ലേഖനം: പ്രവാചകർ | വീണ ഡിക്രൂസ്

കാണുന്നതും,കേൾക്കുന്നതുമല്ല, കാണാത്തതാണ് നിത്യത. പലർക്കും ഇതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ്. അവർ പലതരത്തിൽ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. എങ്ങനെയായാലും നാമെല്ലാവരും ഒരുനാൾ നിത്യതയുടെ തീരത്തെത്തും എന്നുള്ളത് ഉറപ്പുള്ള ഒരു കാര്യമാണ്. അവിടെക്കുള്ള ഏക വഴി സാക്ഷാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു ആകുന്നു. എന്നാൽ ക്രിസ്തു എന്ന ആ യഥാർത്ഥ വഴിയിലേക്ക് നാം കയറുക എന്നുള്ളത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. അത് ജീവന്റെ വഴിയാകുന്നു. ആ വഴിയോ ഇടുക്കവും, ഞെരുക്കവും ഉള്ളതെന്ന് വചനം പറയുന്നുണ്ട്. അതിനാൽ പലരും പകുതി വഴിയിൽ ആ യാത്ര അവസാനിപ്പിക്കുന്നു. എന്നാൽ എല്ലാ ഇടുക്കവും, ഞെരുക്കവും സഹിച്ച് മുന്നോട്ടു യാത്ര ചെയ്യുന്ന അനേകരുണ്ട്. യാത്ര എന്നത് അത്ര എളുപ്പമല്ല എന്ന് സൂചിപ്പിച്ചല്ലോ. നമ്മുടെ യഥാർത്ഥ വഴിയിലേക്കുള്ള യാത്ര മുടക്കുന്ന പലതും നമുക്ക് മുന്നിൽ ഉണ്ടാകുന്നു. മനുഷ്യന്റെ ശത്രു അവന്റെ വീട്ടുകാർ തന്നെയാണെന്ന് നാം വായിക്കുന്നുണ്ട്. പൗലോസ് ഇപ്രകാരം പറയുന്നു,പലവിധ ആപത്തുകൾ താൻ നേരിട്ടുണ്ട് എന്ന്. വെള്ളത്താൽ ഉള്ളത്, കള്ള സഹോദരങ്ങൾ നിമിത്തം, അങ്ങനെ പലതും നേരിട്ട് ക്രിസ്‌തുവിന്റെ വഴിയിലേക്കുള്ള യാത്രയെ ജയിച്ച വ്യക്തിയായിരുന്നു പൗലോസ്. അവിടെയെത്തുമ്പോൾ ഉള്ള സന്തോഷത്തെ താൻ ഓർത്തപ്പോൾ തന്റെ സകല കഷ്ടങ്ങളും ചേതമെന്നെണ്ണി. സഹോദരന്മാർ മാത്രമല്ല നമ്മെ തെറ്റിക്കുന്ന ആടുകളുടെ വേഷം ധരിച്ച ചെന്നായ്ക്കളും നമ്മുടെയിടയിലുണ്ട്. യാത്ര അതി സങ്കീർണമാകുന്നു, യാത്ര ശരിയായ ദിശയിലേക്ക് മാറുമ്പോൾ തെക്കൻകാറ്റ് മന്ദമായി അടിക്കുന്നത് കണ്ട് സകലതും നമുക്ക് അനുകൂലമെന്ന് തോന്നിയേക്കാം. അപ്പോൾ നമുക്കു ചുറ്റും ആലോചന പറയുന്ന അനേകർ വരും. നാമോ നമ്മുടെ താല്പര്യം സാധിച്ചു എന്ന് തോന്നിയേക്കാം. എന്നാൽ പിന്നാലെ വരുന്ന ഈശാനമൂലനെന്ന കാറ്റിന്റെ ശക്തി നാം മുന്നറിയേണ്ടതുണ്ട്. മുന്നറിയിപ്പ് എന്തെന്നാൽ, വരുവാനുള്ളത്‌ മുൻകൂട്ടി അറിയുന്ന ഒന്ന്‌. അതറിയിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലോചനയെ നാം വെളിപ്പാട് അഥവാ പ്രവചനം എന്നു പറയുന്നു. എന്നാൽ അത് പലരിലും പല തരത്തിൽ വെളിപ്പെട്ടു വരുന്നു. എന്നാൽ ആത്മാവും, ആലോചനയും