ശാസ്ത്രവീഥി: കാലാവസ്ഥാവ്യതിയാനം – ഒലീവുകായ്കൾ ചുക്കിച്ചുളിയുന്നു

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

2022 ജൂലായ് 31 -ാം തീയതിയിലെ “ദ ജോർഡൻ ടൈംസ്” ഞെട്ടിക്കുന്ന ഒരു വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. അമ്മാനിൽ നിന്നു റയ്യാ അൽ മുഹെയ്സ് തയ്യാറാക്കിയ പ്രസ്തുത ലേഖനത്തിൻ്റെ തലക്കെട്ടു “കാലാവസ്ഥാ വ്യതിയാനം ഒലിവുകൾ വാടിക്കരിയുന്നു” എന്നായിരുന്നു. ഒലീവുകായ്, ഒലീവെണ്ണ എന്നിവയുടെ ഉല്പാദനത്തിൽ യോർദ്ദാൻ രാജ്യം മുൻപന്തിയിലാണ്. ജൂലായ് മദ്ധ്യവാരം മുതൽ ഒലീവു കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ ഒരു പുതിയ പ്രതിഭാസം ശ്രദ്ധിക്കുകയുണ്ടായി. പാകം ആയതും ആകാത്തതുമായ ഒലീവുകായ്കൾ ചുക്കിച്ചുളിഞ്ഞു പോകുന്നു. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. പൊട്ടാസ്യം അപര്യാപ്തതയാണു ഈ പ്രതിഭാസത്തിൻ്റെ അടിസ്ഥാനകാരണമെങ്കിലും ആത്യന്തികപ്രശ്നം ഗുരുതരമാണ്.
കാലാവസ്ഥാ വ്യതിയാനവും ഉയർന്ന താപമാനവുമാണ് ഈ പ്രതിഭാസത്തിനു പിന്നിൽ.

യോർദ്ദാൻ്റെ തലസ്ഥാനമായ അമ്മാനിൽ 2022 ജൂലായ് 26- ലെ താപമാനം 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ആ സമയത്തു യോർദ്ദാൻ വാലിയിൽ 42-45 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മെഡിറ്ററേനിയൻ കടലിൽ നിന്നു വീശിയ താപതരംഗമാണ് (Heat wave) ഇതിനു കാരണം. സ്പെയ്ൻ മുതൽ യൂറോപ്പിലും ഇതിൻ്റെ പ്രഭാവം ഉണ്ടായി. അത്യുഷ്ണം കാരണം ജനം വീടുവിട്ടു ബീച്ചുകളിൽ അഭയം തേടി.

കാലാവസ്ഥാ വ്യതിയാനവും ഉയർന്ന താപമാനവും ഒലീവിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ഒലീവെണ്ണയുടെ ഗുണനിലവാരത്തിനു ഭീഷണിയാവുകയും ചെയ്യുന്നുവെന്ന് ഒരു കാർഷിക ഗവേഷണ റിപ്പോർട്ടു വെളിപ്പെടുത്തുന്നു.
“രാജ്യത്തിലെ വർദ്ധിച്ചുവരുന്ന താപമാനം കാരണം ഒലീവുപഴങ്ങൾ നിറം മാറി ചുക്കിചുളിഞ്ഞു പോകുന്നു,” എന്നു നാഷണൽ അഗ്രികൾച്ചറൽ റിസർച്ച് സെന്ററിലെ (NARC) ഗവേഷകനും ഒലീവ് ഓയ്ൽ ടെക്നോളജി പ്രൊഫെസറുമായ മുറാദ് മയ്ത്ത ജോർഡാൻ ടൈംസിനോട് പറഞ്ഞു.
ചുളിവുകൾ രുപപ്പെടുന്ന പ്രതിഭാസം താല്കാലികമായിരിക്കാമെന്നു മുറാദ് കൂട്ടിച്ചേർത്തു.
പകൽസമയത്തു അതിശക്തമായ ചൂടു കാരണം വേരുകൾ ബലഹീനമായി മണ്ണിൽ നിന്നു ഈർപ്പം ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നു. അപ്പോൾ പഴങ്ങളിൽ നിന്നുള്ള ജലാംശത്തെ വൃക്ഷം തിരിച്ചെടുത്ത് ഇലകൾക്കു നല്കി വൃക്ഷത്തിൻ്റെ ആന്തരികപ്രവർത്തനങ്ങളെ സുഗമമാക്കുന്നു. ഇതു കാരണം ഒലിവുപഴത്തിൻ്റെ ഉപരിതലം ചുളിവുകളുള്ളതായി മാറുന്നു,” അദ്ദേഹം പറഞ്ഞു. വൃക്ഷത്തിൻ്റെ ആന്തരികപരിസ്ഥിതി വ്യവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നതിനാണ് ഈ പ്രക്രിയ നടക്കുന്നത്. രാത്രിയിൽ താപമാനം താഴുമ്പോൾ ഇല എടുത്ത വെള്ളം പഴത്തിനു തിരിച്ചു നല്കുന്നു.
ശരിയായ രീതിയിൽ നനച്ചാൽ ഈ പ്രതിഭാസം മാറി ഒലീവ് വീണ്ടും നന്നായി വളരുമെന്നും പഴം ദൃഡികരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. “ചുളിവുകൾ ആത്യന്തികമായി പഴത്തിന്റെ ഗുണനിലവാരത്തെ ബാധിക്കില്ല,” അദ്ദേഹം പറഞ്ഞു.
ഒലിവുമരങ്ങൾ നനെയ്ക്കാനും പൊട്ടാസ്യം സമ്പുഷ്ടമായ രാസവളങ്ങൾ നല്കാനും അദ്ദേഹം കർഷകർക്കു നിർദ്ദേശം
നല്കുന്നു.

