ശാസ്ത്രവീഥി: ലോകാവസാനമഞ്ഞുമല – ശാസ്ത്രലോകം ഭീതിയിൽ

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ഭൂമിയുടെ താപമാനം ക്രമീകരിക്കുന്നതിൽ ആർൿട്ടിൿവൃത്തത്തിലെയും അൻ്റാർട്ടിക്കയിലെയും മഞ്ഞുനിക്ഷേപത്തിനു വലിയ പങ്കുണ്ട്. ഹിമാലയവും അങ്ങനെ തന്നെ. അൻ്റാർട്ടിക്കയിൽ ഭൂഖണ്ഡത്തിൻ്റെ ആകെവലിപ്പത്തിൻ്റെ 97.6% ആയ 1,37,26,937 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിലും 3 മൈൽ ആഴത്തിലും മഞ്ഞുനിക്ഷേപമുണ്ട്. ഉത്തരധ്രുവത്തിൽ ഇതു 8,21,000 ക്യുബിൿ കിലോമീറ്റർ എന്നാണു കണക്കാക്കിയിരിക്കുന്നത്. ഹിമാലയത്തിലെ മഞ്ഞുനിക്ഷേപം 60,000 ചതുരശ്രകിലോമീറ്ററാണ്.

“മഞ്ഞുരുകുക” എന്നൊരു പ്രയോഗമുണ്ട്. എതിരാളികൾ തമ്മിൽ രമ്യപ്പെടുക എന്നാണർത്ഥം. “മഞ്ഞുരുകി” എന്നുപറഞ്ഞാൽ സമാധാനം ആയി അഥവാ സമാധാനം ആരംഭിക്കുന്നു എന്നർത്ഥം. എന്നാൽ ഭൂമിശാസ്ത്രപരമായി, ഇന്നു “മഞ്ഞുരുകുന്നു” എന്നുപറഞ്ഞാൽ വൻഅപകടം വരുന്നു എന്ന ധ്വനിയാണു ലഭിക്കുക.

മഞ്ഞുരുകി മേല്പറഞ്ഞ മഞ്ഞുനിക്ഷേപങ്ങളിൽ നിന്നു ഇടയ്ക്കിടെ കൂറ്റൻ ഹിമാനികൾ സമുദ്രത്തിലേക്കു അടർന്നു വീണു ഒഴുകിനടക്കാറുണ്ട്. (കരയിൽ മഞ്ഞുമലകൾ അടർന്നു വീഴുന്നതിനെ “ആവലാഞ്ചി” എന്നാണ് പറയുന്നത്). ഇവ പലതരത്തിലുള്ള അപകടങ്ങളാണു വരുത്തിവയ്ക്കാറുള്ളത്. ഇപ്പോൾ അത്തരം ഒരു സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

ലോകാവസാന മഞ്ഞുപാളി അഥവാ “ഡൂംസ്ഡേ ഗ്ലേഷിയർ” എന്നു വിളിപ്പേരുള്ള ഈ ഹിമാനി അൻറാർട്ടിക്കയിലാണ്. ഈ മഞ്ഞുപാളിയുടെ തകർച്ച ലോകം മുഴുവൻ വലിയ ആഘാതം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതാണെന്നു ശാസ്ത്രലോകം ഭയക്കുന്നു. കോടിക്കണക്കിന് ഘടയടി ജലം സംഭരിച്ചിരിക്കുന്ന മഞ്ഞുപാളികൾ തകർന്നു കടലിലേക്ക് ചേരുമ്പോൾ ലോകമെമ്പാടുമുള്ള സമുദ്രജലനിരപ്പിനെ അതു സാരമായി ബാധിക്കും. ഡൂംസ്ഡേ ഗ്ലേഷിയറിലൂടെ അത്തരം ഒരു സംഭവത്തിനു ലോകം സാക്ഷ്യം വഹിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അസാമാന്യ വലിപ്പമുള്ള ഈ ഭീമൻമഞ്ഞുമല തകർച്ചയുടെ വക്കിലാണ്. വൻകരയയുമായി അതിനു ഇപ്പോൾ നേർത്ത ബന്ധം മാത്രമാണുള്ളത്. സാഹിത്യ ഭാഷയിൽ പറഞ്ഞാൽ അതിൻ്റെ നഖങ്ങളുടെ ബലത്തിലാണ് അൻ്റാർട്ടിക്കയിൽ പിടിച്ചു തൂങ്ങി നില്ക്കുന്നത്.

