരു നല്ല സ്ഥാപനത്തിലോ സർക്കാർ സേവനത്തിലോ ജോലി കിട്ടുക പ്രയാസമല്ലേ. പലപ്പോഴും നിരപരാധിത്വം പോലും തെളിയിക്കപ്പെടാനും കാലതാമസം നേരിടുന്നു എന്നതല്ലേ സത്യം. എന്നാൽ ഇവിടെയും ഒരുതെറ്റും ചെയ്യാത്ത നിരപരാധി പൊട്ടകിണറിൽ ഏറിയപ്പെടുന്നു, വിൽക്കപ്പെടുന്നു, അപവാദങ്ങൾ കേൾക്കുന്നു, അനേക വർഷങ്ങൾ കരാഗ്രഹത്തിന്റെ കുണ്ടറയിൽ അടയ്ക്കപ്പെടുന്നു. എന്നിട്ടും സകല കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട്, പൊട്ടകിണറിലും ജയിലിന്റെ തലയിലും കിടന്നവനെ രാജകിയ സ്വർണ്ണ സിംഹസനത്തിൽ ഇരുത്തി മാനിക്കുന്നതാണ് കലാചക്രത്തിന്റെ ഗതി എന്ന് മനസ്സിലാക്കണം. അതേ നീ സത്യം പറഞ്ഞാൽ നിന്റെ മുൻപിൽ പൊട്ടകിണർ ഉണ്ട്, നീ വിൽക്കപ്പെടും, കുണ്ടറയിൽ അകപ്പെടാം.

ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം എന്നു വചനം പറയുന്നു. എന്നാൽ ആ അവകാശം പോലും കൊടുക്കാതെ മുഴുവനും കബളിപ്പിച്ചെടുക്കുന്ന സ്വന്തം കൂടെപ്പിറന്നവർ എത്രയോ അധികം, അനീതിയും പക്ഷഭേദം ചെയ്യുന്ന മാതാപിതാക്കൾ, അതിനു മറപിടിച്ച് വക്രമായി പ്രവർത്തിച്ച് ആൺമക്കൾക്കു പോലും ഒന്നും കൊടുക്കാതെ സകലതും സ്വന്തമാക്കുന്ന എത്രയോ പെണ്മക്കൾ, അതുപ്പോലെ തിരിച്ചും. അയൽവാസിയുടെ അതിർ മാന്തി മാന്തി അതിർ വിസ്തീർണ്ണം കൂട്ടുന്നവർ ഒരു ഭാഗത്ത്. സ്വന്തം കൂട്ടുസഹോദരന്റെ വിഷയത്തിൽ പോലും എണ്ണി എണ്ണി വിഹിതം/കമ്മിഷൻ വാങ്ങുന്ന ഭക്തന്മാർ ഒരു വശത്ത്,  ഇതെല്ലാം ഇന്നത്തെ സമൂഹത്തിന്റെ നേർചിത്രം അല്ലേ.

അധ്വാനിച്ചവന്റെ ഒരുതുള്ളി കണ്ണുനീരോ നെടുവീർപ്പോ വീണിട്ടുണ്ടെങ്കിൽ കാലം കണക്കു ചോദിക്കാതെ വിടുകയില്ല. മാത്രവുമല്ല, സമയചക്രം തിരിയുമ്പോൾ അധാർമ്മികമായി, സഹോദരന്മാരെ വഞ്ചിച്ചു കൈക്കലാക്കുന്ന കുടുംബ സ്വത്തും ധനങ്ങളും  സമ്പത്തും ആരും അനുഭവിക്കാതെ  മുള്ളും പറക്കാരയും മുളെച്ച് അന്യാധീനപെട്ട് നശിച്ചു പോകുന്ന കാഴ്ചയല്ലേ നാം നേരിൽ  കാണുന്നത്. എന്നിട്ടും മനുഷ്യൻ ഗുണപാഠങ്ങൾ പഠിക്കുന്നുണ്ടോ?..

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like