ഈ വർഷം ഒലീവു പൂവിടുന്ന സമയത്തു രാജ്യത്തു ലഭിച്ച ക്രമരഹിതമഴയുടെ പാറ്റേണുകൾ വിളവെടുപ്പനെ വല്ലാതെ ബാധിക്കും.
“ഞാൻ ജലസേചനമില്ലാത്ത കൃഷിരീതിയാണ് ഉപയോഗിക്കുന്നത്. കാരണം, എനിക്കു അതായിരുന്നു കൂടുതൽ പ്രായോഗികമായിരുന്നത്. എന്നുമാത്രമല്ല, താരതമ്യേന മികച്ച ഉല്പാദനവും നല്ല ഗുണനിലവാരവും ഉറപ്പായിരുന്നു,” അബു സെയ്ഫ് എന്ന കർഷകൻ പറയുന്നു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ജലസേചനം ചെലവേറിയതാണ്. വർദ്ധിച്ചു വരുന്ന ജലക്ഷാമവും വാട്ടർ ടാങ്കുകളുടെ ക്രമാതീത വിലവർദ്ധനയും ഒലിവ് കൃഷി ചെയ്യുന്ന പലർക്കും ജലസേചനം പ്രായോഗികമല്ല.

ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (DoS) പ്രകാരം ജോർദാനിലെ കൃഷിഭൂമിയുടെ 72 ശതമാനവും ഒലീവ്തോട്ടങ്ങളാണ്. രാജ്യത്തുടനീളം ഏകദേശം രണ്ടുകോടിയിൽ അധികം ഒലീവുമരങ്ങൾ 1,30,000 ഹെൿറ്റർ സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. ഒലീവുകൃഷിയുടെ 78 ശതമാനവും ശരാശരി 300 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലും ബാക്കിയുള്ളവ ജലസേചനത്തിലൂടെയും വളരുന്നു. എന്നും പച്ചിപ്പായി ദീർഘായുസ്സോടെയിരിക്കുന്ന ഒലീവുവൃക്ഷങ്ങൾക്കു മറ്റു വൃക്ഷവിളകളെ അപേക്ഷിച്ചു ജലഉപഭോഗം കുറവാണ്.ആയതിനാൽ അവയിൽ മിക്കതും യോർദ്ദാനിൽ നനെക്കപ്പെടുന്നില്ല. യോർദ്ദാനിൽ നട്ടുപിടിപ്പിച്ചു പരിപാലിക്കപ്പെടുന്ന വൃക്ഷവിളയാണ് ഒലീവ്. അവയിൽ ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് സ്ഥിതി ചെയ്യുത്തത്. ഒലീവ് ഓയ്ൽ ഉല്പാദനത്തിൽ ജോർദാൻ, അന്താരാഷ്ട്ര തലത്തിൽ എട്ടാം സ്ഥാനത്തും മൊത്തം കായ് ഉല്പാദനത്തിൽ പത്താം സ്ഥാനത്തുമാണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന കായയുടെ 80 ശതമാനം ഓയ്ലിനായും 20 ശതമാനം ഭക്ഷണത്തിനായും ഉപയോഗിക്കുന്നു.