ജിയോളജിക്കൽ ഓഷനോഗ്രാഫർ ആയ അലസ്റ്റെയ്ർ ജി.സി. ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള ഒരു ടീം ഇതേക്കുറിച്ചു വിശദമായി പഠിച്ചു “നേച്ചർ ജിയോസയൻസ് ജേണലിൽ” പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണു മേല്പറഞ്ഞ വിവരങ്ങൾ ലഭ്യമായിരിക്കുന്നതു. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ അസ്സോസിയേറ്റ് പ്രൊഫെസർ ആയ അദ്ദേഹം ജിയോളജിക്കൽ ഓഷനോഗ്രാഫിയിൽ Ph.D., നേടി. അനന്തരം ഡൂംസ്ഡേ ഗ്ലേഷിയറിനെക്കുറിച്ചുള്ള പഠനത്തിൽ പോസ്റ്റ്ഡോൿറ്ററൽ ഗവേഷണം പൂർത്തീകരിച്ചു. ഇതിലൂടെ അദ്ദേഹം ശാസ്ത്രലോകത്തു വിശ്വപ്രസിദ്ധനായി.

സാറ്റെലൈറ്റ് സഹായത്തോടെ അൻ്റാർട്ടിക്കയിൽ നടത്തിയ പഠനത്തിലാണ് മഞ്ഞുപാളികളുടെ ദുർബ്ബലാവസ്ഥ ഗവേഷകർ
കണ്ടെത്തിയത്. പശ്ചിമ അൻറാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന ഈ മഞ്ഞുപാളിക്ക് ഏകദേശം ഫ്ളോറിഡയുടെ അത്രയും വലിപ്പമുണ്ട്. ഉപഗ്രഹ ചിത്രങ്ങൾക്കൊപ്പം “സീഫ്ലോർ മാപ്പിങ്” എന്ന സാങ്കേതികവിദ്യ കൂടെ ഉപയോഗിച്ചാണ് ഗവേഷകർ ഈ മഞ്ഞുപാളിയുടെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കിയത്. ഈ പഠനത്തിലൂടെ മഞ്ഞുപാളിയുടെ വളരെ മുമ്പുള്ള ചരിത്രം വരെ വിശകലനം ചെയ്തു കഴിഞ്ഞു.

ഏകദേശം 200 വർഷം മുമ്പാണു ഈ മഞ്ഞുപാളി കടലിൻ്റെ അടിത്തട്ടിൽ നിന്നു വേർപെട്ട് സ്വതന്ത്രമായത്. അന്നു ഇതിൻ്റെ ഗതിവേഗം 4.2 കിലോമീറ്റർ/ പ്രതിവർഷം ആയിരുന്നു. ഒരു ഹിമാനിയെ സംബന്ധിച്ചിടത്തോളം ആ വേഗത സ്വാഭാവികം ആണ്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഈ കാലയളവിൽ അതിന്റെ ഗതിവേഗം ഇരട്ടിയായി. കൂടാതെ മഞ്ഞുമലയെ വൻകരയുമായി ബന്ധിപ്പിച്ചു നിറുത്തിയിരുന്ന മേഖല ഉരുകുവാനും തുടങ്ങി.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നാണു കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ നേരിട്ടുള്ള ആഘാതമാണ് ഈ വേഗകൂടുതലിനു പിന്നിലെന്നാണു ഗവേഷകർ വിശദീകരിക്കുന്നതു.