ഒന്നേയുള്ളൂ ഒന്നുമാത്രം. യഹോവയായ കർത്താവു തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് ഒരു രഹസ്യവും വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യുകയില്ല എന്ന് ആമോസ് പ്രവാചകൻ പറയുന്നുണ്ട്. പ്രവാചകന്മാർ ദൈവത്തിന്റെ ദാസന്മാർ ആണെന്നും തന്റെ രഹസ്യങ്ങൾ അവരോട് വെളിപ്പെടുത്തുമെന്നും പറഞ്ഞ ദൈവം അത് ചെയ്യാതിരിക്കുമോ? വാക്കു മാറാൻ അവൻ മനുഷ്യനല്ല, ദൈവമാകുന്നു. ഈ ലേഖനം എഴുതുന്ന എനിക്കു ഇതു എഴുതുവാൻ ഒരു സാഹചര്യം ഉണ്ടായി. ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ചില വീഡിയോകൾ കണ്ടു. പ്രവാചകന്മാരെകുറിച്ചുള്ള ചില ഫോൺ സംഭാഷണങ്ങൾ, ഞാൻ ശ്രദ്ധിച്ചു. പ്രവാചാകിയെ, (പ്രവാചകനെ) വിളിക്കുന്ന ഒരു ചാനലുകാരൻ അയാൾ ഇന്ന
ആളാണെന്ന് മറച്ചുവെച്ച് അവരോടു സംസാരിക്കുമ്പോൾ എന്തുകൊണ്ട് അവർ അതറിയാതെപോയി. (അവർ പ്രവാചകി ആകുന്നു) വിളിക്കുന്നവൻ നമ്മെ തെറ്റിക്കുന്നവനെന്നു ദൈവം നമ്മോട് പറയാതിരിക്കൂമോ? തീർച്ചയായും പറയും, കാരണം, ഇതു മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, പ്രവചനം ദൈവത്തിൽ നിന്നാകുന്നു. കർത്താവിന്റെ ആത്മാവ് കൃത്യമായി സകലതും വെളിപ്പെടുത്തുന്നവൻ ആകുന്നു. രഹസ്യമായി ഊരിയാവിനെ കൊന്ന ദാവീദ് രാജാവ് പാപം ചെയ്തു എന്ന് പ്രവാചകൻ ദർശനത്തിൽ കണ്ടു എന്ന് പറഞ്ഞപ്പോൾ ദാവീദ് അത് സമ്മതിച്ചു. പറഞ്ഞത് ഒരു മനുഷ്യനല്ല, എന്നു അവനറിയാമായിരുന്നു. താൻ ചെയ്തത് വെളിപ്പെടുത്തിയപ്പോൾ ദാവീദ് ദൈവത്തെ ഭയന്നു. രാജാവ് കണ്ട സ്വപ്നത്തിന്റെ അർത്ഥം രാത്രിയിൽ ദാനിയേൽ പ്രാർത്ഥിക്കുമ്പോൾ അവനു അത് വെളിപ്പെട്ടു. രാജാവ് അരമനക്കകത്തു രഹസ്യമായി പറഞ്ഞത് പലതും ദൈവം പ്രവാചകന് വെളിപ്പെടുത്തി. ഏലിയാവും, ഏലിശയും, ദാനിയേലും എല്ലാം നമുക്ക് സമ സ്വഭാവമുള്ള മനുഷ്യരായിരുന്നു. പ്രവചനത്തെ ആരും തുഛീകരിക്കരുതെന്നു വചനം പറയുന്നുണ്ട്. എന്നാൽ നാം ലോകാപവാദികൾക്ക് പറയാൻ ഒരു കാരണം ഉണ്ടാക്കരുത്. പ്രവചനം അത് മനുഷ്യന്റെ നാവോടു കൂടിയിരുന്നു ദൈവാത്മാവ് പറയുന്നത് ആകുന്നു. ആത്മാവ് ഉള്ളവൻ ശരിയും, തെറ്റും വിവേചിച്ച് അറിയുന്നു, അല്ല, അതിനു നാം ശ്രമിക്കണം. പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടുന്നറിയാതെ നമ്മുടെ പിന്നിൽ തന്നെ ഉണ്ട് എന്ന് നാം അറിയാതെ പോകരുത്. ഏറ്റവും വലിയ പ്രവാചകൻ നമ്മുടെ കർത്താവായ യേശുക്രിസ്തു ആകുന്നു. നമുക്കായി, നമ്മുടെ പാപത്തിനുള്ള ശിക്ഷ താൻ സ്വയം വഹിച്ചു ക്രൂശിൽ മരിച്ചു. എല്ലാം സഹിച്ചവൻ ക്രൂശിൽ കിടക്കുമ്പോഴും തന്നെ വെല്ലുവിളിച്ച ശത്രുവിനെ നോക്കി മൗനമായി നിന്നവനാണ് നമ്മുടെ കർത്താവ്. നാം വെല്ലുവിളിക്കുന്നവർ അല്ല, സകലതും കർത്താവിനെ ഏല്പിച്ച വിശ്വസ്തതയോടെ നിൽക്കുക.