എന്നാൽ ഈ വർഷം ജലസേചനമില്ലാതെ വിളവെടുപ്പു സാദ്ധ്യമല്ലാത്ത നിലയിൽ വരൾച്ചയും ജലക്ഷാമവും കഠിനമായി. സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ നനയ്ക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യമെന്നു മുറാദ് അഭിപ്രായപ്പെടുന്നു. കാരണം, ഈ സമയങ്ങളിൽ വെള്ളം ബാഷ്പീകരിക്കപ്പെടില്ല. നിലവിലെ ചൂട് ഈ വർഷത്തെ വിളവെടുപ്പിനെ ബാധിക്കില്ലെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു.

കർഷകനായ അബു സെയ്ഫിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് ഒലിവ് വിളവെടുപ്പ്.
“കഠിനമായ കാലാവസ്ഥയും തീവ്രമായ താപനിലയും ജലക്ഷാമവും ഒലിവ് മരത്തിൻ്റെ വളർച്ച മുരടിക്കുകയും ഫലം കായ്ക്കൽ കുറയുകയും ചെയ്തിരിക്കുന്നു,” അബു സെയ്ഫ് ജോർഡാൻ ടൈംസിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. അബു സെയ്ഫ് പറയുന്നതനുസരിച്ച്,
ഇളംഒലിവ് മരങ്ങൾ കൃഷിഭൂമിയിൽ പച്ചപിടിക്കുന്നതു മുതലേ ഇടയ്ക്കിടെ നനയ്ക്കേണ്ടിയിരിക്കുന്നു.
“ഒലിവിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇടയ്ക്കിടെ ആഴത്തിലുള്ള ജലസേചനം നടത്തി നിങ്ങളുടെ വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. DoS ഡാറ്റ അനുസരിച്ച് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം ഉപയോഗിക്കുന്നതും നന്നായിരിക്കും
മറ്റൊരു റിപ്പോർട്ട് അനുസരിച്ചു വിളവെടുപ്പിൻ്റെ സമയത്തു പഴം ചുക്കിച്ചുളിഞ്ഞാൽ അതു എണ്ണയുടെ അളവിനെ ബാധിക്കും. കാരണം, പഴത്തിനുള്ളിലെ പഞ്ചസാരകോശങ്ങൾ എണ്ണകോശങ്ങളായി മാറുന്ന ഘട്ടത്തിൽ ചുളിവു സംഭവിച്ചാൽ എണ്ണക്കൂറിനെ അതു വല്ലാതെ ബാധിക്കും. ജലാംശം മണ്ണിൽ കുറഞ്ഞാൽ നിർബ്ബന്ധിതമായി മൂപ്പെത്താൻ മരം പഴത്തെ പ്രോൽസാഹിപ്പിക്കും. തൽഫലമായി സീസൺ എത്തും മുമ്പേ പഴം, നമ്മുടെ നാടൻഭാഷയിൽ പറഞ്ഞാൽ, തല്ലിപഴുപ്പിക്കപ്പെടുകയും എണ്ണലഭ്യത കുറയുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി രണ്ടാം വിളവെടുപ്പിനു സഹായിക്കുന്ന ശരത്കാലപൂവിടൽ ഇല്ലാതെയാകുന്നു. ഇതും ഉല്പാദനത്തെ ബാധിക്കുന്നു.

പഴം ചുക്കിച്ചുളിഞ്ഞും വിളവെടുപ്പിനു പാകമായി എന്നും തോന്നിയാൽ ധൃതഗതിയിൽ വിളവെടുക്കാതെ അന്തരീക്ഷോഷ്മാവു സമീകൃതമാകുവാനായി കാത്തിരിക്കണമെന്നു കർഷകർക്കു മുന്നറിയിപ്പും നല്കുന്നുണ്ട്.
വൃക്ഷങ്ങൾക്കു സമീപം മൺതിട്ടകൾ ഉയർത്തി സംരക്ഷണം നല്കുവാനും കർഷകർ തയ്യാറാകേണം എന്നിങ്ങനെ പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിക്കപ്പെടുന്നുണ്ട്.