അന്റാർട്ടിക്കയിലെ സ്ഥലങ്ങൾക്കു പേരു നല്കുന്ന ഉപദേശക സമിതി, ഗ്ലേഷ്യൽ ജിയോളജിസ്റ്റും ജിയോമോർഫോളജിസ്റ്റും പ്രൊഫസർ എമിരിറ്റസും ആയ ഫ്രെഡെറിക് റ്റി. ത്വയ്‌റ്റിന്റെ (1883–1961) സ്‌മരണാർത്ഥമാണു 1967-ൽ, ഹിമാനിക്കു “ത്വയ്‌റ്റ് ഗ്ലേഷിയർ” എന്ന പേരു നല്കിയതു.1947 ജനുവരിയിൽ ശേഖരിച്ച ഏരിയൽ ഫോട്ടോഗ്രാഫുകളിൽ നിന്നാണു ദ്രവീകരണം ആദ്യമായി നിരീക്ഷിക്കപ്പെട്ടത്.

ഈ മഞ്ഞുമലയ്ക്ക് ഏകദേശം 85 കിമീ നീളവും 65 കിമീ വീതിയും 800- 1200 മീറ്റർ വരെയാണ് ആഴം അഥവാ ഉയരം ഉണ്ടായിരുന്നു. മൊത്തം വിസ്തീർണ്ണം ഏകദേശം 5,490 ചതുരശ്രകിലോമീറ്റർ. ഏകദേശം 6050 ക്യുബിൿ കിലോമീറ്റർ മഞ്ഞുനിക്ഷേപമുണ്ട്. 2019 ജനുവരിയിൽ ഹിമാനിയിൽ വെള്ളത്തിനടിയിൽ ഒരു അറ നാസ കണ്ടെത്തി. 2016 മുതൽ രൂപപ്പെട്ട ഈ അറയ്ക്ക് ഏകദേശം 1,000 അടി (305 മീറ്റർ) ഉയരമുണ്ട്. ഇതു ഹിമാനിയുടെ നാശത്തെ വേഗത്തിലാക്കാൻ മതിയായതാണ്. ത്വയ്റ്റ്സ് ഹിമാനിയെ കുറിച്ച് പഠിക്കുവാൻ 5 വർഷത്തെ അന്താരാഷ്ട്ര സഹകരണം 2018-ൽ സ്ഥാപിക്കപ്പെട്ടു. I.T.G.C. എന്ന ഇൻ്റെർനാഷണൽ ത്വയ്റ്റ് ഗ്ലേഷിയർ കൊളാബൊറേഷൻ.
2020 -ന്റെ തുടക്കത്തിൽ, ഐ.റ്റി.ജി.സി.,യിലെ ഗവേഷകർ ഹിമാനിയുടെ ആയുസ്സിനെക്കുറിച്ചു പഠിക്കുവാൻ തുടങ്ങി. ചൂടായ സമുദ്രജലം ഹിമാനിയുടെ ശോഷണം പ്രതീക്ഷിച്ചതിലും വേഗത്തിലാക്കുമെന്നാണു അവർ കണ്ടത്തിയത്. ഹിമാനിയുടെ അടിത്തറയിൽ, ജലത്തിന്റെ താപനില ഇതിനകം തന്നെ മൈനസ് രണ്ട് ഡിഗ്രിയിലായി എന്നതു ഗവേഷകർ ആശങ്കയോടെയാണു കാണുന്നത്. ഈ ഹിമാനി മൊത്തം ഉരുകിത്തീർന്നാൽ അതുമുലം ആഗോള സമുദ്രനിരപ്പ് നാല് ശതമാനത്തോളം ഉയരുമെന്നാണു കണക്കാക്കപ്പെടുന്നത്. 2022 സെപ്റ്റംബർ 6-നു CNN പ്രസിദ്ധീകരിച്ച റിപ്പോർട്ടു അനുസരിച്ചു ഈ ഹിമാനി മുഴുവൻ ഉരുകിത്തീർന്നാൽ സമുദ്രനിരപ്പു 16 അടി വരെ ഉയരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതു വലിയ നാശത്തിനു കാരണമാകും. മിക്ക തുറമുഖപട്ടണങ്ങളും സമുദ്രത്തിൽ മുങ്ങിപ്പോകും. ലോകജനസംഖ്യയുടെ 10% അഥവാ 77കോടി ജനം ഈ 16 അടി നിരപ്പിനു താഴെയാണു പാർക്കുന്നത്. സമുദ്രസാമീപ്യം ഒരുകാലത്തു അനുഗ്രഹമായി കരുതിയിരുന്നു. എന്നാൽ ഇന്നതു ശാപമായിത്തീരുകയാണ്.