നിശ്ചയമായും ഒരു പ്രതിഫലം ഉണ്ടാകും. മാറ്റേണ്ടതിനെയും, വെല്ലുവിളിക്കുന്നതിനെയും ദൈവം തന്നെ നീക്കുവാനിടയാകും. അവൻ സർവസൈന്യാധിപനും, സർവ്വ അധികാരിയും ആകുന്നു. അവന്റെ മുൻപിൽ മടങ്ങാത്ത, മുട്ടുമടക്കാത്ത യാതൊന്നും ഈ ഭൂമിയിലില്ല. ഒരു വാക്കിനാൽ സർവ്വവും സൃഷ്ടിച്ചവൻ ആകുന്നു നമ്മുടെ കർത്താവ്. എന്നാൽ നാം പ്രവചിക്കുമ്പോഴും, പ്രവചനം കേൾക്കുന്നവനേയും നാം വിവേചിച്ച് അറിയുക. പ്രവചനം ആത്മാവിൽ നിന്നാണെങ്കിൽ ആത്മാവ് സകലവും വിവേചിക്കുന്നു. തനിക്കെതിരെ രേഖ എഴുതിയിരിക്കുന്നു എന്ന് കേട്ടപ്പോൾ ദാനിയേൽ പതിവുപോലെ പ്രാർത്ഥിച്ചു. ഒട്ടും കുറവോ, കൂടുതലോ അതിൽ ഉണ്ടായിരുന്നില്ല. ചിലർ പറയാറുണ്ട് ഇപ്പോൾ പ്രതികൂലമാണ് അതിനാൽ കൂടുതൽ പ്രാർത്ഥിച്ചു എന്ന്. പുതിയനിയമ വിശ്വാസികളായ നമ്മളെല്ലാവരും നമ്മിൽ ദൈവാത്മാവ് ഉണ്ടെന്നു പറയുന്നു. നമ്മുടെ ഓരോ നിമിഷവും, നാം ദൈവത്തോടോപ്പമാണെങ്കിൽ നമുക്ക് വരുവാനുള്ളതിനെ ദൈവം നമുക്ക് വെളിപ്പെടുത്തി തരും. തന്റെ ഭക്തന്മാരുടെ പ്രാണൻ ദൈവത്തിനു വിലയേറിയത്‌ ആകുന്നു. ഞാൻ നാളെ വന്ന് നിനക്കായി ഇന്നത് ചെയ്യാമെന്നു നാം സ്വയം പുകഴ്ത്തരുത്. നാളെയെക്കുറിച്ച് ചിന്തിക്കുന്ന നാം വെറും വിഡ്ഢികൾ ആകുന്നു. കർത്താവിനു ഹിതം എങ്കിൽ ഞാൻ കടന്നു വന്നു ശുശ്രൂഷ ചെയ്യാം എന്നല്ലയോ നാം പറയേണ്ടത്. കാരണം നാളത്തെ ദിവസത്തെ പ്രതി നാം ഒന്നും പ്രശംസിക്കരുതെന്നും വചനം പറയുന്നുണ്ട്. നമ്മുടെ പുത്രന്മാരും, പുത്രിമാരും പുതു ഭാഷകൾ സംസാരിക്കും, പ്രവചിക്കും എന്നുള്ള ഒരു വാഗ്ദത്തം നമുക്കുണ്ട്. വചനം സത്യമാകുന്നു. ആകയാൽ പ്രവചിക്കുന്നവർ അപവാദിയുടെ വായാകാതെ ദൈവാത്മാവിൽ സർവ്വതും വിവേചിച്ച് അറിയേണ്ടതിന് പരിശുദ്ധാത്മാവിന്റെ സഹായം തേടുക. എങ്കിൽ മാത്രമേ ആ നിത്യതയുടെ തീരത്ത് നമുക്ക് ദിശതെറ്റാതെ എത്താൻ കഴിയുകയുള്ളു. കണ്ണീരും, മുറവിളിയും ഇല്ലാത്ത ആ തീരത്തേക്ക് പ്രയാസങ്ങൾ ഇല്ലാതെ ഓടിക്കയറാൻ നമ്മുടെ പ്രാണപ്രിയൻ നമ്മെ ഏവരെയും സഹായിക്കട്ടെ.

വീണ ഡിക്രൂസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like