ക്രിക്കറ്റ് താരങ്ങൾക്ക് വിരുന്നൊരുക്കി ബ്രദർ സജി തങ്കച്ചൻ ശ്രദ്ധേയനാകുന്നു

KE NEWS Desk | London, UK

തിരുവനന്തപുരം: ക്രിക്കറ്റ് താരങ്ങൾക്കു വിരുന്നൊരുക്കാൻ ലീല റാവിസിൽ വിഭവങ്ങളുടെ നീണ്ട നിര; ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കു ഇറ്റാലിയൻ പാസ്‌തയും ഗ്രീൻ സലാഡും പ്രിയം, ഒപ്പം വിഴിഞ്ഞത്തെ ടൈഗർ പ്രോൺസും! ഇന്ത്യൻ ടീമിന് കാഞ്ഞിരോട്ടു കായലിലെ കരിമീനും തേങ്ങാ വറുത്തരച്ച കോഴിക്കറിയും; രുചിക്കൂട്ടുകളുമായി ഷെഫ് പിള്ളക്ക് ശേഷം പുതിയ നിയോഗം വന്ന് ചേർന്നത് ബ്രദർ സജി തങ്കച്ചനാണ്.

കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി അമിത് ഷാ കേരളം സന്ദർശിച്ച വേളയിലും ഷെഫ് സജിയാണ് അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയത്. കാര്യവട്ടത്തെ ടി 20 കളിക്കായി എത്തുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് വിഭവസമൃദമായ ഭക്ഷണം തയ്യാറാക്കാനുള്ള തിരക്കിലാണ് ഇപ്പോൾ കോവളം ലീല റാവിസ് ഹോട്ടൽ.

പത്തനാപുരം പിറവന്തൂർ സ്വദേശിയും മൂന്നാംമല ശാരോൻ സഭയിലെ വിശ്വാസിയുമായ ബ്രദർ സജി തങ്കച്ചനാണ് ഇപ്പോൾ ലീലയിൽ ക്രിക്കറ്റ് താരങ്ങളുടെ മനസ് നിറക്കാനുള്ള ശ്രമം നടത്തുന്നത്.

24 പേരടങ്ങുന്ന ടീമുകളുടെ ഇഷ്ടാനുഷ്ടങ്ങൾ തിരിച്ചറിഞ്ഞു വിഭവങ്ങൾ നിരത്തുകയാണ് ലക്‌ഷ്യം. ജൈവ പച്ചക്കറിയിൽ ഒരുങ്ങുന്ന വിഭവങ്ങളാണു പ്രധാന ആകർഷണം. കഴിഞ്ഞ ദിവസം എത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് സലാഡ് വിഭവങ്ങൾ മതിയാവോളം നൽകി. കൂടാതെ അവർക്കായി ഇറ്റാലിയൻ പാസ്‌തയും വിളമ്പി.

പോഷകാംശം കൂടുതലുള്ള വിഭവങ്ങളാണ് ഇന്ത്യൻ ടീമിന് വേണ്ടതെന്ന അറിയിപ്പ് ഷെഫ് സജിക്ക് കിട്ടി കഴിഞ്ഞു. അതിനാൽ മീൻ വിഭവങ്ങൾക്കാണ് പ്രാധന്യം. അഷ്ടമുടികായലിലെയും വിഴിഞ്ഞത്തെയും ടൈഗർ പ്രോൺസ്, മഡ് ക്രാബ്, ലോബ്സ്റ്റർ കാഞ്ഞിരോട്ടു കായലിലെ കരിമീൻ, ചെമ്പല്ലി എന്നിവയും ഉണ്ട്. തേങ്ങാ വറുത്തരച്ച കോഴിക്കറിയും നോർത്ത് ഇന്ത്യൻ വിഭവങ്ങളുമുണ്ടാകും.

ഷെഫ് സജി കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനിനൊപ്പം റാവിസിൽ

എന്നാൽ ഷെഫ് സജിക്ക് ഇതിലൊരു പുതുമയില്ല. യൂറോപ്പിലും മിഡിലീസ്റ്റിലും ജോലി ചെയ്യുന്നതിനിടെ ഇരുടീമുകൾക്കും നേരത്തെയും അദ്ദേഹം വച്ചുവിളമ്പിയിട്ടുണ്ട്. ആ ആത്മാവിശ്വാസത്തിൽ ഇരു ടീമുകളെയും തൃപ്തരാക്കി അയക്കാമെന്ന പ്രതീക്ഷയിലാണ് ഷെഫ് സജി. ഭാര്യ: സോമിനി സജി, മക്കൾ: ജെയ്സൺ സജി (യു.കെ), ജയ്സി സജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.