എറണാകുളം വെള്ളത്തിനടിയിലാകും എന്നു ഡേവിഡ് റ്റെറൽ എന്നൊരു ദൈവദാസൻ ചില വർഷങ്ങൾക്കു മുമ്പു പ്രവചിച്ചതു നമ്മൾ മിക്കവരും കേട്ടു കാണുമല്ലോ. അന്നു അദ്ദേഹത്തെ “റ്റെറർ” എന്നു വിളിച്ചു കളിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നു സ്ഥിതി മാറി. ഒരു മഴപെയ്താൽ കൊച്ചിയും മറ്റും വെള്ളത്തിലാണ്. അങ്ങനെയെങ്കിൽ സമുദ്രനിരപ്പു 16 അടി ഉയർന്നാൽ എന്തായിരിക്കും സ്ഥിതി?

ആഗോളതാപമാനം ഇപ്പോഴത്തെ തോതിൽ വർദ്ധിച്ചുകൊണ്ടിരുന്നാൽ 2070 ആകുമ്പോഴേക്കും ഭൂമിയുടെ അഞ്ചിലൊന്നുഭാഗം സഹാറക്കു സമാനമാകുമെന്നു മറ്റൊരു വാർത്താബുള്ളറ്റിൻ പറയുന്നു.

ഈ ലേഖനം തയ്യാറാക്കി കഴിഞ്ഞു കിട്ടിയ ചില വിവരങ്ങൾ കൂടെ ചേർക്കുന്നു. 2022 സെപ്റ്റംബർ 15-ാം തീയതിയിലെ “ഹിന്ദുസ്ഥാൻ ടൈംസും” സെപ്റ്റംബർ 16 -ാം തീയതിയിലെ “ദ ടൈംസ് ഓഫ് ഇന്ത്യയും” പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ രത്നചുരുക്കം ചുവടെ ചേർക്കുന്നു.

മഹാരാഷ്ട്രയുടെ പലഭാഗങ്ങളിലും തീരദേശത്തിനു നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. കണ്ടൽക്കാടുകൾ, ചെറിയ തോടുകൾ, ചതുപ്പുകൾ, തീരപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ തീരദേശ ആവാസവ്യവസ്ഥ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വലിയ ശോഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മുംബൈയിൽ നിന്നും വെറും 200 കിലോമീറ്റർ അകലെ റായ്ഗഡ് ജില്ലയിലെ ദേവാഘർ ബീച്ചിൻ്റെ 55 ഹെൿറ്റർ സ്ഥലം കടലെടുത്തു. ഒന്നര കിലോമീറ്റർ നീളത്തിൽ 300 മുതൽ 500 വരെ മീറ്റർ വീതിയിലാണ് തീരദേശം കടലിനടിയിൽ ആയത്. സമുദ്രനിരപ്പ് ഉയരുന്നതാണ് ഇതിനു കാരണമെന്ന് കണ്ടെത്തിക്കഴിഞ്ഞു. തീരദേശശോഷണത്തെക്കുറിച്ചും സമുദ്രനിരപ്പു ഉയരുന്നതിനാൽ തീരദേശത്തു വർദ്ധിച്ചുവരുന്നക്കുന്ന ഉപ്പുരസത്തെക്കുറിച്ചും മറ്റും ഗവേഷണം നടത്തുന്ന പൂണെയിലെ സൃഷ്ടി കൺസെർവേഷൻ ഫൗണ്ടേഷൻ, സാറ്റെലൈറ്റ് സഹായത്തോടെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ടു പുറത്തു വിട്ടിരിക്കുന്നത്. 1990 മുതൽ 20222 വരെ കാലയളവിലാണ് ഈ നഷ്ടമുണ്ടായിരിക്കുന്നത്.