യിസ്രയേൽ ഉൾപ്പെട്ട മെഡിറ്ററേനിയൻ മേഖലയിൽ അത്തി, ഒലീവ്, മുന്തിരി എന്നീ കാർഷികവിളകൾ വളരെ പ്രാധാന്യമർഹിക്കുന്നു. യവകൊയ്ത്തു, ഗോതമ്പുകൊയ്ത്തു, അത്തിപ്പഴ ശേഖരണം, ഒലീവുപഴക്കൊയ്ത്തു എന്നീക്രമത്തിൽ ഏപ്രിൽ മുതൽ ആണ്ടിൻ്റെ അവസാനം വരെ നിലനില്ക്കുന്ന ആർപ്പിൻ/ഉത്സവദിനങ്ങൾ ആണ്. മദ്ധ്യപൂർവേഷ്യയിൽ യഥാസമയം പെയ്യുന്ന മഴയാണ് കാർഷികവിളകളെ സംരക്ഷിച്ചു നിർത്തുന്നത്. മുൻമഴയും പിൻമഴയും യിസ്രായേലിൽ പ്രധാനമാണ്. വിതയും കൊയ്ത്തും ഇവയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മിസ്രയീം ജലസമൃദ്ധിയുള്ള ദേശമായിരുന്നു. അവിടെ വിതെച്ചിട്ടു കാലുകൊണ്ടു (തേവി) നനെയ്ക്കാമായിരുന്നു (ആവ: 11: 11). മിഡിൽ ഈസ്റ്റിൽ ആകാശത്തു നിന്നു പെയ്യുന്ന മഴയാണ് സകല ആവശ്യങ്ങൾക്കും നിദാനം. “ആകയാൽ ആണ്ടിൻ്റെ ആരംഭം മുതൽ അവസാനം വരെ എപ്പോഴും ദൈവത്തിൻ്റെ
ദൃഷ്ടി അതിന്മേൽ ഇരിക്കുന്നു (ആവ:11:12). “മുന്മഴയും
പിന്മഴയും ഇങ്ങനെ നമുക്ക് അതതു സമയത്തു വേണ്ടന്ന മഴ തരികയും കൊയ്ത്തിനു കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക” (യിരെ:5:24). കൊയ്ത്തിൻ്റെ കാലാവധി നിശ്ചയിക്കുന്നതും ധാന്യമണികളും ഫലങ്ങളും ദൃഡീകരിച്ചു അതതിൻ്റെ ഫലപ്രാപ്തിയിൽ എത്തിച്ചു കൊയ്ത്തിനായി ഒരുക്കുന്നതു ദൈവമാണ്. സത്യേകദൈവാരാധനയുമായി കൊയ്ത്തു ബന്ധപ്പെട്ടിരിക്കുന്നു. യഹോവയെ ഭയപ്പെടാതെ – ആരാധന കഴിക്കാതിരുന്നാൽ ദേശത്തു കാലംതെറ്റിയ മഴയും വരൾച്ചയും ഉണ്ടാകും (ആവ: 28: 22). ചുക്കിച്ചുളിഞ്ഞു പോകുന്ന ഒലീവു പഴത്തെ വെൺകതിർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. ഫലം കായ്ക്കുന്നു പക്ഷേ ഫലപ്രാപ്തിയിൽ എത്തുന്നില്ല.

ഒലീവു പൗരോഹിത്യത്തെയും അഭിഷേകത്തെയും കുറിക്കുന്നു. ഭൂമിയിലെ സകല പൗരോഹിത്യവും അഭിഷേകവും എന്നുപേർ പറയുന്ന സകല വ്യാജവ്യാപാരങ്ങളും
തകരുന്നു; യഥാർത്ഥ മഹാപുരോഹിതനും അഭിഷിക്തനുമായവൻ വെളിപ്പെടുന്നു എന്നതിൻ്റെ സൂചനയാണോ ഇത്? ആയിരിക്കാം. ചരിത്രത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കുന്ന ദൈവം ആണല്ലോ സത്യദൈവം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.