ലേഖനം: കുട്ടികളും മാതാപിതാക്കളും – ഒരു ക്രിസ്തീയ വീക്ഷണം | അൻസു ജെറി, ലിവർപൂൾ

പൂർവകാലത്തും ആധുനിക കാലത്തും എന്നും വളരെ പ്രസക്തമായ ഒരു ബന്ധമാണ് കുട്ടികളും മാതാപിതാക്കളും. അതിൽ തന്നെ വളരെ നിഷ്കളങ്കവും പരിപാവനവുമായ ഒന്നാണ് മാതൃ – ശിശു ബന്ധം. വേദപുസ്ത അടിസ്ഥാനത്തിൽ നിരവധി ചിന്തകൾ നമുക്ക് മനസിലാക്കാൻ സാധിക്കും.
കുട്ടികളും മാതാപിതാക്കളും നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളും തിരുവചനത്തിൽ നമുക് കാണാൻ സാധിക്കും. മാതാപിതാക്കളെ സംബന്ധിച്ച് അവർ കുട്ടികൾക്ക് എന്നും ഒരു മാതൃകയാകണം. കാരണം കുട്ടികളുടെ ആദ്യപാഠം വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. മാതാവും പിതാവും തമ്മിലുള്ള ബന്ധത്തിൽ ഇടർച്ചകൾ ഉണ്ടെങ്കിൽ അത് കുട്ടികളെ വളരെ അധികം ബാധിക്കും.

എഫെസ്യർ 6:4 ൽ “പിതാക്കന്മാരെ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പദ്യോപദേശത്തിലും പോറ്റി വളർത്തുവിൻ” എന്ന് പരാമര്ശിച്ചിരിക്കുന്നു. കുട്ടികൾക്ക് സ്നേഹവും പരിചരണവും ബാലശിക്ഷയും ഉപദേശവും എല്ലാം കൊടുത്തു വളർത്തേണ്ടത് മാതാപിതാക്കളുടെ കർത്തവ്യമാണ്. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അത് വിട്ടു മാറുകയില്ല.(സദൃ – 22 :6 )”. ഈ കാലഘട്ടത്തിൽ ഈ വാക്യത്തിന് വളരെ പ്രത്യേകതയുണ്ട്. ആധുനിക ചിന്തകളും സംവിധാനങ്ങളും വേഷഭൂഷാദികളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമെല്ലാം കുട്ടികളെ ദൈവത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നുമൊക്കെ അകറ്റാൻ ശ്രമിക്കുമ്പോൾ നല്ല രീതിയിൽ വചനം അഭ്യസിച്ച കുട്ടികളാണെങ്കിൽ അവർ ദൈവവചനത്തെ മുറുകെ പിടിക്കും. മാതാപിതാക്കളുടെ പ്രാർത്ഥനയും കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന മറ്റൊരു ഔഷധമാണ്.

കുട്ടികൾക്ക് എല്ലാ കാര്യങ്ങളും പങ്കു വെക്കാൻ കഴിയുന്ന ഒരു തണൽ മരം ആകണം മാതാപിതാക്കൾ. തിരുവചനത്തിൽ നാം പരിശോധിച്ചാൽ, യാഗം കഴിക്കാൻ മോറിയ മലയിലേക്ക് കയറി പോയ യിസ്‌ഹാക്ക് തന്റെ അപ്പനോട് യാഗമൃഗം എവിടെ എന്ന് ചോദിക്കുമ്പോൾ ദൈവം കരുതിക്കൊള്ളും എന്ന് പറയുന്നതും അതേപോലെ തന്നെ ദൈവം കരുതിയ വിധങ്ങളും നമുക് കാണാൻ സാധിക്കും. ഇതേപോലെ തന്നെ മാതാപിതാക്കൾ അവരുടെ ജീവിതത്തിലെ അനുഭവങ്ങളിൽ ദൈവം സഹായിച്ച ഓരോ വിധങ്ങളും, വിളിച്ചപേക്ഷിച്ചാൽ കൈവിടാത്ത ഒരു ദൈവം നമുക് ഉണ്ട് എന്നുള്ള ഉറപ്പും തലമുറകൾക്ക് മനസിലാക്കി കൊടുക്കേണ്ടതും ആവശ്യമാണ്.

post watermark60x60

“മക്കളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ, നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. (എഫെസ്യർ – 6 : 1,2,3)”. ഈ ആദ്യ കല്പന കുട്ടികൾ പ്രമാണിക്കേണ്ടത് ആവശ്യമാണ്. എത്രയധികം ഉയർന്ന നിലകളിൽ കുട്ടികൾ എത്തിയാലും മാതാപിതാക്കളെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യേണ്ടത് ഓരോ തലമുറയുടെയും ഉത്തരവാദിത്തമാണ്.
വളരെ നിഷ്ടൂരമായി മാതാപിതാക്കളെ കൊല്ലുകയും ക്രൂരമായി മക്കളെ പീഡിപ്പിക്കയും ഒക്കെ ചെയ്യുന്ന ഒരുപാട് ദുരന്ത അനുഭവങ്ങൾ നാം ദിനം തോറും മാധ്യമ താളുകളിൽ കാണാറുണ്ട്. അവിടെയാണ് ക്രൈസ്തവ തലമുറകളും മാതാപിതാക്കളും വ്യത്യസ്തരാകേണ്ടത്. തിന്മാനും കുടിപ്പാനും ഇല്ലെങ്കിലും യഹോവ ഭക്തിയും ദൈവ വചനവും തലമുറകൾക്ക് പകർന്നു കൊടുത്ത നമ്മുടെ പൂർവമാതാപിതാക്കന്മാരെ നാം ഓർക്കേണ്ടത് ആവശ്യമാണ്. അവരുടെ തലമുറകൾ ഇന്ന് അനുഗ്രഹിക്കപ്പെട്ടു. എന്നാൽ ഇനി വരും തലമുറകൾക്ക് പകർന്നു നൽകാൻ മൂല്യമുള്ള എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ മാതൃകയായിട്ട് ഉണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മെ നടത്തുന്ന ദൈവത്തെയും പോറ്റിവളർത്തിയ മാതാപിതാക്കളെയും മറന്നു ലോകചിന്തകളിൽ അകപ്പെടാതിരിപ്പാൻ കുട്ടികളും വളരെ അധികം ശ്രദ്ധിക്കയും പ്രാർത്ഥിക്കയും ചെയ്യേണ്ടത് ആവശ്യമാണ്. അതിനായി നമുക്ക് ഒരുങ്ങാം.

അൻസു ജെറി

-ADVERTISEMENT-

-ADVERTISEMENT-

You might also like