ഇന്നത്തെ ചിന്ത : ലംഘനങ്ങളെ മറച്ചാൽ?| ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 28:13
തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.

എത്ര സുന്ദരമായ തോട്ടമായിരുന്നു ഏദൻ തോട്ടം. ദൈവം ആദമിനെയും ഹവ്വയെയും എത്ര നല്ല സൗകര്യങ്ങൾ നൽകി അവിടെ പാർപ്പിച്ചു. എന്നിട്ടും അവ അവനെ ദുരന്തത്തിലെത്തിച്ചു. അതിനു കാരണം, അവൻ തന്റെ ലംഘനങ്ങളെ മറച്ചു വച്ചതിനാലാണ്. ഇയ്യോബ് 31:33ൽ ഇയ്യോബ് പറയുന്നത് ശ്രദ്ധിക്കൂ, “ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ,”ഇവിടെ ഇയ്യോബ് നിഷ്കളങ്കനായിരുന്നു, പാപം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
കുറ്റം അംഗീകരിക്കാതെ ആദം പരാജയപ്പെട്ടപ്പോൾ തെറ്റുകൾ ഏറ്റുപറഞ്ഞു ദാവീദ് മാതൃകയായി. അതുകൊണ്ട് ദാവീദ് ‘ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള’ മനുഷ്യനായി മാറി (അപ്പൊ. 13:22). യാക്കോബ് ചതിയനും ഉപായിയും ആയിരുന്നു എങ്കിലും താൻ ആരെന്നു ദൈവത്തോട് ഏറ്റുപറഞ്ഞതുകൊണ്ട് ‘യാക്കോബിന്റെ ദൈവം’ എന്ന് ദൈവം അവനെ വിളിച്ചു. പ്രിയരേ, തെറ്റുകളെ ഏറ്റുപറയുന്നവരെ ദൈവത്തിന് ഇഷ്ടമാണ്. അവരോടു അവിടുന്ന് കരുണ കാണിക്കുന്നു. ദാവീദ് ഇപ്രകാരം പറഞ്ഞുവല്ലോ, ” ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു” (സങ്കീ. 32:5).
1 യോഹന്നാൻ
1:6-10 വരെ വാക്യങ്ങൾ നോക്കുക, “അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.
1:7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1:10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി”.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.