ലേഖനം: കുട്ടികളുടെ തിരഞ്ഞെടുപ്പ് | സേബ ഡാര്‍വിന്‍

ജീവിതം വളരെ വ്യത്യസ്‌തകൾ നിറഞ്ഞതാണ്. വഴിത്തിരിവുകൾ എത്തുമ്പോൾ വാഹനങ്ങളെ നിയന്ത്രിക്കുന്ന വ്യക്തി, മുൻ നിർണ്ണയിച്ച ലക്ഷ്യത്തിൽ എത്തുന്നതിനായി വഴി തിരഞ്ഞെടുക്കും. ചില കവലകളിൽ എത്തുമ്പോൾ വഴിയിലെ തിരക്ക്, റോഡിന്റെ ഗുണനിലവാരം തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി ദൂരം കൂടിയ വഴികൾ പോലും തിരഞ്ഞെടുത്തു എന്ന് വരാം. ഇപ്പോൾ വഴി തിരഞ്ഞെടുക്കുന്നതിൽ നമ്മെ സഹായിക്കുന്നതിനായി ഗൂഗിൾ മാപ്പ് പോലെയുള്ള സംവിധാനങ്ങൾ ഉണ്ട്. അതിൽ തന്നെയും ഒരേ സ്ഥാനത്തേക്ക് എത്തേണ്ടതിന് വ്യത്യസ്തമായ വഴികളും അവയിലൂടെ പോയാൽ ലക്ഷ്യസ്ഥാനത്ത് എത്ര സമയം കൊണ്ട് എത്തിച്ചേരാം എന്നതും ഗതാഗതക്കുരുക്കുകളും ഒക്കെ അറിയാൻ സാധിക്കും. അപ്പോഴും നാം തന്നെയാണ് വഴി തിരഞ്ഞെടുക്കേണ്ടത്. തെറ്റായ വഴി തിരഞ്ഞെടുത്താൽ, അവിടെ നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, സമയം എന്നിവ വർദ്ധിക്കും എന്നത് നമുക്ക് അറിവുള്ളതാണ്.

പഠനം, ജോലി, വ്യാപാരം, ബന്ധങ്ങൾ തുടങ്ങി നാം ഒരുപാട് തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട്. എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിന്റെ ഗതി ചിലപ്പോൾ മാറ്റിമറിച്ചേക്കാം. എല്ലാ തീരുമാനങ്ങളും പ്രധാനം തന്നെയാണ്. ജീവിതം ഒരു യാത്രയുമായി താരതമ്യം ചെയ്യാമെങ്കിലും ഈ യാത്ര ഒരിക്കൽ മാത്രമേ ഉള്ളൂ എന്നതും പിന്നിടുന്ന സമയം ഒരിക്കലും തിരിച്ചു വരുന്നില്ല എന്നതും സത്യവും സ്ഥിരവുമാണ്. പലരും കളിക്കുന്ന വീഡിയോ ഗെയിമുകളിലേതു പോലെ ലൈഫ് (അവസരങ്ങൾ) വീണ്ടും ലഭിക്കുകയില്ല.

ഓരോ തീരുമാനങ്ങളും നമ്മെ മാത്രമല്ല, നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിതപങ്കാളി, കുട്ടികൾ തുടങ്ങി ഒരുപാട് വ്യക്തികളെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യും എന്നത് ഇതിന്റെ ആഴം, വ്യാപ്തി എന്നിവ വർദ്ധിപ്പിക്കുന്നു. ഒരു വാശിക്ക് ഒരിക്കൽ എടുത്ത തീരുമാനങ്ങൾ നിമിത്തം ഇന്ന് ഖേദിക്കുന്നവർ ചുരുക്കമല്ല. ആധുനികതയുടെ പാരമ്യ ചിന്തകളും, സ്വതന്ത്രവാദികളുടെ വികലമായ ആശയങ്ങളും നമ്മുടെ തീരുമാനത്തെ സ്വാധീനിച്ച്, മറ്റുള്ളവരെ വേദനിപ്പിച്ച്…. നാം സ്വപ്നം കാണുന്ന ജീവിതം ലഭിക്കും എന്ന് കരുതി “കുഴിയിൽ” ചാടി ജീവിതം കൈവിട്ട് പോയവരെ രക്ഷിക്കാൻ പക്ഷേ മുകളിൽ പറഞ്ഞവരെ കണ്ടു എന്ന് വരില്ല.

കുട്ടികൾ നിഷ്കളങ്കമനസ്സുകളാണ്, അതോടൊപ്പം തന്നെ പക്വതയുടെയും ജീവിത പരിചയത്തിന്റെയും കുറവും അവർക്കുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മെക്കുറിച്ചുള്ള ദൈവഹിതം, കുടുംബത്തിന്റെ അനുഗ്രഹം, നാം വളർന്ന സംസ്കാരവുമായി അതിനുള്ള ചേർച്ച, സ്വന്തം ഭാവിക്ക് അത് സമ്മാനിക്കുന്ന വിഹിതം തുടങ്ങിയവ ആരായേണ്ടുന്നത് അത്യാവശ്യമാണ്.

ഫിലിപ്പിയർ 1 : 10 നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും
11 ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.

ഈ ബൈബിൾ വചനത്തിൽ ദൈവീകകാര്യങ്ങൾ മാത്രമല്ല ജീവിതത്തിലും നാം ഭേദാഭേദങ്ങളെ വിവേചിക്കുന്നവരും അതുമൂലം ജീവിതം ഫലഭൂയിഷ്ഠം ആയിരിക്കേണം എന്നും അത് നീതിയുള്ളതായിരിക്കേണം എന്നും ഉപദേശിക്കുന്നു. ജീവിതത്തിൽ നല്ല അനുഭവജ്ഞാനം, ആത്മീയമൂല്യം, സാമൂഹിക പ്രതിപത്തി, ഉദ്ദേശശുദ്ധി എന്നിവ ഉള്ളവരുടെ അഭിപ്രായങ്ങൾ തേടുന്നത് അഭികാമ്യമാണ്. അതേസമയം ഇതൊന്നും തന്നെ ഇല്ലാത്ത, ഒരിക്കലും ആർക്കും മനസ്സിലാവാത്ത ചില “മൂല്യച്യുതികളുടെ” വികടന വാദങ്ങൾ കേട്ട് കൊള്ളുന്ന “രോമാഞ്ചത്തിൽ” എടുക്കുന്ന തീരുമാനങ്ങൾക്ക് നമ്മെ നശിപ്പിക്കുന്നതിനുള്ള ശക്തി മാത്രമേ ഉള്ളൂ എന്ന് കുട്ടികൾ തിരിച്ചറിയണം.

നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. സദൃശ്യവാക്യങ്ങൾ 3:7

സേബ ഡാര്‍വിന്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.