അതിവേഗം സംഭവിക്കുന്ന തീരാനഷ്ടം ഒഴിവാക്കുവാനായി റായ്ഗഡ് മുതൽ അലിബാഗ് വരെയുള്ള 47 കിലോമീറ്റർ ദൂരത്തിൽ, അറബിക്കടലിനു സമാന്തരമായി, ഇരുപത്തിയോരായിരം ഹെക്ടർ സ്ഥലത്തു കണ്ടൽവനം വച്ചുപിടിപ്പിച്ചു കഴിഞ്ഞു.
മുംബൈ നഗരം കടലിന്നടിയിൽ താണുപോകുമെന്ന പ്രവചനത്തെ ആശങ്കയോടെയാണു ശാസ്ത്രലോകവും വീക്ഷിക്കുന്നത്. കേരളത്തിലെ വിഴിഞ്ഞം തീരവും ആശങ്കാകുലമാണല്ലോ.

ഭാവിയെ ഓർത്തു പുഞ്ചിരി തൂകുവാൻ കഴിയാത്ത നിരാശാജനകമായ വാർത്തകളാണു ഓരോദിവസവും സയൻസ് ജേണലുകൾ പ്രസിദ്ധീകരിക്കുന്നത്. ഇതൊക്കെ വായിക്കാതിരുന്നെങ്കിൽ – അറിയാതിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോകാറുണ്ട്. എങ്കിലും യാഥാർത്ഥ്യത്തിൽ നിന്നു നമുക്കു ഒളിച്ചോടാൻ പറ്റില്ലല്ലോ. സമുദ്രം ഇരച്ചുകലങ്ങുമെന്നും നിമിഷങ്ങൾ കൊണ്ടു പട്ടണങ്ങൾ – പ്രത്യേകിച്ചു വാണിജ്യബാബിലോൺ – സമുദ്രത്തിന്നടിയിലാകുമെന്നും ബൈബിൾ പ്രവചിക്കുന്നു (വെളി: 18). അതു നടന്നേ മതിയാകൂ.

ബൈബിൾ പറയുന്നു:- “ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു” (ഇയ്യോബ് 37: 10). ദൈവത്തിൻ്റെ ശ്വാസമാണ് ജീവൻ ഉല്പാദിപ്പിച്ചതും നിലനിറുത്തുന്നതും. ഭൂമിയിൽ ജീവൻ നിലനില്കണമെങ്കിൽ മഞ്ഞുമലകളും സമശീതോഷ്ണകാലാവസ്ഥയും ഉണ്ടാകേണം. ദൈവം ഭൂമിയുടെമേൽ ഊതിയെങ്കിൽ മാത്രമേ ഹിമത്തിൻ്റെ ഭണ്ഡാരം ഉണ്ടാവുകയുള്ളൂ, നിലനില്കുകയുള്ളൂ. ആയിരം ആണ്ടുവാഴ്ചാകാലത്തു ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥക്കു ഭേദം വരുമല്ലോ. അതിനു മുമ്പു നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമല്ലോ. അപ്പോൾ നാമും അവനോടു കൂടെ തേജസ്സിൽ വെളിപ്പെടും (കൊലോ:3:4). അതത്രേ നമ്മുടെ ഏകമാത്ര പ്രത്യാശ. അതിനായി ഒരുങ്ങാം. ആമേൻ കർത്താവേ വരേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.