ലേഖനം: ഒരു ഹൃദയം ഒരേയൊരു ജീവിതം | രാജേഷ് മുളന്തുരുത്തി

“എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക”
ഈ സന്ദേശം ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ? ഇത് എന്താണെന്ന് അറിയാമോ?
“ലോക ഹൃദയ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശമാണിത് “. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവര്‍ക്കും എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായി എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച്ചയോ അല്ലെങ്കിൽ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയ ദിനമായി (World Heart Day) ആചരിക്കുന്നത്. ഇന്ന് ലോകഹൃദയ ദിനമാണ്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ കാലത്തും ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.

ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക് ഹൃദയാഘാതം ഉണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളേക്കാൾ എല്ലാ മേഖലകളിലും നാം മുൻപിൽ ആണെന്ന് അഹങ്കാരത്തോടെ പറയുമ്പോഴും ഹൃദ്രോഗികളുടെ എണ്ണത്തിലും ആ സ്ഥാനം നിലനിർത്തി എന്നതാണ് വാസ്തവം. ഇത് ഒരു അലങ്കാരമായി കാണാതെ ആപത്താണെന്ന് തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും അനുദിനം പാലിച്ചാൽ ഒരു പരിധിവരെ തടഞ്ഞു നിർത്താവുന്നതാണ് ഈ ആപത്തും. നമുക്ക് ഒരു ഹൃദയവും ഒരേയൊരു ജീവിതവും മാത്രമേ ഉള്ളു എന്നകാര്യവും മറക്കരുതേ !

-ADVERTISEMENT-

-ADVERTISEMENT-

You might also like